തിരയുക

തൻറെ ദൗത്യത്തിൽ നമ്മുടെ പങ്കാളിത്തം കാംക്ഷിക്കുന്ന യേശു!

ഫ്രാൻസീസ് പാപ്പായുടെ മദ്ധ്യാഹ്ന പ്രാർത്ഥനാ വിചിന്തനം: യേശു ദൈവരാജ്യപ്രഘോഷണ ദൗത്യം ആരംഭിക്കുന്നു, ആദ്യ ശിഷ്യരെ വിളിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അഞ്ചാം ദൈവവചന ഞായർ ആചരിക്കപ്പെട്ട ഈ ഞായറാഴ്‌ച (21/01/24)  രാവിലെ ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ സാഘോഷമായ സമൂഹദിവ്യബലിയിൽ മുഖ്യകാർമ്മികത്വം വഹിച്ചു. അതിനു ശേഷമാണ് പാപ്പാ, ഞാറാഴ്ചകളിലെ പതിവനുസരിച്ച്, പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചത്. നീലാംബരം മേലാപ്പു ചാർത്തിയിരുന്നതും അർക്കാംശുക്കളാൽ കുളിച്ചുനിന്നിരുന്നതുമായിരുന്നെങ്കിലും റോമിൽ, നല്ല തണുപ്പനുഭവപ്പെട്ട ഒരു ദിനമായിരുന്നു ഈ ഞായറാഴ്ച. എന്നിരുന്നാലും പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന ഇരുപതിനായിരത്തോളം വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും പരിസരത്തുമായി സന്നിഹിതരായിരുന്നു. പാപ്പാ ത്രികാലജപം നയിക്കുന്നതിന് പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 4,30-ന്,  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (21/01/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മർക്കോസിൻറെ സുവിശേഷം ഒന്നാം അദ്ധ്യായം, 14-20 വരെയുള്ള വാക്യങ്ങൾ (മർക്കോസ് 1,14-20) അതായത്, യേശു തൻറെ ദൈവരാജ്യപ്രഘോഷണ ദൗത്യത്തിന് തുടക്കംകുറിക്കുന്ന സംഭവം ആയിരുന്നു.

പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണത്തിൻറെ പരിഭാഷ :

യേശു വിളിക്കുന്നു

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ദിനം!

ഇന്നത്തെ സുവിശേഷം ആദ്യ ശിഷ്യന്മാരുടെ വിളിയെക്കുറിച്ച് വിവരിക്കുന്നു (മർക്കോസ് 1,14-20 കാണുക). തൻറെ ദൗത്യത്തിൽ പങ്കാളികളാകൻ മറ്റുള്ളവരെ വിളിക്കുന്നതാണ്  തൻറെ പരസ്യജീവിതാരംഭത്തിൽ യേശുവിൻറെ ആദ്യ ചെയ്തികളിൽ ഒന്ന്: അവിടന്ന് യുവാക്കളായ മീൻപിടുത്തക്കാരെ സമീപിക്കുകയും "മനുഷ്യരെ പിടിക്കുന്നവരാകുന്നതിന്" തന്നെ അനുഗമിക്കാൻ അവരെ ക്ഷണിക്കുകയും ചെയ്യുന്നു (മർക്കോസ് 1,17). ഇത് നമ്മോട് പ്രധാനപ്പെട്ട ഒരു കാര്യം പറയുന്നു: അതായത്, തൻറെ രക്ഷാകര കർമ്മത്തിൽ നമ്മെ പങ്കുചേർക്കാൻ കർത്താവ് ഇഷ്ടപ്പെടുന്നു, നാം അവനോടൊപ്പം പ്രവർത്തനനിരതരായിരിക്കണമെന്ന് അവിടന്ന് ആഗ്രഹിക്കുന്നു, നാം ഉത്തരവാദിത്വമുള്ളവരും നായകരുമായിരിക്കണമെന്നതാണ് അവിടത്തെ ഹിതം. കർമ്മോദ്യുക്തനല്ലാത്ത, കർത്താവിനെ പ്രഘോഷിക്കുന്ന കർമ്മത്തിൽ ഉത്തരവാദിത്വമില്ലാത്ത, സ്വന്തം വിശ്വാസത്തിൻറെ നായകൻ അല്ലാത്ത ഒരു ക്രിസ്ത്യാനി ഒരു ക്രിസ്ത്യാനിയല്ല, അല്ലെങ്കിൽ, എൻറെ മുത്തശ്ശി പറഞ്ഞിരുന്നതുപോലെ, അവൻ  ഒരു "ഉപരിപ്ലവ" ക്രിസ്ത്യാനിയാണ്.

നമ്മുടെ ആവശ്യമില്ലെങ്കിലും നമ്മെ പങ്കളികളാക്കുന്ന ദൈവം 

ദൈവത്തിന്, അവിടത്തെ ആ അവസ്ഥയിൽ നമ്മെ ആവശ്യമില്ല, എന്നാൽ നമ്മുടെ പല പരിമിതികളും ഏറ്റെടുക്കേണ്ടിവരുമെന്നിരിക്കിലും, അവിടന്ന് അത് ചെയ്യുന്നു: നാമെല്ലാവരും പരിമിതികൾ ഉള്ളരാണ്, അതിലുപരി പാപികളാണ്, എന്നാൽ അവിടന്ന് അവ ഏറ്റെടുക്കുന്നു. ഉദാഹരണത്തിന്, അവിടന്ന് സ്വന്തം ശിഷ്യന്മാരോട് എത്രത്തോളം ക്ഷമ കാണിക്കുന്നു എന്നത് നമുക്ക് കാണാവുന്നതാണ്: അവർക്ക് പലപ്പോഴും അവിടത്തെ വചസ്സുകൾ മനസ്സിലായിരുന്നില്ല (ലൂക്കാ 9.51-56 കാണുക), ചിലപ്പോൾ അവർക്കിടയിൽ അഭിപ്രായ വിത്യാസം  ഉണ്ടായിരുന്നു (മർക്കോസ് 10.41 കാണുക), അവിടത്തെ പ്രഭാഷണത്തിൻറെ കാതലായ വശങ്ങൾ മനസ്സിലാക്കാൻ വളരെക്കാലം അവർക്ക് കഴിഞ്ഞില്ല, ഉദാഹരണത്തിന് സേവനം (ലൂക്കാ 22:27 കാണുക). എന്നിട്ടും യേശു അവരെ തിരഞ്ഞെടുക്കുകയും അവരിൽ വിശ്വസിക്കുകയും ചെയ്തു. ഇത് പ്രധാനമാണ്, കർത്താവ് നമ്മെ ക്രിസ്ത്യാനികളായിരിക്കാൻ തിരഞ്ഞെടുത്തു. നമ്മൾ പാപികളാണ്, നമ്മൾ ഒന്നിനുപിറകെ ഒന്നായി പാപം ചെയ്യുന്നു, എന്നിരുന്നാലും കർത്താവ് നമ്മിൽ വിശ്വസിക്കുന്നതു തുടരുന്നു. ഇത് അതിശയകരം തന്നെ.

വെളിച്ചവും ആനന്ദവും പെരുകുന്ന പ്രവർത്തികൾ

വാസ്തവത്തിൽ, ദൈവത്തിൻറെ രക്ഷ എല്ലാവരിലേക്കും എത്തിക്കുക എന്നതായിരുന്നു യേശുവിൻറെ ഏറ്റവും വലിയ സന്തോഷം, അവിടത്തെ ദൗത്യം, അവിടത്തെ അസ്തിത്വത്തിൻറെ പൊരുൾ (യോഹന്നാൻ 6:38 കാണുക) നാം അവിടത്തോട് ഒന്നു ചേരുന്ന ഒരോ വാക്കിലും പ്രവർത്തിയിലും സ്നേഹം നല്കുകയെന്ന സുന്ദരമായ സാഹസികതയിലും വെളിച്ചവും സന്തോഷവും പെരുകുന്നു (ഏശയ്യ,9,2) : അത് നമുക്കു ചുറ്റും മാത്രമല്ല നമ്മിലും, അതിനാൽ, സുവിശേഷപ്രഘോഷണം സമയം പാഴാക്കലല്ല: അത്, സന്തോമുള്ളവരായിരിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ കൂടുതൽ സന്തോഷമുള്ളവരായിത്തീരുകയാണ്; സ്വതന്ത്രരായിരിക്കാൻ മറ്റുള്ളവരെ സഹായിച്ചുകൊണ്ട് അവനവനിൽ നിന്ന് സ്വയം മോചിതരാകുകയാണ്; മെച്ചപ്പെട്ടവരാകാൻ മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ മെച്ചപ്പെട്ടവരാകുകയാണ് അത്!

ഞാൻ നന്ദിയുള്ളവനാണോ?

ആകയാൽ നമുക്ക് സ്വയം ചോദിക്കാം: യേശുവിനെ അറിയാനും സാക്ഷ്യം വഹിക്കാനുമുള്ള വിളി ഞാൻ സ്വീകരിച്ചപ്പോൾ എന്നിലും എൻറെ ചുറ്റിലും വളർന്ന സന്തോഷം ഓർമ്മിക്കാൻ ഞാൻ ഇടയ്ക്കിടെ ശ്രമിക്കുന്നുണ്ടോ? മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ എന്നെ വിളിച്ചതിന് പ്രാർത്ഥനാവേളയിൽ ഞാൻ കർത്താവിന് നന്ദി പറയുന്നുണ്ടോ? അവസാനമായി: യേശുവിനെ സ്നേഹിക്കുന്നത് എത്ര മനോഹരമാണെന്ന് രുചിച്ചറിയാൻ എൻറെ സാക്ഷ്യത്തിലൂടെയും എൻറെ സന്തോഷത്തിലൂടെയും മറ്റുള്ളവരെ പ്രാപ്തരാക്കാൻ ഞാൻ  ആഗ്രഹിക്കുന്നുണ്ടോ?  

വിചിന്തനാനന്തരം പാപ്പാ കർത്താവിൻറെ മാലാഖയെന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ

ഇറ്റലിയിൽ നിന്നും ലോകത്തിൻറെ ഇതര ഭാഗങ്ങളിൽ നിന്നും എത്തിയിരുന്ന തീർത്ഥാടകർക്ക് പാപ്പാ ആശീർവ്വാദാനന്തരം ആശംസകൾ നേർന്ന പാപ്പാ ഭാവി ജൂബിലിവത്സരത്തെക്കുറിച്ചു പരാമർശിച്ചു.

ജൂബിലിവത്സരം

ജൂബിലിയുടെ ആരംഭം കുറിക്കുന്ന വിശുദ്ധവാതിൽ തുറക്കുന്നതിലേക്ക് നമ്മെ ആനയിക്കുന്നതാണ് ഇനിയുള്ള  ഏതാനും മാസങ്ങൾ എന്ന് പാപ്പാ തദ്ദവസരത്തിൽ പറഞ്ഞു.  കൃപയുടെതായ ഈ ജൂബിലി മംഗളകരമായി ജീവിക്കാനും ദൈവിക പ്രത്യാശയുടെ ശക്തി അനുഭവിക്കാനും ഒരുങ്ങുന്നതിനായി എല്ലാവരും  പ്രാർത്ഥന തീവ്രമാക്കണമെന്ന് പാപ്പാ പറഞ്ഞു.

പ്രാർത്ഥനാ വർഷം

ഈ ഞായറാഴ്ച പ്രാർത്ഥനാ വത്സരം ആരംഭിക്കയാണെന്നും വ്യക്തിയുടെയും സഭയുടെയും ലോകത്തിൻറെയും ജീവിതത്തിൽ പ്രാർത്ഥനയുടെ മഹത്തായ മൂല്യവും പരമമായ ആവശ്യവും വീണ്ടും കണ്ടെത്തുന്നതിന് സമർപ്പിതമായ ഒരു വർഷം ആണിതെന്നും പാപ്പാ പ്രഖ്യാപിച്ചു.  സുവിശേഷവത്ക്കരണത്തിനായുള്ള വിഭാഗം ലഭ്യമാക്കുന്ന മാർഗ്ഗനിർദ്ദേശികകൾ ഇതിൽ നമുക്ക് സഹാകമാകുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ക്രൈസ്തവൈക്യത്തിനായും സമാധാനത്തിനായും പ്രാർത്ഥിക്കുക

നാം ക്രൈസ്തവൈക്യ പ്രാർത്ഥനാവാരത്തിലാണെന്നതും അനുസ്മരിച്ച പാപ്പാ, ഉക്രൈയിനിലും ഇസ്രായേലിലും പലസ്തീനിലും ലോകത്തിൻറെ മറ്റനേകമിടങ്ങളിലും സമാധാനം ഉണ്ടാകുന്നതിനു വേണ്ടി കർത്താവിനോടു യാചിക്കുന്നതിൽ നമുക്ക് മടുപ്പ് അനുഭവപ്പെടരുതെന്ന് പറഞ്ഞു.  സമാധാനത്തിൻറെ അഭാവത്തിൽ യാതനകളനുഭവിക്കുന്നത് എല്ലായ്പ്പോഴും കൂടുതൽ ബലഹീനരാണെന്നതനുസ്മരിച്ച പാപ്പാ താൻ കുഞ്ഞുങ്ങളെ, മുറിവേറ്റവരും കൊല്ലപ്പെട്ടവരും വാത്സല്യവും സ്വപ്നങ്ങളും ഭാവിയും നഷ്ടപ്പെട്ടവരുമായ അനേകം കുഞ്ഞുങ്ങളെ, ഓർക്കുന്നുവെന്ന് വെളിപ്പെടുത്തി. അവർക്ക് വേണ്ടി പ്രാർത്ഥിക്കാനും സമാധാനം സ്ഥാപിക്കാനുമുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്നു പാപ്പാ ഓർമ്മപ്പെടുത്തി.

ഹൈറ്റിയിൽ തട്ടിക്കൊണ്ടുപോകപ്പെട്ടവർ

ഹൈറ്റിയിൽ ആറ് സന്ന്യസിനികളുൾപ്പെടെ ഒരു കൂട്ടം ആളുകൾ  തട്ടിക്കൊണ്ടുപോകപ്പെട്ട സംഭവം അനുസ്മരിച്ച പാപ്പാ അതിൽ ഖേദം രേഖപ്പെടുത്തി. അവരുടെ മോചനത്തിനായി ഹൃദയംഗമമായി അഭ്യർത്ഥിച്ച പാപ്പാ അന്നാട്ടിൽ സാമൂഹ്യമൈത്രി സംജാതമാകുന്നതിനായി പ്രാർത്ഥിക്കുകയും അന്നാട്ടിലെ ജനങ്ങളുടെ അത്യധികമായ യാതനകൾക്ക് കാരണമാകുന്ന അക്രമത്തിന് അവസാനമുണ്ടാക്കുന്നതിനായി പ്രവർത്തിക്കാൻ എല്ലാവരേയും ക്ഷണിക്കുകയും ചെയ്തു.

സമാപനാഭിവാദ്യം

വിവിധ രാജ്യക്കാരായ തീർത്ഥാടകരെ അഭിവാദ്യം ചെയ്യവെ പാപ്പാ എക്വദോറിൽ നിന്നുള്ള വൈദികരെയും കുടിയേറ്റക്കാരെയും പ്രത്യേകം സംബോധന ചെയ്യുകയും അന്നാടിൻറെ സമാധാനത്തിനായുള്ള പ്രാർത്ഥന അവർക്ക് ഉറപ്പുനല്കുകയും ചെയ്തു. തദ്ദനന്തരം പാപ്പാ, എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു.  തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 January 2024, 09:46

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >