വത്തിക്കാനിലേക്കുള്ള 13 അംബാസഡർമാർക്ക് പരിശുദ്ധ സിംഹാസനത്തിന്റെ ബഹുമതി
വത്തിക്കാന്‍ ന്യൂസ്
വിവിധ രാജ്യങ്ങളുടെ പ്രതിനിധികളായി വത്തിക്കാനിൽ സേവനമനുഷ്ഠിച്ചുവരുന്ന വിവിധ അംബാസഡർമാർക്ക് ഔദ്യോഗിക ബഹുമതികൾ സമ്മാനിച്ച് പരിശുദ്ധ സിംഹാസനം. മെയ് 12 ചൊവ്വാഴ്ചയായിരുന്നു വത്തിക്കാനിലെ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിൽ വച്ച് ഈ ഔദ്യോഗികബഹുമതികൾ അംബാസഡർമാർക്ക് നൽകപ്പെട്ടത്.
തങ്ങളുടെ രാജ്യങ്ങൾക്കുവേണ്ടി വത്തിക്കാനിൽ ദീർഘനാളുകളായി സേവനമനുഷ്ഠിച്ചുവന്നിരുന്ന പതിമൂന്ന് പേർക്കാണ് പതിവുപോലെ ബഹുമതികൾ ലഭിച്ചത്. പരിശുദ്ധ പിതാവിന്റെ തിരഞ്ഞെടുപ്പിന്റെ പ്രഥമവാർഷികത്തിന്റെ കൂടി പശ്ചാത്തലത്തിൽ നടന്ന ഈ ചടങ്ങിൽ, സ്റ്റേറ്റ് സെക്രെട്ടറിയേറ്റിലെ ആഭ്യന്തരകാര്യവിഭാഗം തലവനായി അടുത്തിടെ നിയമിക്കപ്പെട്ട, സബ്സ്റ്റിറ്റ്യൂട്ട് ആർച്ബിഷപ്പ് പൗളോ റുദെല്ലിയാണ് ഈ ഔദ്യോഗികബഹുമതിയുമായി ബന്ധപ്പെട്ട രേഖകളും ചിഹ്നങ്ങളും കൈമാറിയത്.
വത്തിക്കാനിൽ കുറഞ്ഞത് രണ്ട് വർഷമെങ്കിലും അംബാസഡറായി സേവനമനുഷ്ഠിക്കുകയോ, സഭയ്ക്കും സമൂഹത്തിനും വിശിഷ്യസേവനങ്ങൾ നൽകുകയോ ചെയ്യുന്ന പ്രമുഖ വ്യക്തികൾക്ക് നൽകുന്ന പരിശുദ്ധ സിംഹാസനത്തിന്റെ ഏറ്റവും ഉയർന്ന ബഹുമതികളിൽ ഒന്നായ നൈറ്റ് അല്ലെങ്കിൽ ഡാം ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് പയസ് IX (GCPO) എന്ന ബഹുമതിയാണ് കഴിഞ്ഞ ദിവസം പതിമൂന്ന് അംബാസഡർമാർക്കും നൽകപ്പെട്ടത്.
പതിനൊന്ന് പുരുഷ അംബാസഡർമാർക്കും രണ്ടു വനിതാ അംബാസഡർമാർക്കുമാണ് പരിശുദ്ധ സിംഹാസനം മെയ് 12-ന് ഔദ്യോഗികബഹുമതികൾ സമ്മാനിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: