ക്രൈസ്തവർ ക്രിസ്തുവിന്റെ ശൈലിയിൽ പ്രത്യാശയുടെ അടയാളങ്ങളായി ജീവിക്കണം: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
തിന്മയുടെ അന്ധകാരത്തിൽനിന്ന് പുതുജീവിതത്തിലേക്ക് മാനവികതയുടെ കണ്ണുകൾ തുറക്കാൻ ക്രിസ്തുവിന് സാധിക്കുമെന്ന് ലിയോ പതിനാലാമൻ പാപ്പാ. റോം രൂപതയിലെ ഇടവകകളിലേക്കുള്ള അജപാലനസന്ദർശനത്തിന്റെ ഭാഗമായി, നഗരത്തിന്റെ വടക്കുകിഴക്കൻ പ്രദേശത്ത് പോന്തേ മാമ്മൊളോയിലെ ഈശോയുടെ തിരുഹൃദയ"ത്തിന്റെ പേരിലുള്ള ഇടവകദേവാലയത്തിൽ മാർച്ച് 15 ഞായറാഴ്ച വൈകുന്നേരം അർപ്പിച്ച വിശുദ്ധ ബലിമധ്യേ നടത്തിയ പ്രഭാഷണത്തിലാണ്, അന്ധനായ മനുഷ്യന് കാഴ്ചശക്തി നൽകുന്ന യേശുവിനെക്കുറിച്ചുള്ള സുവിശേഷഭാഗത്തെ ആധാരമാക്കി, പരിശുദ്ധ പിതാവ് ഇങ്ങനെ പ്രസ്‌താവിച്ചത്.
ഇടവകയിലെത്തിയ പരിശുദ്ധ പിതാവ് അവിടെയുള്ള കുട്ടികൾക്കും കൗമാരക്കാർക്കും, രോഗികൾക്കും വയോധികർക്കും, ഇടവകയിലെ അജപാലന ഉപദേശകസമിതിക്കും പ്രത്യേകം കൂടിക്കാഴ്ചകൾ അനുവദിച്ചിരുന്നു. റോം രൂപതയിലേക്കുള്ള പരിശുദ്ധ പിതാവിന്റെ വികാരിയും ജോൺ ലാറ്ററൻ ബസലിക്കയുടെ ആർച്ച് പ്രീസ്റ്റുമായ കർദ്ദിനാൾ ബാൾദോ റെയ്‌നയും പരിശുദ്ധ പിതാവിനെ അനുഗമിച്ചിരുന്നു.
ദൈവം വെളിച്ചവും പ്രത്യാശയും സമാധാനവുമാണ് കൊണ്ടുവരുന്നതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, അതുകൊണ്ടുതന്നെ, ദൈവത്തെ വിളിച്ചപേക്ഷിക്കുന്നവരും സമാധാനമാണ് തേടേണ്ടതെന്നും, അതിലേക്ക് എത്താനായി സംവാദത്തിന്റെ പാതയാണ് തിരഞ്ഞെടുക്കേണ്ടതെന്നും പ്രസ്താവിച്ചു. മദ്ധ്യപൂർവ്വദേശങ്ങളിലുൾപ്പെടെ നടന്നുവരുന്ന യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ സംസാരിച്ച പാപ്പാ, അക്രമത്തെ ദൈവനാമത്തിൽ ന്യായീകരിക്കുന്നതിനെ അപലപിച്ചു.
മുൻവിധികൾ മാറ്റിവച്ച്, സഹനങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരുടെ അന്തസ്സ് തിരിച്ചറിഞ്ഞ് ദൈവികമായ കാഴ്ചപ്പാടോടെ വേണം മനുഷ്യർ പ്രവർത്തിക്കേണ്ടതെന്ന് പറഞ്ഞ പാപ്പാ, ക്രൈസ്തവർ കരുണയുടെയും പ്രാർത്ഥനയുടെയും ഐക്യദാർഢ്യത്തിന്റെയും മാർഗ്ഗവും ശൈലിയുമാണ് സ്വീകരിക്കേണ്ടതെന്നും ഓർമ്മിപ്പിച്ചു.
റോമിലുള്ള റേബിബ്ബിയ ജയിൽ പോന്തേ മാമ്മൊളോ ഇടവയുടെ പരിധിക്കുള്ളിലാണെന്ന കാര്യം കൂടി പരിഗണിച്ചുകൊണ്ട്, അഭയാർത്ഥികൾക്കും പാവപ്പെട്ടവർക്കും ഒപ്പം തടവുകാർക്കും തിരുഹൃദയ ഇടവക നൽകിവരുന്ന സഹായസേവനങ്ങൾ പരിശുദ്ധ പിതാവ് പ്രത്യേകം പരാമർശിച്ചു. ക്രൈസ്തവർ തങ്ങളുടെ ശുശ്രൂഷാ-വിദ്യാഭ്യാസമേഖലകളിലെ സേവനങ്ങൾ വഴി ലോകത്തിന് മുന്നിൽ വിശ്വാസസാക്ഷ്യമേകണമെന്ന് പാപ്പാ ആവശ്യപ്പെട്ടു.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ നാൽപ്പത് വർഷങ്ങൾക്ക് മുൻപ് ഈ ദേവാലയം സന്ദർശിച്ചിരുന്നു. പെസഹായോടടുത്ത് റോം രൂപതയിലെ ഇടവകകളിലേക്കുള്ള അഞ്ചാമത്തെ സന്ദർശനമായിരുന്നു ലിയോ പതിനാലാമൻ പാപ്പാ നടത്തിയത്. ഫാ. ഫ്രാൻസ് റേഫാലോയാണ് ഇവിടുത്തെ വികാരി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
