തിരയുക

ലിയോ പതിനാലാമൻ പാപ്പാ ലെബനനിലെ യുവജനങ്ങൾക്കിടയിൽ ലിയോ പതിനാലാമൻ പാപ്പാ ലെബനനിലെ യുവജനങ്ങൾക്കിടയിൽ  (ANSA)

ലെബനനിൽ സാന്ത്വന-സമാധാന സാന്നിദ്ധ്യമായി ലിയോ പതിനാലാമൻ പാപ്പാ

2025 നവംബർ 27 വ്യാഴാഴ്ച മുതൽ ഡിസംബർ 2 ചൊവ്വാഴ്ച വരെ, പത്രോസിന്റെ പിൻഗാമിയായ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ തുർക്കിയിലേക്കും (Türkiye) ലെബനനിലേക്കും (Lebanon) നടത്തുന്ന തന്റെ പ്രഥമ അപ്പസ്തോലിക യാത്രയിലെ അഞ്ചും ആറും ദിവസങ്ങളെക്കുറിച്ചുള്ള വിവരണം. തുർക്കിയിലെ സന്ദർശനത്തിന് ശേഷം ലെബനനിലെത്തിയ പാപ്പാ, ബെയ്‌റൂട്ട്, ഹരിസായിലുള്ള (Harissa), അന്നായയിലുള്ള (Annaya) തുടങ്ങിയ ഇടങ്ങൾ സന്ദർശിച്ചു.
ശബ്ദരേഖ - ലെബനനിൽ സാന്ത്വന-സമാധാന സാന്നിദ്ധ്യമായി ലിയോ പതിനാലാമൻ പാപ്പാ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലിയോ പതിനാലാമൻ പാപ്പായുടെ തുർക്കി, ലെബനൻ അപ്പസ്തോലിക യാത്രയുടെ രണ്ടാം പാദമായ ലെബനനിലേക്ക് 2025 നവംബർ 30 ഞായറാഴ്ച എത്തിയ പാപ്പാ, അന്ന് വൈകുന്നേരം രാജ്യ നേതൃത്വവും രാഷ്ട്രീയാധികാരികളും ഉൾക്കൊള്ളുന്ന ദേശീയ നേതൃത്വനിരയുമായി കണ്ടുമുട്ടുകയും, ഹരിസായിൽ (Harissa) ധ്യാനാത്മകജീവിതം നയിക്കുന്ന ദൈവമാതാവിന്റെ കർമ്മലീത്ത സന്ന്യാസിനിമാരെ സന്ദർശിക്കുകയും വൈകിട്ട് അപ്പസ്തോലിക നൂൺഷ്യേച്ചറിൽ വിശ്രമിക്കുകയും ചെയ്തിരുന്നു. ഡിസംബർ ഒന്ന് തിങ്കളാഴ്ച രാവിലെ, അന്നായയിൽ (Annaya) വിശുദ്ധ മാറോണിന്റെ (Maroun) പേരിലുള്ള ആശ്രമത്തിൽ വിശുദ്ധ ഷാർബൽ മക്ലൂഫിന്റെ (Charbel Maklūf) കല്ലറ സന്ദർശിച്ച പാപ്പാ, പിന്നീട് ലെബനനിലെ മെത്രാന്മാരും, സമർപ്പിതരും, അജപാലനമേഖലയിൽ സേവനമനുഷ്ഠിക്കുന്നവരുമായുള്ള സമ്മേളനത്തിനായി ഹരിസായിലെ, ലെബനന്റെ പരിശുദ്ധ അമ്മയുടെ തീർത്ഥാടനകേന്ദ്രത്തിലെത്തി. സമ്മേളനശേഷം ഉച്ചയോടെ തിരികെ നൂൺഷ്യേച്ചറിൽ എത്തിയ പരിശുദ്ധ പിതാവ്, കത്തോലിക്കാ, ഓർത്തഡോക്സ് പാത്രിയർക്കീസുമാർക്കൊപ്പം ചർച്ചകൾ നടത്തുകയും ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു എന്നുവരെയുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വത്തിക്കാൻ ന്യൂസും വത്തിക്കാൻ റേഡിയോയും പങ്കുവച്ചിരുന്നു.

എക്യൂമെനിക്കൽ, മതാന്തരസമ്മേളനനം

ഡിസംബർ 1 ഉച്ചയ്ക്ക് അപ്പസ്തോലിക നൂൺഷ്യേച്ചറിൽ അവിടുത്തെ വിവിധ ക്രൈസ്തവസഭാനേതൃത്വങ്ങളുമായി നടന്ന ചർച്ചകൾക്ക് ശേഷം, ഉച്ച കഴിഞ്ഞ് മൂന്നരയോടെ, ഇന്ത്യയിൽ വൈകുന്നേരം ഏഴുമണിയോടെ, ഈ യാത്രയുടെ ഭാഗമായി ലെബനനിൽ നടത്തുന്ന, എക്യൂമെനിക്കൽ, മതാന്തരസമ്മേളനത്തിനായി ബെയ്‌റൂട്ടിൽ "രക്തസാക്ഷികളുടെ ചത്വരം" എന്ന പേരിൽ അറിയപ്പെടുന്നയിടത്തേക്ക് പാപ്പാ കാറിൽ യാത്രയായി. ഏതാണ്ട് ഇരുപത്തിയഞ്ച് കിലോമീറ്ററുകൾ അകലെയാണ് ഈ ചത്വരം.

രക്തസാക്ഷികളുടെ ചത്വരം

ഒന്നാം ലോകമഹായുദ്ധത്തിന്റെ കാലത്ത്, തുർക്കികൾക്കെതിരെയുള്ള വിപ്ലവവുമായി ബന്ധപ്പെട്ട് തൂക്കിക്കൊല്ലപ്പെട്ട ദേശസ്നേഹികളെ ഓർക്കുന്നതിനായാണ് 1931-ൽ ഈ ചത്വരത്തിന് "രക്തസാക്ഷികളുടെ ചത്വരം" എന്ന പേര് നൽകപ്പെട്ടത്. ചത്വരത്തിന്റെ നടുവിലുള്ള പ്രതിമയും ഇതിലേക്കാണ് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. 1979-1990 കാലയളവ്‌ലെ യുദ്ധത്തിന്റെ ഭാഗമായി ഏറ്റ വെടിയുണ്ടകളുടെ പാടുകളും ഈ പ്രതിമയിൽ കാണാം. ഇറ്റലിക്കാരനായ മരീനോ മസ്സകുറാത്തി (Marino Mazzacurati) നിർമ്മിച്ച ഈ പ്രതിമ 1960-ലായിരുന്നു അനാശ്ചാദനം ചെയ്യപ്പെട്ടത്. 2019-ന്റെ അവസാനത്തോടെ, ഗവൺമെന്റിനെതിരായ പ്രതിഷേധപ്രകടനങ്ങളുടെ ഇടം കൂടിയായി ഈ ചത്വരം മാറിയിരുന്നു.

സമ്മേളനം

ചത്വരത്തിലേക്കെത്തിയ പാപ്പായെ സീറോ കത്തോലിക്കാ, മാറോണീത്ത പാത്രിയർക്കീസുമാരും, സുന്നി വലിയ ഇമാമും, ഷിയാ വിഭാഗത്തിന്റെ പ്രതിനിധിയും ചേർന്ന് സ്വീകരിച്ചു. മറ്റ് മതനേതാക്കൾ സ്റ്റേജിൽ പാപ്പായെ കാത്തുനിന്നിരുന്നു. മനോഹരമായ ഈ ചടങ്ങിൽ, ഗാനാലാപനത്തിന് ശേഷം, സീറോ കത്തോലിക്കാ പാത്രിയർക്കീസ് ഇഗ്‌നേഷ്യസ് ജോസഫ് മൂന്നാമൻ യുനാൻ (Ignatius Joseph III Yonan) പാപ്പായെ ഉൾപ്പെടെ ഏവരെയും സ്വാഗതം ചെയ്തു. തുടർന്ന് സുവിശേഷവും ഖുറാനും വായിക്കപ്പെട്ടു. സുന്നി വിഭാഗം, ഗ്രീക്ക് ഓർത്തഡോക്സ് സഭ, ഷിയാ സമൂഹം, സിറിയൻ ഓർത്തഡോക്സ് സമൂഹം, ദ്രൂസോ സമൂഹം, അർമേനിയൻ ഓർത്തഡോക്സ് സമൂഹം, പ്രൊട്ടസ്റ്റന്റ് സമൂഹം, അലൗവീത്ത സമൂഹം തുടങ്ങിയവരുടെ നേതാക്കളും സമ്മേളനത്തിൽ സംസാരിച്ചു. തുടർന്ന് പാപ്പാ തന്റെ പ്രഭാഷണം നടത്തി.

പ്രഭാഷണത്തിന് ശേഷം പാപ്പാ, ഒരു ഒലിവ് മരം നട്ടു. തുടർന്ന് സമാധാനവുമായി ബന്ധപ്പെട്ട ഒരു ഗാനം ആലപിക്കപ്പെട്ടു. ഏതാണ്ട് പതിനയ്യായിരത്തോളം ആളുകൾ ഈ സമ്മേളനത്തിൽ പങ്കെടുത്തു.

മാറോണീത്തികളുടെ അന്ത്യോക്യൻ പാത്രിയർക്കേറ്റിലെ യുവജനസംഗമം

എക്യൂമെനിക്കൽ-മതാന്തര കാര്യങ്ങളുമായി ബന്ധപ്പെട്ട സമ്മേളനത്തിന് ശേഷം, അവിടെനിന്ന് ഏതാണ്ട് ഇരുപത്തിരണ്ട് കിലോമീറ്ററുകൾ അകലെ ബ്കേർക്കേയിലുള്ള (Bkerké) മാറോണീത്തികളുടെ അന്ത്യോക്യൻ പാത്രിയർക്കേറ്റിന് മുന്നിൽ നടക്കാനിരുന്ന യുവജനസംഗമത്തിനായി വൈകുന്നേരം അഞ്ചുമണിയോടെ പാപ്പാ കാറിൽ യാത്രയായി.

ബ്കേർക്കേയിലെ പാത്രിയർക്കേറ്റ്

1703-ൽ പണിപ്പെട്ട് ഒരു ആശ്രമമായിരുന്നു ബ്കേർക്കേയിലുള്ള മാറോണീത്തികളുടെ അന്ത്യോക്യൻ പാത്രിയർക്കേറ്റ്. 1730 മുതൽ അന്തോണിയൻ സന്ന്യാസികൾ ഉപയോഗിച്ചിരുന്ന ഈ കെട്ടിടം 1779 മുതൽ മാറോണീത്ത സഭയുടെ ഉപയോഗത്തിലായിരുന്നു. 1830-ൽ മാറോണീത്ത പാത്രിയർക്കയുടെ ശൈത്യകാല വസതിയായി മാറിയ ഈ കെട്ടിടത്തിന്റെ ചുവന്ന കളറിലുള്ള മേൽക്കൂര 1893-ലാണ് പണിയപ്പെട്ടത്.

ആദ്യകാലം മുതലേ പരിശുദ്ധ സിംഹാസനവുമായി ഐക്യം കാത്തുസൂക്ഷിക്കുന്ന മാറോണീത്ത സഭ, 410-ൽ മരണമടഞ്ഞ വിശുദ്ധ മറൂൺ സ്ഥാപിച്ചതാണ്. റോമുമായുള്ള ബന്ധം മൂലം വിവിധ സഭാസമൂഹങ്ങളുടെയും, ഓട്ടോമൻ സാമ്രാജ്യത്തിന്റെയും ഭാഗത്തുനിന്നുള്ള നിരവധി പ്രതിസന്ധികളെ നേരിടേണ്ടിവന്ന ഈ സഭയുടെ ആദ്യ പാത്രിയർക്കീസ് അഭിവന്ദ്യ യൂഹന്നാ മറൂണും (H.B. Youhanna Maroun - 685-707), നിലവിലേത് അഭിവന്ദ്യ ബെഷാറ ബുത്രോസ് റായിയുമാണ് (H.B. Béchara Boutros Raï, O.M.M.)

അഞ്ചരയോടെ ചത്വരത്തിലെത്തിയ പാപ്പായെ, മാറോണീത്തികളുടെ അന്ത്യോക്യൻ പാത്രിയർക്കീസ് എത്തി സ്വീകരിച്ചു. തുടർന്ന് ഇരുവരും യുവജനങ്ങൾക്കിടയിലൂടെ സഞ്ചരിച്ചു.

യുവജനങ്ങളുമായുള്ള സംഗമം

വൈകുന്നേരം അഞ്ചേമുക്കാലോടെയാണ് യുവജനസമ്മേളനം ആരംഭിച്ചത്. പ്രാർത്ഥനയോടെ ആരംഭിച്ച ഈ സമ്മേളനത്തിൽ, പാത്രിയർക്കീസ് ബെഷാറ ബുത്രോസ് റായി ഏവരെയും സ്വാഗതം ചെയ്തു. തുടർന്ന് സുവിശേഷം വായിക്കപ്പെട്ടു. യുവജനങ്ങൾ അവതരിപ്പിച്ച മനോഹരമായ ചില കലാപരിപാടികളും, വിവിധ വ്യക്തികൾ പങ്കുവച്ച ഹൃദയസ്പർശികളായ സാക്ഷ്യങ്ങളും അവയ്ക്കിടയിൽ ഉണ്ടായിരുന്ന ഗാനങ്ങളും ചടങ്ങിനെ മനോഹരമാക്കി മാറ്റി. തുടർന്ന് പാപ്പാ തന്റെ പ്രഭാഷണം നടത്തി.

പരിശുദ്ധ പിതാവിന്റെ പ്രഭാഷണം അവസാനിച്ചതിനെത്തുടർന്ന് സമാധാനവും, അതിനായുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാഗ്ദാനവും, നന്ദിയുടേതായ നിമിഷവും ഉണ്ടായിരുന്നു. അതിനുശേഷം പരിശുദ്ധ പിതാവ് ഏവർക്കും ആശീർവാദം നൽകി. നാലായിരത്തോളം യുവജനങ്ങൾ ഈ സമ്മേളനത്തിൽ പങ്കെടുത്തു.

സമ്മേളനത്തിന് ശേഷം, പാപ്പായുടെയും പാത്രിയർക്കേറ്റിൽ ഉണ്ടായിരുന്ന സഭനേതൃത്വത്തിന്റെയും ഫോട്ടോ എടുക്കപ്പെട്ടു. അതിന് ശേഷം ഏതാണ്ട് അഞ്ചുകിലോമീറ്ററുകൾ അകലെയുള്ള അപ്പസ്തോലിക നൂൺഷ്യേച്ചറിലേക്ക് വൈകുന്നേരം ഏഴ് മണിയോടെ പാപ്പാ യാത്രയായി.

ഇസ്ലാമുമായി സ്വകാര്യ കൂടിക്കാഴ്ച

ഏഴേകാലോടെ അപ്പസ്തോലിക നൂൺഷ്യേച്ചറിലെത്തിയ പാപ്പാ, ഇസ്ലാം, ദുറൂസി (Druze) മതനേതൃത്വങ്ങളുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തി.

വൈകുന്നേരം ഏഴേമുക്കാലോടെ അത്താഴം കഴിച്ചശേഷം പാപ്പാ ഉറങ്ങി വിശ്രമിച്ചു.

കുരിശിന്റെ ആശുപത്രിയിലെ സംഗമത്തിലേക്ക്

ഡിസംബർ 2 ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ അപ്പസ്തോലിക നൂൺഷ്യേച്ചറിൽനിന്ന് യാത്ര പറഞ്ഞിറങ്ങിയ പാപ്പാ, അവിടെനിന്ന് ഏകദേശം ഇരുപത് കിലോമീറ്ററുകൾ അകലെ, ജാൽ ദിബ് എന്നയിടത്ത്, കുരിശിന്റെ ഫ്രാൻസിസ്കൻ സഹോദരിമാർ എന്ന സന്ന്യസ്തസമൂഹത്തെയും അവർ നടത്തുന്ന "കുരിശിന്റെ ആശുപത്രിയും” സന്ദർശിക്കാനായി യാത്രയായി. ബെയ്‌റൂട്ടിൽനിന്നും പതിനൊന്ന് കിലോമീറ്ററുകൾ വടക്കാണ് ജാൽ ദിബ് നഗരം. മാറോണീത്ത കത്തോലിക്കാരാണ് ഇവിടെ കൂടുതലായി താമസിക്കുന്നത്. ഓട്ടോമൻ സാമ്രാജ്യകാലത്ത് ബെയ്‌റൂട്ട്-ട്രിപ്പൊളി വഴിയിലെ ഒരു വിശ്രമസ്ഥലം കൂടിയായിരുന്ന ഈ നഗരം, ഫ്രഞ്ച് കാരുടെ വരവോടെ ഇരുപതാം നൂറ്റാണ്ട് മുതൽ വീണ്ടും വളർന്ന് ഒരു പ്രധാന വ്യാവസായിക ഇടമായി മാറി.

കുരിശിന്റെ ആശുപത്രി

മാനസികബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കായി മദ്ധ്യപൂർവ്വദേശങ്ങളിൽ ഉള്ളവയിൽ ഏറ്റവും വലിയ ഒന്നാണ് ജൽ ദിബിലുള്ള "കുരിശിന്റെ ആശുപത്രി" (Hospital of the Cross). 1919-ൽ വാഴ്ത്തപ്പെട്ട ഫാ. യാക്കൂബ് എന്ന കപ്പൂച്ചിൻ വൈദികനാണ് ഈ ആശുപത്രി സ്ഥാപിച്ചത്. പിന്നീട് മാനസിക ആശുപത്രിയായി 1037-ലും, മാനസിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്കുവേണ്ടിയുള്ള ആശുപത്രിയായി 1951-ലും മാറ്റുകയായിരുന്നു. സമാധാനവും ശക്തിയും ധൈര്യവും കണ്ടെത്താനാകുന്ന വിശുദ്ധ കുരിശിന്റെ അടയാളമുള്ളതായിരിക്കണം ഈ ആശുപത്രിയെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. കുരിശിന്റെ ഫ്രാൻസിസ്കൻ സഹോദരിമാരെ, പ്രാർത്ഥനയോടെ കുരിശിലേക്ക് നോക്കാനും, ശുശ്രൂഷയുടെ മനുഷ്യരിലേക്ക് നോക്കാനും പഠിപ്പിച്ച വാഴ്ത്തപ്പെട്ട ഫാ. യാക്കൂബ്, മത, ലിംഗ, വംശ വ്യത്യാസമില്ലാതെ, മനുഷ്യന്റെ അന്തസ്സ് തിരികെ നല്കുന്നതിനുവേണ്ടി ഈ ആശുപത്രി പ്രവർത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഏതാണ്ട് 1055 കിടക്കകളുള്ള ഈ ആശുപത്രി വർഷത്തിൽ ഏതാണ്ട് 2200-ലേറെ ആളുകളെ സ്വീകരിക്കുന്നുണ്ട്.

പാപ്പായുടെ സന്ദർശനം

കുരിശിന്റെ ഫ്രാൻസിസ്കൻ സഹോദരിമാരുടെ താമസയിടത്തിന്റെ പ്രധാനവാതിൽക്കലെത്തിയ പാപ്പായെ, സമൂഹത്തിന്റെ മദർ സുപ്പീരിയറും മഠത്തിന്റെ സുപ്പീരിയറും ആശുപത്രി ഡിറക്ടറും ചേർന്ന് സ്വീകരിക്കുകയും, ആശുപത്രി ജോലിക്കാരും, രോഗികളുമുള്ള ഒരു ഹാളിലേക്ക് നയിക്കുകയും ചെയ്തു.

സമ്മേളനം

ഹാളിൽ നടന്ന സമ്മേളനത്തിന്റെ ആരംഭത്തിൽ, പ്രാരംഭഗാനത്തിന് ശേഷം സുപ്പീരിയർ ജനറൽ പരിശുദ്ധ പിതാവിന് സ്വാഗതമേകി സംസാരിച്ചു.. തുടർന്ന് ചില രോഗികളുടെ സാക്ഷ്യങ്ങളും ഗാനാലാപനങ്ങളുമുണ്ടായിരുന്നു. തുടർന്ന് പാപ്പാ തന്റെ പ്രഭാഷണം നടത്തി.

പരിശുദ്ധ പിതാവിന്റെ പ്രഭാഷണത്തിന് ശേഷം ഏവരും സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ചൊല്ലുകയും പാപ്പാ ഏവർക്കും ആശീർവാദം നൽകുകയും ചെയ്തു. പരസ്പരം സമ്മാനങ്ങൾ കൈമാറ്റം ചെയ്യപ്പെടുകയും തുടർന്ന് സമാപന ഗാനം ആലപിക്കപ്പെടുകയും ചെയ്തു. തുടർന്ന് പാപ്പാ ഒൻപത് മണിയോടെ ആശുപത്രിയിൽ രോഗികളെയും മറ്റ് പ്രവർത്തകരെയും സന്ദർശിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 ഡിസംബർ 2025, 15:19