ലിയോ പതിനാലാമൻ പാപ്പാ - പൊതുകൂടിക്കാഴ്ച്ചയിൽനിന്നുള്ള ഒരു ദൃശ്യം ലിയോ പതിനാലാമൻ പാപ്പാ - പൊതുകൂടിക്കാഴ്ച്ചയിൽനിന്നുള്ള ഒരു ദൃശ്യം  (ANSA)

ജീവനേകിയും ജീവനേകാൻ ആഹ്വാനം ചെയ്തും പ്രത്യാശയുടെ സന്ദേശവുമായി ഉത്ഥിതൻ: ലിയോ പതിനാലാമൻ പാപ്പായുടെ പ്രഭാഷണം

നവംബർ 26 ബുധനാഴ്ച ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ നടത്തിയ പ്രഭാഷണത്തിന്റെ പരിഭാഷ. തുർക്കിയിലേക്കും ലെബനനിലേക്കുമുള്ള (Türkiye and Lebanon) അപ്പസ്തോലികയാത്രയ്ക്ക് മുൻപ് പാപ്പാ അനുവദിച്ച അവസാന പൊതുകൂടിക്കാഴ്ച കൂടിയായിരുന്നു ഇത്.
ശബ്ദരേഖ - ജീവനേകിയും ജീവനേകാൻ ആഹ്വാനം ചെയ്തും പ്രത്യാശയുടെ സന്ദേശവുമായി ഉത്ഥിതൻ: ലിയോ പതിനാലാമൻ പാപ്പായുടെ പ്രഭാഷണം

 

ജൂബിലി വർഷത്തിൽ നടത്തിവരുന്ന, "നമ്മുടെ പ്രത്യാശയായ യേശുക്രിസ്തു"വിനെക്കുറിച്ചുള്ള പ്രബോധനപരമ്പരയിൽ "ക്രിസ്തുവിന്റെ തിരുവുത്ഥാനവും ഇന്നത്തെ ലോകത്തിലെ വെല്ലുവിളികളും" എന്ന പ്രമേയത്തിൽ, "ജന്മമേകാനായി ജീവനിൽ പ്രത്യാശയുള്ളവരായിരിക്കുക" എന്ന വിഷയവുമായി ബന്ധപ്പെടുത്തി, ജ്ഞാനത്തിന്റെ പുസ്തകം പതിനൊന്നാം അദ്ധ്യായം ഇരുപത്തിനാല് മുതൽ ഇരുപത്തിയാറ് വരെയുള്ള വാക്യങ്ങളെ ആധാരമാക്കിയാണ് നവംബർ 26 ബുധനാഴ്ച ലിയോ പതിനാലാമൻ പാപ്പാ തന്റെ പ്രഭാഷണം നടത്തിയത്.

പാപ്പായുടെ പ്രഭാഷണത്തിന് മുൻപായി,

എല്ലാറ്റിനെയും അങ്ങ് സ്നേഹിക്കുന്നു. അങ്ങ് സൃഷ്‌ടിച്ച ഒന്നിനെയും അങ്ങ് ദ്വേഷിക്കുന്നില്ല; ദ്വേഷിച്ചെങ്കിൽ സൃഷ്ടിക്കുമായിരുന്നില്ല. അങ്ങ് ഇച്ഛിക്കുന്നില്ലെങ്കിൽ, എന്തെങ്കിലും നിലനിൽക്കുമോ? അങ്ങ് അസ്തിത്വം നൽകിയില്ലെങ്കിൽ, എന്തെങ്കിലും പുലരുമോ? ജീവനുള്ളവയെ സ്നേഹിക്കുന്ന കർത്താവേ, സർവവും അങ്ങയുടേതാണ്, അങ്ങ് അവയോട് ദയ കാണിക്കുന്നു (ജ്ഞാനം 11, 24-26)

എന്ന വിശുദ്ധഗ്രന്ഥഭാഗം വിവിധ ഭാഷകളിൽ വായിക്കപ്പെട്ടു. തുടർന്ന് തന്റെ മുൻപിലുണ്ടായിരുന്ന പതിനായിരക്കണക്കിന് ആളുകളെ ഇറ്റാലിയൻ ഭാഷയിൽ അഭിസംബോധന ചെയ്തുകൊണ്ട് പാപ്പാ ഇങ്ങനെ പറഞ്ഞു:

പ്രിയ സഹോദരീ സഹോദരന്മാരെ, ശുഭദിനം, സ്വാഗതം!

ക്രിസ്തുവിന്റെ പെസഹാ ജീവിതമെന്ന രഹസ്യത്തെ പ്രകാശമയമാക്കുകയും, പ്രത്യാശയോടെ അതിനെ നോക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ ഇത് ഇപ്പോഴും എളുപ്പമുള്ളതോ വെറുതെ പ്രതീക്ഷിക്കാവുന്നതോ അല്ല. ലോകത്തിന്റെ എല്ലായിടങ്ങളിലും നിരവധി ജീവിതങ്ങൾ ബുദ്ധിമുട്ടേറിയതും, വേദനയേറിയതും, പ്രശ്നങ്ങൾ നിറഞ്ഞതും, തരണം ചെയ്യേണ്ട പ്രതിസന്ധികൾ ഉള്ളതുമാണ്. എന്നിരുന്നാലും, ജീവിതത്തെ ഒരു ദാനമായാണ് മനുഷ്യൻ സ്വീകരിക്കുന്നത്: അതിനായി ആവശ്യപ്പെടുകയോ, അതിനെ തിരഞ്ഞെടുക്കുകയോ ചെയ്യുന്നില്ല, മറിച്ച് ആദ്യ ദിനം മുതൽ അവസാനദിവസം വരെ അതിനെ അതിന്റെ രഹസ്യാത്മകതയിൽ അനുഭവിക്കുന്നു. ജീവിതത്തിന് അതിന്റേതായ അസാധാരണ പ്രത്യേകതയുണ്ട്: അത് നമുക്ക് നല്കപ്പെടുന്നതാണ്, നമുക്ക് തന്നെ അത് സ്വയം നൽകാൻ സാധിക്കില്ല, എന്നാൽ അത് നിരന്തരം പോഷിപ്പിക്കപ്പെടണം: അതിനെ പരിപാലിക്കുന്നതിനും, ഊർജ്വസ്വലമാക്കുന്നതിനും, സംരക്ഷിക്കുന്നതിനും, പുനരാരംഭിക്കുന്നതിനും അതിന് പരിചരണം ആവശ്യമുണ്ട്.

ജീവിതത്തെക്കുറിച്ചുള്ള ചോദ്യം മനുഷ്യഹൃദയത്തിലെ അഗാധമായ ഒരു ചോദ്യം തന്നെയാണ്. നാം അസ്തിത്വത്തിലേക്ക്, ഒന്നും ചെയ്യാതെതന്നെ പ്രവേശിക്കുകയായിരുന്നു. ഈയൊരു വസ്തുതയിൽനിന്ന് നിറഞ്ഞുകവിഞ്ഞ ഒരു നദിയെന്നപോലെ എന്നത്തേയും ചോദ്യങ്ങൾ ഉയരുന്നു: നമ്മൾ ആരാണ്? നാം എവിടെനിന്നാണ് വരുന്നത്? നാം എവിടേക്കാണ് പോകുന്നത്? ഈ യാത്രയുടെയൊക്കെ അവസാന അർത്ഥം എന്താണ്?

ജീവിക്കുന്നതിന് ഒരു അർത്ഥവും, ലക്ഷ്യവും പ്രത്യാശയും ആവശ്യമുണ്ട്. നമ്മുടെ ബുദ്ധിമുട്ടുകളിൽ മുന്നോട്ട് പോകാനും, യാത്രയുടെ ക്ഷീണത്തിൽ തോറ്റുകൊടുക്കാൻ സമ്മതിക്കാതിരിക്കാനും, നമ്മുടെ അസ്‌തിത്വത്തിന്റെ ഈ തീർത്ഥയാത്ര നമ്മെ നമ്മുടെ വീട്ടിലെത്തിക്കുമെന്ന് ഉറപ്പു നൽകാനും ശക്തമായ പിന്തുണയായി പ്രവർത്തിക്കുന്നത് ഈ പ്രത്യാശയാണ്. പ്രത്യാശയില്ലെങ്കിൽ രണ്ട് നിത്യമായ രാത്രികൾക്കിടയിലെ ഒരിടമായോ, ഈ ഭൂമിയിലെ നമ്മുടെ യാത്രയ്ക്ക് മുൻപും ശേഷത്തിനുമിടയ്ക്കുള്ള ഒരു ചെറിയ വിശ്രമമായോ ഈ ജീവിതം തോന്നപ്പെടാനുള്ള സാധ്യതയുണ്ട്. ജീവിതത്തിൽ പ്രത്യാശയുണ്ടാവുകയെന്നാൽ, ലക്ഷ്യത്തെ മുൻകൂട്ടി അനുഭവിക്കുകയെന്നും, ഇനിയും നാം കാണാത്തതും തൊട്ടറിയാത്തതുമായത് ഉറപ്പാണെന്ന് വിശ്വസിക്കുകയെന്നും, സ്നേഹത്തോടെ നമ്മെ വേണമെന്ന് ആഗ്രഹിച്ച് നമ്മെ സൃഷ്ടിക്കുകയും, നാം സന്തോഷവാന്മാരായിരിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു പിതാവിന്റെ സ്നേഹത്തിൽ വിശ്വസിക്കുകയും ശരണപ്പെടുകയും ചെയ്യുക എന്നാണർത്ഥം.

പ്രിയപ്പെട്ടവരേ, ലോകത്ത് പടർന്നിരിക്കുന്ന ഒരു രോഗമുണ്ട്: ജീവിതത്തിൽ പ്രത്യാശയില്ലാതിരിക്കുക എന്നതാണത്. തിന്മയുടേതായ ഒരു വിധിക്ക് സ്വയം വിട്ടുകൊടുക്കുന്നതിന് തുല്യമാണത്.ദാനമായി ലഭിച്ച ഒരു അവസരമായി കണക്കാക്കപ്പെടേണ്ടതിന് പകരം,  അറിയില്ലാത്ത എന്തോ ഒന്ന്, നിരാശരാകാതിരിക്കാൻ വേണ്ടി സ്വയം സംരക്ഷിക്കേണ്ട എന്തോ, ആയി ജീവിതം കരുതപ്പെടാനുള്ള സാധ്യതയാണുള്ളത്. ഇക്കാരണത്താൽത്തന്നെ, ജീവിക്കാനും ജീവനേകാനും ഉള്ള ധൈര്യവും, ജ്ഞാനത്തിന്റെ പുസ്തകം ഉറപ്പിച്ച് പറയുന്നതുപോലെ (ജ്ഞാനം 11, 26), ദൈവം ജീവനെ സ്നേഹിക്കുന്നവനാണെന്ന്  സാക്ഷ്യപ്പെടുത്തുന്നതും, മുൻപെങ്ങുമില്ലാത്തതുപോലെ ഏറ്റവും ആവശ്യമുള്ള ഒന്നാണ്.

സുവിശേഷത്തിൽ, രോഗികളെ സുഖപ്പെടുത്താനും, മുറിവേറ്റ ശരീരങ്ങളെയും മനസ്സുകളെയും സൗഖ്യപ്പെടുത്താനും, മരണമടഞ്ഞവർക്ക് ജീവനേകാനുമുള്ള തന്റെ താത്പര്യം യേശു തുടർച്ചയായി സ്ഥിരീകരിക്കുന്നുണ്ട്. ഇതിലൂടെ, മനുഷ്യാവതാരം ചെയ്ത പുത്രൻ പിതാവിനെ വെളിപ്പെടുത്തുകയാണ്: പാപികൾക്ക് അവരുടെ അന്തസ്സ് തിരികെ നൽകുന്നു, പാപങ്ങൾക്ക് മോചനമേകുന്നു, തന്റെ രക്ഷയുടെ വാഗ്ദാനത്തിൽ ഏവരെയും, പ്രത്യേകിച്ച് നിരാശരെയും, അവഗണിക്കപ്പെട്ടവരെയും, അകലങ്ങളിലായിരിക്കുന്നവരെയും ഉൾപ്പെടുത്തുന്നു.

പിതാവിൽനിന്ന് ജനിച്ച ക്രിസ്തു ജീവനാണ്, നമുക്ക് സ്വന്തം ജീവനേകാൻ പോലും മടിക്കാതെ അവൻ ജീവൻ നൽകുകയും, നമ്മെയും നമ്മുടെ ജീവനേകാൻ ക്ഷണിക്കുകയും ചെയ്യുന്നു. ജനിപ്പിക്കുക എന്നാൽ, മറ്റൊരാളെ ജീവിതത്തിലേക്ക് കൊണ്ടുവരിക എന്നാണർത്ഥം. ജീവജാലങ്ങളുടെ പ്രപഞ്ചം ഈ നിയമമനുസരിച്ചാണ് വ്യാപിച്ചത്. സൃഷ്ടികളുടെ സ്വരലയത്തിൽ അത് അത്ഭുതകരമായ ഒരു വളർച്ചയെ അറിയുന്നുണ്ട്, അത്, സ്ത്രീപുരുഷന്മാരുടെ യുഗ്മതയിലാണ് അതിന്റെ പൂർണ്ണതയിലേക്കെത്തുന്നത്: ദൈവം അവരെ തൻറെ ഛായയിൽ സൃഷ്ടിക്കുകയും, തന്റെ ഛായയിൽ ജന്മമേകാനുള്ള നിയോഗമേകുകയും ചെയ്തു, അതായത്, സ്നേഹത്താലും സ്നേഹത്തിലും.

ജീവന് അനാദികാലം മുതലേ, അതിന്റെ ഏറ്റവും ഉന്നതമായ രൂപത്തിൽ, മനുഷ്യരൂപത്തിൽ സ്വാതന്ത്ര്യമെന്ന ദാനം ലഭിച്ചുവെന്നും, അത് ഒരു നാടകമായി മാറിയെന്നും, വിശുദ്ധ ഗ്രന്ഥം നമുക്ക് വെളിപ്പെടുത്തിത്തരുന്നുണ്ട്. അങ്ങനെ മനുഷ്യബന്ധങ്ങൾ സഹോദരഹത്യ പോലുമുള്ള വൈരുധ്യങ്ങൾ കൂടിയുള്ളവയാണ്. തന്റെ സഹോദരൻ ആബേലിനെ കായേൻ ഒരു എതിരാളിയായി, ഒരു ഭീഷണിയായി കാണുകയും തന്റെ നീരസം മൂലം അവനെ സ്നേഹിക്കാനോ ബഹുമാനിക്കാനോ കഴിവില്ലാതായിത്തീരുകയും ചെയ്യുന്നു. അവിടെയാണ് അസൂയയും കുശുമ്പും രക്തവും ഉണ്ടാകുന്നത് (ഉൽപ്പത്തി 4, 1-16). എന്നാൽ ദൈവത്തിന്റെ യുക്തി തികച്ചും വ്യത്യസ്തമാണ്. ദൈവം തന്റെ സ്നേഹത്തിന്റെയും ജീവന്റെയും പദ്ധതിയോട് എന്നും വിശ്വസ്തനായി തുടരുന്നു: കായേന്റെ പാതയിൽ, യുദ്ധങ്ങളിലും, വിവേചനത്തിലും, വർഗ്ഗീയതയിലും, വിവിധ രീതികളിലുള്ള അടിമത്തങ്ങളിലും, തന്റെ അന്ധമായ അക്രമത്തിന്റെ ജന്മവാസനയെ അനുസരിക്കുമ്പോഴും മാനവികതയെ താങ്ങുന്നതിൽ ദൈവം മടുക്കുന്നില്ല.

അപ്പോൾ ജന്മമേകുകയെന്നാൽ, ജീവന്റെ ദൈവത്തിൽ ആശ്രയിക്കുകയെന്നും, മനുഷ്യന്റെ അവന്റെ എല്ലാ ആവിഷ്കാരങ്ങളിലും, പ്രത്യേകിച്ച്, മാതൃത്വവും പിതൃത്വവുമെന്ന അത്ഭുതകരമായ സാഹസികതയിൽ, കുടുംബങ്ങൾ അനുദിനജീവിതച്ചിലവുകൾ നേരിടാൻ ബുദ്ധിമുട്ടുന്ന, തങ്ങളുടെ പദ്ധതികളിലും സ്വപ്നങ്ങളിലും തടസ്സപ്പെടുന്ന, സാമൂഹിക സാഹചര്യങ്ങളിൽപ്പോലും പ്രോത്സാഹിപ്പിക്കുക എന്നുമാണ് അർത്ഥം. ഇതേ യുക്തി അനുസരിച്ച്, ജന്മമേകുകയെന്നാൽ, ഐക്യദാർഢ്യത്തിന്റെതായ ഒരു സാമ്പത്തികവ്യവസ്ഥയ്ക്കുവേണ്ടി അദ്ധ്വാനിക്കുകയും, എല്ലാവർക്കും സംലഭ്യമാകുന്ന പൊതുനന്മ തേടുകയും, സൃഷ്ടലോകത്തെ മാനിക്കുകയും സംരക്ഷിക്കുകയും, ശ്രവണത്തിലൂടെയും സാന്നിധ്യത്തിലൂടെയും സമൂർത്തവും നിക്ഷ്പക്ഷവുമായ സഹായങ്ങളിലൂടെയും ആശ്വാസമേകുകയും ചെയ്യുക എന്നതാണ്.

സഹോദരീസഹോദരന്മാരെ, യേശുക്രിസ്തുവിന്റെ പുനരുത്ഥാനമാണ് ഈ വെല്ലുവിളിയിൽ, തിന്മയുടെ നിഴൽ ഹൃദയത്തിനെയും മനസ്സിനെയും തടസ്സപ്പെടുത്തുന്നയിടങ്ങളിൽപ്പോലും, നമ്മെ തങ്ങിനിറുത്തുന്ന ശക്തി. ജീവിതം കെട്ടുപോയി, തടസ്സപ്പെട്ടു എന്നൊക്കെ തോന്നുമ്പോൾ, ഇതാ ഉത്ഥിതനായ കർത്താവ് കടന്നുവരികയും, സമയത്തിന്റെ അന്ത്യം വരെ നമ്മോടൊത്തും നമുക്ക് വേണ്ടിയും സഞ്ചരിക്കുകയും ചെയ്യുന്നു. അവനാണ് നമ്മുടെ പ്രത്യാശ.

തന്റെ പ്രഭാഷണത്തിന്റെ അവസാനം പരിശുദ്ധ പിതാവ് "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥന ലത്തീൻ ഭാഷയിൽ ചൊല്ലുകയും, തുടർന്ന് ഏവർക്കും തന്റെ ആശീർവാദം നൽകുകയും ചെയ്തു. 

തുർക്കിയിലേക്കും ലെബനനിലേക്കുമുള്ള അപ്പസ്തോലികയാത്രയ്ക്ക് മുൻപ് ലിയോ പതിനാലാമൻ പാപ്പാ അനുവദിച്ച അവസാന പൊതുകൂടിക്കാഴ്ച കൂടിയായിരുന്നു നവംബർ 26-ന് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടന്നത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 നവംബർ 2025, 14:25

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >