തിരയുക

പാപ്പാ: ജീവിതാവസ്ഥകൾ ക്രൈസ്തവികമായി ജീവിച്ച് ക്രിസ്തീയസാക്ഷ്യമേകുക!

ലിയൊ പതിനാലാമൻ പാപ്പാ, പ്രത്യാശയുടെ ജൂബിലി വർഷാചരണ പശ്ചാത്തലത്തിൽ ശനിയാഴ്ച (27/09/25) വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ പ്രത്യേക ജൂബിലി കൂടിക്കാഴ്ച അനുവദിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ജൂബിലി നമ്മെ പ്രത്യാശയുടെ തീർത്ഥാടകരാക്കിമാറ്റുന്നുവെന്നും അതിനു കാരണം അത്, നമുക്കും ഭൂമി മുഴുവനും ഉണ്ടാകേണ്ടതായ നവീകരണത്തിൻറെ വലിയ ആവശ്യകതയെക്കുറിച്ച്  നമ്മെ അന്തർജ്ഞാനമുള്ളവരാക്കുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

പ്രത്യാശയുടെ ജൂബിലി വർഷാചരണപശ്ചാത്തലത്തിൽ ശനിയാഴ്ച (27/09/25) വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ അനുവദിച്ച പ്രത്യേക കൂടിക്കാഴ്ചാവേളയിൽ തീർത്ഥാടകരെ സംബോധന ചെയ്യുകയായിരുന്നു ലിയൊ പതിനാലാമൻ പാപ്പാ. ഈ ജൂബിലിയാചരണത്തിൽ വിവിധ വിഭാഗങ്ങൾ പ്രത്യേകം പ്രത്യേകം പങ്കുചേരുന്നതിൻറെ ഭാഗമായി ഇന്ത്യയുൾപ്പടെ വിവിധ രാജ്യങ്ങളിൽ നിന്ന് റോമിൽ എത്തിയിരിക്കുന്ന ആയിരക്കണക്കിന് മതബോധകരും ഈ കൂടിക്കാഴ്ചയിൽ പങ്കുകൊണ്ടു.

സഹജാവബോധം അഥവാ, അന്തർജ്ഞാനം കൊണ്ടറിയുക എന്നത് ആത്മാവിൻറെ ഒരു ചലനത്തെ, ഹൃദയജ്ഞാനത്തെ വിശദീകരിക്കുന്ന ഒരു ക്രിയാപദം ആണെന്ന് പറഞ്ഞ പാപ്പാ ഹൃദയത്തിൻറെ ഈ ജ്ഞാനം യേശു കണ്ടത് ശിശുക്കളിൽ, അതായത്, എളിമയുള്ളവരിൽ ആണെന്ന് പ്രസ്താവിച്ചു. എന്നാൽ പണ്ഡിതരായവർ പലപ്പോഴും കുറച്ചുമാത്രമെ അന്തർജ്ഞാനംകൊണ്ടറിയുന്നുള്ളുവെന്നും അവർ അറിവുണ്ടെന്നു ഭാവിക്കുന്നതാണ് അതിനു കാരണമെന്നും പാപ്പാ വ്യക്തമാക്കി.

ജനങ്ങളുടെ അന്തർജ്ഞാനത്തിൽ നിന്ന് എങ്ങനെ പ്രത്യാശ ജന്മംകൊള്ളുന്നുവെന്ന് സഭാചരിത്രം നമുക്കു കാണിച്ചു തരുന്നതിന് ഉദാഹരണമായി പാപ്പാ, മാമ്മോദീസാ സ്വീകരിക്കുന്നതിന് ഒരുങ്ങിക്കൊണ്ടിരിക്കുകമാത്രമായിരുന്ന അംബ്രോസിനെ ഇറ്റലിയിലെ മിലാൻറെ മെത്രാനാക്കണമെന്ന് ജനം ഏകസ്വരത്തിൽ ആവശ്യപ്പെട്ടതും അങ്ങനെ മഹാന്മാരായ മെത്രാന്മാരിൽ ഒരാളായും സഭാപാരംഗതനായും അദ്ദേഹം മാറിയതും ചൂണ്ടിക്കാട്ടി.

ലിഭിച്ച വിളി ജീവിച്ചുകൊണ്ട് ക്രൈസ്തവരായിത്തീരുകയെന്ന അനുഗ്രഹത്തിനായി പ്രാർത്ഥിക്കുക ഇന്നിൻെയും ആവശ്യമാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ മാതാപിതാക്കൾ, അദ്ധ്യാപകർ, വ്യവസായികൾ, സമർപ്പിതർ, സാധാരണ തൊഴിലാളികൾ അങ്ങനെ നാം എല്ലാവരും നമ്മുടെ  ദൗത്യം നിർവ്വഹിച്ചുകൊണ്ട് ക്രിസ്ത്യനികൾ ആയിത്തീരണമെന്ന് ഉദ്ബോധിപ്പിച്ചു.

അന്തർജ്ഞാനം പ്രത്യാശയുടെ ഒരു രൂപമാണെന്നും ഇങ്ങനെയാണ് ദൈവം തൻറെ സഭയെ മുന്നോട്ട് കൊണ്ടുപോകുകയും അവൾക്ക് പുതിയ വഴികൾ കാണിച്ചുകൊടുക്കുകയും ചെയ്യുന്നതെന്നും പാപ്പാ പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 സെപ്റ്റംബർ 2025, 12:53

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >