തിരയുക

ലിയോ പതിനാലാമൻ പാപ്പാ - ആഫ്രിക്കയിലേക്ക് നടത്തിയ അപ്പസ്തോലികയാത്രയിൽനിന്നുള്ള ഒരു ദൃശ്യം ലിയോ പതിനാലാമൻ പാപ്പാ - ആഫ്രിക്കയിലേക്ക് നടത്തിയ അപ്പസ്തോലികയാത്രയിൽനിന്നുള്ള ഒരു ദൃശ്യം  (@Vatican Media)

ലിയോ പതിനാലാമൻ പാപ്പാ ആഗസ്റ് മാസത്തിൽ സാൻ മരീനോ സന്ദർശിക്കും

ഓഗസ്റ്റ് 22 ന് ഇറ്റലിയിലെ വടക്കൻ നഗരമായ റിമിനിയിലേക്കുള്ള യാത്രയുടെ അവസരത്തിൽ പരിശുദ്ധ പിതാവ് സാൻ മരീനോയും സന്ദർശിക്കും. മെയ് 28 വ്യാഴാഴ്ച, വത്തിക്കാനിലെ പൊന്തിഫിക്കൽ ഭവനത്തിന്റെ അദ്ധ്യക്ഷൻ ആർച്ചുബിഷപ്പ് പേറ്റർ രാജിച്ചാണ് ഇതുസംബന്ധിച്ച വിവരവങ്ങൾ വ്യക്തമാക്കിയത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലിയോ പതിനാലാമൻ പാപ്പാ വടക്കൻ ഇറ്റലിയിലുള്ള സ്വാതന്ത്രരാജ്യമായ സാൻ മരീനോ സന്ദർശിക്കും. ആഗസ്റ്റ് 22 ന് ഇറ്റലിയിലെ റിമിനിയിൽ നടക്കുന്ന നാല്പത്തിയേഴാമത്‌  'ജനതകൾക്കിടയിലെ സൗഹാർദ്ദത്തിനുവേണ്ടിയുള്ള" സമ്മേളനത്തിൽ (മീറ്റിംഗ് ഫോർ ഫ്രണ്ട്ഷിപ്പ് എമങ് പീപ്പിൾസ്) പങ്കെടുക്കുന്നതിനായി പോകുന്ന അവസരത്തിലായിരിക്കും മാർപാപ്പ സാൻ മരീനോ സന്ദർശിക്കുക.

വത്തിക്കാനിലെ പൊന്തിഫിക്കൽ ഭവനത്തിന്റെ (പേപ്പൽ ഹൗസ് ഹോൾഡ്) പ്രിഫെക്ട് ആർച്ചുബിഷപ്പ് പെറ്റാർ രാജിച്ചാണ്, മെയ് 28 വ്യാഴാഴ്ച പുറത്തുവിട്ട ഒരു പ്രസ്താവനയിലൂടെ പരിശുദ്ധ പിതാവിന്റെ യാത്രയുടെ വിശദവിവരങ്ങൾ വ്യക്തമാക്കിയത്. ശനിയാഴ്ച രാവിലെ ഈ ചെറുരാജ്യത്തെത്തുന്ന പരിശുദ്ധ പിതാവ് പിന്നീട് ഉച്ചയ്ക്ക് റിമിനി നഗരത്തിലേക്ക് യാത്ര തിരിക്കുമെന്ന് വത്തിക്കാൻ വിശദീകരിച്ചു.

സാൻ മരീനോ റിപ്പബ്ലിക്കിന്റെ മുൻ രാഷ്ട്രത്തലവന്മാരായ മത്തെയോ റോസി, ലോറെൻസോ ബുഗ്ലി എന്നിവർ പാപ്പായ്ക്ക് മുൻപ് നൽകിയ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് സാൻ മറീനയിലേക്കുള്ള ഈ സന്ദർശനമെന്നു വത്തിക്കാൻ പ്രസ്താവനയിൽ വ്യക്തമാക്കി. പരിശുദ്ധ പിതാവിന്റെ സാൻ മരീനോ സന്ദർശനം അവിടെയുളള വിശ്വാസികൾക്കിടയിൽ വലിയ ആത്മീയ ആവേശമുണർത്തുമെന്നാണു വിലയിരുത്തപ്പെടുന്നത്.

യൂറോപ്പിൽ വത്തിക്കാൻ പോലെ, ഇറ്റലിയുടെ ഉള്ളിലായി സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിൽ ഒന്നാണ് റിപ്പബ്ലിക് ഓഫ് സാൻ മരീനോ. ലോകത്തിലെ തന്നെ ഏറ്റവും പഴയ റിപ്പബ്ലിക്കായാണ് ഈ രാജ്യം അറിയപ്പെടുന്നത്.

പരിശുദ്ധ പിതാവ് വരും മാസങ്ങളിൽ നടത്തുന്ന അജപാലനസന്ദർശനങ്ങൾ സംബന്ധിച്ച് പരിശുദ്ധ സിംഹാസനം പുറത്തുവിട്ടിരുന്ന വിവരങ്ങൾ വത്തിക്കാൻ ന്യൂസ് കഴിഞ്ഞ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 മേയ് 2026, 12:58