തിരയുക

ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ  (@Vatican Media)

ദുർബലരോടും പാവപ്പെട്ടവരോടുമുള്ള കരുതൽ ദൈവകരുണയുടെ പ്രകടനം: ലിയോ പതിനാലാമൻ പാപ്പാ

തിരികെ നൽകാൻ ഒന്നുമില്ലാത്തവർക്ക് ചെയ്യുന്ന സേവനങ്ങളിലൂടെ നാം ദൈവത്തിന്റെ കരങ്ങളിലെ ഉപകരണങ്ങളാകുകയാണെന്നും, മാതൃകാപരമായ ഇത്തരം സേവനം തുടരണമെന്നും കത്തോലിക്കാ ജീവകാരുണ്യ പ്രവർത്തന ശൃംഖലയായ, "കത്തോലിക്കാ പ്രവർത്തനങ്ങളിൽ തല്പരരായ സ്ഥാപനങ്ങളുടെയും ദാതാക്കളുടെയും സംഘടന" “ഫാദിക”-യുടെ സ്ഥാപനത്തിന്റെ അൻപതാം വാർഷികവുമായി ബന്ധപ്പെട്ട് മാർച്ച് 12-ന് നൽകിയ തന്റെ സന്ദേശത്തിൽ ലിയോ പതിനാലാമൻ പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കത്തോലിക്കാജീവകാരുണ്യപ്രവർത്തനങ്ങളുടെ പ്രാധാന്യം എടുത്തുപറഞ്ഞും, പാവപ്പെട്ടവർക്കും ദുർബലർക്കും നൽകുന്ന സേവനങ്ങൾ തുടരേണ്ടതിന്റെ ആവശ്യം ഓർമ്മിപ്പിച്ചും ലിയോ പതിനാലാമൻ പാപ്പാ.  ദൈവസ്നേഹത്തിന്റെ പ്രകടനമാണ് ഇത്തരം പ്രവർത്തനങ്ങളെന്ന്, കത്തോലിക്കാ പ്രവർത്തനങ്ങളിൽ തല്പരരായ സ്ഥാപനങ്ങളുടെയും ദാതാക്കളുടെയും സംഘടനയായ "ഫാദിക" (FADICA)-യുടെ സ്ഥാപനത്തിന്റെ അൻപതാം വാർഷികവുമായി ബന്ധപ്പെട്ട് ഈ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് അലെക്സിയ കെല്ലിക്ക് മാർച്ച് 12-ന് അയച്ച തന്റെ സന്ദേശത്തിൽ പരിശുദ്ധ പിതാവ് എഴുതി.

സഭ കത്തോലിക്കരെ പ്രാർത്ഥനയ്ക്കും ഉപവാസത്തിനും ഒപ്പം കാരുണ്യപ്രവൃത്തികൾക്കും ആഹ്വാനം ചെയ്യുന്ന വലിയനോമ്പുകാലത്താണ് ഫാദിക സംഘടനയുടെ അൻപതാം വാർഷികം ആഘോഷിക്കപ്പെടുന്നതെന്ന് അനുസ്മരിച്ച പാപ്പാ, വിവിധ വത്തിക്കാൻ ഡികാസ്റ്ററികൾക്കും കത്തോലിക്കാ പ്രവർത്തനങ്ങൾക്കും അവർ നൽകുന്ന സഹായസഹകരണങ്ങൾക്ക് നന്ദി പറഞ്ഞു.

നല്ല സമരിയക്കാരന്റെ മാതൃകയിൽ അയൽക്കാർക്ക് സഹായമേകാനാണ് ക്രിസ്തുവിന്റെ ഉദ്ബോധനങ്ങൾ നമ്മെ ക്ഷണിക്കുന്നതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ഈയൊരു ശൈലിയെ ദൈവത്തിന്റെ സാമീപ്യത്തിന്റെയും സഹാനുഭൂതിയുടെയും ആർദ്രസ്നേഹത്തിന്റെയും ശൈലിയായാണ് ഫ്രാൻസിസ് പാപ്പാ വിശേഷിപ്പിച്ചിരുന്നതെന്ന് അനുസ്മരിച്ചു. "ദിലെക്സിത് തെ"യിലെ (26) തന്റെ തന്നെ വാക്കുകൾ പരാമർശിച്ചുകൊണ്ട്, അയൽക്കാരന് നൽകുന്ന സ്നേഹം ദൈവകരുണയുടെ പ്രതിഫലനമാണെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. നമുക്ക് തിരികെ ഒന്നും തരാനാകാത്തവർക്ക് സഹായമേകുമ്പോൾ നാം ദൈവത്തിന്റെ ഉപകരണങ്ങളായി മാറുകയാണെന്ന് പാപ്പാ വിശദീകരിച്ചു.

ദൈവികകരുണയുടെ സന്ദേശം നൽകുന്ന കാരുണ്യപ്രവൃത്തികൾ കുറവില്ലാതെ തുടരാൻ ഫാദിക അംഗങ്ങളെ പാപ്പാ ആഹ്വാനം ചെയ്‌തു. പരിശുദ്ധ അമ്മയുടെ പ്രാർത്ഥനാസഹായത്തിന് സംഘടനാംഗങ്ങളെ സമർപ്പിച്ച പരിശുദ്ധ പിതാവ് ഏവർക്കും തന്റെ അപ്പസ്തോലിക ആശീർവാദം നേരുകയും ചെയ്തു.

"കാരുണ്യപ്പണം" ജീവകാരുണ്യപ്രവർത്തനം തുടങ്ങിയ പേരുകളിൽ പാവപ്പെട്ടവർക്കും ദുർബലർക്കും, അത്തരം ആളുകൾക്ക് ശുശ്രൂഷ ചെയ്യുന്നവർക്കും സഹായമേകുന്ന കത്തോലിക്കാ ഫിലാന്ത്രോപിക് ശൃംഖലയാണ് ഫാദിക. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 മാർച്ച് 2026, 12:46