ക്ലേശങ്ങളിൽ ആശ്രയവും അഭയവുമാകുന്ന കർത്താവിൽ ശരണമർപ്പിച്ച് ജീവിക്കാം: ലിയോ പതിനാലാമൻ പാപ്പായുടെ ഉദ്‌ബോധനം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
രണ്ടായിരത്തിയിരുപത്തിയാറ് ജൂലൈ അഞ്ചാം തീയതി ഞായറാഴ്‌ച ഉച്ചയ്ക്ക് വത്തിക്കാനിൽ ഞായറാഴ്ചകളിൽ പതിവുള്ളതുപോലെ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ ത്രികാലജപപ്രാർത്ഥന നയിക്കുകയും ആളുകളെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു. യൂറോപ്പിൽ കനത്ത വേനൽക്കാലമായിട്ടും ആയിരക്കണക്കിന് ആളുകൾ പാപ്പായെ കാണാനും പ്രാർത്ഥനയിൽ പങ്കെടുക്കാനും ആശീർവാദം സ്വീകരിക്കാനുമായി വിശുദ്ധ പത്രോസിന്റെ ചത്വരത്തിനകത്തും പരിസരങ്ങളിലുമായി നിലനിന്നിരുന്നു.
ഉച്ചയ്ക്ക് കൃത്യം പന്ത്രണ്ടുമണിക്ക്, ഇന്ത്യയിൽ വൈകുന്നേരം മൂന്നരയ്ക്ക് പരിശുദ്ധ പിതാവ് അപ്പസ്തോലിക കൊട്ടാരത്തിന്റെ ജാലകത്തിലെത്തുകയും, ഏവരെയും അഭിസംബോധന ചെയ്തുകൊണ്ട് തന്റെ പ്രഭാഷണം നടത്തുകയും ചെയ്തു. ക്ലേശിതർക്ക് ആശ്രയമായ യേശുവിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഈ ഞായറാഴ്ചയിലെ സുവിശേഷവായനയായ വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനൊന്നാം അദ്ധ്യായം ഇരുപത്തിയഞ്ച് മുതൽ മുപ്പത് വരെയുള്ള സുവിശേഷഭാഗത്തെ അടിസ്ഥാനമാക്കിയായിരുന്നു ഈ ഞായറാഴ്ച പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണം നടത്തിയത്. ഈ വചനഭാഗം ഇപ്രകാരമായിരുന്നു:
"യേശു ഉദ്ഘോഷിച്ചു: സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്‍മാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു. അതേ, പിതാവേ, ഇപ്രകാരമായിരുന്നു നിന്റെ തിരുവുള്ളം. സര്‍വവും എന്റെ പിതാവ് എന്നെ ഏല്‍പിച്ചിരിക്കുന്നു. പിതാവല്ലാതെ മറ്റാരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രന്‍ ആര്‍ക്കു വെളിപ്പെടുത്തിക്കൊടുക്കാന്‍ മനസ്സാകുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല. അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. എന്തെന്നാല്‍, എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്" (മത്തായി 11, 25-30).
ഇറ്റാലിയൻ ഭാഷയിൽ പരിശുദ്ധപിതാവ് നടത്തിയ പ്രഭാഷണം ഇപ്രകാരമായിരുന്നു:
പ്രിയ സഹോദരീസഹോദരന്മാരെ, ശുഭ ഞായർ!
"സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥനായ" (25) പിതാവിന് യേശു അർപ്പിക്കുന്ന സ്തുതിയിൽ പങ്കുചേരാനാണ് ആരാധനാക്രമമനുസരിച്ചുള്ള ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നത് (മത്തായി 11, 25-30). മനുഷ്യനായിത്തീർന്ന ദൈവപുത്രൻ, സകല സൃഷ്ടികളെയും ഈ കൃതജ്ഞതാപ്രക്രാശനത്തിലേക്ക് ചേർത്തുകൊണ്ട് തന്റെ സ്നേഹം വെളിപ്പെടുത്തുന്നു.
ഇത്തരമൊരു സ്വതസിദ്ധവും സന്തോഷകരവുമായ ഒരു പ്രവൃത്തിയുടെ ലാളിത്യം, "ശിശുക്കൾക്ക്" തന്നെത്തന്നെ വെളിപ്പെടുത്താൻ ഇഷ്ടപ്പെടുകയും, അതേസമയം "ബുദ്ധിമാന്മാരിലും വിവേകികളിലും" (25) നിന്ന് മറഞ്ഞിരിക്കുകയും ചെയ്യുന്ന, ദൈവത്തിന്റെ ശൈലിയാണ് പ്രതിഫലിപ്പിക്കുന്നത്. ബുദ്ധിമാന്മാരും വിവേകികളും തങ്ങളുടെ തന്നെ അറിവുകളിൽ ആശ്രയിക്കുന്നതുകൊണ്ട്, തന്റെ ജനത്തെ സന്ദർശിക്കുന്ന മിശിഹായായ ക്രിസ്തുവിന്റെ സാന്നിദ്ധ്യം തിരിച്ചറിയുന്നില്ല. അങ്ങനെ മാനുഷികമായ ജ്ഞാനം അഹങ്കാരമായി മാറുകയും പാണ്ഡിത്യം ഗവർവ്വായി തരം താഴുകയും ചെയ്യുന്നു. എന്നാൽ യഥാർത്ഥ ദൈവത്തിന്റെ ജ്ഞാനം മനുഷ്യശരീരത്തിന്റെ എളിമയിലാണ് സ്വയം വെളിപ്പെടുത്തുന്നത്. ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നവരെയാണ് അവൻ അഭിസംബോധന ചെയ്യുന്നത്. "അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍" (28) എന്ന് കർത്താവ് പറയുന്നു. യേശുവിനരികിലേക്ക് പോവുകയെന്നാൽ, അവന്റെ സ്നേഹത്തോട് പ്രത്യുത്തരിക്കുകയും, കുരിശോളം അവന്റെ ജീവനിൽ പങ്കുചേരുകയെന്നുമാണ് അർത്ഥമാക്കുന്നത്. അവൻ തന്നെ ഇത് വിശദീകരിക്കുന്നുണ്ട്: "ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ (മത്തായി 16, 24). "സ്നേഹത്താൽ തന്നെത്തന്നെ ദാനമായി നൽകുകയെന്നതാണ് യേശുവിന്റെ "നുകം" (മത്തായി 11, 29). അവന്റെ ഉദ്ബോധനങ്ങളുടെ, ഏവരോടുമുള്ള സ്നേഹത്താൽ ജ്വലിക്കുന്ന അവന്റെ ജ്ഞാനത്തിന്റെ ഹൃദയവും ഇതുതന്നെയാണ്.
സഹോദരീ സഹോദരന്മാരേ, എങ്ങനെയാണ് കുരിശിന്റെ ഭാരം "ലഘുവും" "മധുരവും" ആകുന്നത് (30)? നമ്മെ ഭാരപ്പെടുത്തുന്ന കാര്യങ്ങളിൽ നമ്മെ ഒറ്റയ്ക്കാക്കാതെ നമ്മോടൊപ്പവും നമുക്ക് മുൻപായും കർത്താവ് അത് വഹിക്കുന്നു എന്ന ഒരു കാരണത്താൽ മാത്രമാണ് ഇത് സാധിക്കുന്നത്. തിന്മയാൽ മുറിവേറ്റ മാനവികതയെ പരിപാലിക്കുന്നതിനായി, ഒരു യഥാർത്ഥ ഗുരുവെന്ന നിലയിൽ, യേശു അതിനെ സ്വയം ഏറ്റെടുക്കുന്നു. അവൻ നമുക്ക് നൽകുന്ന ജ്ഞാനമെന്നത് അങ്ങനെ രക്ഷയുടെ പ്രഖ്യാപനമാണ്, അവന്റെ നുകം നമ്മെ എല്ലാ വീഴ്ചകളിലും നിന്നും ഉയർത്തുന്നു. ക്രിസ്തുവിന്റെ പിന്നാലെയാകുമ്പോൾ നമ്മുടെ യാത്ര പീഡനത്തിന്റെ ഒരു തപശ്ചര്യയല്ല, മറിച്ച്, ചരിത്രത്തിന്റെ നാടകീയതയെ ഗൗരവതരമായി കാണുകയും അതിന്റെ അർത്ഥത്തെ, പ്രത്യേകിച്ച് കൂടുതൽ അന്ധകാരപൂർണ്ണമായ നിമിഷങ്ങളിൽ, പ്രകാശിപ്പിക്കുകയും ചെയ്യുന്ന സ്വാതന്ത്ര്യത്തിന്റെ വിദ്യാലയമാണ്. യേശുവിന്റെ കുരിശിൽ മാത്രമാണ് തിന്മയ്ക്ക് വീണ്ടെടുപ്പ് ലഭിക്കുന്നത്. അവന്റെ പീഡാനുഭവത്തിലാണ് മരണകരമായ നമ്മുടെ തളർച്ച ആശ്വാസവും മോചനവും കണ്ടെത്തുന്നത്.
അടിമത്തത്തിൽ ക്രിസ്തു വിമോചനമാണ്. യുദ്ധത്തിന്റെ ചാട്ടവാറടികൾക്കടിയിൽ യേശു പ്രത്യാശയാണ്. പാപത്തിന്റെ നിമിഷങ്ങളിൽ ക്രിസ്തു പാപമോചനമാണ്.യഥാർത്ഥ ജ്ഞാനമെന്നത്, ക്രിസ്തുവിന്റെ നാമത്തിൽ അവന്റെ ശിഷ്യരെന്ന നിലയിൽ നമ്മൾ സഞ്ചരിക്കാനാഗ്രഹിക്കുന്ന പാതയാണ്. ദൈവപുത്രനെന്ന നിലയിൽ, നമ്മുടെ സഹോദരനായിത്തീർന്നുകൊണ്ട് യേശു ഇത് നമ്മെ പഠിപ്പിക്കുന്നുണ്ട്. പരിശുദ്ധാത്മാവിന്റെ ശക്തിയിൽ അവൻ ദൈവത്തെയും മനുഷ്യരെയും കുറിച്ചുള്ള സത്യം സഭയ്ക്ക് വെളിപ്പെടുത്തുന്നു. കാരണം, "പുത്രനും പുത്രന്‍ ആര്‍ക്കു വെളിപ്പെടുത്തിക്കൊടുക്കാന്‍ മനസ്സാകുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെ അറിയുന്നില്ല" (27).
പ്രിയപ്പെട്ടവരേ, കർത്താവിന്റെ സ്നേഹം നിറഞ്ഞ ഈ വിശ്വാസത്തിന് അവനോട് നമുക്ക് നന്ദി പറയുകയും, സഭയുടെയും ലോകം മുഴുവന്റെയും നന്മയ്ക്കായി, സമാധാനത്തിന്റെ രാജ്ഞിയായ മറിയത്തിന്റെ മാദ്ധ്യസ്ഥ്യം നമുക്ക് യാചിക്കുകയും ചെയ്യാം.
തന്റെ പ്രഭാഷണത്തിന് ശേഷം പാപ്പാ ലത്തീൻ ഭാഷയിൽ ത്രികാലജപപ്രാർത്ഥന നയിക്കുകയും പ്രാർത്ഥനയുടെ അവസാനം ഏവർക്കും ആശീർവാദം നൽകുകയും ചെയ്തു.
തന്റെ ഉദ്ബോധനപ്രഭാഷണത്തിനും, പ്രാർത്ഥനയ്ക്കും ആശീർവാദത്തിനും ശേഷം, വിശുദ്ധ പത്രോസിന്റെ ചത്വരത്തിലുണ്ടായിരുന്ന ഏവരെയും അഭിസംബോധന ചെയ്തുകൊണ്ട് പാപ്പാ ഇങ്ങനെ തുടർന്നു:
പ്രിയ സഹോദരീസഹോദരന്മാരെ,
1946-ൽ വിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെട്ട ഫാ. ഫ്രാൻസിസ് സേവ്യർ ത്രൂഓങ് ബൂ (Francesco Saverio Tru’o’ng Bǚu) കഴിഞ്ഞ വ്യാഴാഴ്ച ജൂലൈ രണ്ടാം തീയതി, വിയറ്റ്നാമിലുള്ള "താക് സായ്" (Tac Say) തീർത്ഥാടനകേന്ദ്രത്തിൽ വച്ച് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു. അടിച്ചമർത്തലുകൾക്കും അക്രമങ്ങൾക്കും ഇടയിലും ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊണ്ട അദ്ദേഹം തന്റെ ഇടവകജനത്തെ കൈവിട്ടില്ല. ഇന്നും പീഡനങ്ങൾ നേരിടുന്ന സുവിശേഷപ്രവർത്തകർക്ക് അദ്ദേഹത്തിന്റെ മാദ്ധ്യസ്ഥ്യവും പ്രാർത്ഥനയും കരുത്തേകട്ടെ.
തുടർന്ന്, വിശുദ്ധ പത്രോസിന്റെ ചത്വരത്തിലുണ്ടായിരുന്ന ബ്രസീൽ, വെനിസ്വേല, ക്രൊയേഷ്യ, ഇറ്റലി തുടങ്ങിയ വിവിധ രാജ്യങ്ങളിലിനിന്നുള്ള ആളുകളെ പാപ്പാ അഭിവാദ്യം ചെയ്തു. വെനിസ്വേലയിലുണ്ടായ ഭൂകമ്പങ്ങളുടെ ഇരകളായി ദുരിതമനുഭവിക്കുന്നവർക്കുവേണ്ടിയുള്ള തന്റെ പ്രാർത്ഥനകൾ പാപ്പാ വീണ്ടും ഉറപ്പുനൽകി. ഈ പ്രതിസന്ധിയുടെ അവസരത്തിൽ കർത്താവ് നിങ്ങൾക്ക് തുണയാകട്ടെയെന്ന് പരിശുദ്ധ പിതാവ് ആശംസിച്ചു.
ഏവർക്കും ഒരു നല്ല ഞായറാഴ്ച ആശംസിച്ചുകൊണ്ടാണ് പാപ്പാ ജാലകത്തിങ്കൽനിന്നും പിൻവാങ്ങിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
