തിരയുക

പാപ്പാ: കരുണയാണ് ദൈവത്തിൻറെ നീതി എന്ന് വെളിപ്പെടുത്തുന്ന യേശു!

കർത്താവിൻറെ ജ്ഞാനസ്നാനത്തിരുന്നാൾ ദിനത്തിൽ പാപ്പായുടെ ത്രികാലജപ സന്ദേശം :-പരദൂഷണം ഒരു മാരക ആയുധം: അത് കൊല്ലുന്നു, സ്നേഹത്തെ കൊല്ലുന്നു, സമൂഹത്തെ കൊല്ലുന്നു, സാഹോദര്യത്തെ കൊല്ലുന്നു. നമുക്ക് നമ്മോടുതന്നെ ചോദിക്കാം: ഞാൻ വിഭജിക്കുന്നവനോ അതോ പങ്കുവയ്ക്കുന്നവനോ?

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ, ഈ ഞായറാഴ്ചയും (08/01/23) പതിവുപോലെ,  വത്തിക്കാനിൽ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. ഈ ത്രികാല പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ  സന്നിഹിതരായിരുന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 4,30-ന് പ്രാർത്ഥന ചൊല്ലുന്നതിനായി പാപ്പാ, ആ സമയത്തിന് അല്പം മുമ്പ് അരമനയുടെ മുകളിലത്തെ നിലയിലുള്ള പതിവു ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ ബസിലിക്കാങ്കണത്തിൽ സന്നിഹിതരായിരുന്ന ജനസഞ്ചയത്തിൻറെ ആനന്ദരവങ്ങളുയർന്നു. കർത്താവിൻറെ ജ്ഞാനസ്നാനത്തിരുന്നാൾ ആചരിക്കപ്പെട്ട ഈ ഞായറാഴ്ച (08/01/23)  ലത്തീൻ റീത്തിൻറെ ആരാധനാക്രമനുസരിച്ച്, ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മത്തായിയുടെ സുവിശേഷം മൂന്നാം അദ്ധ്യായം 13-17 വരെയുള്ള വാക്യങ്ങൾ, അതായത്, ജോർദ്ദാനിൽ വച്ച് യേശു സ്നാപകയോഹന്നാനിൽ നിന്ന് മാമ്മോദീസാ സ്വീകരിക്കുന്നതും വെള്ളത്തിൽ നിന്ന് കയറിയ യേശുവിൻറെ മേൽ ദൈവാത്മാവ് പ്രാവിൻറെ രൂപത്തിൽ ഇറങ്ങി വരുന്നതും ‘ഇവൻ എൻറെ പ്രിയപുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു’ എന്ന സ്വരം സ്വർഗ്ഗത്തിൽ നിന്നുണ്ടാകുന്നതുമായ സംഭവം   വവരിക്കുന്ന ഭാഗം ആയിരുന്നു, പ്രാർത്ഥനയ്ക്കു മുമ്പ്, പാപ്പാ, നടത്തിയ വിചിന്തനത്തിന് ആധാരം. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ  പ്രഭാഷണം :

ദൈവ പുത്രൻ സ്നാനപ്പെടുന്നത് എന്തുകൊണ്ട് 

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഇന്ന് നാം കർത്താവിൻറെ മാമ്മോദീസാത്തിരുന്നാൾ ആചരിക്കുകയും നമ്മെ   വിസ്മയിപ്പിക്കുന്ന ഒരു രംഗം സുവിശേഷം അവതരിപ്പിക്കുകയും ചെയ്യുന്നു: നസ്രത്തിലെ തൻറെ രഹസ്യ ജീവിതാനന്തരം യേശു ആദ്യമായി പരസ്യമായി പ്രത്യക്ഷപ്പെടുന്നു; യോഹന്നാനിൽ നിന്ന് സ്നാനമേൽക്കാൻ അവിടന്ന് ജോർദ്ദാൻ നദിയുടെ തീരത്ത് എത്തുന്നു (മത്തായി 3:13-17). ആളുകൾ അനുതപിക്കുകയും മാനസാന്തരപ്പെടുകയും ചെയ്യുന്ന ഒരു ആചാരമായിരുന്നു അത്; "നഗ്നാത്മാവും നഗ്ന പാദങ്ങളും" ആയിട്ടാണ് - തുറവുള്ള, ഒന്നും മൂടിവയ്ക്കാത്ത നഗ്നമായ ആത്മാവുമായിട്ടാണ്, അതായത്, വിനയത്തോടെയും സുതാര്യമായ ഹൃദയത്തോടെയും ആണ്,  ആളുകൾ സ്നാനമേൽക്കാൻ പോയിരുന്നതെന്ന് ഒരു ആരാധനാ ഗീതം പറയുന്നു. എന്നാൽ, യേശു പാപികളുമായി ഇടകലരുന്നത് കാണുമ്പോൾ ഒരുവൻ ആശ്ചര്യപ്പെടുകയും ഇങ്ങനെ സ്വയം ചോദിച്ചുപോകുകയും ചെയ്യുന്നു: എന്തുകൊണ്ടാണ് യേശു ഈ തിരഞ്ഞെടുപ്പ് നടത്തിയത്? ദൈവത്തിൻറെ പരിശുദ്ധൻ, പാപവിഹീനൻ ആയ ദൈവപുത്രൻ, എന്തുകൊണ്ട് ആ തിരഞ്ഞെടുപ്പു നടത്തി? യേശു യോഹന്നാനോടു പറയുന്ന വാക്കുകളിൽ ഇതിനുള്ള ഉത്തരം നാം കണ്ടെത്തുന്നു: "ഇപ്പോൾ ഇത് സമ്മതിക്കുക, കാരണം സർവ്വനീതിയും പൂർത്തിയാക്കുക നമുക്ക് ഉചിതമാണ്" (ലൂക്കാ 3,15). സകല നീതിയും നിറവേറ്റുക: എന്താണ് ഇതിൻറെ അർത്ഥം?

തൻറെ മാമ്മോദീസായിലൂടെ ദൈവനീതി വെളിപ്പെടുത്തുന്ന യേശു 

സ്നാനമേൽക്കുന്നതിലൂടെ, യേശു, ദൈവത്തിൻറെ നീതി, അവിടന്ന് ലോകത്തിലേക്ക് കൊണ്ടുവരാൻ വന്ന നീതി, നമുക്ക് വെളിപ്പെടുത്തിത്തരുന്നു. നമുക്ക് പലപ്പോഴും നീതിയെക്കുറിച്ച് സങ്കുചിതമായ ഒരു ആശയമാണ് ഉള്ളത്, തെറ്റ് ചെയ്യുന്നവൻ അതിന് ശിക്ഷ അനുഭവിക്കുകയും ചെയ്തു പോയ തെറ്റിന് അങ്ങനെ, പരിഹാരം ചെയ്യുകയും ചെയ്യുക എന്നതാണ് അതിൻറെ അർത്ഥം എന്ന് നമ്മൾ കരുതുന്നു. എന്നാൽ തിരുവെഴുത്ത് പഠിപ്പിക്കുന്നതുപോലെ ദൈവത്തിൻറെ നീതി അതിനെക്കാൾ വളരെ വലുതാണ്: അതിൻറെ ലക്ഷ്യം കുറ്റവാളിയുടെ ശിക്ഷാവിധിയല്ല, മറിച്ച് അവൻറെ രക്ഷയും പുനർജന്മവുമാണ്, അവനെ നീതിമാനാക്കുകയാണ്: നീതിരഹിതനിൽ നിന്ന് നീതിമാനിലേക്ക്. തിന്മയാൽ ഞെരുക്കപ്പെടുകയും പാപങ്ങളുടെയും ബലഹീനതകളുടെയും ഭാരത്താൽ നാം വീഴുകയും ചെയ്യുമ്പോൾ മനസ്സലിയുന്ന പിതാവായ ദൈവത്തിൻറെ ഹൃദയം തന്നെയായ കരുണയുടെയും ആർദ്രതയുടെയും ആഴങ്ങളിൽ നിന്ന്, സ്നേഹത്തിൽ നിന്ന് വരുന്ന നീതിയാണിത്. അതിനാൽ, ദൈവത്തിൻറെ നീതി, പിഴകളും ശിക്ഷകളും നല്കാൻ ആഗ്രഹിക്കുന്നില്ല, എന്നാൽ, പൗലോസ് അപ്പോസ്തലൻ പറയുന്നതുപോലെ, നമ്മെ തിന്മയുടെ കെണികളിൽ നിന്ന് മോചിപ്പിക്കുകയും, വീണ്ടും സൗഖ്യമാക്കുകയും, വീണ്ടും എഴുന്നേല്പിക്കുകയും ചെയ്തുകൊണ്ട്,  അവിടത്തെ മക്കളായ നമ്മെ നീതിമാന്മാരാക്കി മാറ്റുന്നതിൽ അടങ്ങിയിരിക്കുന്നു (റോമാക്കാർക്കുള്ള ലേഖനം 3:22-31 കാണുക). കർത്താവ് ഒരിക്കലും നമ്മെ ശിക്ഷിക്കാൻ തയ്യാറല്ല, എന്നാൽ എഴുന്നേൽക്കാൻ നമ്മെ സഹായിക്കുന്നതിന് കൈനീട്ടിനിൽക്കുന്നു. അപ്പോൾ, നാം മനസ്സിലാക്കുന്നു, ജോർദ്ദാൻറെ തീരത്ത്, യേശു, തൻറെ, ദൗത്യത്തിൻറെ പൊരുൾ നമുക്ക് വെളിപ്പെടുത്തുന്നു എന്ന്, അതായത്: അവിടന്ന് വന്നത് പാപികളെ രക്ഷിക്കുക എന്ന ദൈവിക നീതി നിറവേറ്റാനാണ്; നമ്മെ വീണ്ടെടുക്കുന്നതിനും നാം മുങ്ങിപ്പോകാതിരിക്കുന്നതിനുമായി, ലോകത്തിൻറെ പാപം സ്വന്തം ചുമലിൽ ഏറ്റുവാങ്ങി അഗാധതയുടെ, മൃത്യുവിൻറെ ജലങ്ങളിലേക്ക് ഇറങ്ങാൻ അവിടന്നു വന്നു. രക്ഷിക്കുന്ന കരുണയാണ് ദൈവത്തിൻറെ യഥാർത്ഥ നീതിയെന്ന് അവിടന്ന് ഇന്ന് നമുക്ക് കാണിച്ചുതരുന്നു. ദൈവം കാരുണ്യമാണെന്ന് ചിന്തിക്കാൻ നാം  ഭയപ്പെടുന്നു, എന്തെന്നാൽ ദൈവം കരുണയാണ്, അവിടത്തെ നീതി രക്ഷിക്കുന്ന കരുണ തന്നെയാണ്, അത് നമ്മുടെ മനുഷ്യപ്രകൃതിയിൽ പങ്കുചേരുന്ന സ്നേഹമാണ്, നമ്മുടെ വേദനയോടുള്ള ഐക്യദാർഢ്യത്തിലായിക്കൊണ്ടും, വെളിച്ചം തിരികെ കൊണ്ടുവരുന്നതിനായി നമ്മുടെ ഇരുളിലേക്ക് പ്രവേശിച്ചുകൊണ്ടും അത് നമ്മുടെ ചാരെ ആയിരിക്കുന്നു.

എല്ലാവർക്കുമായി നീളുന്ന ദൈവകരം 

ബെനഡിക്ട് പതിനാറാമൻ പറഞ്ഞു: "മരണത്തിൻറെ ഗർത്തത്തിൻറെ അടിത്തട്ടിലേക്ക് സ്വയം ഇറങ്ങിക്കൊണ്ട് നമ്മെ രക്ഷിക്കാൻ ദൈവം തിരുമനസ്സായി, എന്തെന്നാൽ, അങ്ങനെ ഓരോ മനുഷ്യനും, ഇനി സ്വർഗ്ഗം കാണാൻ കഴിയാത്തവിധം താഴ്ന്നു പോയവർക്ക് പോലും, പിടിക്കാൻ കഴിയുന്ന ദൈവകരം കാണാനും അവൻ എന്തിനായി സൃഷ്ടിക്കപ്പെട്ടുവോ ആ വെളിച്ചം വീണ്ടും കാണുന്നതിനായി ഇരുട്ടിൽ നിന്ന് വീണ്ടും എഴുന്നേൽക്കാനും കഴിയുന്നതിനാണ്" (വചനസന്ദേശം, 13 ജനുവരി 2008).

ദൈവനീതി കരുണാസാന്ദ്രം

സഹോദരീ സഹോദരന്മാരേ, ഇങ്ങനെ കരുണാർദ്രമായ ഒരു നീതിയെക്കുറിച്ച് ചിന്തിക്കാൻ നമ്മൾ ഭയപ്പെടുന്നു. നമുക്ക് മുന്നേറാം: ദൈവം കരുണയാണ്. അവിടത്തെ നീതി കരുണയുള്ളതാണ്. അവിടന്ന് നമ്മെ കൈപിടിച്ചു നർത്തുന്നതിന് നമുക്ക് നമ്മെത്തന്നെ അനുവദിക്കാം. യേശുവിൻറെ ശിഷ്യരായ നമ്മളും മറ്റുള്ളവരുമായുള്ള ബന്ധത്തിൽ, സഭയിലും സമൂഹത്തിലും ഈ രീതിയിൽ  നീതി നടപ്പാക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു: ആളുകളെ ശിഷ്ടരും ദുഷ്ടരുമായി തരംതിരിച്ചുകൊണ്ട് ശിക്ഷവിധിക്കുന്ന ന്യായാധിപൻറെ കാർക്കശ്യത്തോടെയല്ല, പ്രത്യുത, സഹോദരീ സഹോദരന്മാരെ വീണ്ടും എഴുന്നേല്പിക്കുന്നതിനായി അവരുടെ മുറിവുകളിലും ബലഹീനതകളിലും പങ്കുചേരുന്നവരുടെ കാരുണ്യത്തോടുകൂടിയാണ് ഇതു ചെയ്യേണ്ടത്. ഞാൻ ഇങ്ങനെ പറയാൻ ആഗ്രഹിക്കുന്നു: വിഭജിച്ചുകൊണ്ടല്ല പങ്കുവച്ചുകൊണ്ട്. വിഭജിക്കരുത്, എന്നാൽ പങ്കുവയ്ക്കുക. നമുക്ക് യേശുവിനെപ്പോലെ പ്രവർത്തിക്കാം: നമുക്ക് പങ്കുവെക്കാം, വൃഥഭാഷണത്തിൽ മുഴുകുകയും നാശംവിതയ്ക്കുകയും ചെയ്യുന്നതിനു പകരം പങ്കുവയ്ക്കാം, പരസ്പരം ഭാരം വഹിക്കാം, നമുക്ക് പരസ്പരം കരുണയോടെ നോക്കാം, പരസ്പരം സഹായിക്കാം. നമുക്ക് സ്വയം ചോദിക്കാം: ഞാൻ വിഭജിക്കുന്ന ആളാണോ അതോ പങ്കിടുന്ന ആളാണോ? നമുക്ക് അൽപ്പമൊന്നു ചിന്തിക്കാം: ഞാൻ യേശുവിൻറെ സ്നേഹത്തിൻറെ ശിഷ്യനാണോ അതോ ഭിന്നിപ്പിക്കുന്ന പരദൂഷണത്തിൻറെ ശിഷ്യനാണോ? പരദൂഷണം ഒരു മാരക ആയുധമാണ്: അത് കൊല്ലുന്നു, സ്നേഹത്തെ കൊല്ലുന്നു, സമൂഹത്തെ കൊല്ലുന്നു, സാഹോദര്യത്തെ കൊല്ലുന്നു. നമുക്ക് നമ്മോടുതന്നെ ചോദിക്കാം: ഞാൻ വിഭജിക്കുന്ന ആളാണോ അതോ പങ്കുവയ്ക്കുന്ന ആളാണോ?

നമുക്ക് വീണ്ടും ജീവൻ ലഭിക്കുന്നതിനായി യേശുവിനെ നമ്മുടെ ദുർബ്ബലതയിൽ ആമഗ്നമാക്കിക്കൊണ്ട് അവിടത്തെ പ്രസവിച്ച പരിശുദ്ധ അമ്മയോട് ഇപ്പോൾ നമുക്ക് പ്രാർത്ഥിക്കാം.

ഈ വാക്കുകളെ തുടർന്ന് പാപ്പാ ത്രികാലപ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

ആശീർവ്വാദനന്തര അഭിവാദ്യങ്ങൾ

കർത്താവിൻറെ മാമ്മോദീസത്തിരുന്നാൾ ആയിരുന്ന ഈ ഞായറാഴ്‌ച രാവിലെ താൻ വത്തിക്കാനിൽ, സിസ്റ്റയിൻ കപ്പേളയിൽ വച്ച് പരിശുദ്ധസിംഹാസനത്തിലും വത്തിക്കാൻ സംസ്ഥാനത്തിലും സേവനമനുഷ്ഠിക്കുവരുടെ ഏതാനും നവജാത ശിശുക്കളെ സ്നാനപ്പെടുത്തിയത് പാപ്പാ  അനുസ്മരിക്കുകയും കർത്താവിൻറെ മാമ്മോദിസാത്തിരുന്നാൾ ദിനത്തിലും ഈ ദിനങ്ങളിലും ജ്ഞാനസ്നാനം സ്വീകരിച്ച എല്ലാ കുഞ്ഞുങ്ങൾക്കും തൻറെ ആശീർവ്വാദം നല്കുകയും ചെയ്തു.

മാമ്മോദീസാ ദിനം ആചരിക്കുക, തീയതി ഓർമ്മയിൽ സൂക്ഷിക്കുക

അവനവൻറെ മാമ്മോദീസാദിനം, അതായത്, നാം ക്രൈസ്തവരായിത്തീർന്ന ദിവസം, ആഘോഷിക്കണമെന്ന തൻറെ അഭ്യർത്ഥന പാപ്പാ തന്നോടു തന്നെയും മറ്റെല്ലാവരോടും നവീകരിക്കുകയും ചെയ്തു. തുടർന്നു പാപ്പാ അവനവൻറെ മാമ്മോദീസാ തീയതി ഓർക്കുന്നുണ്ടോ എന്ന ചോദ്യം ഉന്നയിക്കുകയും ചിലർക്ക് തീർച്ചയായും അത് അറിയില്ലായിരിക്കുമെന്നും അറിയാത്തവർ മാതാപിതാക്കളോട്, അല്ലെങ്കിൽ, ബന്ധുക്കളോടോ തലതൊട്ടവരോടോ ചോദിച്ചറിയണമെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്തു. അനുവർഷം മാമ്മോദീസാ ദിനം ആഘോഷിക്കണമെന്നും അതു പുതിയ ജന്മദിനം, വിശ്വാസത്തിൽ ജനിച്ച ദിനമാണെന്നും പാപ്പാ പറഞ്ഞു.

തദ്ദനന്തരം പാപ്പാ റോമാക്കാരെയും വിവിധ രാജ്യക്കാരായ തീർത്ഥാടകരെയും സന്ദർശകരെയും, പ്രത്യേകിച്ച്, ബെത്‌ലഹേമിൽ നിന്നുള്ള "വോയ്സ് ഓഫ് എയ്ഞ്ചെൽസ്” എന്ന ഗായകസംഘത്തെയും അഭിവാദ്യം ചെയ്തു. തങ്ങളുടെ ഗാനങ്ങളോടുകൂടെ "ബെത്ലഹേമിൻറെ പരിമളവും" വിശുദ്ധ നാട്ടിലെ ക്രൈസ്തവ സമൂഹത്തിൻറെ സാക്ഷ്യവും ഈ ഗായകസംഘം കൊണ്ടുവന്നു എന്ന് പാപ്പാ പറഞ്ഞു.

ഉക്രൈയിൻ ജനതയ്ക്കായി പ്രാർത്ഥിക്കുക

യുദ്ധം മൂലം യാതനകളനുഭവിക്കുന്ന ഉക്രൈയിനിലെ ജനങ്ങളെ പാപ്പാ ഒരിക്കൽക്കൂടി അനുസ്മരിച്ചു.  യുദ്ധം മൂലം വളരെയധികം കഷ്ടപ്പെടുന്ന അവരെ മറക്കരുതെന്നു പറഞ്ഞ പാപ്പാ അവരുടെ ഈ  ക്രിസ്മസ് യുദ്ധത്തിൽ, വെളിച്ചമില്ലാതെ, ചൂടില്ലാതെയാണെന്ന് അനുസ്മരിച്ചു. ദൈവ മാതാവ് കുഞ്ഞിനെ പുൽത്തൊട്ടിയിൽ കിടത്തുന്നതും മുലയൂട്ടുന്നതും കാണുമ്പോൾ, യുദ്ധത്തിനിരകളായ അമ്മമാരെയും, ഈ ഉക്രൈയിൻ യുദ്ധത്തിൽ മരണമടഞ്ഞ സൈനികരെയും താൻ ഓർക്കുന്നുവെന്നും ഉക്രൈയിൻകാരും റഷ്യക്കാരുമായ അമ്മമാർക്ക് മക്കളെ നഷ്ടപ്പെട്ടുവെന്നും പാപ്പാ പറഞ്ഞു. ഇതാണ് യുദ്ധത്തിൻറെ വിലയെന്ന് അനുസ്മരിച്ച പാപ്പാ സൈനികരായ മക്കളെ നഷ്ടപ്പെട്ട അമ്മമാർക്ക് വേണ്ടി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ചു.

സമാപനാശംസ

ത്രികാലപ്രാർത്ഥനാപരിപാടിയുടെ അവസാനം പാപ്പാ എല്ലാവർക്കും ശുഭ ഞായർ ആശംസിച്ചു. തുടർന്ന്, തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിച്ച പാപ്പാ, എല്ലാവ‍ര്‍ക്കും നല്ല ഒരു ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് കൈകൾ വീശി സുസ്മേരവദനനായി, ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

    

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 January 2023, 12:41

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >