തിരയുക

അപ്പസ്തോലിക പെനിറ്റെൻഷ്യറി കുമ്പസാരവുമായി ബന്ധപ്പെട്ട് ഒരുക്കിയ കോഴ്സിൽ സംബന്ധിച്ചവർക്ക് ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചപ്പോൾ അപ്പസ്തോലിക പെനിറ്റെൻഷ്യറി കുമ്പസാരവുമായി ബന്ധപ്പെട്ട് ഒരുക്കിയ കോഴ്സിൽ സംബന്ധിച്ചവർക്ക് ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചപ്പോൾ  (ANSA)

മാനവികകുടുംബത്തിൽ സമാധാനവും ഐക്യവും കൊണ്ടുവരാൻ കുമ്പസാരം സഹായിക്കും: ലിയോ പതിനാലാമൻ പാപ്പാ

അപ്പസ്തോലിക പെനിറ്റെൻഷ്യറി കുമ്പസാരവുമായി ബന്ധപ്പെട്ട് ഒരുക്കിയ "ആന്തരിക തലത്തെക്കുറിച്ചുളള" കോഴ്സിൽ സംബന്ധിച്ചവർക്ക് മാർച്ച് 13-ന് വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച പാപ്പാ, സംഘർഷങ്ങളും യുദ്ധങ്ങളും മൂലം മാനവികത ദുരിതമനുഭവിക്കുന്ന ഇന്നത്തെ കാലത്ത്, അനുരഞ്ജനകൂദാശയ്ക്ക് സാമൂഹികമായ പ്രാധാന്യം കൂടിയുണ്ടെന്ന് ഓർമ്മിപ്പിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മനഃസാക്ഷിയുടെ ശുദ്ധതയുടെ ആവശ്യം ഓർമ്മിപ്പിച്ചും, അനുരഞ്ജന കൂദാശയുടെ സാമൂഹികപ്രാധാന്യം എടുത്തുപറഞ്ഞും ലിയോ പതിനാലാമൻ പാപ്പാ. കഴിഞ്ഞ ദിവസങ്ങളിൽ അപ്പസ്തോലിക പെനിറ്റെൻഷ്യറി കുമ്പസാരമെന്ന അനുരഞ്ജനകൂദാശയും ആദ്ധ്യാത്മിക ആന്തരിക തലവുമായി ബന്ധപ്പെട്ട് നടത്തിയ "ആന്തരിക തലത്തെക്കുറിച്ചുളള" കോഴ്സിൽ സംബന്ധിച്ചവർക്ക് മാർച്ച് 13 വെള്ളിയാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച അവസരത്തിൽ, മനഃസാക്ഷിയുടെ ശരിയായ വിലയിരുത്തലിനെക്കുറിച്ചും, അനുതാപത്തിന്റെയും അനുരഞ്ജനത്തിന്റെയും ആവശ്യത്തെക്കുറിച്ചും പാപ്പാ ഓർമ്മിപ്പിച്ചു.

സമാധാനവും ഐക്യവും വളർത്തുന്നതിൽ കുമ്പസാരത്തിനുള്ള ശക്തിയെക്കുറിച്ച് പ്രത്യേകം എടുത്തുപറഞ്ഞ പാപ്പാ, ദൈവവുമായും സഭയുമായും അനുരഞ്ജനപ്പെട്ട ഒരു വ്യക്തിക്കേ, ആയുധരഹിതവും, നിരായുധീകരണത്തിന്റേതുമായ ശൈലിയിൽ ജീവിക്കാനാകൂ എന്ന് ഓർമ്മിപ്പിച്ചു. ദൈവവുമായുള്ള ഐക്യം പുനഃസ്ഥാപിക്കുന്ന ഒരു കൂദാശയാണ് കുമ്പസാരമെന്നുതും പാപ്പാ തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു.

സംഘർഷ, യുദ്ധ മേഖലകളിൽ ഉത്തരവാദിത്വപരമായ സ്ഥാനങ്ങൾ വഹിക്കുന്നവരും ഇടപെടുന്നവരുമായ ക്രൈസ്തവർ ശരിയായ രീതിയിൽ തങ്ങളുടെ മനഃസാക്ഷിയെ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടോ എന്ന ചോദ്യം ഇന്ന് നമുക്ക് മുന്നിൽ ഉയർന്നുണ്ടെന്ന് പാപ്പാ അനുസ്മരിച്ചു. തങ്ങളുടെ അഹന്തയുടെ ആയുധങ്ങൾ താഴെവച്ച് ദൈവത്തിന്റെ കരുണയാലും ക്ഷമയാലും നവീകരിക്കപ്പെടാൻ തങ്ങളെത്തന്നെ വിട്ടുകൊടുക്കുന്ന ക്രൈസ്തവർ, തങ്ങളുടെ അനുദിനജീവിതത്തിൽ അനുരഞ്ജനത്തിന്റെ വക്താക്കളും പ്രവർത്തകരുമായി മാറുമെന്ന് പാപ്പാ പ്രസ്താവിച്ചു.

വർഷത്തിൽ ഒരിക്കലെങ്കിലും അനുരഞ്ജനകൂദാശയിൽ പങ്കെടുക്കണമെന്ന ഉദ്ബോധനമാണ് സഭയുടെ ദൈവശാസ്ത്രപരമായ വിചിന്തനങ്ങളും പഠനങ്ങളും ഇന്ന് നൽകുന്നതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, എന്നാൽ സഭയുടെ അനന്തമായ കരുണയുടെ ഈ ശേഖരത്തിൽനിന്ന് കുമ്പസാരത്തിലൂടെ ദൈവകരുണ നേടാൻ പലരും ശ്രമിക്കുന്നില്ലെന്ന കാര്യവും എടുത്തുപറഞ്ഞു. വിശ്വാസത്തിന്റെയും ഹൃദയത്തിന്റെയും എളിമയോടെ കർത്താവിന്റെ കൃപ നേടാനായി കുമ്പസാരക്കൂടിനോടടുക്കുകയാണ് വേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ദൈവത്തിന്റെ കരുണയാണ്, അനുരഞ്ജനകൂദാശയിലൂടെ നിങ്ങൾ നൽകുന്നതെന്ന് മറക്കരുതെന്നും,  ജോൺ മരിയ വിയാനിയെയും, ലിയോപോൾഡ് മന്ദിച് തുടങ്ങിയ അനേകർ കുമ്പസാരക്കൂടുകളിലൂടെയാണ് വിശുദ്ധരായി മാറിയതെന്നും വൈദികരെയും വൈദികാർത്ഥികളെയും പാപ്പാ ഓർമ്മിപ്പിച്ചു.

കുമ്പസാരമെന്ന കൂദാശ വ്യക്തികളുടെ ആന്തരിക ഐക്യത്തെ കെട്ടിപ്പടുക്കുന്നത് വഴി, സഭയെത്തന്നെയാണ് പടുത്തുയർത്തുന്നതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. കുമ്പസാരക്കാർ, മുടക്കം കൂടാതെ കുമ്പസാരം നടത്തേണ്ടതിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു. തങ്ങൾക്ക് ലഭിച്ച ദൈവകരുണയുടെ ശുശ്രൂഷകരാകാൻ അങ്ങനെ അവർക്ക് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സാധിക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 മാർച്ച് 2026, 13:55