ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ   (@Vatican Media)

മനുഷ്യ ഹൃദയത്തിന് ലക്ഷ്യവും അർത്ഥവും നൽകുന്ന ക്രിസ്തുവിന്റെ പെസഹ

ഡിസംബർ 17 ബുധനാഴ്ച ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ നടത്തിയ പ്രഭാഷണത്തിന്റെ പരിഭാഷ.
ശബ്ദരേഖ - മനുഷ്യ ഹൃദയത്തിന് ലക്ഷ്യവും അർത്ഥവും നൽകുന്ന ക്രിസ്തുവിന്റെ പെസഹാ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ജൂബിലി വർഷത്തിൽ നടത്തിവരുന്ന, "നമ്മുടെ പ്രത്യാശയായ യേശുക്രിസ്തു"വിനെക്കുറിച്ചുള്ള പ്രബോധനപരമ്പരയിൽ "ക്രിസ്തുവിന്റെ തിരുവുത്ഥാനവും ഇന്നത്തെ ലോകത്തിലെ വെല്ലുവിളികളും" എന്ന പ്രമേയത്തിൽ, "അസ്വസ്ഥമായ ഹൃദയത്തിന് ലക്ഷ്യതീരമാകുന്ന പെസഹാ" എന്ന വിഷയത്തിൽ, വിശുദ്ധ മത്തായിയുടെ സുവിശേഷം ആറാം അദ്ധ്യായം പത്തൊൻപത് മുതൽ ഇരുപത്തിയൊന്ന് വരെയുള്ള തിരുവചനങ്ങളെ ആധാരമാക്കിയാണ് ഡിസംബർ 17 ബുധനാഴ്ച ലിയോ പതിനാലാമൻ പാപ്പാ തന്റെ പ്രഭാഷണം നടത്തിയത്. പാപ്പായുടെ പ്രഭാഷണത്തിന് മുൻപായി ഈ തിരുവചനഭാഗം വിവിധ ഭാഷകളിൽ വായിക്കപ്പെട്ടു.

ഭൂമിയിൽ നിക്ഷേപം കരുതിവയ്ക്കരുത്. തുരുമ്പും കീടങ്ങളും അവ നശിപ്പിക്കും; കള്ളന്മാർ തുരന്നു മോഷ്ടിക്കും. എന്നാൽ സ്വർഗ്ഗത്തിൽ നിങ്ങൾക്കായി നിക്ഷേപങ്ങൾ കരുതിവയ്ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവ നശിപ്പിക്കുകയില്ല; കള്ളന്മാർ മോഷ്ടിക്കുകയില്ല. നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും. (മത്തായി 6, 19-21).

പ്രിയ സഹോദരീസഹോദരന്മാരെ ശുഭദിനം, ഏവർക്കും സ്വാഗതം!

മനുഷ്യജീവിതത്തിന്റെ ഒരു സവിശേഷത, എന്തെങ്കിലും ചെയ്യാനും, പ്രവർത്തിക്കാനും നമ്മെ പ്രേരിപ്പിക്കുന്ന ഒരു തുടർച്ചയായ ചലനാത്മകതയാണ്. ഏറെ വ്യത്യസ്തങ്ങളായ ഇടങ്ങളിലും ഏറ്റവും മെച്ചപ്പെട്ട ഉത്തരങ്ങൾ വേഗം കണ്ടുപിടിക്കാനുള്ള കഴിവ് എല്ലായിടത്തും, ഇന്ന് ലോകം നമ്മിൽനിന്ന് ആവശ്യപ്പെടുന്നുണ്ട്. നമ്മുടെ ഈ അനുഭവത്തിലേക്ക് എപ്രകാരമാണ് ക്രിസ്തുവിന്റെ തിരുവുത്ഥാനം പ്രകാശം വീശുന്നത്? മരണത്തിന്മേലുള്ള അവന്റെ വിജയത്തിൽ നാം പങ്കുകാരാകുമ്പോൾ നമുക്ക് വിശ്രമിക്കാനാകുമോ? വിശ്വാസം നമ്മോട് പറയുന്നത്, നമുക്ക് വിശ്രമിക്കാനാകുമെന്നാണ്. നമ്മൾ നിഷ്ക്രിയരാകുകയല്ല, മറിച്ച് നാം ദൈവത്തിന്റെ വിശ്രമത്തിൽ പ്രവേശിക്കും, അത് സമാധാനവും ആനന്ദവുമാണ്. അങ്ങനെയെങ്കിൽ, നാം അതിനായി കാത്തിരുന്നാൽ മതിയോ അതോ ആ അനുഭവത്തിന് ഇപ്പോഴേ നമ്മെ മാറ്റിമറിക്കാനാകുമോ?

നമ്മെ എപ്പോഴും സംതൃപ്തരാക്കുമെന്ന് ഉറപ്പില്ലാത്ത ഒരുപാട് കാര്യങ്ങളിൽ മുഴുകിയിരിക്കുകയാണ് നാം. നമ്മുടെ പല പ്രവൃത്തികളും പ്രയോഗികമായതും, സമൂർത്തവുമായ പല കാര്യങ്ങളുമായി ബന്ധപ്പെട്ടവയാണ്. ഒരുപാട് കാര്യങ്ങളുടെ ഉത്തരവാദിത്വം നാം ഏറ്റെടുക്കേണ്ടിവരുന്നു, പ്രശ്നങ്ങൾ പരിഹരിക്കേണ്ടിവരുന്നു, ബുദ്ധിമുട്ടുകളെ നേരിടേണ്ടിവരുന്നു. യേശുവും ഇങ്ങനെ വ്യക്തികളും ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെട്ട്, ഒഴിഞ്ഞുമാറാതെയും, അവസാനം വരെ സ്വയം നൽകിക്കൊണ്ടും ആണ് മുന്നോട്ട് പോയത്. എന്നാൽ ഒരുപാട് കാര്യങ്ങളിൽ ഇടപെടുന്നത്, നമുക്ക് സംതൃപ്തി നൽകുന്നതിന് പകരം, നമ്മെ സ്തംഭിപ്പിക്കുന്നതും, നമ്മുടെ സമാധാനം ഇല്ലാതാക്കുന്നതും, നമ്മുടെ ജീവിതത്തിന് യഥാർത്ഥത്തിൽ പ്രധാനമായുള്ള കാര്യങ്ങൾ ജീവിക്കുന്നതിൽനിന്ന് നമ്മെ തടയുകയും ചെയ്യുന്ന ഒരു കൊടുങ്കാറ്റായി മാറുന്നുവെന്ന് നാം പലപ്പോഴും മനസ്സിലാക്കുന്നുണ്ട്. അപ്പോൾ നാം ക്ഷീണവും അസംപ്‌തൃപ്തിയും അനുഭവിക്കുന്നു. നമ്മുടെ അസ്‌തിത്വത്തിന്റെ അന്തിമ അർത്ഥം പൂർത്തിയാക്കാൻ സഹായിക്കാത്ത ആയിരക്കണക്കിന് പ്രായോഗിക കാര്യങ്ങളിൽ ഏർപ്പെട്ട് നമ്മുടെ സമയം നഷ്ടപ്പെടുകയാണെന്ന തോന്നൽ ഉളവാകുന്നു. ചിലപ്പോൾ, ഒരുപാട് കാര്യങ്ങൾ ചെയ്ത ദിവസങ്ങളുടെ അവസാനം നാം ശൂന്യത അനുഭവിക്കുന്നു. എന്തുകൊണ്ടാണിത്? കാരണം, നാം യന്ത്രങ്ങളല്ല, നമുക്ക് ഒരു ഹൃദയമുണ്ട്, അല്ലെങ്കിൽ നാം ഒരു ഹൃദയമാണ്.

ഹൃദയം എന്നത് നമ്മുടെ മുഴുവൻ മാനവികതയുടെയും അടയാളവും, ചിന്തകളുടെയും വികാരങ്ങളുടെയും ആഗ്രഹങ്ങളുടെയും സംഗ്രഹവും, നമ്മുടെ വ്യക്തിത്വത്തിന്റെ അദൃശ്യമായ കേന്ദ്രവുമാണ്. "നിന്റെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിന്റെ ഹൃദയവും" (മത്തായി 6, 21) എന്ന യേശുവിന്റെ മനോഹരമായ വചനം ഉദ്ധരിച്ചുകൊണ്ട്, ഹൃദയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചിന്തിക്കാൻ സുവിശേഷകനായ മത്തായി നമ്മെ ക്ഷണിക്കുന്നുണ്ട്.

ഹൃദയത്തിലാണ് യഥാർത്ഥ നിക്ഷേപം സൂക്ഷിക്കുന്നത്, ഈ ഭൂമിയിലെ നിലവറകളിലല്ല, അനിയന്ത്രിതവും, അനീതിപരവുമായ രീതിയിൽ, ദശലക്ഷക്കണക്കിന് മനുഷ്യജീവനുകളുടെ രക്തരൂക്ഷിതമായ വിലയിലും, ദൈവസൃഷ്ടിയുടെ നാശത്തിലും കേന്ദ്രീകരിച്ചുള്ള വലിയ സാമ്പത്തിക നിക്ഷേപങ്ങളിലുമല്ല.

ഈ വിവിധ വശങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യുന്നത് പ്രധാനപ്പെട്ടതാണ്, കാരണം, നാം തുടർച്ചയായി അഭിമുഖീകരിക്കുന്ന നമ്മുടെ നിരവധി പ്രതിബദ്ധതകളിൽ, ചിതറിപ്പോകാനും, നിരാശയിൽ പതിക്കാനും അർത്ഥമില്ലായ്മ തോന്നാനുമുള്ള സാദ്ധ്യതകൾ, വിജയിച്ചവരെന്ന് തോന്നുന്ന ആളുകളിൽപ്പോലും, ഏറെയാണ്. എന്നാൽ ജീവിതത്തെ പെസഹായുടെ വെളിച്ചത്തിൽ വായിക്കാൻ ശ്രമിക്കുക, ഉത്ഥിതനായ യേശുവിനൊപ്പം അതിനെ നോക്കുക എന്നാൽ, മനുഷ്യവ്യക്തിയുടെ അസ്തിത്വത്തിലേക്കുള്ള, നമ്മുടെ ഹൃദയത്തിലേക്കുള്ള, അസ്വസ്ഥമായ ഹൃദയത്തിലേക്കുള്ള പ്രവേശനമാർഗ്ഗം കണ്ടെത്തുക എന്നാണർത്ഥം. "അസ്വസ്ഥം" എന്ന വിശേഷണം കൊണ്ട് പൂർണ്ണതയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്ന ഹൃദയത്തിന്റെ വലിയ ആഗ്രഹത്തെയാണ് വിശുദ്ധ അഗസ്തീനോസ് നമുക്ക് മനസ്സിലാക്കിത്തരുന്നത്. ഈ വാചകത്തിന്റെ പൂർണ്ണരൂപം "കുമ്പസാരങ്ങൾ" എന്ന വിശുദ്ധ അഗസ്റ്റിന്റെ കൃതിയുടെ ആദ്യഭാഗത്തെക്കുറിച്ചാണ് പരാമർശിക്കുന്നത്, അവിടെ അഗസ്റ്റിൻ എഴുതുന്നു: കർത്താവേ, നീ ഞങ്ങളെ നിനക്കായി സൃഷ്ടിച്ചു, നിന്നിൽ വിശ്രമിക്കുവോളം ഞങ്ങളുടെ ഹൃദയം അസ്വസ്ഥമാണ് (I, 1,1).

നമ്മുടെ ഹൃദയം യാദൃശ്ചികമോ, ക്രമമില്ലാതെയോ, ഒരു ഉദ്ദേശമോ ലക്ഷ്യമോ ഇല്ലാതെയോ നീങ്ങുകയല്ല എന്നതിന്റെയും, അത് അതിന്റെ ആത്യന്തികലക്ഷ്യമായ "ഭവനത്തിലേക്കുള്ള തിരിച്ചുപോക്കിലേക്ക്" നയിക്കപ്പെടുകയാണെന്നതിന്റെ അടയാളമാണ് "അസ്വസ്ഥത". ഈ ഭൂമിയിലെ സ്വത്തുക്കൾ സ്വന്തമാക്കുന്നതിലല്ല, ഹൃദയത്തിന്റെ ആധികാരികമായ സമീപനം അടങ്ങിയിരിക്കുന്നത്, മറിച്ച് ആ ഹൃദയത്തെ പൂർണ്ണമായും സംതൃപ്തമാക്കാൻ കഴിയുന്നത്, അതായത് ദൈവസ്നേഹം, അതിനേക്കാൾ, സ്നേഹമായ ദൈവത്തെ നേടുന്നതിലാണ്. ഈ നിധി കണ്ടെത്താനാകുന്നത്, നമ്മുടെ വിശ്വാസയാത്രയിൽ കണ്ടെത്തുന്ന അയലക്കാരനെ സ്‌നേഹിക്കുമ്പോൾ മാത്രമാണ്: നമ്മുടെ ഹൃദയത്തോട് തുറക്കാനും, അതിനെത്തന്നെ നൽകാനും ക്ഷണിക്കുന്ന, മജ്ജയും മാംസവുമുള്ള സഹോദരീസഹോദരങ്ങളെ സ്നേഹിച്ചുകൊണ്ട് മാത്രമാണ്. പതിയെപ്പോകാനും, തന്റെ കണ്ണുകളിൽ നോക്കാനും, ചിലപ്പോഴൊക്കെ നിന്റെ പദ്ധതികളെ മാറ്റാനും, ചിലപ്പോൾ ദിശ പോലും മാറ്റാൻ നിന്റെ അയൽക്കാരൻ, നിന്നോട് ആവശ്യപ്പെടുന്നുണ്ട്.

പ്രിയപ്പെട്ടവരേ, ഇതാണ് മനുഷ്യഹൃദയത്തിന്റെ ചലനത്തിന്റെ രഹസ്യം: തന്റെ അസ്‌തിത്വത്തിന്റെ ഉറവയിലേക്ക് തിരികെപ്പോവുക, അവസാനമില്ലാത്തതും നിരാശപ്പെടുത്താത്തതുമായ ആനന്ദം അനുഭവിക്കുക. സാധ്യതകൾക്കും, കടന്നുപോകുന്നവയ്ക്കും അപ്പുറമുള്ള ഒരു അർത്ഥമില്ലാതെ ജീവിക്കാൻ ആർക്കും സാധിക്കില്ല. പ്രത്യാശയില്ലാതെയും, കുറവിനായല്ല പൂർണ്ണതയ്ക്കായാണ് സൃഷ്ടിക്കപ്പെട്ടതെന്ന് തിരിച്ചറിയാതെയും ജീവിക്കാൻ മനുഷ്യഹൃദയത്തിനാകില്ല.

യേശുക്രിസ്തു, തന്റെ മനുഷ്യാവതാരവും, പീഡാനുഭവവും, മരണവും തിരുവുത്ഥാനവും വഴി, ഈ പ്രത്യാശയ്ക്ക് ഉറപ്പുള്ള അടിസ്ഥാനമിട്ടു.  താൻ ഏത് സ്നേഹത്തിന്റെ ചലനാത്മകതയ്ക്കായാണോ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, അതിലേക്ക് പ്രവേശിച്ചാൽ അസ്വസ്ഥമായ ഹൃദയം നിരാശമാകില്ല. ലക്‌ഷ്യം ഉറപ്പാണ്. ജീവൻ വിജയിച്ചിരിക്കുന്നു. അനുദിനജീവിതത്തിലെ ഓരോ മരണത്തിന്റെ മുന്നിലും, ക്രിസ്തുവിൽ അത് വിജയിച്ചുകൊണ്ടേയിരിക്കും. ഇതാണ് ക്രൈസ്തവമായ പ്രത്യാശ: നമുക്ക് ഇതേകിയ കർത്താവിനെ വാഴ്ത്തുകയും നന്ദി പറയുകയും ചെയ്യാം.

തന്റെ പ്രഭാഷണത്തിന്റെ അവസാനം പരിശുദ്ധ പിതാവ് "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥന ലത്തീൻ ഭാഷയിൽ ചൊല്ലുകയും, തുടർന്ന് ഏവർക്കും തന്റെ ആശീർവാദം നൽകുകയും ചെയ്തു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 ഡിസംബർ 2025, 12:58

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >