ലോകസമാധാനത്തിനു വേണ്ടി ആഗോള ജപമാല പ്രാർത്ഥനയുമായി ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ലോകസമാധാനത്തിനായി പരിശുദ്ധ അമ്മയുടെ സഹായമപേക്ഷിച്ച് ലിയോ പതിനാലാമൻ പാപ്പാ. ഇതിന്റെ ഭാഗമായി, യുദ്ധങ്ങളും അക്രമങ്ങളും അവസാനിപ്പിക്കുവാനും സമാധാനത്തിന്റെ പാതയിൽ ലോകം മുന്നോട്ടുപോകാനും വേണ്ടി മെയ് 30-ന് വൈകുന്നേരം 7 മണിക്ക്, ഇന്ത്യയിൽ വൈകിട്ട് 10.30-ന്, വത്തിക്കാൻ ഗാർഡനിലുള്ള ലൂർദ്ദ് മാതാവിന്റെ ഗ്രോട്ടോയിൽ മാർപാപ്പ ജപമാലപ്രാർത്ഥന നയിക്കുമെന്ന് പരിശുദ്ധ സിംഹാസനം അറിയിച്ചു. സംഘർഷങ്ങളും യുദ്ധങ്ങളും മൂലം കഷ്ടപ്പെടുന്ന മാനവികതയ്ക്കു വേണ്ടി പ്രാർത്ഥിക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പൊതുകൂടിക്കാഴ്ചാസമ്മേളനങ്ങളിലും, ത്രികാലജപപ്രാർത്ഥനാവേളകളിലുമുൾപ്പെടെ നിരവധി തവണ പരിശുദ്ധ പിതാവ് അഭ്യർത്ഥിന നടത്തിയിരുന്നു.
പരിശുദ്ധ മാതാവിന്റെ വണക്കമാസ സമാപനത്തോടനുബന്ധിച്ചാണ് സമാധാനത്തിനു വേണ്ടിയുള്ള ഈ പ്രത്യേക പ്രാർത്ഥനായജ്ഞം നടക്കുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസികളോടും വിവിധ തീർത്ഥാടന കേന്ദ്രങ്ങളോടും ജപമാലയിൽ ആത്മീയമായി പങ്കുചേരാൻ വത്തിക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. പോർച്ചുഗലിലെ ഫാത്തിമ, ഫ്രാൻസിലെ ലൂർദ്ദ്, യുക്രൈനിലെ സർവാനിറ്റ്സിയ, ഫിലിപ്പൈൻസിലെ ആന്റിപോളോ, ബോസ്നിയയിലെ മെഡ്ജുഗോറി, ലെബനനിലെ സെന്റ് ഷാർബൽ അന്നായാ , ഇറ്റലിയിലെ ലൊറേറ്റോ തുടങ്ങിയ വിശ്വപ്രസിദ്ധമായ മരിയൻ തീർത്ഥാടന കേന്ദ്രങ്ങളും ഈ സമയത്ത് ജപമാലപ്രാത്ഥനയിൽ പങ്കുചേരുമെന്ന് അറിയിച്ചിട്ടുണ്ട്.
മാർപാപ്പായുടെ ഈ ജപമാലയിൽ സന്തോഷത്തിന്റെ ദിവ്യരഹസ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. യുദ്ധവും അക്രമവും മൂലം ദുരിതമനുഭവിക്കുന്നവർ, യുദ്ധത്തിന്റെ ഇരകളായ സാധാരണ ജനങ്ങൾ, പ്രത്യാശയും ആശ്വാസവും പകരുന്നവർ, ചികിത്സാ രംഗത്തുള്ളവർ, മനുഷ്യാവകാശ ലംഘനങ്ങൾ സഹിക്കുന്ന തടവുകാർ, അഭയാർത്ഥികൾ, സന്നദ്ധപ്രവർത്തകർ എന്നിവർക്കായാണ് ജപമാലയുടെ വിവിധ രഹസ്യങ്ങൾ സമർപ്പിച്ചിരിക്കുന്നത്. ജപമാലയിലെ സമാപനരഹസ്യം ലോകത്ത് യുദ്ധങ്ങൾ അവസാനിച്ച് സ്ഥിരമായ സമാധാനസംസ്ഥാപനത്തിനായാണ് അർപ്പിക്കുന്നത്.
സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ ഡികാസ്റ്ററിയാണ് ഈ പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നത്. ഈ ജപമാല പ്രാർത്ഥനയുടെ തത്സമയ സംപ്രേഷണം വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിലുള്ള വലിയ സ്‌ക്രീനുകളിലും വത്തിക്കാൻ യൂട്യൂബ് ചാനൽ, ടെലിവിഷൻ തുടങ്ങിയ വിവിധ മാധ്യമങ്ങളിലൂടെയും ലഭ്യമായിരിക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
