തിരയുക

ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ  (ANSA)

പരിശുദ്ധ സിംഹാസനത്തിന് വേണ്ടിയുള്ള ധനശേഖരണം ഐക്യത്തിന്റെയും സ്നേഹത്തിന്റെയും അടയാളം: ലിയോ പതിനാലാമൻ പാപ്പാ

2025 ഫെബ്രുവരി 11-ന് ഫ്രാൻസിസ് പാപ്പാ സ്ഥാപിച്ച "സംഭാവനകളുമായി ബന്ധപ്പെട്ട കമ്മീഷൻ" ലിയോ പതിനാലാമൻ പാപ്പാ പിരിച്ചുവിട്ടു. കമ്മീഷൻ കൈകാര്യം ചെയ്തിരുന്ന എല്ലാക്കാര്യങ്ങളും ഇനി പരിശുദ്ധ സിംഹാസനത്തിലേക്ക് തിരികെയെത്തും. പരിശുദ്ധ സിംഹാസനത്തിന്റെ പൈതൃകസ്വത്തുക്കൾ കാത്തുസൂക്ഷിക്കാൻ വേണ്ടിയുള്ള സ്ഥാപനവും, സാമ്പത്തിക കാര്യങ്ങൾക്കായുളള സെക്രെട്ടറിയേറ്റും ഉപദേശകസമിതിയും ഒരുമിച്ചായിരിക്കും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പരിശുദ്ധ സിംഹാസനത്തിനുവേണ്ടി ധനശേഖരണം നടത്തുന്നത്, പ്രാദേശിക സഭകളും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള ഐക്യ-സ്നേഹ ബന്ധത്തിന്റെ (vinculum unitatis et caritatis) ഒരു ഭാഗമാണെന്ന് ലിയോ പതിനാലാമൻ പാപ്പാ.  ധനശേഖരണവുമായി ബന്ധപ്പെട്ട പഠനങ്ങളുടെ അടിസ്ഥാനത്തിൽ, സെപ്റ്റംബർ 29-ന് ഒപ്പിട്ട്, ഡിസംബർ 4-ന് പുറത്തിറക്കിയ ഒരു പുതിയ രേഖയിലൂടെ, "സംഭവനകളുമായി ബന്ധപ്പെട്ട കമ്മീഷൻ" പിരിച്ചുവിട്ടുകൊണ്ടാണ്, പാപ്പാ ഇങ്ങനെ എഴുതിയത്.

2025 ഫെബ്രുവരി 11-ന്, പരിശുദ്ധ സിംഹാസനത്തിന്റെ പ്രവർത്തനങ്ങൾക്കും പ്രാദേശികസഭകൾക്കും ഉപകാരപ്രദമാകുക എന്ന ഉദ്ദേശത്തോടെ ഫ്രാൻസിസ് പാപ്പാ സ്ഥാപിച്ച കമ്മീഷനാണ് ലിയോ പതിനാലാമൻ പാപ്പാ പിരിച്ചുവിട്ടത്. മൂന്ന് വർഷങ്ങളിലേക്ക് "പരീക്ഷണാർത്ഥത്തിൽ" സ്ഥാപിക്കപ്പെട്ട ഈ കമ്മീഷനൊപ്പം  അതിലെ അംഗങ്ങളെയും പാപ്പാ പിരിച്ചുവിടുകായും, കമ്മീഷന്റെ കാനോനിക, നൈയാമിക അവകാശങ്ങൾ ഇല്ലാതാക്കുകയും ചെയ്തു.

കമ്മീഷന്റെ കൈവശമുണ്ടായിരുന്ന വസ്തുവകകൾ പരിശുദ്ധ സിംഹാസനത്തിലേക്ക് തിരികെ നൽകാൻ തീരുമാനമെടുത്ത പാപ്പാ, പരിശുദ്ധ സിംഹാസനത്തിന്റെ പൈതൃകസ്വത്തുക്കൾ കാത്തുസൂക്ഷിക്കാൻ വേണ്ടിയുള്ള സ്ഥാപനത്തിന്റെ പ്രസിഡന്റിനെ, കമ്മീഷൻ പിരിച്ചുവിടുന്നതുമായുള്ള കാര്യങ്ങളുമായി മുന്നോട്ട് പോകാൻ അധികാരപ്പെടുത്തി.

"സംഭാവനകളുമായി ബന്ധപ്പെട്ട കമ്മീഷൻ" പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളും മറ്റു കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനായി, സാമ്പത്തിക കാര്യങ്ങൾക്കായുളള സെക്രെട്ടറിയേറ്റിനെ പാപ്പാ ചുമതലപ്പെടുത്തി. ഇക്കാര്യങ്ങളെക്കുറിച്ച് "സാമ്പത്തിക കാര്യങ്ങൾക്കുവേണ്ടിയുള്ള ഉപദേശകസമിതിയെ" സമയാസമയങ്ങളിൽ കൃത്യമായി അറിയിക്കാനും പാപ്പാ ആവശ്യപ്പെട്ടു.

ധനശേഖരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഒരു പഠനസമിതിയെ നിയോഗിക്കുമെന്നറിയിച്ച പാപ്പാ, അതിലേക്കുള്ള ആളുകളെ "സാമ്പത്തിക കാര്യങ്ങൾക്കുവേണ്ടിയുള്ള ഉപദേശകസമിതി" നിർദ്ദേശിക്കുമെന്നും, സ്റ്റേറ്റ് സെക്രെട്ടറിയേറ്റിലൂടെ പരിശുദ്ധ പിതാവിന് കീഴിലായിരിക്കും അവർ പ്രവർത്തിക്കുകയെന്നും വ്യക്തമാക്കി.

തന്റെ പ്രഥമ അപ്പസ്തോലികയാത്രയ്ക്ക് ശേഷം ഡിസംബർ 2-ന് പരിശുദ്ധ പിതാവ് തിരികെയെത്തിയിരുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 ഡിസംബർ 2025, 14:16