ദിത്വ കൊടുങ്കാറ്റ് മൂന്ന് ലക്ഷത്തോളം കുട്ടികളുൾപ്പെടെ പതിനാല് ലക്ഷം ശ്രീലങ്കൻ ജനതയെ ബാധിച്ചു: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
നവംബർ 28-ന് കിഴക്കൻ ശ്രീലങ്കയിൽ വീശിത്തുടങ്ങിയ ദിത്വ കൊടുങ്കാറ്റ്, രാജ്യമെങ്ങുമുള്ള കുട്ടികളുടെ ജീവിതത്തെ ദുരിതസ്ഥിതിയിലാക്കിയെന്നും, രണ്ടേമുക്കാൽ ലക്ഷം കുട്ടികളുൾപ്പെടെ പതിനാല് ലക്ഷം ആളുകളെ ഇത് ഗുരുതരമായി ബാധിച്ചുവെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ദിത്വ കൊടുങ്കാറ്റിന്റെ ദുരിതഫലങ്ങൾ വിവരിച്ചുകൊണ്ട്, ഡിസംബർ 2-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലാണ് സംഘടന, ഈ കൊടുങ്കാറ്റിന്റെ അന്തരഫലമായി രാജ്യത്തെ മാനവിക പ്രതിസന്ധികൾ കൂടുതൽ വഷളായെന്ന് വിശദീകരിച്ചത്.
കിഴക്കൻ ശ്രീലങ്കയുടെ വിവിധയിടങ്ങളിൽ കനത്ത വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും ദിത്വ കൊടുങ്കാറ്റ് കാരണമായെന്നും, പലയിടങ്ങളിലും സഞ്ചാരമാർഗ്ഗവും ആശയവിനിമയവും തടസ്സപ്പെട്ടിരിക്കുകയാണെന്നും, എല്ലായിടങ്ങളിലെയും കൃത്യമായ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ലെന്നും യൂണിസെഫ് അറിയിച്ചു.
ദിത്വ കൊടുങ്കാറ്റ് കുട്ടികളുടേതുൾപ്പെടെ ശ്രീലങ്കൻ ജനതയുടെ ജീവിതത്തിലുണ്ടാക്കിയ നാശനഷ്ടങ്ങളിൽ ആശങ്കയും ദുഖവും രേഖപ്പെടുത്തിയ ശ്രീലങ്കയിലേക്കുള്ള യൂണിസെഫ് പ്രതിനിധി എമ്മ ബ്രീഗം (Emma Brigham), ഇതിന്റെ ഇരകളായവർക്ക് സഹായങ്ങളെത്തിക്കുന്നത് തങ്ങൾ തുടരുകയാണെന്ന് വിശദീകരിച്ചു.
2022-ലെ സാമ്പത്തിക പ്രശ്നങ്ങളുടെ പിടുത്തത്തിൽനിന്ന് ഇനിയും സ്വാതന്ത്രരായിട്ടില്ലാത്ത ശ്രീലങ്കൻ ജനതയുടെ ദുരിതങ്ങൾ ഏറെ വർദ്ധിപ്പിക്കാൻ ദിത്വ കൊടുങ്കാറ്റ് കാരണമായെന്ന് ശിശുക്ഷേമനിധി പ്രസ്താവിച്ചു.
തങ്ങൾ ശ്രീലങ്കയിൽ ദുരിതമനുഭവിക്കുന്ന ആളുകൾക്ക് ശുദ്ധജലവും, ആവശ്യഭക്ഷണസാധനങ്ങളും, മനസികസഹായവും കുട്ടികൾക്കും അമ്മമാർക്കും വേണ്ടിയുള്ള കിറ്റുകളും ലഭ്യമാക്കികൊണ്ടിരിക്കുകയാണെന്നും യൂണിസെഫ് അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: