മരിയൻ ആദ്ധ്യാത്മികതയുടെ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഫാത്തിമാ മാതാവിന്റെ തിരുസ്വരൂപം റോമിൽ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഒക്ടോബർ 11, 12 തീയതികളിലായി വത്തിക്കാനിലും റോമിലും നടക്കുന്ന മരിയൻ ആദ്ധ്യാത്മികതയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫാത്തിമയിലുള്ള മാതാവിന്റെ തിരുസ്വരൂപം റോമിലെത്തിച്ചു. വിവിധ തീർത്ഥാടനകേന്ദ്രങ്ങളുടെ പ്രതിനിധികൾ, അദ്ധ്യാത്മികസമൂഹങ്ങൾ തുടങ്ങി നൂറോളം രാജ്യങ്ങളിൽ നിന്നുള്ള മുപ്പതിനായിരത്തിലധികം തീർത്ഥാടകരാണ് ചടങ്ങുകളിൽ പങ്കെടുക്കുകയെന്ന് സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററിയിലെ, ലോകത്തിലെ സുവിശേഷവത്കരണവുമായി ബന്ധപ്പെട്ട അടിസ്ഥാനകാര്യങ്ങൾക്കായുള്ള വിഭാഗം ഒക്ടോബർ 10-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.
സാധാരണയായി ഫാത്തിമയിലെ പരിശുദ്ധ അമ്മയുടെ യഥാർത്ഥ തിരുസ്വരൂപം പുറത്തേക്ക് കൊണ്ടുപോകാറില്ലെങ്കിലും, മരിയൻ ആദ്ധ്യാത്മികതയുടെ ജൂബിലി അവസരത്തിന്റെ പ്രത്യേക പ്രാധാന്യം കണക്കിലെടുത്താണ് അത് ഈ ദിവസങ്ങളിൽ റോമിലെത്തിച്ചിരിക്കുന്നത്.
ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, ഒക്ടോബർ 11 ശനിയാഴ്ച രാവിലെ 9 മണിക്ക് റോമിൽ ത്രസ്പൊന്തീനയിലെ പരിശുദ്ധ അമ്മയുടെ നാമത്തിലുള്ള ദേവാലയത്തിൽ ഫാത്തിമ തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ. കാർലോസ് കബെസിനാസ് (Carlos Cabecinhas) വിശുദ്ധ ബലിയർപ്പിച്ചു. ദേവാലയത്തിൽ സൂക്ഷിച്ച തിരുസ്വരൂപം രാവിലെ 8.30 മുതൽ വിശ്വാസികൾക്ക് വണങ്ങാനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു.
വൈകുന്നേരം അഞ്ചുമണിയോടെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിലേക്ക് തിരുസ്വരൂപം എത്തിച്ചു. വിശുദ്ധ പത്രോസ്-പൗലോസ് എന്നിവരുടെ പേരിലുള്ള അസോസിയേഷൻ അംഗങ്ങളാണ് രൂപം വഹിച്ചത്. ചത്വരത്തിന് പുറത്തുനിന്ന് വത്തിക്കാനിലെ പൊന്തിഫിക്കൽ ഗാർഡ്, ജെന്താർമെറിയ എന്നിവരുടെ അകമ്പടിയോടെ ബസലിക്കയ്ക്ക് മുന്നിലെത്തിക്കുന്നതിനിടെ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായ്ക്ക് വെടിയേറ്റ ഇടത്തും തിരുസ്വരൂപം എത്തിച്ചിരുന്നു. റോം രൂപതയുടെ ഔദ്യോഗിക ഗായകസംഘം ഗാനങ്ങൾ ആലപിച്ചു.
വൈകുന്നേരം ആറുമണിക്ക് ചത്വരത്തിൽ ജപമാല പ്രാർത്ഥന നടന്നു. സമാധാനത്തിനായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടിക്കൊണ്ട് ഇത്തരമൊരു പ്രാർത്ഥന നടത്താൻ ലിയോ പതിനാലാമൻ പാപ്പാ ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. പ്രാർത്ഥനയ്ക്ക് മുൻപായി പരിശുദ്ധ പിതാവ് ഫാത്തിമ മാതാവിന് മുന്നിൽ സ്വർണൻ റോസാപുഷ്പം സമർപ്പിച്ചു.
ഓരോ ജപമാലരഹസ്യത്തോടനുബന്ധിച്ച്, 1962 ഒക്ടോബർ 11-ന് ആരംഭിച്ച രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ വാർഷികത്തെ അനുസ്മരിപ്പിക്കുന്നതിന്റെ കൂടി ഭാഗമായി, കൗൺസിൽ രേഖയായ ലുമെൻ ജെൻസ്യൂമിൽ (Lumen Gentium), ക്രിസ്തു, സഭാ രഹസ്യങ്ങളിൽ പരിശുദ്ധ അമ്മയുടെ പങ്കിനെക്കുറിച്ച് പറയുന്ന ഭാഗത്തുനിന്നുള്ള വായനയുണ്ടായിരുന്നു. തുടർന്ന്, സമാധാനത്തിനായി പ്രാർത്ഥിക്കുന്നതിന്റെ ഭാഗമായി ദിവ്യകാരുണ്യ ആരാധനയും ഒരുക്കിയിരുന്നു. ചടങ്ങുകളിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിനകത്തും പുറത്തുമായി പതിനായിരക്കണക്കിനാളുകൾ പങ്കെടുത്തു.
ഒക്ടോബർ 12 ഞായറാഴ്ച രാവിലെ 10.30-ന് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ലിയോ പതിനാലാമൻ പാപ്പായുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ ബലിയർപ്പണമുണ്ടായിരിക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: