തിരയുക

"കാസ സൊള്ളിയെവോ ദെല്ല സൊഫെറൻസ" ആശുപത്രി "കാസ സൊള്ളിയെവോ ദെല്ല സൊഫെറൻസ" ആശുപത്രി 

വിശുദ്ധ പാദ്രെ പിയോയുടെ ആശുപത്രിയിൽ നവീകരണപദ്ധതിയുമായി ലിയോ പതിനാലാമൻ പാപ്പാ

ഇറ്റലിയിലെ സാൻ ജ്യോവന്നി റൊത്തോന്തോയിൽ വിശുദ്ധ പാദ്രെ പിയോ ആരംഭിച്ചതും സാമ്പത്തിക, പ്രവർത്തനബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്നതുമായ "കാസ സൊള്ളിയെവോ ദെല്ല സൊഫെറൻസ" എന്ന ആശുപത്രിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ നവീകരണപദ്ധതിയുടെ ഭാഗമായി "ഫൗണ്ടേഷനെ നയിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി" ഒരു പുതിയ കമ്മീഷനെ പരിശുദ്ധ പിതാവ് സ്ഥാപിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പിയെത്രൾച്ചീനയിലെ വിശുദ്ധ പാദ്രെ പിയോ സ്ഥാപിച്ച "കാസ സൊള്ളിയെവോ ദെല്ല സൊഫെറൻസ" (Casa Sollievo della Sofferenza - ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകുന്ന ഭവനം)  എന്ന ആശുപത്രി പ്രസ്ഥാനത്തിന്റെ നവീകരണത്തിനും നിയന്ത്രണത്തിനും വേണ്ടി പുതിയ കമ്മീഷൻ സ്ഥാപിച്ച് ലിയോ പതിനാലാമൻ പാപ്പാ. തെക്കുകിഴക്കൻ ഇറ്റലിയിലെ സാൻ ജ്യോവന്നി റൊത്തോന്തോയിലുള്ള ഈ ആശുപത്രിയെ നയിക്കുന്നതും, അതിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതും, വത്തിക്കാനിലെ ധനകാര്യവിഭാഗം സെക്രെട്ടറിയേറ്റിന്റെ (SPE) അദ്ധ്യക്ഷൻ മാക്സിമോ കബയ്യേറോ ലേദോ നയിക്കുന്ന ഈ കമ്മീഷനായിരിക്കും.

പരിശുദ്ധസിംഹാസനത്തിന്റെ പൈതൃകസ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന വിഭാഗം (APSA) സെക്രെട്ടറി ഫാബിയോ ഗാസ്പെരീനിയാകും കമ്മീഷന്റെ പ്രവർത്തനങ്ങളെ ക്രോഡീകരിക്കുന്നതിൽ അധ്യക്ഷനെ സഹായിക്കുക. ഇതിന് പുറമെ, സ്റ്റേറ്റ് സെക്രെട്ടറിയേറ്റിലെ സബ്സ്റ്റിട്യൂട്ട് ആർച്ച്ബിഷപ് പൗളോ റുദെല്ലി, മേലുദ്ധരിച്ച വിഭാഗം (APSA) പ്രസിഡന്റ് ആർച്ച്ബിഷപ് ജ്യൊർദ്ദാനോ പിച്ചിനോത്തി, ആശുപത്രി നിലനിൽക്കുന്ന ഫോജ്ജ്യ-ബൊവീനോ അതിരൂപതയുടെ അദ്ധ്യക്ഷൻ ആർച്ച്ബിഷപ് ജ്യോർജ്യോ ഫെറെത്തി എന്നിവരും കമ്മീഷനിൽ അംഗങ്ങളാണ്.

ആശുപത്രിയുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളുടെ നിലവിലെ സാമ്പത്തികസ്ഥിതി, നടത്തിപ്പ്, ധനവിനിയോഗം തുടണിജ്യ കാര്യങ്ങൾ പരിശോധിക്കുക, അതിന്റെ അടിസ്ഥാനത്തിൽ പ്രസ്ഥാനത്തെ മെച്ചപ്പെടുത്താനുപകരിക്കുന്ന ഹ്രസ്വ-ദീർഘകാല പദ്ധതികൾക്ക് വേണ്ട നിർദ്ദേശങ്ങൾ സമർപ്പിക്കുകയും, അവയ്ക്ക് അംഗീകാരം കിട്ടുന്ന മുറയ്ക്ക് അവ നടപ്പിലാക്കുകയും ചെയ്യുക തുടങ്ങിയവയായിരിക്കും കമ്മീഷന്റെ പ്രധാന ചുമതലകൾ. പരിശുദ്ധ പിതാവിന്റെ അംഗീകാരത്തോടെയും അറിവോടെയുമായിരിക്കും പ്രധാനപ്പെട്ട തീരുമാനങ്ങളും പ്രവർത്തനങ്ങളും നടക്കുക.

1956 മെയ് 5-ന് ആരംഭിച്ചതും, ശാസ്ത്രപരീക്ഷങ്ങളും ഗവേഷണങ്ങളും പ്രോത്സാഹിപ്പിക്കുന്നതുമായ ഈ ആശുപത്രി യൂറോപ്പിലെത്തന്നെ മികച്ച ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ഏതാണ്ട് ആയിരത്തിനടുത്ത് കിടക്കകളും, മൂവായിരത്തോളം പ്രവർത്തകരുമുള്ള ഇവിടെ വർഷംതോറും അറുപതിനായിരത്തിപ്പരം കിടപ്പുരോഗികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് രോഗികൾക്കാണ് ചികിത്സ നൽകപ്പെടുന്നത്.

മെയ് 27 ബുധാനാഴ്ചയാണ് പുതിയ കമ്മീഷൻ സ്ഥാപിച്ചുകൊണ്ടുള്ള രേഖ പരിശുദ്ധ പിതാവ് ഒപ്പിട്ടത്. സ്ഥാപകന്റെ ലക്ഷ്യത്തോട് ചേർന്നുകൊണ്ട്, സൗഖ്യവും പ്രത്യാശയും ആഗ്രഹിച്ചെത്തുന്ന ആളുകൾക്ക് അവ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും പ്രസ്ഥാനം അതിന്റെ പ്രവർത്തനം തുടരുക. എഴുപത് വർഷങ്ങൾക്ക് മുൻപ് വിശുദ്ധ പാദ്രെ പിയോ സ്ഥാപിച്ച ഈ സ്ഥാപനം, സാമ്പത്തിക, പ്രവർത്തന ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കുന്ന ഒരു സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം പരിശുദ്ധ പിതാവ് നടത്തിയത്. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 മേയ് 2026, 12:55