തിരയുക

ഇറ്റലിയിലെ മെത്രാൻസമിതിക്ക് ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചപ്പോൾ ഇറ്റലിയിലെ മെത്രാൻസമിതിക്ക് ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചപ്പോൾ  (@Vatican Media)

കാലത്തിന്റെ അടയാളങ്ങൾ തിരിച്ചറിഞ്ഞ് സുവിശേഷകേന്ദ്രീകൃതമായി ശുശ്രൂഷ തുടരാൻ ആഹ്വാനവുമായി പാപ്പാ

സിനഡാത്മകശൈലിയിൽ എളിമയോടെ സുവിശേഷകേന്ദ്രീകൃതമായി അജപാലനശുശ്രൂഷ തുടരാൻ ഇറ്റലിയിലെ മെത്രാൻസമിതിക്ക് ആഹ്വാനമേകി ലിയോ പതിനാലാമൻ പാപ്പാ. തങ്ങളുടെ എൺപത്തിരണ്ടാമത് പൊതുസമ്മേളനത്തിനായി ഒരുമിച്ചുകൂടിയ ഇറ്റലിയിലെ മെത്രാന്മാർക്ക് മെയ് 28 വ്യാഴാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച് സംസാരിക്കുകയായിരുന്നു പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സമകാലീനലോകം നേരിടുന്ന വെല്ലുവിളികളുടെ മുന്നിൽ സുവിശേഷകേന്ദ്രീകൃതമായ അജപാലനശുശ്രൂഷ തുടരാനും, സഭംഗങ്ങളുടെ എണ്ണത്തേക്കാൾ, എളിമയോടെയുള്ള പ്രവർത്തനത്തിന്റെ ശൈലിക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് മുന്നോട്ടുപോകാനും ആഹ്വാനം നൽകി ലിയോ പതിനാലാമൻ പാപ്പാ. ഇറ്റലിയിലെ മെത്രാൻസമിതിയുടെ എൺപത്തിരണ്ടാമത് പൊതുസമ്മേളനത്തിൽ സംബന്ധിച്ചവർക്ക് മെയ് 28 വ്യാഴാഴ്ച വത്തിക്കാനിലെ സിനഡ് ശാലയിൽ കൂടിക്കാഴ്ച അനുവദിച്ച് സംസാരിക്കുകയായിരുന്നു പാപ്പാ.

ദൈവത്തിനുവേണ്ടിയുള്ള ദാഹം ഉള്ളിൽ കൊണ്ടുനടക്കുന്നവരും എളിമയിൽ തങ്ങളുടെ വിശ്വാസം അനുദിനജീവിതത്തിൽ പ്രവർത്തികമാക്കുന്നവരുമായ യുവജനങ്ങളും വയോധികരും പാവപ്പെട്ടവരും രോഗികളും നമുക്ക് ചുറ്റുമുണ്ടെന്ന് മെത്രാന്മാരെ ഓർമ്മിപ്പിച്ച പാപ്പാ, അതേസമയം ദൈവത്തിന്റെ കണ്ണുകളിലൂടെ ലോകത്തെ നോക്കിക്കാണാൻ വിശ്വാസികൾക്ക് സാധിക്കണമെന്ന് ഉദ്‌ബോധിപ്പിച്ചു.

സിനഡാത്മക ശൈലിയെ സഭയുടെ സ്ഥിരം ജീവിതശൈലിയുടെ ഭാഗമാക്കി മാറ്റുകയെന്ന മെത്രാൻസമിതിയുടെ ഉദ്ദേശത്തെ പരിശുദ്ധ പിതാവ് അഭിനന്ദിച്ചു. തങ്ങളുടെ വിളിക്കനുസരിച്ച് പൊതുവായ വളർച്ചയിൽ പങ്കുചേരുകയെന്ന ചിന്ത ഉയർത്തിപിടിച്ചുകൊണ്ടുള്ള പ്രവർത്തനശൈലിയാണ് വിശ്വാസിസമൂഹം സ്വന്തമാക്കേണ്ടതെന്നും, അതേസമയം മെത്രാന്മാരുടേതായ ചുമതലകളെ മാനിക്കുകയെന്നത് പ്രധാനപ്പെട്ടതാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

സുവിശേഷപ്രഘോഷണമെന്നതാണ് സഭയുടെ പ്രധാന ചുമതലയെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ട് പ്രവർത്തിക്കാൻ പരിശുദ്ധ പിതാവ് ഏവരെയും ക്ഷണിച്ചു. ഫലപ്രദമായ രീതിയിൽ ഈ നിയോഗം നിർവ്വഹിക്കുകയും, അതേസമയം, സഭംഗങ്ങളുടെ എണ്ണത്തെ ആധാരമാക്കി തങ്ങളുടെ പ്രവർത്തനവിജയത്തെ വിലയിടാതെ, എളിമയുടെ ശൈലി സ്വന്തമാക്കി ജീവിക്കുക എന്നതാണ് പ്രധാനപ്പെട്ടതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

സഭയുടെ സാമ്പത്തിക, ഘടനാ ശേഷികളിലല്ല, തങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ദൈവത്തിന്റെ സാന്നിദ്ധ്യത്തിലുള്ള ഉറപ്പിലും പരിശുദ്ധാത്മാവിന്റെ ശക്തിയിലും ആശ്രയിച്ചും, നമ്മെ വിളിക്കുകയും ആശ്വസിപ്പിക്കുകയും അയക്കുകയും ചെയുന്ന ദൈവത്തിന്റെ സ്വരം ശ്രവിച്ചും മുന്നോട്ട് പോകാൻ ആഹ്വാനം ചെയ്ത പാപ്പാ, ഇറ്റലിയിലെ സഭയെയും അതിന്റെ പ്രവർത്തനങ്ങളെയും പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന് സമർപ്പിച്ചുകൊണ്ടാണ് തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 മേയ് 2026, 13:09