തിരയുക

പാപ്പാ: നീതിമാനായ യൗസേപ്പ് തിരഞ്ഞെടുത്ത കാരുണ്യ പാത!

ഫ്രാൻസീസ് പാപ്പായുടെ മദ്ധ്യാഹ്ന പ്രാർത്ഥനാ പ്രഭാഷണം: പ്രതിസന്ധികളുടെ വേളകളിൽ വിശുദ്ധ യൗസേപ്പ് നമ്മോടു പറയുന്നത് എന്ത്?

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഞായറാഴ്ചകളിലെ പതിവനുസരിച്ച്, ഫ്രാൻസീസ് പാപ്പാ ഈ ഞായറാഴ്ചയും (18/12/22) വത്തിക്കാനിൽ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. ഈ ത്രികാല പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ  സന്നിഹിതരായിരുന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 4,30-ന് പ്രാർത്ഥന ചൊല്ലുന്നതിനായി പാപ്പാ, ആ സമയത്തിന് അല്പം മുമ്പ് അരമനയുടെ മുകളിലത്തെ നിലയിലുള്ള പതിവു ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ ബസിലിക്കാങ്കണത്തിൽ സന്നിഹിതരായിരുന്ന ജനസഞ്ചയത്തിൻറെ ആനന്ദരവങ്ങളുയർന്നു. ലത്തീൻ റീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായറാഴ്ച (18/12/22) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മത്തായിയുടെ സുവിശേഷം ഒന്നാം അദ്ധ്യായം 18-24 വരെയുള്ള വാക്യങ്ങൾ, അതായത്, യേശുവിൻറെ ജനനത്തെക്കുറിച്ചു സൂചിപ്പിക്കുന്നതും തനിക്ക് വിവാഹമുറപ്പിച്ചവൾ ഗർഭിണിയാണെന്നറിഞ്ഞതിനാൽ അവളെ രഹസ്യത്തിൽ ഉപേക്ഷിക്കാൻ തീരുമാനിക്കുന്ന യൗസേപ്പ്, ദൈവദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തിൽ അവളെ തൻറെ ഭാര്യയായി സ്വീകരിക്കുന്നതുമായ സംഭവം വവരിക്കുന്ന ഭാഗം ആയിരുന്നു, പ്രാർത്ഥനയ്ക്കു മുമ്പ്, പാപ്പാ, നടത്തിയ വിചിന്തനത്തിന് ആധാരം. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണത്തിൻറെ മലയാള പരിഭാഷ :

വിശുദ്ധ യൗസേപ്പും ഭാവി ജീവിത സ്വപ്നങ്ങളും

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഇന്ന്, ആഗമനകാലത്തിലെ നാലാമത്തെയും അവസാനത്തെയുമായ ഞായറാഴ്ച, ആരാധനക്രമം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത് വിശുദ്ധ യൗസേപ്പിതാവിനെയാണ് (മത്തായി 1:18-24). വിവാഹം കഴിക്കാൻ പോകുന്ന നീതിമാനായ ഒരു മനുഷ്യൻ. അവൻ ഭാവിയെക്കുറിച്ച് എന്താണ് സ്വപ്നം കാണുന്നത് എന്ന് നമുക്ക് ഊഹിക്കാൻ കഴിയും: സ്നേഹനിധിയായ ഭാര്യയും അനേകം നല്ല മക്കളുമുള്ള മനോഹരമായ ഒരു കുടുംബവും  മാന്യമായ ഒരു ജോലിയും: ലളിതവും നല്ലതുമായ സ്വപ്നങ്ങൾ, സാധാരണക്കാരായ നല്ല ആളുകളുടെ സ്വപ്നങ്ങൾ. എന്നാൽ, അസ്വസ്ഥജനകമായ ഒരു കണ്ടെത്തലിൽ തട്ടി പെട്ടെന്ന്, ഈ സ്വപ്നങ്ങൾ തകരുന്നു: അതായത്, മറിയം, അവൻറെ ഭാവി വധു, ഗർഭിണിയാണ്, എന്നാൽ ഈ കുഞ്ഞ് അവൻറേതല്ല! യൗസേപ്പിൻറെ അവസ്ഥ എന്തായിരുന്നിരിക്കും? അമ്പരപ്പ്, വേദന, പരിഭ്രാന്തി, ഒരുപക്ഷേ രോഷവും നിരാശയും പോലും...... എന്തൊരവസ്ഥ... ലോകം തകരുന്നതുപോലെ, ലോകം തൻറെ മേൽ പതിക്കുന്നതു പോലുള്ള അനുഭവം അവനുണ്ടായി! അവന് എന്ത് ചെയ്യാൻ കഴിയും?

പ്രതിസന്ധിക്കു മുന്നിൽ രണ്ടു വഴികൾ

നിയമം അവന് രണ്ട് സാദ്ധ്യതകൾ നൽകുന്നു. ആദ്യത്തേത് മറിയത്തിനെതിരെ പരാതി നല്കുകയും അവളുടെ ആരോപിത അവിശ്വസ്തതയ്‌ക്ക് വില കൊടുപ്പിക്കുകയും ചെയ്യുക എന്നതാണ്. രണ്ടാമത്തേത്, മറിയത്തെ അപകീർത്തിപ്പെടുത്താതെയും കനത്ത പ്രത്യാഘാതങ്ങൾക്ക് വിധേയയാക്കാതെയും, നാണക്കേട് സ്വയം ഏറ്റെടുത്തുകൊണ്ട് വിവാഹനിശ്ചയം രഹസ്യമായി റദ്ദാക്കുക എന്നതാണ്. യൗസേപ്പ് ഈ രണ്ടാമത്തെ മാർഗ്ഗം തിരഞ്ഞെടുക്കുന്നു, അത് കരുണയുടെ വഴിയാണ്. ഇവിടെ, പ്രതിസന്ധിയുടെ ഹൃദയഭാഗത്ത്, അവൻ ഇതിനെക്കുറിച്ച് ചിന്തിക്കുകയും അതിനെ വിലയിരുത്തുകയും ചെയ്യുമ്പോൾ, ദൈവം അവൻറെ ഹൃദയത്തിൽ ഒരു പുതിയ ദീപം കൊളുത്തുന്നു: മറിയത്തിൻറെ മാതൃത്വം വഞ്ചനയുടെ ഫലമല്ലെന്നും, പ്രത്യുത, പരിശുദ്ധാത്മാവിൻറെ പ്രവർത്തനത്തിൻറെ ഫലമാണെന്നും  ജനിക്കാൻപോകുന്ന ശിശു രക്ഷകനാണെന്നും (മത്തായി 1, 20-21)  ദൈവം ഒരു സ്വപ്നത്തിൽ അവനെ അറിയിക്കുന്നു; മറിയം മിശിഹായുടെ അമ്മയും യൗസേപ്പ് പരിപാലകനുമായിരിക്കും. മിശിഹായുടെ പിതാവാകുക എന്ന, ഭക്തനായ ഏതൊരു ഇസ്രായേൽക്കാരൻറെയും ഏറ്റവും വലിയ സ്വപ്നം, - തികച്ചും അപ്രതീക്ഷിതമായ വിധത്തിൽ, തനിക്കായി നിറവേറ്റപ്പെടുകയാണെന്ന് നിദ്രയിൽ നിന്ന് ഉണർന്ന യൗസേപ്പ് മനസ്സിലാക്കുന്നു.

ദൈവസൂനുവിൻറെയും ദൈവമാതാവിൻറെയും പരിപാലകൻ പിൻചെല്ലേണ്ടുന്ന വ്യത്യസ്ത പാത 

വാസ്തവത്തിൽ, അതിൻറെ സാക്ഷാത്ക്കാരത്തിന്, അവൻ ദാവീദിൻറെ വംശത്തിൽപ്പെട്ടവനായിരിക്കുകയും നിയമത്തിൻറെ വിശ്വസ്ത പാലകനായിരിക്കുകയും മാത്രം പോരാ, മറിച്ച്, എല്ലാറ്റിനും ഉപരിയായി  ദൈവത്തിൽ വിശ്വാസമർപ്പിക്കുകയും, പ്രതീക്ഷിച്ചിരുന്നതിലും സാധാരണ ചെയ്തുകൊണ്ടിരുന്നതിലും നിന്ന് തീർത്തും വ്യത്യസ്തമായ വിധത്തിൽ  മറിയത്തെയും അവളുടെ പുത്രനെയും സ്വാഗതം ചെയ്യുകയും വേണമായിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, തൻറെ സ്ഥിരീകൃത സുനിശ്ചിതത്വങ്ങളും തികവാർന്ന പദ്ധതികളും, ന്യായമായ പ്രതീക്ഷകളും യൗസേപ്പിന് ഉപേക്ഷിക്കുകയും ഇനിയും പൂർണ്ണമായും കണ്ടെത്തേണ്ടതായ ഭാവിയിലേക്ക് സ്വയം തുറക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. പദ്ധതികളെ തകിടംമറിക്കുകയും വിശ്വസിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്ന ദൈവത്തിൻറെ മുന്നിൽ, യൗസേപ്പ് അതെ എന്ന് ഉത്തരം നൽകുന്നു. യൗസേപ്പിൻറെ ഈ ധൈര്യം വീരോചിതമാണ്, അത് നിശബ്ദതയിൽ സാക്ഷാത്കൃതമാകുന്നു: വിശ്വാസമർപ്പിക്കുകയാണ് അവൻറെ ധൈര്യം വിശ്വസിക്കുക, അവൻ വിശ്വസിക്കുന്നു, സ്വാഗതം ചെയ്യുന്നു, അവൻ സന്നദ്ധനാണ്, കൂടുതൽ ഉറപ്പുകൾ ആവശ്യപ്പെടുന്നില്ല.

വിശുദ്ധ യൗസേപ്പ് നമ്മോടോതുന്നത് എന്ത്?

സഹോദരീസഹോദരന്മാരേ, യൗസേപ്പ് ഇന്ന് നമ്മോട് പറയുന്നത് എന്താണ്? നമുക്കും നമ്മുടെ സ്വപ്‌നങ്ങളുണ്ട്, ഒരുപക്ഷേ തിരുപ്പിറവിയുടെ വേളയിൽ നാം അവയെക്കുറിച്ച്‌ കൂടുതൽ ചിന്തിക്കുന്നു, നമ്മൾ അവയെക്കുറിച്ച്‌ ഒരുമിച്ച്‌ സംസാരിക്കുന്നു. ചില തകർന്ന സ്വപ്നങ്ങളെ ഓർത്ത് നാം ദുഃഖിക്കുകയും മെച്ചപ്പെട്ട പ്രതീക്ഷകൾ പലപ്പോഴും അപ്രതീക്ഷിതവും അസ്വസ്ഥജനകവുമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നത് കാണുകയും ചെയ്തേക്കാം. ഇത് സംഭവിക്കുമ്പോൾ, യൗസേപ്പ് നമുക്ക് വഴി കാണിക്കുന്നു: കോപം, അടച്ചുപൂട്ടൽ തുടങ്ങിയ നിഷേധാത്മക വികാരങ്ങൾക്ക് നാം വഴങ്ങരുത്, ഇത് തെറ്റായ വഴിയാണ്! പകരം, വിസ്മയങ്ങളെ, ജീവിതത്തിലെ ആകസ്മിതകളെ, പ്രതിസന്ധികളെപ്പോലും ശ്രദ്ധയോടെ സ്വാഗതം ചെയ്യേണ്ടത് ആവശ്യമാണ്: ഒരാൾ പ്രതിസന്ധിയിലായിരിക്കുമ്പോൾ, സഹജവാസനാനുസൃതം തിടുക്കത്തിൽ ഒരു തിരഞ്ഞെടുപ്പു നടത്തരുത്, യൗസേപ്പ് ചെയ്തതുപോലെ സ്വയം വിശകലനവിധേയമാകണം, "എല്ലാ കാര്യങ്ങളെക്കുറിച്ചും ചിന്തിക്കണം" (മത്തായി 1,20), ദൈവത്തിൻറെ കാരുണ്യം എന്ന മൗലിക മാനദണ്ഡത്തെ  നാം അടിസ്ഥാനമാക്കണം. അടച്ചുപൂട്ടലിനും കോപത്തിനും ഭയത്തിനും വഴങ്ങാതെ, ദൈവത്തിന് വാതിൽ തുറന്നിട്ടുകൊണ്ട് ഒരുവൻ പ്രതിസന്ധി അനുഭവിക്കുമ്പോൾ, ദൈവത്തിന് ഇടപെടാൻ കഴിയും. പ്രതിസന്ധികളെ സ്വപ്നങ്ങളാക്കി മാറ്റുന്നതിൽ അവിടന്ന് വിദഗ്ദ്ധനാണ്: അതെ, ദൈവം പ്രതിസന്ധികളെ, നമ്മൾ മുമ്പ് സങ്കൽപ്പിച്ചിട്ടില്ലാത്തതായ, പുതിയ കാഴ്ചപ്പാടുകളിലേക്ക് തുറക്കുന്നു, അത്, ഒരുപക്ഷേ നമ്മൾ പ്രതീക്ഷിക്കുന്നതുപോലെയായിരിക്കില്ല, എന്നാൽ അവിടത്തേക്ക് അറിവുള്ളതുപോലെയായിരിക്കും. ഇവയാണ്, സഹോദരീസഹോദരന്മാരേ, ദൈവത്തിൻറെ ചക്രവാളങ്ങൾ: അതിശയകരങ്ങൾ, എന്നാൽ നമ്മുടേതിനെക്കാൾ അനന്തമാംവിധം വിശാലങ്ങളും മനോഹരങ്ങളുമാണ്! ദൈവത്തിൻറെ വിസ്മയങ്ങളോട് തുറവുള്ളവരായി ജീവിക്കാൻ കന്യകാ മറിയം നമ്മെ സഹായിക്കട്ടെ.

പ്രാർത്ഥനയും ആശീർവ്വാദവും

തൻറെ പ്രഭാഷണാനന്തരം പാപ്പാ ത്രികാലപ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. അതിനു ശേഷം പാപ്പാ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ സംജാതമായിരിക്കുന്ന ദുരിതാവസ്ഥകളെക്കുറിച്ചു പരാമർശിച്ചു.

 ലച്ചീൻ ഇടനാഴിയിലെ മാനവ ദുരിതാവസ്ഥ

തെക്കൻ കൗക്കസസിലെ ലച്ചീൻ ഇടനാഴിയിൽ സംജാതമായിരിക്കുന്ന മാനവിക ദുരന്ത അവസ്ഥയിൽ പാപ്പാ ആശങ്ക പ്രകടിപ്പിച്ചു. അർമേനിയയെയും അർത്ത്സാക്കിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ലാച്ചിൻ ഇടനാഴിയിൽ പരിസ്ഥിതിപ്രവർത്തകർ എന്ന അവകാശവാദം ഉന്നയിക്കുന്ന ഒരു വിഭാഗം അസെർബയ്ജാൻകാർ തടസ്സം സൃഷ്ടിച്ചിരിക്കുന്നതിനെ തുടർന്ന് അവിടെ ഉണ്ടായിരിക്കുന്ന മാനവികപ്രതിസന്ധി ശീതകാലത്ത് കൂടുതൽ വഷളാകുമെന്ന് പാപ്പാ അതിയായ ആശങ്ക രേഖപ്പെടുത്തുകയും ജനനന്മയ്ക്കായി സമാധാനപരമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിന് പരിശ്രമിക്കാൻ  ബന്ധപ്പെട്ട എല്ലാവരോടും അഭ്യർത്ഥിക്കുകയും ചെയ്തു.

പെറുവിനു വേണ്ടി 

കൂടാതെ, തെക്കെ അമേരിക്കൻ നാടായ പെറുവിനു വേണ്ടിയും പാപ്പാ പ്രാർത്ഥന ക്ഷണിച്ചു. അന്നാട്ടിൽ   അതിക്രമങ്ങൾ അവസാനിക്കുന്നതിനും സമാധാനം സംജാതമാകുന്നതിനും വേണ്ടി പ്രാർത്ഥിക്കാനും ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന രാഷ്ട്രീയവും സാമൂഹികവുമായ പ്രതിസന്ധി മറികടക്കാൻ സംഭാഷണത്തിൻറെ പാത അവലംബിക്കാനും പാപ്പാ അഭ്യർത്ഥിക്കുച്ചു.

ഉക്രൈയിനെ മറക്കരുത്

ഉക്രൈയിനു വേണ്ടിയുള്ള സമാധാനാഭ്യർത്ഥനയും പാപ്പാ നവീകരിച്ചു.  ഉക്രൈയിനിൽ യുദ്ധത്തിന് അറുതിവരുത്താൻ കഴിയുന്നവരുടെ ഹൃദയങ്ങളെ സ്പർശിക്കാൻ പരിശുദ്ധ കന്യകാമറിയത്തോട് പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. അന്നാട്ടിലെ ജനങ്ങളുടെ, പ്രത്യേകിച്ച് കുട്ടികൾ, വൃദ്ധർ, രോഗികൾ എന്നിവരുടെ കഷ്ടപ്പാടുകൾ നാം മറക്കരുതെന്ന് പാപ്പാ പറഞ്ഞു.

സമാപനാഭിവാദ്യം

ത്രികാലപ്രാർത്ഥനാപരിപാടിയുടെ അവസാനം പാപ്പാ നല്ലൊരു ഞായറും ആഗമനകാല സമാപനഘട്ടത്തിൻറെ നല്ല പ്രയാണവും എല്ലാവർക്കും ആശംസിച്ചു. തുടർന്ന്, തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിച്ച പാപ്പാ, എല്ലാവ‍ര്‍ക്കും നല്ല ഒരു ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് സുസ്മേരവദനനായി കൈകൾ വീശി ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 December 2022, 11:48

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >