തിരയുക

ലിയോ പതിനാലാമൻ പാപ്പായുടെ മഞ്ഞീഫിക്ക ഉമാനിത്താസെന്ന ചാക്രികലേഖനത്തിന്റെ പ്രസാധനവേളയിൽനിന്നുള്ള ഒരു ചിത്രം ലിയോ പതിനാലാമൻ പാപ്പായുടെ മഞ്ഞീഫിക്ക ഉമാനിത്താസെന്ന ചാക്രികലേഖനത്തിന്റെ പ്രസാധനവേളയിൽനിന്നുള്ള ഒരു ചിത്രം  (ANSA)

നിർമ്മിതബുദ്ധിയുടെ ഈ യുഗത്തിലും മനുഷ്യാന്തസ്സും പൊതുനന്മയും സംരക്ഷിക്കപ്പെടണം: ലിയോ പതിനാലാമൻ പാപ്പാ

"പൊതുനന്മയ്ക്കായി നിർമ്മിതബുദ്ധി" എന്ന പേരിൽ ജനീവയിൽ നടക്കുന്ന ആഗോള ഉച്ചകോടിയിലേക്ക് ലിയോ പതിനാലാമൻ പാപ്പായുടെ പേരിൽ, വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പരൊളീൻ സന്ദേശമയച്ചു. പൊതുനന്മയ്ക്കും മനുഷ്യാന്തസ്സിനും പ്രാധാന്യം കൊടുക്കുന്നതായിരുന്നു പാപ്പാ പുറത്തുവിട്ട "മഞ്ഞീഫിക്ക ഉമാനിത്താസ്" എന്ന ചാക്രികലേഖനമെന്ന് തന്റെ സന്ദേശത്തിൽ കർദ്ദിനാൾ അനുസ്മരിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പൊതുനന്മയും മനുഷ്യാന്തസ്സും പ്രോത്സാഹിപ്പിക്കാനും, മാനവികതയ്ക്ക് ഉത്തരവാദിത്വപൂർണ്ണമായി സേവനങ്ങൾ നൽകാനുള്ള പരിശ്രമങ്ങൾ തുടരാനും ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ. അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ (International Telecommunication Union - ITU), ഐക്യരാഷ്ട്രസഭാസംഘടനകളുമായി ചേർന്ന്, “പൊതുനന്മയ്ക്കായി നിർമ്മിതബുദ്ധി" എന്ന പേരിൽ ജനീവയിൽ നടത്തുന്ന ആഗോള ഉച്ചകോടിയിലേക്കായി, വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ ഒപ്പിട്ട് നൽകിയ ഒരു സന്ദേശത്തിലൂടെയാണ് പരിശുദ്ധ പിതാവ് ഇത്തരമൊരു ക്ഷണം മുന്നോട്ടുവച്ചത്. സ്വിറ്റസർലൻഡ്‌ ഗവൺമെന്റും ഈ ഉച്ചകോടിയിൽ സഹ ആതിഥേയത്വം വഹിച്ചിരുന്നു.

നിർമ്മിതബുദ്ധിയുടെ ഉപയോഗം മാനവരാശിയുടെ ഭാവിയുമായി ബന്ധപ്പെട്ട ചില പ്രധാനപ്പെട്ട ചോദ്യങ്ങൾ ഉയർത്തുന്നതാണെന്ന് ഓർമ്മിപ്പിച്ച വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി, നിർമ്മിതബുദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രത്യേകമായ ശ്രദ്ധ നേടുന്ന ഇക്കാലത്ത് ഇതേക്കുറിച്ചുള്ള സംവാദങ്ങളോട് തുറന്ന മനോഭാവത്തോടെയുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സാമീപ്യം ലിയോ പതിനാലാമൻ പാപ്പാ ഉറപ്പുനല്കുന്നുണ്ടെന്ന് പ്രസ്താവിച്ചു.

നിർമ്മിതബുദ്ധിയുടെ യുഗത്തിൽ മനുഷ്യജീവൻ സുരക്ഷിതമാക്കുക എന്ന വിഷയത്തിനായി സമർപ്പിക്കപ്പെട്ട തന്റെ പ്രഥമ ചാക്രികലേഖനമായ, "മഞ്ഞീഫിക്ക ഉമാനിത്താസിൽ" (Magnifica Humanitas), പൊതുനന്മയും മനുഷ്യാന്തസ്സും പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള മാർഗ്ഗങ്ങൾ കൂടുതലായി കണ്ടെത്തുക എന്ന ഉദ്ദേശത്തോടെ ഏവരോടും സംവദിക്കാനുള്ള ആഗ്രഹം ലിയോ പതിനാലാമൻ പാപ്പാ വ്യക്തമാക്കുന്നുണ്ടെന്ന് കർദ്ദിനാൾ പരൊളീൻ എഴുതി.

ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ, രാഷ്ട്രീയ നേതാക്കൾ, പൊതുപ്രവർത്തകർ, മാതാപിതാക്കൾ, അധ്യാപകർ തുടങ്ങി വിവിധ മേഖലയിലുള്ള ആളുകളുടെ അനുഭവങ്ങളും പങ്കുവയ്ക്കലുകളും അധികരിച്ചാണ് ഈ ചാക്രികലേഖനം രൂപം കൊണ്ടതെന്ന് ഓർമ്മിപ്പിച്ച വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി, മനുഷ്യരുടെ നിരവധിയായ ബുദ്ധിമുട്ടുകളും ദുരിതങ്ങളും ലഘൂകരിക്കാൻ ഈ ലേഖനം സഹായിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്ന് കൂട്ടിച്ചേർത്തു.

നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട മേഖലയിൽ ദുരുപയോഗസാധ്യതകളും, നിർണ്ണായകമേഖലകളിൽ മാനുഷികമായ തീരുമാനങ്ങൾ നഷ്ടപ്പെടാനുള്ള സാധ്യതകളും നിലനിൽക്കുന്നുണ്ടെന്ന കാര്യവും പരിശുദ്ധ പിതാവിന്റെ സന്ദേശം മുന്നോട്ട് വയ്ക്കുന്നുണ്ട്.

സൃഷ്ടിപരവും ഫലപ്രദവുമായ ചർച്ചകളിലേർപ്പെടാൻ ഈ ഉച്ചകോടിക്ക് സാധിക്കട്ടെയെന്ന് പരിശുദ്ധ പിതാവിന്റെ പേരിൽ ആശംസിച്ച കർദ്ദിനാൾ, മാനവികതയ്ക്ക് ശുശ്രൂഷ ചെയ്യാനുള്ള പരിശ്രമങ്ങൾക്ക് പാപ്പായുടെ പ്രാർത്ഥനകൾ ഉറപ്പുനൽകി. ജൂലൈ 7 മുതൽ 10 വരെ തീയതികളിലാണ് ഈ ഉച്ചകോടി നടക്കുന്നത്. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

09 ജൂലൈ 2026, 14:29