തിരയുക

ലിയോ പതിനാലാമൻ പാപ്പാ എക്യൂമെനിക്കൽ പാത്രിയാർക്കേറ്റിന്റെ പ്രതിനിധി സംഘത്തിന് കൂടിക്കാഴ്ച അനുവദിച്ചപ്പോൾ ലിയോ പതിനാലാമൻ പാപ്പാ എക്യൂമെനിക്കൽ പാത്രിയാർക്കേറ്റിന്റെ പ്രതിനിധി സംഘത്തിന് കൂടിക്കാഴ്ച അനുവദിച്ചപ്പോൾ  (@Vatican Media)

ക്രൈസ്തവ ഐക്യത്തിന്റെ ഭാഗമായി എക്യൂമെനിക്കൽ പാത്രിയാർക്കേറ്റിന്റെ പ്രതിനിധി സംഘം വത്തിക്കാനിലെത്തി

കത്തോലിക്കാസഭയും എക്യൂമെനിക്കൽ പാത്രിയാർക്കേറ്റുമായുള്ള സഹകരണത്തിന്റെയും ഐക്യത്തിന്റെയും ഭാഗമായി, പാത്രിയാർക്കേറ്റിന്റെ ഒരു മൂന്നംഗ പ്രതിനിധിസംഘം വത്തിക്കാനിൽ ജൂൺ 27 മുതൽ ജൂലൈ 1 വരെ നീണ്ട സന്ദർശനം നടത്തിയതായി ക്രൈസ്തവ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള വത്തിക്കാൻ ഡികാസ്റ്ററി അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

തങ്ങളുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥരുടെ തിരുനാളുകളോടനുബന്ധിച്ച് കത്തോലിക്കാസഭയും എക്യൂമെനിക്കൽ പാത്രിയാർക്കേറ്റും നടത്തിവരുന്ന പതിവ് സന്ദർശനങ്ങളുടെ ഭാഗമായി, ജൂൺ 27 മുതൽ ജൂലൈ 1 വരെ പാത്രിയാർക്കേറ്റിന്റെ ഒരു മൂന്നംഗ പ്രതിനിധിസംഘം വത്തിക്കാനിൽ സന്ദർശനം നടത്തിയതായും വിവിധ കൂടിക്കാഴ്ചകൾ നടത്തിയതായും ജൂലൈ ഒന്നാം തീയതി പുറത്തുവിട്ട ഒരു കുറിപ്പിലൂടെ ക്രൈസ്തവ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള വത്തിക്കാൻ ഡികാസ്റ്ററി അറിയിച്ചു.

ജൂൺ 29-ന് ആഘോഷിക്കപ്പെടുന്ന വിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിനോടനുബന്ധിച്ച് റോമിലേക്കും, നവംബർ 30-ന് ആഘോഷിക്കപ്പെടുന്ന വിശുദ്ധ അന്ത്രെയോസിന്റെ തിരുനാളിനോടനുബന്ധിച്ച് ഇസ്താൻബൂളിലേക്കുമാണ് ഇരു സഭാപ്രതിനിധികളും സന്ദർശനം നടത്തുന്നതെന്ന് ഡികാസ്റ്ററി വിശദീകരിച്ചു.

എക്യൂമെനിക്കൽ പാത്രിയാർക്കേറ്റിന്റെ പ്രതിനിധികളായി ഇത്തവണയെത്തിയത്, പാത്രിയാർക്കേറ്റിലെ, കാത്തോലിക്കാസഭയുമായുള്ള ബന്ധത്തിനായുള്ള സിനഡൽ കമ്മീഷൻ പ്രസിഡന്റ് മെത്രാപ്പോലീത്ത ആർച്ച്ബിഷപ് എമ്മാനുവേൽ അദമാക്കീസ്, ഫാ. എത്തിയോസ്‌, പാത്രിയാർക്കൽ ഡീക്കൻ അന്തോലിയോസ് എന്നിവരാണ്.

ജൂൺ 29-ന് ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ അർപ്പിച്ച വിശുദ്ധ ബലിയിൽ സന്നിഹിതരായിരുന്ന ഈ സംഘത്തിന് ജൂൺ 30 ചൊവ്വാഴ്ച പാപ്പാ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ചിരുന്നു. തുടർന്ന് ക്രൈസ്തവ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള വത്തിക്കാൻ ഡികാസ്റ്ററിയുമായും സംഘം സംഭാഷണം നടത്തി.

ആധുനികലോകം നേരിടുന്ന വെല്ലുവിളികൾക്ക് മുന്നിൽ സമാധാനത്തിന്റെ അടയാളങ്ങളാകുവാൻ ക്രൈസ്തവർക്കുള്ള വിളിയും, ഇരുസഭകളും ഐക്യത്തിലും സഹകരണത്തിലും മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യവും പ്രതിനിധിസംഘത്തിന് കൂടിക്കാഴ്ച അനുവദിച്ച വേളയിൽ പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചിരുന്നു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

01 ജൂലൈ 2026, 13:55