വടക്കേ അമേരിക്കയിലെ ദേശീയ ദിവ്യകാരുണ്യതീർത്ഥാടനം: വിശ്വാസ നവീകരണത്തിന് ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ദിവ്യകാരുണ്യനാഥനോടുള്ള സ്നേഹത്തിലും അടുപ്പത്തിലും ആഴപ്പെട്ട് വിശ്വസനവീകരണം നടത്താൻ ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ. അമേരിക്കയിൽ നടന്ന ദേശീയ ദിവ്യകാരുണ്യ തീർത്ഥാടനത്തിന്റെ സമാപനസമ്മേളനത്തിലേക്കായി ജൂലൈ അഞ്ചാം തീയതി നൽകിയ വീഡിയോ സന്ദേശത്തിലൂടെയാണ് ഇത്തരമൊരു ആഹ്വാനം പരിശുദ്ധ പിതാവ് മുന്നോട്ട് വച്ചത്.
വിശുദ്ധ കുർബാനയാണ് സഭയുടെ ജീവശക്തിയെന്നും വിശ്വാസജീവിതത്തിന്റെ കേന്ദ്രമെന്ന് തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ച പരിശുദ്ധ പിതാവ്, അമേരിക്കയുടെ ഇരുന്നൂറ്റിയൻപതാം സ്ഥാപന വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ഈ തീർത്ഥാടനം രാജ്യത്തിന്റെ ഐക്യത്തിനും നവീകരണത്തിനും ഉപകരിക്കട്ടെയെന്ന് ആശംസിച്ചു.
രാജ്യത്തിന്റെ സമ്പന്നമായ വിശ്വാസപാരമ്പര്യത്തിന്റെ ഭാഗമായിത്തീർന്ന ദിവ്യകാരുണ്യഭക്തി പുതുതതലമുറകൾക്ക് പ്രചോദനമായി തുടരട്ടെയെന്ന് ആശംസിച്ച പാപ്പാ വിവിധ വിശുദ്ധരുടെ ജീവിതങ്ങളെ പരാമർശിച്ചുകൊണ്ട്, ഈയൊരു ഭക്തിക്ക് ആത്മീയജീവിതത്തിൽ ഏറെ പ്രാധാന്യമുണ്ടെന്ന് ഓർമ്മിപ്പിച്ചു.
കുടുംങ്ങളിലും ഇടവകകളിലും ദിവ്യകാരുണ്യ കേന്ദ്രീകൃതമായ വിശ്വാസജീവിതം വളർത്തിയെടുക്കാൻ ആഹ്വാനം ചെയ്ത പരിശുദ്ധ പിതാവ്, ദിവ്യബലി, ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന എന്നിവ വിശ്വാസികളുടെ ആത്മീയയാത്രയ്ക്ക് ശക്തിയും പോഷണവും നൽകുന്നവയാണെന്ന് ഉദ്‌ബോധിപ്പിച്ചു. നവീകരണത്തിനും ഐക്യത്തിനും ദിവ്യകാരുണ്യഭക്തിയും വിശ്വാസവും നൽകുന്ന ശക്തിയും പാപ്പാ പരാമർശിച്ചു.
സഭയുടെ വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക സേവന പ്രവർത്തനങ്ങൾക്കും സുവിശേഷ പ്രഘോഷണ ദൗത്യത്തിനും ദിവ്യകാരുണ്യത്തിൽ നിന്നാണ് ശക്തി ലഭിക്കുന്നതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ഇത്തരുണത്തിൽ സുവിശേഷപ്രഘോഷണം ശക്തമായി തുടരേണ്ടതിനുള്ള സഭയുടെ ഉത്തരവാദിത്വവും പ്രത്യേകമായി പരാമർശിച്ചു.
ദിവ്യകാരുണ്യഭക്തിയുമായി ബന്ധപ്പെട്ട ഈ തീർത്ഥാടനം, സ്വർഗ്ഗത്തിലേക്ക് കണ്ണുകൾ നട്ട് ജീവിക്കാനും, വിശുദ്ധ കുർബാനയെന്ന വലിയ ദാനത്തിന്റെ മൂല്യം തിരിച്ചറിയുന്നതിനും സഹായിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. തീർത്ഥാടനങ്ങൾക്ക് യഹൂദ, ക്രൈസ്തവ പാരമ്പര്യങ്ങളിലുള്ള പ്രാധാന്യവും പരിശുദ്ധ പിതാവ് തന്റെ സന്ദേശത്തിൽ എടുത്തുപറഞ്ഞിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
