സുവിശേഷസന്ദേശം വരും തലമുറകൾക്ക് പകർന്നുകൊണ്ട് മുന്നോട്ട് പോകാൻ ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സാങ്കേതികവിദ്യയുടെ അതിപ്രസരമുള്ള ഇന്നത്തെ ആധുനിക സമൂഹത്തിൽ, ജീവിതത്തിൽ യഥാർത്ഥ ആനന്ദമേകുന്ന ക്രൈസ്തവവിശ്വാസത്തിന്റെ സന്ദേശം യുവജനങ്ങളുൾപ്പെടെ എല്ലാവരിലേക്കും പരത്താൻ ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ. സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ ഡികാസ്റ്ററിയിലെ സുവിശേഷവത്കരണവുമായി ബന്ധപ്പെട്ട അടിസ്ഥാനചോദ്യങ്ങൾക്കായുള്ള വിഭാഗത്തിന്റെ പ്ലീനറി സമ്മേളനത്തിൽ സംബന്ധിച്ചവർക്ക് മെയ് 28 വ്യാഴാഴ്ച രാവിലെ വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചാമദ്ധ്യേയാണ് ഇത്തരമൊരു ആഹ്വാനം പരിശുദ്ധ പിതാവ് മുന്നോട്ടുവച്ചത്.
കൃപയുടെ സമയമായിരുന്ന "പ്രത്യാശയുടെ ജൂബിലി" വർഷത്തിൽ മൂന്ന് കോടി മുപ്പത് ലക്ഷത്തിലധികം ആളുകളാണ് റോമിലെത്തിയതെന്ന കാര്യവുമായി ബന്ധപ്പെട്ടു സംസാരിച്ച പാപ്പാ, ജൂബിലി വർഷം അവസാനിച്ചുവെങ്കിലും പ്രത്യാശയുടെ സന്ദേശം തുടർന്നും ആളുകളിലേക്കെത്തിക്കാനും, യേശുവിന്റെ വിശ്വസ്ഥശിഷ്യരാണ് നാമെന്ന് മറക്കാതിരിക്കാനും ഡികാസ്റ്ററി അംഗങ്ങളെ ക്ഷണിച്ചു.
വിശ്വാസവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ, ലോകത്തെമ്പാടും, പ്രത്യേകിച്ച് പടിഞ്ഞാറൻ രാജ്യങ്ങളിൽ മതപരമായ നിസംഗതയുടെ ചിന്ത വളർത്തിയിട്ടുണ്ടെന്ന് അനുസ്മരിച്ച പാപ്പാ, എന്നാൽ ജീവിതത്തിന്റെ അർത്ഥം തേടുന്ന നിർണ്ണായകനിമിഷങ്ങളിൽ സഹായമായെത്തേണ്ട സുവിശേഷസന്ദേശവും മതചിന്തയും, സാങ്കേതികതയുടേതെന്ന് കരുതപ്പെടുന്ന ഇക്കാലത്തും ഏവർക്കും ഉപകാരപ്രദമാകുന്ന വിധത്തിൽ മുന്നോട്ടുവയ്‌ക്കേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ചു. ആദ്ധ്യാത്മികമായ നിസംഗത, ജീവിതമുയർത്തുന്ന അടിസ്ഥാനപരമായ ചോദ്യങ്ങൾക്ക് അർത്ഥവും ഉത്തരവും കണ്ടെത്തുന്നതിൽനിന്ന് നമ്മെ തടഞ്ഞേക്കാമെന്നും പാപ്പാ പ്രസ്താവിച്ചു.
വഴിയും സത്യവും ജീവനുമായ ക്രിസ്തുവിനെ ലോകത്തിന് മുന്നിൽ സാക്ഷ്യപ്പെടുത്തുകയെന്ന ഏറെ പ്രധാനപ്പെട്ട നിയോഗത്തിലും ഉത്തരവാദിത്വത്തിലും വെള്ളം ചേർക്കാൻ ശ്രമിക്കരുതെന്ന് പാപ്പാ മുന്നറിയിപ്പ് നൽകി. സുവിശേഷത്തിന്റെ ആനന്ദം ജീവിക്കുന്ന സാക്ഷ്യങ്ങളാണ് നമുക്ക് ആവശ്യമെന്ന് ബെനഡിക്ട് പതിനാറാമൻ പാപ്പായെ ഉദ്ധരിച്ചുകൊണ്ട് റോമിന്റെ മെത്രാൻ പറഞ്ഞു. വിശുദ്ധമായ ജീവിതങ്ങളാണ് ക്രൈസ്തവവിശ്വാസത്തിന്റെ കൂടുതൽ വിശ്വസനീയമായ സാക്ഷ്യങ്ങളെന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.
ക്രൈസ്തവവിശ്വാസത്തിലേക്ക് കടന്നുവരുന്ന ആളുകൾക്ക് അവരുടെ ദൈവവിശ്വാസവുമായി ബന്ധപ്പെട്ട യാഥാർത്ഥ്യങ്ങൾ കണ്ടെത്താനും അവയിൽ കൂടുതൽ ആഴപ്പെടാനും സഹായിക്കുന്ന സാഹചര്യമൊരുക്കാൻ സഭയ്ക്ക് കടമയുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. തനിക്കും അതിലുപരി കത്തോലിക്കാസഭയ്ക്കുമായി സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററി ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് പരിശുദ്ധ പിതാവ് നന്ദി പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
