തിരയുക

പാപ്പാ: ഉത്ഥിതൻ ദുഃഖമെന്ന വ്യാധിയെ സുഖപ്പെടുത്തുന്നു!

ലിയൊ പതിനാലാമൻ പാപ്പായുടെ പ്രതിവാരപൊതുദർശന സന്ദേശം:ക്രിസ്തുവിൻറെ ഉത്ഥാനം മാനവ ദുഃഖത്തിനുള്ള ഉത്തരം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണമായിരുന്നു പാപ്പാ അനുവദിച്ച പ്രതിവാര പൊതുദർശനത്തിൻറെ വേദി ഈ ബുധനാഴ്ചയും (22/10/25). ഇതിൽ പങ്കുകൊള്ളുന്നതിന്  വിവിധരാജ്യക്കാരായിരുന്ന തീർത്ഥാടകരും സന്ദർശകരുമായി പതിനായിരക്കണക്കിനാളുകൾ ചത്വരത്തിലും പരിസരത്തുമായി സന്നിഹിതരായിരുന്നു. പൊതുദർശനം അനുവദിക്കുന്നതിന് റോമിലെ സമയം രാവിലെ 9.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.15-ഓടെ, പാപ്പാ, തന്നെ എല്ലാവർക്കും കാണത്തക്ക രീതിയിൽ  സജ്ജീകരിക്കപ്പെട്ടിരിക്കുന്ന തുറന്ന വെളുത്ത വാഹനത്തിൽ അങ്കണത്തിലെത്തിയപ്പോൾ ജനസഞ്ചയത്തിൻറെ ആനന്ദാരവങ്ങളും കരഘോഷങ്ങളും ഉയർന്നു. വാഹനത്തിൽ ജനങ്ങളുടെ ഇടയിലൂടെ അവരെ അഭിവാദ്യം ചെയ്തുകൊണ്ട് കടന്നുപോയ പാപ്പാ അംഗരക്ഷകർ തൻറെ പക്കലേക്ക് ഇടയ്ക്കിടെ എടുത്തുകൊണ്ടുവന്ന പിഞ്ചു കുഞ്ഞുങ്ങളെ തലോടുകയും ആശീർവ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗവേദി ലക്ഷ്യമാക്കി നീങ്ങിയ പാപ്പാ അവിടെ എത്തിയതിനെ തുടർന്ന് വാഹനത്തിൽ നിന്നിറങ്ങി ത്രിത്വസ്തുതിയോടെ പൊതുദർശനപരിപാടിക്ക് തുടക്കം കുറിച്ചു. തദ്ദനന്തരം വിവിധ ഭാഷകളിൽ വിശുദ്ധഗ്രന്ഥ വായനയായിരുന്നു.

അവർ പരസ്പരം പറഞ്ഞു: വഴിയിൽ വച്ച് അവൻ വിശുദ്ധലിഖിതം വിശദീകരിച്ചുകൊണ്ട് നമ്മോടു സംസാരിച്ചപ്പോൾ നമ്മുടെ ഹൃദയം ജ്വലിച്ചിരുന്നില്ലേ? അവർ അപ്പോൾത്തന്നെ എഴുന്നേറ്റ് ജറുസലേമിലേക്കു പോയ; അവിടെ കൂടിയിരുന്ന പതിനൊന്നുപേരെയും അവരോടൊപ്പമുണ്ടായിരുന്നവരെയും കണ്ടു. കർത്താവു സത്യമായും ഉയിർത്തെഴുന്നേറ്റു; ശിമയോനു പ്രത്യക്ഷപ്പെട്ടു എന്ന് അവർ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. വഴിയിൽവച്ചു സംഭവിച്ചതും അപ്പം മുറിക്കുമ്പോൾ തങ്ങൾ അവനെ തിരിച്ചറിഞ്ഞതും അവരും വിവരിച്ചു .”  ലൂക്കാ 24,32-35

ഈ വായന അവസാനിച്ചതിനെ തുടർന്ന് ലിയൊ പതിനാലാമൻ പാപ്പാ തൻറ സന്ദേശം നല്കി. പ്രത്യാശയുടെ ജൂബിലിവർഷാചരണത്തോടനുന്ധിച്ച് ഫ്രാൻസീസ് പാപ്പാ തുടങ്ങിവച്ച, നമ്മുടെ പ്രത്യാശയായ യേശുവിൻറെ ജീവതത്തെ അധികരിച്ചുള്ള  പ്രബോധനപരമ്പര പാപ്പാ യേശുവിൻറെ പുനരുത്ഥാന രഹസ്യത്തെ  അവലംബമാക്കി തുടർന്നു. ക്രിസ്തുവിൻറെ ഉത്ഥാനം മാനവ ദുഃഖത്തിനുള്ള ഉത്തരമാണെന്ന്  പാപ്പാ വിശദീകരിച്ചു ഇറ്റാലിയൻ ഭാഷയിൽ ആയിരുന്ന തൻറെ പ്രഭാഷണത്തിൽ. പാപ്പാ ഇപ്രകാരം പറഞ്ഞു:

ക്രിസ്തുവിൻറെ പുനരുത്ഥാനം

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം! ഏവർക്കും സ്വാഗതം!

നമ്മുടെ ധ്യാനവും പരിചിന്തനവും ഒരിക്കലും അവസാനിക്കാത്ത ഒരു സംഭവമാണ്  യേശുക്രിസ്തുവിൻറെ പുനരുത്ഥാനം, അതിലേക്ക് നാം കൂടുതൽ ആഴ്ന്നിറങ്ങുന്തോറും, കണ്ണഞ്ചിപ്പിക്കുന്നതും ഒപ്പം മനം കവരുന്നതുമായ ഒരു വെളിച്ചത്താൽ എന്നതുപോലെ നാം ആകർഷിക്കപ്പെടുകയും കൂടുതൽ വിസ്മയഭരിതരാകുകയും ചെയ്യുന്നു. എല്ലാ യാഥാർത്ഥ്യങ്ങളുടെയും അർത്ഥത്തെ നിഷേധാത്മകതയിൽ നിന്ന് ഭാവാത്മകതയിലേക്ക് മാറ്റിയ ജീവൻറെയും സന്തോഷത്തിൻറെയും ഒരു വിസ്ഫോടനമായിരുന്നു അത്; എന്നിരുന്നാലും അത് അസാധാരണമായിട്ടല്ല,  ഒട്ടും തീവ്രമായ രീതിയിലുമല്ല, മറിച്ച് സൗമ്യവും നിഗൂഢവും ഏതാണ്ട് എളിയ രീതിയിൽ എന്നു പറയാവുന്ന വിധത്തിലുമായിരുന്നു സംഭവിച്ചത്.

ദുഃഖത്തിൽ നിന്നു സൗഖ്യമേകുന്ന ഉത്ഥാനം

ക്രിസ്തുവിൻറെ പുനരുത്ഥാനത്തിന് നമ്മുടെ ഇക്കാലത്തെ വ്യാധികളിലൊന്നായ ദുഃഖത്തെ എങ്ങനെ സുഖപ്പെടുത്താൻ കഴിയും എന്നതിനെക്കുറിച്ചാണ് ഇന്ന് നാം മനനം ചെയ്യുക: ദുഃഖം. കടന്നുകയറുന്നതും വ്യാപകവുമായ ദുഃഖം നിരവധി ആളുകളുടെ നാളുകളോടൊപ്പം ഉണ്ട്. അത്  അനിശ്ചിതത്വത്തിൻറെ, ചിലപ്പോൾ, ആന്തരികതയിലേക്ക് ഇരച്ചുകയറുകയും ആനന്ദാവേശത്തിനുമേൽ പ്രബലപ്പെടുന്നതായി തോന്നിക്കുകയും ചെയ്യുന്ന, അഗാധമായ നിരാശയുടെ, ഒരു വികാരമാണ്.

ദുഃഖത്തിൻറെ അനന്തര ഫലങ്ങൾ

ദുഃഖം ജീവിതത്തിൻറെ അർത്ഥവും ഊർജ്ജസ്വലതയും കവർന്നെടുക്കുന്നു, അത് ദിശാരഹിതവും അർത്ഥശൂന്യവുമായ ഒരു യാത്രയെന്ന പോലെയായിത്തീരുന്നു. ഇന്നും ഇത്രമാത്രം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ അനുഭവം എമ്മാവൂസിലേക്കു പോയ രണ്ട് ശിഷ്യന്മാരെക്കുറിച്ചുള്ള, ലൂക്കായുടെ സുവിശേഷത്തിലെ (24:13-29) പ്രസിദ്ധമായ ആഖ്യാനത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നു. ക്രൂശിക്കപ്പെട്ട് സംസ്കരിക്കപ്പെട്ട യേശുവിൽ അർപ്പിച്ച പ്രതീക്ഷകൾ വെടിഞ്ഞ് അവർ ഹതാശരും ഭീതിതരുമായി ജറുസലേം വിടുന്നു. ഈ സംഭവത്തിൻറെ പ്രാരംഭ വരികളിൽ, മാനവ ദുഃഖത്തിൻറെ ഒരു മാതൃക അവതരിപ്പിക്കപ്പെടുന്നു: വളരെയധികം ഊർജ്ജം നിക്ഷേപിക്കപ്പെട്ട ഒരു ലക്ഷ്യത്തിൻറെ അന്ത്യം, ഒരാളുടെ ജീവിതത്തിന് സത്താപരമായി തോന്നിയതിൻറെ നാശം. പ്രത്യാശ മാഞ്ഞുപോയി, ഹൃദയത്തിൽ ശൂന്യത പടർന്നു. വെള്ളിയാഴ്ചയ്ക്കും ശനിയാഴ്ചയ്ക്കും ഇടയിൽ, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ, നാടകീയമായ സംഭവങ്ങളുടെ ഒരു പരമ്പരയിൽ സകലവും അകോന്മുഖമായി പൊട്ടിത്തെറിച്ചു.

വൈരുദ്ധ്യം യഥാർത്ഥത്തിൽ പ്രതീകാത്മകമാണ്: പരാജയത്തിൻറെയും സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവിൻറെയും ഈ ദുഃഖകരമായ യാത്ര നടക്കുന്നത് പ്രകാശത്തിൻറെ വിജയത്തിൻറെ അതേ ദിനത്തിലാണ്, പൂർണ്ണമായും പൂർത്തീകരിക്കപ്പെട്ട പെസഹാദിനത്തിലാണ്. രണ്ടുപേരും ഗൊൽഗോഥയോട്, അവരുടെ കണ്ണുകളിലും ഹൃദയങ്ങളിലും ഇപ്പോഴും പതിഞ്ഞിരിക്കുന്ന കുരിശിൻറെ ഭയാനകമായ രംഗത്തോട്, പുറംതിരിഞ്ഞു നിന്നു,. എല്ലാം നഷ്ടപ്പെട്ട പ്രതീതി. തിരിച്ചറിയപ്പെടില്ലയെന്ന പ്രതീക്ഷയോടെ, ഏതാണ്ടൊരു രഹസ്യാത്മകതയോടെ, പഴയ ജീവിതത്തിലേക്കു മടങ്ങേണ്ടിയിരിക്കുന്നു.

അപരിചത യാത്രികൻ

ഒരു പ്രത്യേക ഘട്ടത്തിൽ, ഒരു യാത്രികൻ ഈ രണ്ട് ശിഷ്യന്മാരെ സമീപിക്കുന്നു, ഒരുപക്ഷേ പെസഹാഘോഷത്തിന് ജറുസലേമിൽ പോയിരുന്ന നിരവധി തീർത്ഥാടകരിൽ ഒരാളായിരിക്കും. അത് ഉയിർത്തെഴുന്നേറ്റ യേശുവാണ്, എന്നാൽ അവർ അവനെ തിരിച്ചറിയുന്നില്ല. ദുഃഖം അവരുടെ കാഴ്ച മറയ്ക്കുന്നു, താൻ വധിക്കപ്പെടുമെന്നും മൂന്നാം ദിവസം താൻ വീണ്ടും ഉയിർത്തെഴുന്നേൽക്കുമെന്നും ഗുരു പലതവണ നൽകിയ വാഗ്ദാനം മായിച്ചുകളയുന്നു. അപരിചിതൻ അടുത്തുചെല്ലുകയും അവർ പറയുന്ന കാര്യങ്ങളിൽ താൽപ്പര്യം കാണിക്കുകയും ചെയ്യുന്നു. ഇരുവരും "മ്ലാനവദരരായി നിന്നു" (ലൂക്കാ 24:17) എന്ന് സുവിശേഷം പറയുന്നു. ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് നാമവിശേഷണം ഒരു ആകമാന ദുഃഖത്തെയാണ് അവതരിപ്പിക്കുന്നത്: ആത്മാവിൻറെ തളർച്ച അവരുടെ വദനങ്ങളിൽ തെളിയുന്നു.

യേശു അവരുടെ വാക്കുകൾ ശ്രവിക്കുകയും അവരുടെ നിരാശയുടെ ഭാരമിറക്കിവെക്കാൻ അനുവദിക്കുകയും ചെയ്യുന്നു. "പ്രവാചകന്മാർ പറഞ്ഞതെല്ലാം വിശ്വസിക്കാൻ കഴിയാത്തവിധം ഹൃദയം മന്ദീഭവിച്ചവരും ഭോഷന്മാരും ആയതിന്" (ലൂക്കാ 24,25),  തുടർന്ന് അവൻ, വളരെ തുറന്ന മനസ്സോടെ, അവരെ ശാസിക്കുകയും ക്രിസ്തു സഹിക്കുകയും മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്യേണ്ടിയിരുന്നുവെന്ന് തിരുവെഴുത്തുകളിലൂടെ കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. ഇരു ശിഷ്യന്മാരുടെയും ഹൃദയങ്ങളിൽ പ്രത്യാശയുടെ ഊഷ്മളത വീണ്ടും ജ്വലിപ്പിക്കുന്നു, അങ്ങനെ, സായഹ്നത്തിൽ അവർ ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ, അവർ അവരുടെ നിഗുഢ സഹയാത്രികനെ തങ്ങളോടൊപ്പം താമസിക്കാൻ ക്ഷണിക്കുന്നു.

ക്ഷണം സ്വീകരിക്കുന്ന ഉത്ഥിതനെ തിരിച്ചറിയുന്ന ശിഷ്യന്മാർ

യേശു ക്ഷണം സ്വീകരിച്ച് അവരോടൊപ്പം ഭക്ഷണത്തിനിരുന്നു. എന്നിട്ട് അപ്പം എടുത്ത്, മുറിച്ച്, നൽകുന്നു. ആ നിമിഷം, രണ്ട് ശിഷ്യന്മാരും അവനെ തിരിച്ചറിയുന്നു... എന്നാൽ അവൻ ഉടനെ അവരുടെ മുന്നിൽ നിന്ന് അപ്രത്യക്ഷനാകുന്നു (ലൂക്കാ 24,30-31). അവൻ അപ്പം മുറിച്ച പ്രവർത്തി അവരുടെ ആന്തരികനയനങ്ങളെ വീണ്ടും തുറക്കുന്നു, നിരാശയാൽ മൂടപ്പെട്ട അവരുടെ കാഴ്ച തിരിച്ചു നല്കുന്നു. അപ്പോൾ എല്ലാം വ്യക്തമാകുന്നു: ഒന്നിച്ചുള്ള യാത്ര, സൗമ്യവും ശക്തവുമായ വചനം, സത്യത്തിൻറെ വെളിച്ചം... ഉടൻ സന്തോഷം വീണ്ടും ജ്വലിക്കുന്നു, തളർച്ച ബാധിച്ച അവയവങ്ങളിലൂടെ വീണ്ടും ഊർജ്ജം പ്രവഹിക്കുന്നു, അവരുടെ ഓർമ്മകൾ കൃതജ്ഞതയായി മാറുന്നു. മറ്റുള്ളവരോട് എല്ലാം പറയാൻ ഇരുവരും വേഗം ജറുസലേമിലേക്ക് മടങ്ങുന്നു.

"കർത്താവ് സത്യമായും ഉയിർത്തെഴുന്നേറ്റു" (ലൂക്കാ 24,34 കാണുക). സത്യമായും എന്ന ഈ ക്രിയാവിശേഷണത്തിൽ, മനുഷ്യരെന്ന നിലയിൽ നമ്മുടെ ചരിത്രത്തിൻറെ നിശ്ചിത ഫലം നിറവേറ്റപ്പെടുന്നു. ഉയിർപ്പു ദിനത്തിൽ ക്രിസ്ത്യാനികൾ കൈമാറുന്ന യാദൃശ്ചിക ആശംസയല്ല ഇത്. യേശു ഉയിർത്തെഴുന്നേറ്റത് വാക്കുകളിലൂടെയല്ല, മറിച്ച് പ്രവൃത്തികളിലൂടെയാണ്, അവന് നമ്മോടുള്ള സ്നേഹത്തിൻറെ ശാശ്വത മുദ്രയായ അവൻറെ പീഢാസഹനത്തിൻറെ അടയാളങ്ങൾ പേറുന്ന, അവൻറെ ശരീരത്തോടെയാണ്. ജീവൻറെ വിജയം പൊള്ളയായൊരു പദമല്ല, മറിച്ച്, യഥാർത്ഥ, മൂർത്തമായ ഒരു വസ്തുതയാണ്.

ദുഃഖത്തെ പ്രത്യാശയാക്കുന്ന ഉത്ഥാനം 

എമ്മാവൂസിലെ ശിഷ്യന്മാരുടെ അപ്രതീക്ഷിത സന്തോഷം  നമുക്ക് നമ്മുടെ യാത്ര ദുഷ്‌കരമാകുമ്പോൾ ഒരു മധുരതര മുന്നറിയിപ്പാകട്ടെ. ദുഃഖത്തിൻറെതായ ശൂന്യതയെ നിറയ്ക്കുന്ന പ്രത്യാശ പകർന്നുകൊണ്ട് നമ്മുടെ വീക്ഷണത്തെ സമൂലം മാറ്റുന്നത് ഉത്ഥിതനാണ്. ഉയിർത്തെഴുന്നേറ്റവൻ, ഹൃദയസരണികളിൽ,  നമ്മോടൊപ്പവും നമുക്കുവേണ്ടിയും നടക്കുന്നു. കാൽവരിയുടെ അന്ധകാരമുണ്ടെങ്കിലും, അവൻ മരണത്തിൻറെ തോൽവിയ്ക്ക് സാക്ഷ്യംവഹിക്കുകയും ജീവൻറെ വിജയം പ്രഖ്യാപിക്കുകയും ചെയ്യുന്നു. ചരിത്രത്തിന് ഇപ്പോഴും നന്മയെക്കുറിച്ച് വളരെയധികം പ്രതീക്ഷയുണ്ട്.

വീക്ഷണം മാറ്റൽ, സത്യം തിരിച്ചറിയൽ

പുനരുത്ഥാനം അംഗീകരിക്കുകയെന്നാൽ ലോകത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് മാറ്റുക എന്നാണർത്ഥം: നമ്മെ രക്ഷിച്ചതും നമ്മെ രക്ഷിക്കുന്നതുമായ സത്യം തിരിച്ചറിയാൻ വെളിച്ചത്തിലേക്ക് മടങ്ങുകയാണ്. സഹോദരീ സഹോദരന്മാരേ, ഉയിർത്തെഴുന്നേറ്റ യേശുവിൻറെ പെസഹായുടെ വിസ്മയത്തിൽ നമുക്ക് എല്ലാ ദിവസവും ജാഗരൂകരായിരിക്കാം. അസാധ്യമായത് സാധ്യമാക്കുന്നത് അവൻ മാത്രമാണ്!

സമാപനാഭിവാദ്യങ്ങളും ആശീർവ്വാദവും

ഈ വാക്കുകളെ തുർന്ന് പാപ്പായുടെ ഇറ്റാലിയൻ ഭാഷയിലായിരുന്ന പ്രഭാഷണത്തിൻറെ സംഗ്രഹം വിവിധ ഭാഷകളിൽ പാരായണം ചെയ്യപ്പെടുകയും പാപ്പാ ഓരോ ഭാഷാവിഭാഗത്തെയും അഭിവാദ്യം ചെയ്യുകയും ചെയ്തു.

പൊതുദർശനപരിപാടിയുടെ അവസാന ഭാഗത്ത് ഇറ്റാലിയൻ ഭാഷാക്കാരെ സംബോധനചെയ്യവെ പാപ്പാ  സമൂഹത്തിൻറെ എല്ലാ മേഖലകളിലും ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നതിന് എല്ലാവരും എപ്പോഴും അവൻറെ സ്നേഹത്തിൽ വളരട്ടെയെന്ന് ആശംസിച്ചു. രോഗികളെയും, നവദമ്പതികളെയും, യുവജനത്തെയും, അഭിവാദ്യം ചെയ്ത പാപ്പാ. ഒക്ടോബർ മാസം  നമ്മെ സഭയുടെ ദൗത്യത്തിൽ സജീവമായ സഹകരണം നവീകരിക്കാൻ ക്ഷണിക്കുന്നുവെന്ന് ഓർമ്മിപ്പിച്ചു.  ജനതകളുടെ സുവിശേഷവൽക്കരണത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവർക്ക് മൂർത്തമായ പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട്, പ്രാർത്ഥനയുടെ ശക്തിയാലും  വൈവാഹിക ജീവിതമേകുന്ന സാധ്യതകളാലും യുവത്വത്തിൻറെ നവീന ഊർജ്ജത്താലും സുവിശേഷത്തിൻറെ പ്രേഷിതരാകാൻ പാപ്പാ ആഹ്വാനം ചെയ്തു. തുടർന്ന് കർത്തൃപ്രാർത്ഥന ലത്തീൻ ഭാഷയിൽ ആലപിക്കപ്പെട്ടതിനു ശേഷം പാപ്പാ തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 ഒക്‌ടോബർ 2025, 12:08

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >