തിരയുക

പാപ്പാ:ക്രിസ്തീയ പ്രത്യാശ കാത്തിരിപ്പിൻെറ നിശബ്ദതയിൽ പിറവിയെടുക്കുന്നു!

ലിയൊ പതിനാലാമൻ പാപ്പായുടെ പ്രതിവാര പൊതുദർശന പ്രഭാഷണം: വിശുദ്ധ ശനിയാഴ്ച, മൗന സാന്ദ്രമായ കാത്തിരിപ്പിൻറെ ഇടവേള.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയിൽ പങ്കുകൊള്ളുന്നതിന്  വിവിധരാജ്യക്കാരായിരുന്ന തീർത്ഥാടകരും സന്ദർശകരുമായി പതിനായിരങ്ങൾ എത്തിയിരുന്നു ഈ ബുധനാഴ്ചയും (17/09/25). പൊതുദർശനം അനുവദിക്കുന്നതിന് റോമിലെ സമയം രാവിലെ 9.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.15-ഓടെ, പാപ്പാ, തന്നെ എല്ലാവർക്കും കാണത്തക്ക രീതിയിൽ  സജ്ജീകരിക്കപ്പെട്ടിരിക്കുന്ന തുറന്ന വെളുത്ത വാഹനത്തിൽ അങ്കണത്തിലെത്തിയപ്പോൾ ജനസഞ്ചയത്തിൻറെ ആനന്ദാരവങ്ങളും കരഘോഷങ്ങളും ഉയർന്നു. വാഹനത്തിൽ ജനങ്ങളുടെ ഇടയിലൂടെ അവരെ അഭിവാദ്യം ചെയ്തുകൊണ്ട് കടന്നുപോയ പാപ്പാ അംഗരക്ഷകർ തൻറെ പക്കലേക്ക് ഇടയ്ക്കിടെ എടുത്തുകൊണ്ടുവന്ന പിഞ്ചു കുഞ്ഞുങ്ങളെ തലോടുകയും ആശീർവ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വാഹനത്തിൽ നിന്നിറങ്ങി പ്രസംഗവേദിയിലെത്തിയതിനെ തുടർന്ന് പാപ്പാ ത്രിത്വസ്തുതിയോടെ പൊതുകൂടിക്കാഴ്ചാപരിപാടിക്ക് തുടക്കം കുറിച്ചു. തദ്ദനന്തരം വിവിധ ഭാഷകളിൽ വിശുദ്ധഗ്രന്ഥ വായനയായിരുന്നു.

അവൻ ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തിൽ അതുവരെ ആരെയും സംസ്കരിച്ചിട്ടില്ലാത്ത ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു. യഹൂദരുടെ ഒരുക്കത്തിൻറെ ദിനമായിരുന്നതിനാലും കല്ലറ സമീപത്തായിരുന്നതിനാലും അവർ യേശുവിനെ അവിടെ സംസ്കരിച്ചു.”  യേഹന്നാൻ 19,40-41

ഈ സുവിശേഷ വായന അവസാനിച്ചതിനെ തുടർന്ന് ലിയൊ പതിനാലാമൻ പാപ്പാ തൻറ സന്ദേശം നല്കി. പ്രത്യാശയുടെ ജൂബിലിവർഷാചരണത്തോടനുന്ധിച്ച് ഫ്രാൻസീസ് പാപ്പാ തുടങ്ങിവച്ച, നമ്മുടെ പ്രത്യാശയായ യേശുവിൻറെ ജീവതത്തെ അധികരിച്ചുള്ള പ്രബോധനപരമ്പര പാപ്പാ യേശുവിൻറെ പീഢാസഹനമരണോത്ഥാന സംഭവമടങ്ങിയ പെസഹായെ അവലംബമാക്കി തുടർന്നു.  പാപ്പായുടെ ഇറ്റാലിയൻ  ഭാഷയിലായിരുന്ന പ്രഭാഷണം ഇപ്രകാരം വിവർത്തനം ചെയ്യാം:

വിശുദ്ധ ശനിയാഴ്ച

പ്രിയ സഹോദരീ സഹോദരന്മാരേ,

നമ്മുടെ പ്രത്യാശയായ യേശുവിനെക്കുറിച്ചുള്ള പ്രബോധന പ്രയാണത്തിൽ, ഇന്ന് നമ്മൾ വിശുദ്ധ ശനിയാഴ്ചയുടെ രഹസ്യത്തെക്കുറിച്ചാണ് ധ്യാനിക്കുക. ദൈവപുത്രൻ കല്ലറയിൽ ശയിക്കുന്നു. എന്നാൽ അവൻറെ ഈ "അഭാവം" ഒരു ശൂന്യതയല്ല: അത് പ്രതീക്ഷയാണ്, സംയമിത പൂർണ്ണതയാണ്, ഇരുളിൽ സംരക്ഷിതമായ ഒരു വാഗ്ദാനമാണ്. ആകാശം നിശബ്ദവും ഭൂമി നിശ്ചലവുമായി കാണപ്പെടുന്ന മഹാ മൗനത്തിൻറെ ദിനമാണിത്, എന്നാൽ ഇവിടെയാണ് ക്രിസ്തീയ വിശ്വാസത്തിൻറെ അഗാധതമ രഹസ്യം പൂർത്തികരിക്കപ്പെടുന്നത്. അജാതനെങ്കിലും ഇപ്പോൾ ജീവനുള്ള ശിശുവിനെ സംവഹിക്കുന്ന ഒരു അമ്മയുടെ ഗർഭപാത്രം പോലെ അർത്ഥപൂർണ്ണമായ ഒരു നിശബ്ദതയാണിത്.

ഉദ്യാനത്തിലെ തുടക്കം

കുരിശിൽ നിന്ന് ഇറക്കിയ യേശുവിൻറെ ഗാത്രം, അമൂല്യമായതെന്തോ ഒന്നു പോലെ സശ്രദ്ധം പൊതിയുന്നു. ഒരു തോട്ടത്തിൽ "ഇതുവരെ ആരെയും സംസ്കരിച്ചിട്ടില്ലാത്ത ഒരു പുതിയ കല്ലറയിൽ" (യോഹന്നാൻ 19:41) ആണ് അവനെ അടക്കം ചെയ്തതെന്ന് സുവിശേഷകനായ യോഹന്നാൻ നമ്മോട് പറയുന്നു. ഒന്നും യാദൃശ്ചികമല്ല. ദൈവവും മനുഷ്യനും ഒന്നിച്ച സ്ഥലമായ നഷ്ടപ്പെട്ടുപോയ ഏദനെ ആ തോട്ടം ഓർമ്മിപ്പിക്കുന്നു. ഉപയോഗിക്കപ്പടാത്ത ആ കല്ലറ സംഭവിക്കാനിരിക്കുന്ന ഒന്നിനെക്കുറിച്ച് പറയുന്നു: അത് ഒരു പടിവാതിലാണ്, ഒരു അവസാനമല്ല. സൃഷ്ടിയുടെ തുടക്കത്തിൽ, ദൈവം ഒരു ഉദ്യാനം നട്ടുപിടിപ്പിച്ചിരുന്നു; ഇപ്പോൾ പുതിയ സൃഷ്ടിയും ഒരു തോട്ടത്തിൽ തുടക്കമിടുന്നു: ഉടൻ തുറക്കപ്പെടുന്നതായ  അടച്ചിടപ്പെട്ട ഒരു ശവക്കല്ലറയോടെ.

വിശ്രമ ദിനം

വിശുദ്ധ ശനി വിശ്രമ ദിനവുമാണ്. യഹൂദ നിയമമനുസരിച്ച്, ഏഴാം ദിവസം ജോലി ചെയ്യാൻ പാടില്ല: വാസ്തവത്തിൽ, ആറ് ദിവസത്തെ സൃഷ്ടികർമ്മത്തിനു ശേഷം, ദൈവം വിശ്രമിച്ചു (ഉൽപത്തി 2:2 കാണുക). ഇപ്പോൾ പുത്രനും തൻറെ പരിത്രാണപ്രവർത്തനം പൂർത്തിയാക്കിയ ശേഷം വിശ്രമിക്കുന്നു. ക്ഷീണിതനായതുകൊണ്ടല്ല, മറിച്ച് അവൻ സ്വന്തം കർമ്മം പൂർത്തിയാക്കിയതുകൊണ്ടാണ്. അവൻ പരാജയംസമ്മതിച്ചതുകൊണ്ടല്ല, മറിച്ച് അവൻ അവസാനം വരെ സ്നേഹിച്ചതുകൊണ്ടാണ്. കൂടുതലൊന്നും കൂട്ടിച്ചേർക്കാനില്ല. ഈ വിശ്രമം പൂർത്തീകരിച്ച കർമ്മത്തിൻരെ മുദ്രയാണ്, ചെയ്യേണ്ട കാര്യങ്ങൾ യഥാർത്ഥത്തിൽ പൂർത്തീകരിച്ചു എന്നതിൻറെ സ്ഥിരീകരണമാണിത്. ഇത് കർത്താവിൻറെ നിഗൂഢ സാന്നിധ്യത്താൽ സാന്ദ്രമായ ഒരു വിശ്രമമാണ്.

നില്ക്കാതെ ഓടുന്ന മനുഷ്യൻ

നിർത്തുകയും വിശ്രമിക്കുകയും ചെയ്യുകയെന്നത് നമുക്ക് ബുദ്ധിമുട്ടാണ്. ജീവിതം ഒരിക്കലും മതിയാകാത്തതുപോലെയാണ് നമ്മൾ ജീവിക്കുന്നത്. ഉല്പാദിപ്പിക്കാനും  സ്വയം ആവിഷ്കരിക്കാനും സ്ഥാനം നഷ്ടപ്പെടാതിരിക്കാനും നാം പരക്കംപായുകയാണ്. എന്നാൽ എങ്ങനെ നിർത്തണമെന്ന് അറിഞ്ഞിരിക്കുകയെന്നത് നാം നിറവേറ്റാൻ പഠിക്കേണ്ട വിശ്വാസത്തിൻറെ ഒരു പ്രവൃത്തിയാണെന്ന് സുവിശേഷം നമ്മെ ഉദ്ബോധിപ്പിക്കുന്നു. ജീവിതം എപ്പോഴും നമ്മൾ ചെയ്യുന്ന കാര്യങ്ങളെ മാത്രമല്ല, പ്രത്യുത, നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ നിന്ന് എങ്ങനെ വിട്ടു നില്ക്കണമെന്ന് നമുക്കറിയാം എന്നതിനെയും ആശ്രയിച്ചാണിരിക്കുന്നതെന്ന് കണ്ടെത്താൻ വിശുദ്ധ ശനിയാഴ്ച നമ്മെ ക്ഷണിക്കുന്നു.

വചനത്തിൻറെ മൗനം

പിതാവിൻറെ ജീവനുള്ള വചനമായ യേശു കല്ലറയിൽ നിശബ്ദനാണ്. എന്നാൽ ആ നിശബ്ദതയിലാണ് പുതു ജീവൻ പതഞ്ഞുപൊങ്ങാൻ തുടങ്ങുന്നത്. മണ്ണിലെ ഒരു വിത്ത് പോലെ, പ്രഭാതത്തിനു മുമ്പുള്ള ഇരുട്ട് പോലെ ആണത്. ദൈവം സമയം കടന്നുപോകുന്നതിനെ ഭയപ്പെടുന്നില്ല, കാരണം അവൻ കാത്തിരിപ്പിൻറെയും കർത്താവാണ്. അപ്രകാരംതന്നെ, നമ്മുടെ "നിഷ്ഫല" സമയം, ഇടവേളകളുടെ, ശൂന്യതയുടെ, ഫലശൂന്യ നിമിഷങ്ങളുടെ വേള, പുനരുത്ഥാനത്തിൻറെ ഗർഭപാത്രമായി മാറാം. ഓരോ സ്വീകൃത നിശബ്ദതയും ഒരു പുതിയ വചനത്തിൻറെ നാന്ദിയാകാം. നമ്മൾ ഓരോ ഇടവേളയും ദൈവത്തിന് സമർപ്പിച്ചാൽ അത് കൃപയുടെ സമയമായി മാറാം.

ഉടനടിയുള്ള ഉത്തരം തേടുന്ന മനുഷ്യൻ

മന്നിൽ അടക്കംചെയ്യപ്പെട്ട  യേശു, സകലയിടവും അധീനതയിലാക്കാത്ത ഒരു ദൈവത്തിൻറെ സൗമ്യ വദനമാണ്. കാര്യങ്ങൾ സംഭവിക്കാൻ അനുവദിക്കുന്ന, കാത്തിരിക്കുന്ന, നമുക്ക് സ്വാതന്ത്ര്യം നൽകുന്നതിനായി പിൻവാങ്ങുന്ന ഒരു ദൈവമാണ് അവൻ. എല്ലാം അവസാനിച്ചുവെന്ന് തോന്നുമ്പോഴും വിശ്വാസമർപ്പിക്കുന്ന ഒരു ദൈവമാണ് അവിടന്ന്. ഉയിർത്തെഴുന്നേല്പിന് തിടുക്കം വേണ്ടെന്ന് നമ്മൾ താല്ക്കാലികമായി നിശ്ചലമായ ആ ശനിയാഴ്ചയിൽ പഠിക്കുന്നു: ആദ്യം നമ്മൾ നിശ്ചലമാകണം, നിശബ്ദതയെ സ്വാഗതം ചെയ്യണം, പരിധിയാൽ ആശ്ലേഷിതരാകാൻ നമ്മെത്തന്നെ വിട്ടുകൊടുക്കണം. ചിലപ്പോഴൊക്കെ നമ്മൾ പെട്ടെന്നുള്ള ഉത്തരങ്ങളും ഉടനടിയുള്ള പരിഹാരങ്ങളും തേടുന്നു. എന്നാൽ ദൈവമാകട്ടെ ആഴത്തിൽ, വിശ്വാസത്തിൻറെ മന്ദഗതിയിലുള്ള സമയത്തിൽ പ്രവർത്തനനിരതനാകുന്നു. അങ്ങനെ, കബറടക്ക ശനിയാഴ്ച, ഉയിർപ്പിൻറെതായ അജയ്യമായ ഒരു പ്രകാശത്തിൻറെ ശക്തി പ്രവഹിക്കാവുന്ന ഉറവിടമായി മാറുന്നു.

മൗനത്തിൽ ജന്മംകൊള്ളുന്ന പ്രത്യാശ

പ്രിയ സുഹൃത്തുക്കളെ, ക്രിസ്തീയ പ്രത്യാശ പിറവിയെടുക്കുന്നത് കോലാഹലത്തിലല്ല, മറിച്ച് സ്നേഹം കുടികൊള്ളുന്ന ഒരു കാത്തിരിപ്പിൻറെ നിശബ്ദതയിലാണ്. അത് അത്യാഹ്ലാദത്തിൻറെയല്ല, മറിച്ച് വിശ്വാസത്തോടുകൂടിയ പരിത്യാഗത്തിൻറെ മകളാണ്. കന്യകാമറിയം ഇത് നമ്മെ പഠിപ്പിക്കുന്നു: അവൾ ഈ പ്രതീക്ഷയെ, ഈ വിശ്വാസത്തെ, ഈ പ്രത്യാശയെ മൂർത്തവല്കരിക്കുന്നു. എല്ലാം നിശ്ചലമാണെന്ന് പ്രതീതമാകുമ്പോൾ, ജീവിതം ഒരു തകർന്ന പാതയാണെന്ന് തോന്നുമ്പോൾ, നമുക്ക് വിശുദ്ധ ശനിയാഴ്ചയെക്കുറിച്ച് ഓർക്കാം. ശവക്കല്ലറയിൽ പോലും, ദൈവം ഏറ്റവും വലിയ വിസ്മയം ഒരുക്കുകയാണ്. സംഭവിച്ചതിനെ എങ്ങനെ നന്ദിയോടെ സ്വീകരിക്കണമെന്ന് നമുക്കറിയാമെങ്കിൽ, തീച്ചയായും, തൻറെ സ്നേഹത്തിൻറെ വിശ്വസ്തതയാൽ സകലത്തെയും പുതിയതാക്കി മാറ്റിക്കൊണ്ട്, ദൈവം യാഥാർത്ഥ്യത്തെ ചെറുമയിലും നിശബ്ദതയിലും രൂപാന്തരപ്പെടുത്താൻ ഇഷ്ടപ്പെടുന്നുവെന്ന് നമുക്ക് കണ്ടെത്താനാകും. യഥാർത്ഥ സന്തോഷം ജനിക്കുന്നത് കുടികൊള്ളുന്ന പ്രതീക്ഷയിലും ക്ഷമയോടു കൂടിയ വിശ്വാസത്തിലും നിന്നാണ്, സ്നേഹത്തിൽ ജീവച്ചത് തീർച്ചയായും നിത്യജീവനിലേക്ക് ഉയർത്തപ്പെടുമെന്ന പ്രതീക്ഷയിൽ നിന്നാണ്.

ഈ വാക്കുകളെ തുർന്ന് പാപ്പായുടെ ഇറ്റാലിയൻ ഭാഷയിലായിരുന്ന പ്രഭാഷണത്തിൻറെ സംഗ്രഹം വിവിധ ഭാഷകളിൽ പാരായണം ചെയ്യപ്പെടുകയും പാപ്പാ ഓരോ ഭാഷാവിഭാഗത്തെയും അഭിവാദ്യം ചെയ്യുകയും ചെയ്തു.

സമാപനാഭിവാദ്യങ്ങൾ - ഗാസയിലെ ജനങ്ങൾക്കായി പ്രാർത്ഥിക്കുക

ഇറ്റാലിയൻ ഭാഷാക്കാരെ സംബോധന ചെയ്യവെ പാപ്പാ ഗാസയിലെ പലസ്തീൻകാരായ ജനതയോടുള്ള തൻറെ അഗാധമായ സാമീപ്യം വെളിപ്പെടുത്തി. ആ ജനത ഭീതിയിലാണ് ജീവിക്കുന്നതെന്നും അസ്വീകാര്യമായ സാഹചര്യങ്ങളിൽ വീണ്ടും തങ്ങളുടെ ദേശങ്ങളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാകുകയുമാണെന്ന് പാപ്പാ പറഞ്ഞു. "കൊല്ലരുത്" (പുറപ്പാട് 20:13) എന്ന് കൽപ്പിച്ച സർവ്വശക്തനായ കർത്താവിൻറെ മുമ്പാകെയും, ആകമാന മനുഷ്യചരിത്രത്തിൻറെ ചാരെയും, ഓരോ വ്യക്തിക്കും ആദരിക്കപ്പെടേണ്ടതും സംരക്ഷിക്കപ്പെടേണ്ടതുമായ അലംഘനീയമായ അന്തസ്സ് എല്ലായ്പോഴും ഉണ്ട് എന്ന് പാപ്പാ അനുസ്മരിച്ചു. വെടിനിർത്തലിനും, ബന്ദികളുടെ മോചനത്തിനും, ചർച്ചയിലൂടെയുള്ള നയതന്ത്ര പരിഹാരത്തിനും, അന്താരാഷ്ട്ര മാനുഷിക നിയമങ്ങളോടുള്ള പൂർണ്ണ ആദരവിനും വേണ്ടിയുള്ള തൻറെ അഭ്യർത്ഥന പാപ്പാ നവീകരിക്കുകയും ചെയ്തു. സമാധാനത്തിൻറെയും നീതിയുടെയും ഒരു പ്രഭാതം ഉടൻ ഉദയംചെയ്യട്ടെ എന്ന തൻറെ ഹൃദയംഗമമായ പ്രാർത്ഥനയിൽ പങ്കുചേരാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

സുവിശേഷാദർശത്തോട് വിശ്വസ്തരായിരിക്കുക

പൊതുദർശനപരിപാടിയുടെ അവസാന ഭാഗത്ത് പാപ്പാ യുവജനത്തെയും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്തു. സുവിശേഷ ആദർശത്തോട് എപ്പോഴും വിശ്വസ്തരായിരിക്കാനും ദൈനംദിന പ്രവർത്തനങ്ങളിൽ അത് സാക്ഷാത്ക്കരിക്കാനും പാപ്പാ അവർക്ക് പ്രചോദനം പകർന്നു. തുടർന്ന് കർത്തൃപ്രാർത്ഥന ലത്തീൻ ഭാഷയിൽ ആലപിക്കപ്പെട്ടതിനു ശേഷം പാപ്പാ തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 സെപ്റ്റംബർ 2025, 12:04

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >