തിരയുക

ക്രമരഹിത വികാരങ്ങളാകുന്ന “കാട്ടുമൃഗങ്ങൾ” ഹൃത്തിൽ കടക്കാതെ സൂക്ഷിക്കുക, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശേം: മരൂഭൂമിയിൽ വന്യമൃഗങ്ങളോടു കൂടെ ആയിരിക്കുകയും പരീക്ഷിക്കപ്പെടുകയും ദൈവദൂതരുടെ പരിപാലന ലഭിക്കുകയും ചെയ്യുന്ന യേശു. ഈ നോമ്പുകാലത്ത് നമ്മളും ആന്തരികതയുടെ മരുഭൂവിൽ പ്രവേശിക്കാൻ വിളിക്കപ്പെടുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഈ ഞായറാഴ്‌ച (18/02/24)  ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, ഞാറാഴ്ചകളിലെ പതിവനുസരിച്ച്, പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന്, വിവിധരാജ്യക്കാരായിരുന്ന പതിനയ്യായിരത്തോളം വിശ്വാസികൾ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും പരിസരത്തുമായി സന്നിഹിതരായിരുന്നു. പാപ്പാ ത്രികാലജപം നയിക്കുന്നതിന് പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു.  റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 4,30-ന്,  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (18/02/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മർക്കോസിൻറെ സുവിശേഷം ഒന്നാം അദ്ധ്യായം, 12-15 വരെയുള്ള വാക്യങ്ങൾ (മർക്കോസ് 1,12-15) അതായത്, യേശു മരുഭൂമിയിൽ പരീക്ഷിക്കപ്പെടുന്നതും തദ്ദനന്തരം സുവിശേഷപ്രഘോഷണ ദൗത്യം അവിടന്ന്  ആരംഭിക്കുന്നതും വിവരിക്കുന്ന ഭാഗം, ആയിരുന്നു. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണത്തിൻറെ പരിഭാഷ :          

മരുഭൂവിൽ പ്രവേശിക്കുക

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ദിനം!

നോമ്പുകാലത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് സുവിശേഷം അവതരിപ്പിക്കുന്നത് മരുഭൂമിയിൽ പരീക്ഷിക്കപ്പെട്ട യേശുവിനെയാണ് (മർക്കോസ് 1,12-15 കാണുക). സുവിശേഷം പറയുന്നു: "സാത്താനാൽ പരീക്ഷിക്കപ്പെട്ട് നാൽപ്പത് ദിവസം അവൻ മരുഭൂമിയിൽ വസിച്ചു." നോമ്പുകാലത്ത് നമ്മളും "മരുഭൂമിയിൽ പ്രവേശിക്കാൻ", അതായത്, നിശബ്ദതയിലേക്ക്, ആന്തരിക ലോകത്തിലേക്ക്, ഹൃദയത്തെ ശ്രവിക്കാൻ, സത്യവുമായി സമ്പർക്കം പുലർത്താൻ ക്ഷണിക്കപ്പെടുന്നു. ഇന്നത്തെ സുവിശേഷം കൂട്ടിച്ചേർക്കുന്നു - മരുഭൂമിയിൽ  ക്രിസ്തു "വന്യമൃഗങ്ങളോടുകൂടെ ആയിരുന്നു, ദൈവദൂതന്മാർ അവനെ ശുശ്രൂഷിച്ചു" (മർക്കോസ് 1,13). വന്യമൃഗങ്ങളും മാലാഖമാരും ആയിരുന്നു അവന് കൂട്ടായി ഉണ്ടായിരുന്നത്. എന്നാൽ, ഒരു പ്രതീകാത്മക അർത്ഥത്തിൽ, അവർ നമ്മുടെയും തുണയാണ്:അതായത്, നമ്മൾ ആന്തരിക മരുഭൂമിയിൽ പ്രവേശിക്കുമ്പോൾ, വാസ്തവത്തിൽ, അവിടെ നമുക്ക് വന്യമൃഗങ്ങളെയും മാലാഖമാരെയും കാണാൻ കഴിയും.

"കാട്ടുമൃഗങ്ങൾ"

വന്യമൃഗങ്ങൾ. എന്താണ് അതിൻറെ വിവക്ഷ? ആത്മീയ ജീവിതത്തിൽ, അവയെ നമുക്ക്, നമ്മുടെ ഹൃദയത്തെ വിഭജിക്കുകയും അതിനെ സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ക്രമരഹിത വികാരങ്ങളായി കണക്കാക്കാം. അവ നമ്മെ വശീകരിക്കുന്നു, അവ ആകർഷണീയങ്ങളായി തോന്നാം, പക്ഷേ, നാം ശ്രദ്ധിച്ചില്ലെങ്കിൽ, അവ നമ്മെ കടിച്ചുകീറുന്ന അപകടമുണ്ട്. ആത്മാവിൻറെ ഈ "വന്യമൃഗങ്ങൾക്ക്" നമുക്ക് പേരുകൾ നൽകാൻ സാധിക്കും: വിവിധങ്ങളായ ദുർഗ്ഗുണങ്ങൾ, കണക്കുകൂട്ടലുകളിലും അതൃപ്തിയിലും നമ്മെ തളച്ചിടുന്ന ദ്രവ്യാസക്തി, അസ്വസ്ഥതയിലേക്കും ഏകാന്തതയിലേക്കും നമ്മെ തള്ളിയിടുന്ന വ്യർത്ഥാനന്ദം, കൂടാതെ, അരക്ഷിതാവസ്ഥയ്ക്കും നിരന്തര സ്ഥിരീകരണത്തിൻറെയും പ്രാമുഖ്യത്തിൻറെയും ആവശ്യകതയ്ക്കും ജന്മമേകുന്ന കീർത്തിക്കായുള്ള  അത്യാഗ്രഹം. നമുക്ക് ഉള്ളിൽ കണ്ടുമുട്ടാൻ കഴിയുന്ന ഇകാര്യങ്ങൾ നാം മറക്കരുത്: അതായത്, ദുരാശ, പൊള്ളത്തരം, അത്യാർത്തി. അവ "കാട്ടു" മൃഗങ്ങളെപ്പോലെയാണ്, അതിനാൽ അവയെ മെരുക്കുകയും കീഴടക്കുകയും വേണം: അല്ലാത്തപക്ഷം അവ നമ്മുടെ സ്വാതന്ത്ര്യത്തെ വിഴുങ്ങും. ഈ കാര്യങ്ങൾ ശരിയാക്കുന്നതിനായി മരുഭൂമിയിൽ പ്രവേശിക്കാൻ നോമ്പുകാലം നമ്മെ സഹായിക്കുന്നു.

മരുഭൂമിയിലെ മാലാഖമാർ

പിന്നെ, മരുഭൂമിയിൽ മാലാഖമാരുമുണ്ടായിരുന്നു. അവർ ദൈവത്തിൻറെ ദൂതരാണ്, അവർ നമ്മെ സഹായിക്കുകയും നമുക്ക് നന്മ ചെയ്യുകയും ചെയ്യുന്നു; വാസ്തവത്തിൽ, സുവിശേഷം അനുസരിച്ച്, അവരുടെ സ്വഭാവം സേവനമാണ് (മർക്കോസ് 1,13-ാം വാക്യം കാണുക): അഭിനിവേശത്തിൻറെ തനതുസ്വഭാവമായ കൈവശപ്പെടുത്തലിന് നേരെ വിപരീതമാണത്. കൈവശമാക്കുന്നതിനെതിരെ ശുശ്രൂഷ. ദൈവദൂതാരൂപികൾ പരിശുദ്ധാത്മപ്രേരിത സൽ ചിന്തകളെയും വികാരങ്ങളെയും ഓർമ്മിപ്പിക്കുന്നു. പ്രലോഭനങ്ങൾ നമ്മെ കീറിമുറിക്കുമ്പോൾ, നല്ല ദൈവിക പ്രചോദനങ്ങൾ നമ്മെ ഏകീകരിക്കുകയും ഏക്യത്തിലേക്ക് ആനയിക്കുകയും ചെയ്യുന്നു: അവ ഹൃദയത്തെ ശാന്തമാക്കുന്നു, അവ ക്രിസ്തുവിൻറെ രുചി, "സ്വർഗ്ഗത്തിൻറെ സ്വാദ്" പകരുന്നു. ദൈവിക പ്രചോദനം ഉൾക്കൊള്ളാൻ, പ്രാർത്ഥനയിൽ നാം നിശബ്ദതയിൽ പ്രവേശിക്കണം. നോമ്പുകാലം ഇത് ചെയ്യാനുള്ള സമയമാണ്.

ആത്മശോധന

നമുക്ക് സ്വയം ചോദിക്കാം: ഒന്നാമതായി, ക്രമരഹിതമായ വികാരങ്ങൾ, എൻറെ ഹൃദയത്തിൽ ഇളകിമറിയുന്ന "വന്യമൃഗങ്ങൾ" ഏവയാണ്?: ദൈവത്തിൻറെ ശബ്ദം എൻറെ ഹൃദയത്തോട് സംസാരിക്കാനും അതിനെ നന്മയിൽ കാത്തുസൂക്ഷിക്കാനും അനുവദിക്കുന്നതിന്, ഞാൻ അൽപ്പമൊന്നു  "മരുഭൂമി"യിലേക്ക് പിന്മാറാൻ ആലോചിക്കുകയും, ഇതിനായി ദിവസത്തിൽ അൽപ്പം സമയം നീക്കിവെക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ടോ? വചനം ഹൃദയത്തിൽ സൂക്ഷിക്കുകയും ദുഷ്ടനായവൻറെ പ്രലോഭനങ്ങളിൽ വീഴാതെ സ്വയം സൂക്ഷിക്കുകയും ചെയ്ത പരിശുദ്ധ കന്യക നോമ്പുകാല യാത്രയിൽ നമ്മെ സഹായിക്കട്ടെ.                

ഈ വാക്കുകളെ തുടർന്ന് പാപ്പാ കർത്താവിൻറെ മാലാഖയെന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.  ആശീർവ്വാദം

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ- വിവിധ നാടുകളിൽ യുദ്ധവും അക്രമങ്ങളും

സുഡാൻ

സുഡാനിൽ സായുധസംഘർഷം പൊട്ടിപ്പുറപ്പെട്ടിട്ട് പത്തുമാസങ്ങൾ പിന്നിട്ടിരിക്കുന്നതും അവിടെ ഈ സംഘർഷം സംജാതമാക്കിയിരിക്കുന്ന ഗുരുതരാവസ്ഥയും പാപ്പാ ആശീർവ്വാദാനന്തരം വിശ്വാസികളെ സംബോധന ചെയ്യവെ അനുസ്മരിച്ചു. ജനങ്ങൾക്കും അന്നാടിൻറെ ഭാവിക്കും വളരെയധികം ദോഷം ചെയ്യുന്ന ഈ യുദ്ധം അവസാനിപ്പിക്കാൻ പാപ്പാ പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന കക്ഷികളോടുള്ള അഭ്യർത്ഥന നവീകരിച്ചു. പ്രിയപ്പെട്ട നാടായ സുഡാൻറെ ഭാവി കെട്ടിപ്പടുക്കാൻ ഉതകുന്ന സമാധാന വഴികൾ ഉടൻ കണ്ടെത്താൻ കഴിയുന്നതിനായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

മൊസാംബിക്ക്

മൊസാംബിക്കിലെ കാബോ ദെൽഗാദൊ പ്രവിശ്യയിൽ നിസ്സഹായരായ ജനവിഭാഗങ്ങൾക്കെതിരായ അക്രമവും അടിസ്ഥാന സൗകര്യങ്ങൾ നാശിപ്പിക്കപ്പടുന്നതും അരക്ഷിതാവസ്ഥയും വീണ്ടും വ്യാപകമായിക്കൊണ്ടിരിക്കുന്നതും അവിടെ മത്സേത്സേയിൽ, ആഫ്രിക്കയിലെ നമ്മുടെ നാഥയുടെ നാമത്തിലുള്ള കത്തോലിക്കാ മിഷൻ കേന്ദ്രം അടുത്തയിടെ അഗ്നിക്കിരയാക്കപ്പെട്ടതും പാപ്പാ അനുസ്മരിക്കുകയും ആ പീഡിത പ്രദേശത്ത്  സമാധാനം വീണ്ടും ഉണ്ടാകുന്നതിനായി പ്രാർത്ഥിക്കുകയും ചെയ്തു. ആഫ്രിക്ക ഭൂഖണ്ഡത്തിലും യൂറോപ്പിലും പലസ്തീനിലും ഉക്രൈയിനിലുമുൾപ്പടെ ലോകത്തിൻറെ മറ്റുഭാഗങ്ങളിലും തുടരുന്ന നിരവധിയായ ഇതര രക്തരൂക്ഷിത സംഘർഷങ്ങളും നാം മറക്കരുതെന്ന് പാപ്പാ പറഞ്ഞു. യുദ്ധം എല്ലായ്പ്പോഴും ഒരു പരാജയമാണ് എന്ന തൻറെ ബോദ്ധ്യം ആവർത്തിച്ച പാപ്പാ യുദ്ധം നടക്കുന്നിടത്തെല്ലാം, ജനങ്ങൾ തളർന്നിരിക്കുന്നുവെന്നും അവർ മടുത്തിരിക്കുന്നുവെന്നും, യുദ്ധം എല്ലായ്പ്പോഴും നിരർത്ഥകവും അവസാനമില്ലാത്തുമാണെന്നും മരണവും നാശവും മാത്രമാണ്   അതിൻറെ ഫലമെന്നും, അതൊരിക്കലും പ്രശ്നപരിഹൃതി കൊണ്ടുവരില്ലയെന്നും പറഞ്ഞു. പ്രാർത്ഥനയാണ് ഫലപ്രദമായ മാർഗ്ഗമെന്നു പ്രസ്താവിച്ച പാപ്പാ ആകയാൽ, തളരാതെ പ്രാർത്ഥിക്കാനും സമാധാനത്തിനായി സമൂർത്തമായി സമർപ്പിച്ചിരിക്കുന്ന മനസ്സുകളെയും ഹൃദയങ്ങളെയും ദാനമായി നൽകുന്നതിന് കർത്താവിനോട് അപേക്ഷിക്കാനും പ്രചോദനം പകർന്നു.

നോമ്പുകാല ധ്യാനം

താനും റോമൻ കൂരിയായിലെ തൻറെ സഹകാരികളും പതിനെട്ടാം തീയതി ഞായറാഴ്ച ഉച്ചതിരിഞ്ഞ്, നോമ്പുകാല ധ്യാനം ആരംഭിക്കുകയാണെന്ന് പാപ്പാ വെളിപ്പെടുത്തി. ഈ നോമ്പുകാലത്തിലും, ജൂബിലിക്ക് ഒരുക്കമായുള്ള ഈ "പ്രാർത്ഥനാ വർഷം" മുഴുവനും, കർത്താവിൻറെ സന്നിധിയിൽ ഒത്തുകൂടാനുള്ള സവിശേഷ വേളകൾ കണ്ടെത്താൻ പാപ്പാ സമൂഹങ്ങളെയും വിശ്വാസികളെയും ക്ഷണിക്കുകയും ചെയ്തു.

സമാപനാഭിവാദ്യം

ചത്വരത്തിൽ സന്നിഹിതരായിരുന്ന, ഇറ്റലിക്കാരും ലോകത്തിൻറെ ഇതര ഭാഗങ്ങളിൽ നിന്ന് എത്തിയിരുന്നവരുമായ തീർത്ഥാടകർക്കും സന്ദർശകർക്കും ത്രികാലപ്രാർത്ഥനാപരിപാടിയുടെ അവസാനം അഭിവാദ്യമർപ്പിച്ച പാപ്പാ, എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 February 2024, 11:05

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >