അഫ്ഗാനിസ്ഥാൻ: 26 ലക്ഷത്തിലധികം പെൺകുട്ടികൾക്ക് സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടുവെന്ന് യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
2021 സെപ്റ്റംബർ മുതൽ പെൺകുട്ടികൾക്ക് സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം നിരോധിക്കപ്പെട്ട അഫ്ഗാനിസ്ഥാനിൽ, കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി 26 ലക്ഷത്തിലധികം പെൺകുട്ടികൾക്കാണ് വിദ്യാഭ്യാസസാദ്ധ്യതകൾ നഷ്ടമായതെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. പെൺകുട്ടികൾക്ക് ആറാം ക്ലാസിന് ശേഷമുള്ള വിദ്യാഭ്യാസം വിലക്കപ്പെട്ടിരിക്കുന്ന ലോകത്തിലെ ഏക രാജ്യമാണ് അഫ്ഗാനിസ്ഥാനെന്ന് ഓഗസ്റ്റ് 14 വെള്ളിയാഴ്ച ശിശുക്ഷേമനിധി പുറത്തുവിട്ട പ്രസ്താവന വ്യക്തമാക്കി.
പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിദ്യാഭ്യാസം നിഷേധിക്കുന്നത്, ബാലവേല, നേരത്തെയുള്ള വിവാഹം, അതിക്രമങ്ങൾ, ലിംഗാധിഷ്ഠിത പീഡനം തുടങ്ങിയ അപകടസാധ്യതകൾ വർദ്ധിപ്പിക്കുമെന്ന് യൂണിസെഫ് ഓർമ്മിപ്പിച്ചു. 2021-ൽ അധികാരമേറിയ സർക്കാർ, ആ വർഷം സെപ്റ്റംബർ മുതൽ ആറാം ക്ലാസിന് ശേഷമുള്ള ഔപചാരിക വിദ്യാഭ്യാസത്തിൽ നിന്ന് പെൺകുട്ടികളെ വിലക്കുകയും, 2022 ഡിസംബർ മുതൽ സ്ത്രീകൾക്ക് സർവകലാശാലകളിൽ പ്രവേശനം നിഷേധിക്കുകയുമായിരുന്നു.
അധ്യാപികമാരുടെയും ആരോഗ്യപ്രവർത്തകമാരുടെയും കുറവ്
2022-ൽ 73.000 ആയിരുന്ന സ്ത്രീ അദ്ധ്യാപകരുടെ എണ്ണത്തിൽ 9 ശതമാനം കുറവുണ്ടായെന്നും 2024-ൽ അവരുടെ എണ്ണം 66.000 ആയെന്നും അറിയിച്ച യൂണിസെഫ്, പൊതുഭരണമേഖലയിലെ സ്ത്രീ പ്രാതിനിധ്യം 21 ശതമാനത്തിൽനിന്ന് 17.7 ആയി 2023 മുതൽ 2025 വരെയുള്ള കാലയളവിൽ കുറഞ്ഞുവെന്ന് വ്യക്തമാക്കി. 2030-ഓടെ 20.000 സ്ത്രീ അദ്ധ്യാപകരുടെയും 5.400 ആരോഗ്യപ്രവർത്തകരായ സ്ത്രീകളുടെയും ജോലി ഇല്ലാതാകാനുള്ള സാധ്യതയാണുള്ളതെന്ന് സംഘടന ഓർമ്മിപ്പിച്ചു.
സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും തൊഴിൽ പങ്കാളിത്തത്തിനും എതിരായ ഇപ്പോഴത്തെ നിയന്ത്രണങ്ങൾ രാജ്യത്തിന് പ്രതിവർഷം 8.4 കോടി യുഎസ് ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായും പഠനങ്ങളെ അധികരിച്ച് ശിശുക്ഷേമനിധി അറിയിച്ചു.
സ്ത്രീകൾക്കെതിരായ നിയന്ത്രണങ്ങൾ പിൻവലിക്കണം
പെൺകുട്ടികൾക്കും സ്ത്രീകൾക്കും സ്കൂളുകളിലും സർവകലാശാലകളിലും തിരിച്ചെത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ ആവശ്യപ്പെട്ടു. വിദ്യാഭ്യാസമേഖലയിൽ തങ്ങൾ നൽകുന്ന പിന്തുണയെക്കുറിച്ച് പരാമർശിച്ച സംഘടന, 2025-ൽ മാത്രം 37 ലക്ഷത്തിലധികം കുട്ടികൾക്ക് അടിയന്തര വിദ്യാഭ്യാസ സഹായം നൽകാനായതായി അവകാശപ്പെട്ടു.
ഒരു രാജ്യത്തിനും, അതിലെ പകുതിയോളം വരുന്ന യുവജനങ്ങളുടെ വിദ്യാഭ്യാസ സാദ്ധ്യതകൾ തടസ്സപ്പെടുത്തിക്കൊണ്ട് അഭിവൃദ്ധിപ്പെടാനാകില്ലെന്ന് സംഘടന ഓർമ്മിപ്പിച്ചു. 2021 ആഗസ്റ്റ് 15-നായിരുന്നു താലിബാൻ രാജ്യത്തിന്റെ അധികാരം ഏറ്റെടുത്തത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.