മാനവികസഹായത്തിനായുള്ള ഫണ്ടിലെ കുറവ്: സോമാലിയയിലെ കുട്ടികൾ പ്രതിസന്ധിയിലെന്ന് യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സോമാലിയയിലെ കുട്ടികൾ പോഷകാഹാര-ആരോഗ്യമേഖലകളിൽ പ്രതിസന്ധിയിലേക്കെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. മുൻപില്ലാത്തവിധം മാനവികസഹായമേഖലയിൽ സാമ്പത്തികസഹായം വെട്ടിക്കുറച്ചതോടെ, രാജ്യത്ത് ഇതിനോടകം കുട്ടികൾക്കായുള്ള 205 ആരോഗ്യ-ഭക്ഷ്യസുരക്ഷാ കേന്ദ്രങ്ങൾ അടച്ചുവെന്ന്, ഓഗസ്റ്റ് 21 വെള്ളിയാഴ്ച പുറത്തുവിട്ട ഒരു പ്രസ്താവനയിലൂടെ യൂണിസെഫ് അറിയിച്ചു. ഇതുമൂലം ഈ വർഷം സൊമാലിയയിൽ ഏകദേശം 19 ലക്ഷം കുട്ടികളാണ് പോഷകാഹാരക്കുറവിന്റെ ഭീഷണി നേരിടുകയെന്ന് സംഘടന വിശദീകരിച്ചു.
ഗുരുതരമായ പോഷകാഹാരക്കുറവ് മൂലമുള്ള പ്രശ്നങ്ങൾ കാരണം, കുട്ടികൾക്കായുള്ള സഹായവിതരണ-ആരോഗ്യകേന്ദ്രങ്ങളിൽ എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ മുപ്പത്തിരണ്ട് ശതമാനം വർദ്ധനവുണ്ടായിട്ടുണ്ടെന്ന് അറിയിച്ച യൂണിസെഫ് എന്നാൽ നിലവിലെ സ്ഥിതി തുടർന്നാൽ 618 ആരോഗ്യകേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ സാധ്യതയുണ്ടെന്ന് എഴുതി.
അഞ്ചുലക്ഷത്തോളം കുട്ടികൾ അതിതീവ്ര പോഷകാഹാരക്കുറവ് നേരിട്ടേക്കാമെന്ന് അറിയിച്ച ശിശുക്ഷേമനിധി, അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുൾപ്പെടെ ഏകദേശം പത്ത് ലക്ഷത്തോളം പേർക്ക് പോഷകാഹാരസേവനങ്ങൾ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി.
വിദ്യാഭ്യാസമേഖലയെയും നിലവിലെ ഫണ്ടിങ്ങിലുള്ള കുറവ് പ്രതികൂലമായ നിലയിൽ ബാധിച്ചുവെന്ന് അറിയിച്ച ശിശുക്ഷേമനിധി, ഇതിനോടകം രാജ്യത്ത് എൺപത്തിനായിരത്തോളം വിദ്യാർത്ഥികൾ പഠനം ഉപേക്ഷിച്ചുവെന്നും, ഏതാണ്ട് ഏഴ് ലക്ഷത്തോളം കുട്ടികൾ കൂടി സ്‌കൂൾ വിദ്യാഭ്യാസം ഒഴിവാക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും എഴുതി.
കുടിവെള്ളമുൾപ്പെടെ ജലലഭ്യതാമേഖലയിലും രാജ്യം പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് അറിയിച്ച യൂണിസെഫ്, ഏതാണ്ട് 10 ലക്ഷത്തോളം ആളുകൾക്ക് കുടിവെള്ളം ആവശ്യമുണ്ടെന്ന് അറിയിച്ചു. ഗ്രാമീണ മേഖലകളിൽ 200 ലിറ്റർ വെള്ളത്തിന്റെ വില 2 ഡോളറിൽ നിന്ന് 8 ഡോളറായി ഉയർന്നതായും ശിശുക്ഷേമനിധി അറിയിച്ചു.
ദീർഘനാളുകളായി തുടരുന്ന സായുധ സംഘർഷങ്ങളും, കുടിയൊഴിപ്പിക്കലും, കാലാവസ്ഥാ പ്രതിസന്ധികളും രൂക്ഷമായി വരുന്ന ഇക്കാലത്ത്, മാനവികസേവന പ്രവർത്തനങ്ങൾക്കായുള്ള സഹായധനം വെട്ടിച്ചുരുക്കുന്നത് നിലവിലെ പ്രതിസന്ധികൾ കൂടുതൽ വഷളാക്കാൻ കാരണമാകുമെന്ന് യൂണിസെഫ് മുന്നറിയിപ്പ് നൽകി. കുട്ടികളുടെ സംരക്ഷണത്തിന് പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംഘടനയുടെ വക്താവ് ജെയിംസ് എൽഡർ (James Elder) പ്രസ്താവനയിലൂടെ ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.