ക്രിസ്തുവിന്റെ മരണ ഉത്ഥാനങ്ങൾ: ജീവനെയും മരണത്തെയും കുറിച്ചുള്ള നമ്മുടെ ചോദ്യങ്ങൾക്കുള്ള മറുപടി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ജൂബിലി വർഷത്തിൽ നടത്തിവരുന്ന, "നമ്മുടെ പ്രത്യാശയായ യേശുക്രിസ്തു"വിനെക്കുറിച്ചുള്ള പ്രബോധനപരമ്പരയിൽ "ക്രിസ്തുവിന്റെ തിരുവുത്ഥാനവും ഇന്നത്തെ ലോകത്തിലെ വെല്ലുവിളികളും" എന്ന പ്രമേയത്തിൽ, "യേശുക്രിസ്തുവിന്റെ പെസഹാ: നമ്മുടെ മരണത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള അവസാന മറുപടി" എന്ന വിഷയത്തിൽ, വിശുദ്ധ ലൂക്കായുടെ സുവിശേഷം ഇരുപത്തിമൂന്നാം അദ്ധ്യായം അൻപത്തി രണ്ട് മുതൽ അൻപത്തിനാല് വരെയുള്ള തിരുവചനങ്ങളെ ആധാരമാക്കിയാണ് ഡിസംബർ 10 ബുധനാഴ്ച ലിയോ പതിനാലാമൻ പാപ്പാ തന്റെ പ്രഭാഷണം നടത്തിയത്. പാപ്പായുടെ പ്രഭാഷണത്തിന് മുൻപായി ഈ തിരുവചനഭാഗം വിവിധ ഭാഷകളിൽ വായിക്കപ്പെട്ടു.
അരിമത്തിയായിൽനിന്നുള്ള ജോസഫ് പീലാത്തോസിന്റെ അടുത്തെത്തി യേശുവിന്റെ ശരീരം ചോദിച്ചു. അവൻ അത് താഴെയിറക്കി ഒരു തുണിയിൽ പൊതിഞ്ഞ്, പാറയിൽ വെട്ടിയുണ്ടാക്കിയതും ആരെയും അന്നുവരെ സംസ്കരിച്ചിട്ടില്ലാത്തതുമായയ ഒരു കല്ലറയിൽ വച്ചു. അന്ന് ഒരുക്കത്തിന്റെ ദിവസമായിരുന്നു; സാബത്തിന്റെ ആരംഭവുമായിരുന്നു (ലൂക്കാ 23, 52-54).
പ്രിയ സഹോദരീസഹോദരന്മാരെ ശുഭദിനം, ഏവർക്കും സ്വാഗതം!
മരണമെന്ന രഹസ്യം മനുഷ്യരിൽ എല്ലായ്പ്പോഴും ആഴമേറിയ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. മരണം യഥാർത്ഥത്തിൽ ഒരേ സമയം ഏറ്റവും സ്വാഭാവികമായതും അതേസമയം അസ്വാഭാവികമായതുമായ ഒരു കാര്യമായി നമുക്ക് അനുഭവപ്പെടുന്നു. ഇത് സ്വാഭാവികമാണ്, കാരണം ഈ ഭൂമിയിലെ ജീവനുള്ള എല്ലാ ജീവജാലങ്ങളും മരിക്കുന്നുണ്ട്. ഇത് അസ്വാഭാവികമാണ്, കാരണം, നമുക്കുവേണ്ടിയും, നാം സ്നേഹിക്കുന്നവർക്കുവേണ്ടിയും നാം ആഗ്രഹിക്കുന്ന ജീവനും നിത്യതയും, മരണത്തെ ഒരു ശിക്ഷയായിട്ടോ, വൈരുധ്യമായിട്ടോ തോന്നിപ്പിക്കുന്നു.
ഒരുപാട് പുരാതന ജനതകൾ, അത്യുന്നതമായ രഹസ്യത്തിലേക്ക് നടന്നവരെ അനുഗമിക്കാനും ഓർമ്മിക്കാനുമായി മരണമടഞ്ഞവരുമായി ബന്ധപ്പെടുത്തിയുള്ള കർമ്മങ്ങളും ആചാരങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇന്ന് നാം കാണുന്നത് നേർ വിപരീതമായ ഒരു പ്രവണതയാണ്. മരണം ഇന്ന് നിഷിദ്ധമായ എന്തോ ഒന്നായാണ്, നമ്മുടെ വൈകാരികതയെയും ശാന്തിയെയും ശല്യപ്പെടുത്താതിരിക്കാൻ വേണ്ടി, അകലെ നിറുത്തേണ്ട ഏന്തോ ഒന്നായി, ശബ്ദം കുറച്ചുമാത്രം സംസാരിക്കേണ്ട ഒന്നായാണ് നാം ഇതിനെ കാണുന്നത്. അതുകൊണ്ടുതന്നെ, നമുക്ക് മുന്നേ പോയവർ, ഉത്ഥാനം പ്രതീക്ഷിച്ചുകൊണ്ട് വിശ്രമിക്കുന്ന സെമിത്തേരികൾ സന്ദർശിക്കുന്നത് നാം പലപ്പോഴും ഒഴിവാക്കാറുണ്ട്.
അപ്പോൾ, എന്താണ് മരണം? അത് ജീവിതത്തെക്കുറിച്ചുള്ള അവസാന വാക്കാണോ? മനുഷ്യൻ മാത്രമാണ് ഈ ചോദ്യമുയർത്തുന്നത്, കാരണം, അവൻ മാത്രമാണ് താൻ മരിക്കേണ്ടവനാണെന്ന് അറിയുന്നത്. എന്നാൽ ഇതേക്കുറിച്ചുള്ള തിരിച്ചറിവ് അവനെ മരണത്തിൽനിന്ന് രക്ഷിക്കുന്നില്ലെന്ന് മാത്രമല്ല, മറ്റ് ജീവജാലങ്ങളെ അപേക്ഷിച്ച് അതവനെ കൂടുതൽ ബുദ്ധിമുട്ടിലാഴ്ത്തുന്നു. മൃഗങ്ങളും തീർച്ചയായും സഹിക്കുകയും, മരണം അടുത്താണെന്ന് തിരിച്ചറിയുകയും ചെയ്യുന്നുണ്ട്, എന്നാൽ മരണം തങ്ങളുടെ വിധിയുടെ ഭാഗമാണെന്ന് അവർ തിരിച്ചറിയുന്നില്ല. അവർ ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ചോ, അന്ത്യത്തെക്കുറിച്ചോ, അനന്തരഫലത്തെക്കുറിച്ചോ ചോദ്യമുയർത്തുന്നില്ല.
ഈയൊരു രീതിയിൽ നിരീക്ഷിക്കുമ്പോൾ, നാം വൈരുദ്ധ്യാത്മകരും അസന്തുഷ്ടരുമായ ജീവികളാണെന്ന് ചിന്തിക്കേണ്ടിവരും. ഇത് നാം മരിക്കും എന്നതിനാൽ മാത്രമല്ല, മറിച്ച് എങ്ങനെ, എപ്പോൾ എന്നത് നമുക്ക് അറിയാത്തപ്പോഴും, ഇത് സംഭവിക്കും എന്നതിനെക്കുറിച്ചുള്ള ഉറപ്പുള്ളതിനാലുമാണ്. മരണത്തെക്കുറിച്ച് അറിവുള്ളപ്പോഴും നമുക്ക് ഒന്നും ചെയ്യാനാകില്ലെന്ന് നാം തിരിച്ചറിയുന്നു. ഒരുപക്ഷെ ഈ ബോധ്യത്തിൽനിന്നാകാം, ഈ ചിന്തകളുടെ തുടർച്ചയായ അടിച്ചമർത്തലുകളും, മരണത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്നുള്ള അസ്തിത്വപരമായ ഒളിച്ചോട്ടങ്ങളും ഉണ്ടാകുന്നത്.
വിശുദ്ധ അൽഫോൻസ് മരിയ ലിഗോരി, അദ്ദേഹത്തിന്റെ "മരണത്തിനായുള്ള ഒരുക്കം" എന്ന വിഖ്യാതമായ കൃതിയിൽ, എപ്രകാരമാണ് മരണം ജീവിതത്തെക്കുറിച്ചുള്ള ഒരു വലിയ അദ്ധ്യാപികയാണെന്നത് എടുത്തുപറഞ്ഞുകൊണ്ട്, മരണത്തിന്റെ ഉദ്ബോധനമൂല്യത്തെക്കുറിച്ച് വിചിന്തനം നടത്തുന്നുണ്ട്. മരണം ഉണ്ട് എന്നത് അറിയുന്നതും, അതിലുപരി അതേക്കുറിച്ച് ധ്യാനിക്കുന്നതും, നമ്മുടെ അസ്തിത്വം കൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന് തിരഞ്ഞെടുക്കാൻ നമ്മെ പഠിപ്പിക്കുന്നു. ഈ ഭൂമിയിലെ നമ്മുടെ യാത്ര നമ്മെ നിത്യതയ്ക്കായി തയ്യാറാക്കുന്നതാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, ആധികാരികമായ രീതിയിൽ ജീവിക്കാൻ വേണ്ടി നാം ചെയ്യേണ്ടത്, സ്വർഗ്ഗരാജ്യത്തിനുവേണ്ടിയും, നിലനിൽക്കാത്ത കാര്യങ്ങളുമായി നമ്മെ ബന്ധിപ്പിച്ചിടുന്ന ഉപരിപ്ലവമായവയെ ഉപേക്ഷിക്കാൻ വേണ്ടിയും നാമെന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലാക്കാൻ വേണ്ടി, പ്രാർത്ഥിക്കുക എന്നതാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും, നിലവിലുള്ള പല നരവംശശാസ്ത്ര ദർശനങ്ങളും ഉടൻ ലഭിക്കുന്ന അമർത്യത വാഗ്ദാനം ചെയ്യുകയും, സാങ്കേതികവിദ്യ ഉപയോഗിച്ച് ഭൂമിയിലെ ജീവിതം കൂടുതൽ നീട്ടാമെന്നതിനെക്കുറിച്ച് സിദ്ധാന്തിക്കുകയും ചെയ്യുന്നു. നമ്മുടെ ഇക്കാലത്തെ വെല്ലുവിളികളുടെ ചക്രവാളങ്ങളിലേക്ക് കടന്നുവരുന്ന "മനുഷ്യാനന്തരത" എന്നത്, ഇത്തരത്തിലുള്ള ഒന്നാണ്. മരണത്തെ ശാസ്ത്രം കൊണ്ട് തോൽപിക്കാനാകുമോ? അത് മാത്രമല്ല, ഇതേ ശാസ്ത്രത്തിന്, മരണമില്ലാത്ത ഒരു ജീവിതം ആനന്ദമുള്ള ഒരു ജീവിതം കൂടിയാകുമെന്ന് ഉറപ്പുതരാനാകുമോ?
ക്രിസ്തുവിന്റെ ഉത്ഥാനമെന്ന സംഭവം, മരണം ജീവന് എതിരല്ലെന്നും, നിത്യജീവിതത്തിലേക്കുള്ള കടന്നുപോക്കലിന്റെ അവിഭാജ്യഘടകമാണെന്നും നമുക്ക് വെളിവാക്കിത്തരുന്നു. കഷ്ടപ്പാടുകളും പ്രതിസന്ധികളും നിറഞ്ഞ ഈ കാലത്തുതന്നെ, മരണത്തിന് ശേഷം സംഭവിക്കാനിരിക്കുന്നവയുടെ പൂർണ്ണതയുടെ മുന്നാസ്വാദനം, യേശുവിന്റെ പെസഹാ സാധ്യമാക്കുന്നു.
കാൽവരിയെ അന്ധകാരം പൊതിഞ്ഞ ആ സായാഹ്നത്തിൽ, സുവിശേഷകനായ ലൂക്കാ "അന്ന് ഒരുക്കത്തിന്റെ ദിവസമായിരുന്നു; സാബത്തിന്റെ ആരംഭവുമായിരുന്നു" (ലൂക്ക 23, 54) എന്ന് എഴുതുമ്പോൾ, ഇരുട്ടിൽ ഈ പ്രകാശത്തിന്റെ മുന്നാസ്വാദനം മനസിലാക്കിയിരുന്നു എന്ന തോന്നലുളവാക്കുന്നു. ഉയിർപ്പിന്റെ പ്രഭാതത്തിന് മുന്നോടിയായെത്തുന്ന ആ പ്രകാശം, ഇനിയും, അടഞ്ഞതും നിശബ്ദവുമായിത്തോന്നുന്ന ആകാശത്തിന്റെ ഇരുട്ടിൽ തെളിയുന്നു. സാബത്ത് ദിനത്തിന്റെ പ്രകാശം ഇതാദ്യമായി സാബത്ത് ദിനത്തിനപ്പുറമുള്ള ദിനത്തിന്റെ പ്രഭാതത്തെ മുൻകൂട്ടിയറിയിക്കുന്നു: ഉത്ഥാനത്തിന്റെ പുതിയ വെളിച്ചമാണത്. മരണമെന്ന രഹസ്യത്തെ അതിന്റെ പൂർണ്ണതയിൽ പ്രകാശിപ്പിക്കാൻ ഈയൊരു സംഭവത്തിനേ കഴിയൂ. ഈ പ്രകാശത്തിൽ, ഇതിൽ മാത്രമാണ്, നമ്മുടെ ഹൃദയത്തിന്റെ ആഗ്രഹങ്ങളും പ്രതീക്ഷകളും യാഥാർത്ഥ്യമാകുന്നത്. മരണം അവസാനമല്ലെന്നും, അത് പൂർണ്ണമായ പ്രകാശത്തിലേക്കും, ആനന്ദപൂർണ്ണമായ ഒരു നിത്യതയിലേക്കുമുള്ള കടന്നുപോക്കലാണെന്നുമുള്ള കാര്യം വ്യക്തമാകുന്നു.
മരണത്തിന്റെ വലിയ പരീക്ഷണത്തിൽനിന്ന്, ദൈവികസ്നേഹത്തിന്റെ ശക്തിയാൽ വിജയശ്രീലാളിതനായി ഉത്ഥിതൻ നമുക്ക് മുൻപേ കടന്നുപോയി. അങ്ങനെ, നമുക്കായി അവൻ, നിത്യവിശ്രമത്തിന്റെ ഇടം, നമ്മെ പ്രതീക്ഷിക്കുന്ന ആ ഭവനം നമുക്കായി തയ്യാറാക്കുകയും, അന്ധകാരമോ, വൈരുദ്ധ്യങ്ങളോ ഇല്ലാത്ത ജീവിതത്തിന്റെ പൂർണ്ണത നമുക്ക് നൽകുകയും ചെയ്തു.
സ്നേഹത്താൽ മരിക്കുകയും ഉത്ഥാനം ചെയ്യുകയും ചെയ്ത അവനുള്ളതുകൊണ്ട്, വിശുദ്ധ ഫ്രാൻസിസിനൊപ്പം നമുക്ക് മരണത്തെ "സഹോദരി" എന്ന് വിളിക്കാം. പുനരുത്ഥാനത്തിലുള്ള ഉറച്ച പ്രത്യാശയോടെ, മരണത്തിനായി കാത്തിരിക്കുന്നത്, എന്നന്നേക്കുമായി നാം ഇല്ലാതായിത്തീരുമെന്ന ഭയത്തിൽനിന്ന് നമ്മെ സംരക്ഷിക്കുകയും, അവസാനമില്ലാത്ത ജീവിതത്തിന്റെ ആനന്ദത്തിനായി നമ്മെ തയ്യാറാക്കുകയും ചെയ്യുന്നു.
തന്റെ പ്രഭാഷണത്തിന്റെ അവസാനം പരിശുദ്ധ പിതാവ് "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥന ലത്തീൻ ഭാഷയിൽ ചൊല്ലുകയും, തുടർന്ന് ഏവർക്കും തന്റെ ആശീർവാദം നൽകുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
