വ്യവസ്ഥകളില്ലാതെ ജീവിതത്തെ സ്വീകരിക്കാനും അതിന്റെ മൂല്യം മാനിക്കാനും ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
എല്ലാ മനുഷ്യരുടെയും മൂല്യവും പ്രാധാന്യവും വലുതാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, അത് സംരക്ഷിക്കാൻ വേണ്ടി പരിശ്രമിക്കണമെന്ന് ലിയോ പതിനാലാമൻ പാപ്പാ. വ്യവസ്ഥകളില്ലാതെ ജീവിതത്തെ സ്വീകരിക്കാനും, അതിനെ ആർദ്രതയോടെ പിന്താങ്ങാനും ജൂലൈ ഒൻപതാം തീയതി വ്യാഴാഴ്ച സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ച ഒരു സന്ദേശത്തിലൂടെ പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു.
ജീവിതത്തെ അതിന്റെ എല്ലാ ഘട്ടങ്ങളിലും ആദരവോടെ അനുഗമിക്കാനും, ശബമില്ലാത്തവർക്ക് സംരക്ഷണം നൽകാനും വേണ്ട തിരിച്ചറിവും കഴിവും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയിലേക്കും പാപ്പായുടെ സന്ദേശം വിരൽ ചൂണ്ടി. ജൂലൈ രണ്ടാം തീയതി വ്യാഴാഴ്ച പരിശുദ്ധ പിതാവിന്റെ പേരിലുള്ള “പ്രാർത്ഥനാശൃംഖല”, ഈ മാസത്തേക്കുള്ള പ്രാർത്ഥനാ നിയോഗമായി പുറത്തുവിട്ട പ്രാർത്ഥനയിൽനിന്നുള്ള ഒരു ഭാഗമാണ് പരിശുദ്ധ പിതാവ് എക്‌സിൽ കുറിച്ചത്.
പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
"ഓരോ മനുഷ്യന്റെയും അതുല്യവും ആവർത്തിക്കാനാവാത്തതുമായ മൂല്യം
തിരിച്ചറിയാനും സംരക്ഷിക്കാനും വേണ്ടിയുള്ള കൃപയ്ക്കായി ഇന്ന് ഞങ്ങൾ അങ്ങയോട് അപേക്ഷിക്കുന്നു.
യാതൊരു വ്യവസ്ഥകളുമില്ലാതെ ജീവനെ സ്വീകരിക്കാനും,
അതിന്റെ ദുർബലതയെ ആർദ്രതയോടെ താങ്ങിനിർത്താനും,
ജീവിതത്തിന്റെ ഓരോ ഘട്ടത്തെയും ആദരവോടെ അനുഗമിക്കാനും,
ശബ്ദമില്ലാത്തവരെ സധൈര്യം സംരക്ഷിക്കാനും ഞങ്ങളെ പഠിപ്പിക്കണമേ." #ഒരുമിച്ച് പ്രാർത്ഥിക്കാം
IT: Signore della vita, oggi ti chiediamo la grazia di riconoscere e custodire il valore unico e irripetibile di ogni essere umano. Insegnaci ad accogliere la vita senza condizioni, a sostenere con tenerezza la fragilità, ad accompagnare ogni fase con rispetto e a difendere con coraggio chi non ha voce. #PreghiamoInsieme
EN: Lord of life, today we ask for the grace to recognize and protect the unique and unrepeatable value of every human being. May we learn to welcome life unconditionally, to tenderly care for fragility, to accompany each stage with respect, and to bravely defend those who have no voice. Let’s #PrayTogether
ദൈവത്തിന്റെ മുഖം പ്രതിഫലിപ്പിക്കുന്ന വിശുദ്ധ ദാനമായ മനുഷ്യരുടെ ജീവനെ ബഹുമാനിക്കാൻ വേണ്ട കൃപയ്ക്കായി പ്രാർത്ഥിക്കുക എന്ന ആഹ്വാനമാണ് ജൂലൈ മാസത്തിലെ പ്രാർത്ഥനാനിയോഗമായി "പരിശുദ്ധ പിതാവിന്റെ പേരിലുള്ള പ്രാർത്ഥനാശൃംഖല" മുന്നോട്ടുവച്ചിരുന്നത്.
5 കോടിയിലേറെ വരുന്ന എക്‌സ് അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണയായി, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, പോളിഷ്, അറബി, ലത്തീന്‍, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
