റഷ്യ-ഉക്രൈൻ യുദ്ധം അവസാനിക്കട്ടെയെന്ന പ്രാർത്ഥനയോടെ നൂൺഷ്യോ കുൽബോക്കാസ്
വത്തിക്കാൻ ന്യൂസ്
റഷ്യ-ഉക്രൈൻ യുദ്ധം എത്രയും വേഗം അവസാനിക്കട്ടെയെന്ന പ്രാർത്ഥനാശംസയുമായി വത്തിക്കാൻ നയതന്ത്രപ്രതിനിധി ആർച്ച്ബിഷപ് വിസ്‌വാൾദാസ് കുൽബോക്കാസ് (Visvakdas Kulbokas). ജൂലൈ ഒന്നാം തീയതി വൈകിട്ട് ഉക്രൈനിലെ കീവ് നഗരത്തിന് നേരെ റഷ്യ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതിൽ ഇരുപതോളം പേർ കൊല്ലപ്പെട്ടതിന്റെ കൂടി പശ്ചാത്തലത്തിൽ വത്തിക്കാൻ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യ ആക്രമണങ്ങൾ അവസാനിപ്പിച്ച് സമാധാനത്തിന്റെ മാർഗ്ഗത്തിലേക്ക് തിരിയട്ടെയെന്നാണ് താൻ പ്രാർത്ഥിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു.
യുദ്ധം ആരംഭിച്ചതിനുശേഷം റഷ്യയുടെ ഭാഗത്തുനിന്ന് ഉക്രൈനുനേരെ ആയിരക്കണക്കിന് ആക്രമണങ്ങളാണ് ഉണ്ടായതെന്നും, ഓരോ ആക്രമണങ്ങളും മനുഷ്യജീവനുകളെടുക്കുകയാണെന്നും വത്തിക്കാൻ നയതന്ത്രജ്ഞൻ ഓർമ്മിപ്പിച്ചു. കെട്ടിടങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ യാദൃശ്ചികമായോ മിസ്സൈലുകൾ തകർക്കുന്നതിന് പാർശ്വഫലമായോ ഉണ്ടായതാകാൻ വഴിയില്ലെന്നും കൃത്യമായ ലക്ഷ്യത്തോടെയാകാനുള്ള സാധ്യതയാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം അർദ്ധരാത്രി മുതൽ പുലർച്ച വരെ നീണ്ട ആക്രമണങ്ങളിൽ നിരവധി പാർപ്പിടങ്ങൾ തകർന്നതായും അവശിഷ്ടങ്ങൾക്കിടയിൽ അതിജീവിതർക്കായി തിരച്ചിൽ തുടരുകയാണെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. യുദ്ധം ആരംഭിച്ചതിന് ശേഷം ഈ പ്രദേശത്തുണ്ടായ ആക്രമണങ്ങളിൽ ഏറ്റവും രൂക്ഷമായ ഒന്നാണ് കഴിഞ്ഞ രാത്രിയുണ്ടായതെന്ന് കീവ്-ഷിറ്റോമിർ ലത്തീൻ രൂപതയുടെ സഹായമെത്രാൻ ബിഷപ് ഒലെക്സാണ്ടർ യാസ്‌ലോവെത്സ്കി (Oleksandr Yazlovetskyi) പറഞ്ഞിരുന്നു.
വലിയൊരു ആക്രമണത്തിന് സാധ്യതയുണ്ടെന്ന് പ്രസിഡന്റിന്റെ മുന്നറിയിപ്പ് കിട്ടിയതിനെത്തുടർന്ന് നഗരത്തിൽ ആളുകൾ മെട്രോ സ്റ്റേഷനുകളിൽ അഭയം തേടിയിരുന്നുവെന്നും എന്നാൽ ആക്രമണങ്ങൾ ആരംഭിച്ചതോടെ ജനം അവിടെനിന്നും പലായനം ചെയ്യാൻ നിർബന്ധിതരായെന്നും ബിഷപ് യാസ്‌ലോവെത്സ്കി അറിയിച്ചു. യുദ്ധം അവസാനിക്കാനും ഉക്രൈനിലെ ജനങ്ങൾ അവഗണിക്കപ്പെടാതിരിക്കാനും വേണ്ടി ലോകം പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ച അദ്ദേഹം വരാനിരിക്കുന്ന ശൈത്യകാലത്തെക്കുറിച്ച് ജനങ്ങൾ ആശങ്കാകുലരാണെന്ന് പ്രസ്താവിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.