തിരയുക

ബാലേന്ദ്ര ഷാ ബാലേന്ദ്ര ഷാ  (AFP or licensors)

തിരഞ്ഞെടുപ്പിന് ശേഷം നേപ്പാൾ ശാന്തം: ഫാ. സിലാസ് ബൊഗാത്തി

മാർച്ച് അഞ്ചിന് നടന്ന പാർലമെന്ററി തിരഞ്ഞെടുപ്പിന് ശേഷം നേപ്പാളിലെ സ്ഥിതിഗതികൾ ശാന്തമായാണ് തുടരുന്നതെന്ന്, നേപ്പാൾ വികാരിയാത്തിന്റെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർ ഫാ. സിലാസ് ബൊഗാത്തി. തിരഞ്ഞെടുപ്പിൽ ബാലേന്ദ്ര ഷാ നയിക്കുന്ന "രാഷ്ട്രീയ സ്വതന്ത്ര പാർട്ടി" എഴുപത്തിയഞ്ചിൽ അൻപത്തിരണ്ട് മണ്ഡലങ്ങളും സ്വന്തമാക്കിയിരുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിന് ശേഷം നേപ്പാളിലെ സാമൂഹികസ്ഥിതി തികച്ചും ശാന്തമാണെന്ന് നേപ്പാൾ വികാരിയാത്തിന്റെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർ ഫാ. സിലാസ് ബൊഗാത്തി. മാർച്ച് അഞ്ചിന് നടന്ന തിരഞ്ഞെടുപ്പിൽ ബാലേന്ദ്ര ഷാ നയിക്കുന്ന "രാഷ്ട്രീയ സ്വതന്ത്ര പാർട്ടി"-യിലാണ് ജനങ്ങൾ തങ്ങളുടെ വിശ്വാസം അർപ്പിച്ചതെന്നും, പുതിയൊരു യുഗത്തിന്റെ തുടക്കമാണ് അവർ പ്രതീക്ഷിക്കുന്നതെന്നും ഫീദെസ് ഏജൻസി ഫാ. ബൊഗാത്തിയെ പരാമർശിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് നിലവിലെ സ്ഥിതിയിൽ എഴുപത്തിയഞ്ചിൽ അൻപത്തിരണ്ട് മണ്ഡലങ്ങളിലും രാഷ്ട്രീയ സ്വതന്ത്ര പാർട്ടി വിജയം നേടിയിട്ടുണ്ട്. ആകെയുള്ള 275 സീറ്റുകളിൽ 165 സീറ്റുകളും ഭൂരിപക്ഷ സമ്പ്രദായമുള്ള ഏകാംഗ മണ്ഡലങ്ങളാണ്, ബാക്കിയുള്ള 110 സീറ്റുകൾ ആനുപാതിക പ്രതിനിധ്യത്തിലൂടെയാണ് പ്രഖ്യാപിക്കപ്പെടുന്നത്.

മുപ്പത്തിയഞ്ചുകാരനായ ബാലേന്ദ്ര ഷാ, ദാരിദ്ര്യം, തൊഴിലില്ലായ്മ, അഴിമതി തുടങ്ങിയവയ്‌ക്കെതിരെയുള്ള അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ മുന്നോട്ടുവച്ചിരുന്ന പ്രതിഷേധങ്ങളുടെ പേരിലും ശ്രദ്ധ നേടിയിരുന്നു. 2022-ൽ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ അദ്ദേഹം കാഠ്മണ്ഡുവിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

2025 സെപ്റ്റംബറിൽ നേപ്പാളിൽ നടന്ന ജെൻസി പ്രതിഷേധങ്ങളെത്തുടർന്ന് മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഓലിക്കെതിരെ മത്സരത്തിനിറങ്ങുകയായിരുന്നു ഷാ. ഈ മത്സരത്തിൽ വൻ വിജയമാണ് രാഷ്ട്രീയ സ്വതന്ത്ര പാർട്ടി വിജയം നേടിയത്.

നിലവിലെ തിരഞ്ഞെടുപ്പിൽ പരമ്പരാഗത രാഷ്ട്രീയപാർട്ടികളെ തള്ളിക്കളഞ്ഞ് രാഷ്ട്രീയ സ്വതന്ത്ര പാർട്ടി പോലെയുള്ള പുതിയ പാർട്ടികൾക്കാണ് ജനം പിന്തുണ നൽകിയതെന്ന് ഫാ. ബൊഗാത്തി പ്രസ്താവിച്ചു. വലിയ പ്രതീക്ഷയാണ് ജനങ്ങൾ ബാലേന്ദ്ര ഷായിൽ അർപ്പിച്ചിരിക്കുന്നതെന്നും, രാജ്യത്തിന് വികസനവും അഭിവൃദ്ധിയും അദ്ദേഹത്തിന് കീഴിൽ നേടാനാകുമെന്നാണ് അവരുടെ പ്രതീക്ഷയെന്നും അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർ അഭിപ്രായപ്പെട്ടു.

മാർച്ച് 12-ന് പ്രസിദ്ധീകരിക്കപ്പെട്ട വാർത്തകൾ പ്രകാരം രാഷ്ട്രീയ സ്വതന്ത്ര പാർട്ടി രാജ്യത്തെ ആകെയുള്ള 275-ൽ 182 സീറ്റുകളും നേടിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ രാജ്യത്ത് ഒരു പാർട്ടി നേടുന്ന ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 മാർച്ച് 2026, 12:27