പാപ്പാ:സ്ഥാനമാനങ്ങളും അധികാരങ്ങളും ആനന്ദമേകില്ല, ഹൃദയാഭിലാഷങ്ങൾക്ക് ഉത്തരമേകുന്നത് യേശു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണമായിരുന്നു പാപ്പാ അനുവദിച്ച പ്രതിവാര പൊതുദർശനത്തിൻറെ വേദി ഈ ബുധനാഴ്ചയും (15/10/25). ഇതിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന തീർത്ഥാടകരും സന്ദർശകരുമായി അറുപതിനായിരത്തിലേറെപ്പേർ ചത്വരത്തിലും ബസലിക്കാങ്കണത്തിലേക്കു നയിക്കുന്ന, അനുരഞ്ജന പാത എന്നർത്ഥം വരുന്ന, “വിയ ദെല്ല കൊൺചിലിയത്സിയോനെ”യിലുമായി സന്നിഹിതരായിരുന്നു. പൊതുദർശനം അനുവദിക്കുന്നതിന് റോമിലെ സമയം രാവിലെ 9.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.15-ഓടെ, പാപ്പാ, തന്നെ എല്ലാവർക്കും കാണത്തക്ക രീതിയിൽ സജ്ജീകരിക്കപ്പെട്ടിരിക്കുന്ന തുറന്ന വെളുത്ത വാഹനത്തിൽ അങ്കണത്തിലെത്തിയപ്പോൾ ജനസഞ്ചയത്തിൻറെ ആനന്ദാരവങ്ങളും കരഘോഷങ്ങളും ഉയർന്നു. വാഹനത്തിൽ ജനങ്ങളുടെ ഇടയിലൂടെ അവരെ അഭിവാദ്യം ചെയ്തുകൊണ്ട് കടന്നുപോയ പാപ്പാ അംഗരക്ഷകർ തൻറെ പക്കലേക്ക് ഇടയ്ക്കിടെ എടുത്തുകൊണ്ടുവന്ന പിഞ്ചു കുഞ്ഞുങ്ങളെ തലോടുകയും ആശീർവ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. “വിയ ദെല്ല കൊൺചിലിയത്സിയോനെ”യുടെ ഇരുവശങ്ങളിലുമായി നിലയുറപ്പിച്ചിരുന്നവരെയും പാപ്പാ അഭിവാദ്യം ചെയ്യാനെത്തി. തുടർന്ന് പ്രസംഗവേദി ലക്ഷ്യമാക്കി നീങ്ങിയ പാപ്പാ അവിടെ എത്തിയതിനെ തുടർന്ന് വാഹനത്തിൽ നിന്നിറങ്ങി ത്രിത്വസ്തുതിയോടെ പൊതുകൂടിക്കാഴ്ചാപരിപാടിക്ക് തുടക്കം കുറിച്ചു. തദ്ദനന്തരം വിവിധ ഭാഷകളിൽ വിശുദ്ധഗ്രന്ഥ വായനയായിരുന്നു.
“അപ്പോൾ യേശു വീണ്ടും അവരോടു പറഞ്ഞു:ഞാനാണ് വാതിൽ; എന്നിലൂടെ പ്രവേശിക്കുന്നവൻ രക്ഷപ്രാപിക്കും. അവൻ അകത്തു വരുകയും പുറത്തു പോകുകയും മേച്ചിൽസ്ഥലം കണ്ടെത്തുകയും ചെയ്യും. മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ് കള്ളൻ വരുന്നത്. ഞാൻ വന്നിരിക്കുന്നത് അവർക്ക് ജീവനുണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ്.” യോഹന്നാൻ 10,7.9-10
ഈ വായന അവസാനിച്ചതിനെ തുടർന്ന് ലിയൊ പതിനാലാമൻ പാപ്പാ തൻറ സന്ദേശം നല്കി. പ്രത്യാശയുടെ ജൂബിലിവർഷാചരണത്തോടനുന്ധിച്ച് ഫ്രാൻസീസ് പാപ്പാ തുടങ്ങിവച്ച, നമ്മുടെ പ്രത്യാശയായ യേശുവിൻറെ ജീവതത്തെ അധികരിച്ചുള്ള പ്രബോധനപരമ്പര പാപ്പാ യേശുവിൻറെ പുനരുത്ഥാന രഹസ്യത്തെ അവലംബമാക്കി തുടർന്നു. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണം:
ക്രിസ്തുവിൻറെ പുനരുത്ഥാനവും ഇന്നിൻറെ വെല്ലുവിളികളും
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!
ജൂബിലി വർഷത്തിലെ പ്രബോധനങ്ങളിൽ, ഇതുവരെ, സുവിശേഷങ്ങൾ പിൻചെന്നുകൊണ്ട്, യേശുവിൻറെ ജനനം മുതൽ മരണവും പുനരുത്ഥാനവും വരെയുള്ള ജീവിതം പുനരവലോകനം ചെയ്തു. അങ്ങനെ ചെയ്യുകവഴി, പ്രത്യാശയിലുള്ള നമ്മുടെ തീർത്ഥാടനം അതിൻറെ ഉറച്ച അടിത്തറ, അതിൻറെ സുനിശ്ചിത പാത കണ്ടെത്തി. ഇപ്പോൾ, യാത്രയടെ അന്ത്യഘട്ടത്തിൽ, നമ്മൾ, പുനരുത്ഥാനത്തിൽ ഉച്ചകോടിയിലെത്തുന്ന ക്രിസ്തു രഹസ്യം, നിലവിലെ മാനുഷികവും ചരിത്രപരവുമായ യാഥാർത്ഥ്യവുമായും അതിൻറെ ചോദ്യങ്ങളും വെല്ലുവിളികളുമായുമുള്ള സമ്പർക്കത്തിൽ അതിൻറെ രക്ഷാകര പ്രഭ പരത്താൻ വഴിതെളിക്കുകയാണ്.
നമ്മുടെ ജീവിതം
നമ്മുടെ ജീവിതം വിഭിന്നങ്ങളായ സൂക്ഷ്മതകളും അനുഭവങ്ങളും നിറഞ്ഞ അസംഖ്യം സംഭവങ്ങളാൽ മുദ്രിതമായിരിക്കുന്നു. ചിലപ്പോൾ നാം സന്തോഷമുള്ളവരാകാം, മറ്റുചിലപ്പോൾ സങ്കടം, ചിലപ്പോൾ നിറവ് അനുഭവപ്പെടാം, അല്ലെങ്കിൽ നാം സമ്മർദ്ദവിധേയരാകാം, സംതൃപ്തരാകാം, നിരുത്സാഹികളാകാം. നമ്മൾ തിരക്കുള്ള ജീവിതം നയിക്കുന്നു, ഫലം നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഉന്നതവും അഭിമാനകരവുമായ ലക്ഷ്യങ്ങൾ പോലും നാം കൈവരിക്കുന്നു. അതിനു കടകവിരുദ്ധമായി നമ്മൾ സ്തംഭവനാവസ്ഥയിലും സന്ദിഗ്ദാവസ്ഥയിലും വൈകി എത്തിച്ചേരുന്നതോ ഒരിക്കലും എത്തിച്ചേരാത്തതോ ആയ നേട്ടങ്ങൾക്കും അംഗീകാരത്തിനും വേണ്ടി കാത്തിരിക്കുന്ന അവസ്ഥയിലുമാകാം. ചുരുക്കത്തിൽ, നമുക്ക് വിരോധാഭാസപരമായ ഒരു അവസ്ഥ അനുഭവപ്പെടുന്നു: നമ്മൾ സന്തുഷ്ടരായിരിക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ, നിരന്തരവും നിഴലുകളില്ലാത്തതുമായ ഒരു രീതിയിൽ അപ്രകാരമായിരിക്കുക വളരെ ബുദ്ധിമുട്ടാണ്. നമ്മുടെ പരിമിതികളുമായി നാം പൊരുത്തപ്പെടുന്നു, അതോടൊപ്പം, അവയെ മറികടക്കാൻ പരിശ്രമിക്കാനുള്ള അദമ്യമായ പ്രേരണ നമ്മിലുളവാകുന്നു. നമുക്ക് എപ്പോഴും എന്തെങ്കിലും കുറവുണ്ടെന്ന് തോന്നൽ നമ്മുടെ ഉള്ളിൻറെയുള്ളിൽ ഉണ്ടാകുന്നു.
പൂർണ്ണതപ്രാപിക്കേണ്ട ജീവൻ
സത്യത്തിൽ, നാം സൃഷ്ടിക്കപ്പെട്ടത് കുറവുള്ളവരായിരിക്കാനല്ല, പ്രത്യുത, പൂർണ്ണതയ്ക്കുവേണ്ടിയാണ്, ജീവിനിൽ ആനന്ദിക്കാനാണ്, യോഹന്നാൻറെ സുവിശേഷത്തിൽ യേശു പ്രകടിപ്പിക്കുന്നതുപോലെ (യോഹന്നാൻ 10:10 കാണുക) ജീവൻ സമൃദ്ധമായി ഉണ്ടാകുന്നതിനാണ്.
നമ്മുടെ ഹൃദയത്തിൻറെ ഈ അഗാധ അഭിവാഞ്ഛയ്ക്ക് അതിൻറെ ആത്യന്തിക ഉത്തരം കണ്ടെത്താൻ കഴിയുന്നത് കർത്തവ്യങ്ങളിലോ, അധികാരത്തിലോ, സമ്പത്തിലോ അല്ല, മറിച്ച് നമ്മുടെ മാനവികതയുടെ ഈ ഘടനാപരമായ പ്രേരണയ്ക്ക് ഉറപ്പേകുന്ന ഒരാൾ ഉണ്ടെന്ന സുനിശ്ചിതത്വത്തിലാണ്; ഈ പ്രതീക്ഷ നിരാശപ്പെടുത്തുകയോ നിഷ്ഫലമാകുകയോ ചെയ്യില്ല എന്ന ബോദ്ധ്യത്തിലാണ്. ഈ ഉറപ്പ് പ്രത്യാശയുമായി ഏകീഭവിക്കുന്നു. ഇതിനർത്ഥം നാം ശുഭാപ്തിവിശ്വാസികളായിരിക്കണമെന്നല്ല: ശുഭാപ്തിവിശ്വാസം പലപ്പോഴും നമ്മെ നിരാശരാക്കുന്നു, നമ്മുടെ പ്രതീക്ഷകൾ ആന്തരികവിസ്ഫോടനഹേതുവാകുമ്പോൾ, പ്രത്യാശയാകട്ടെ, വാഗ്ദാനമേകുകയും അതു പാലിക്കുകയും ചെയ്യുന്നു.
നമ്മുടെ ഉറവിടവും ഉറപ്പും ഉത്ഥിതൻ
സഹോദരീസഹോദരന്മാരേ, ഉയിർത്തെഴുന്നേറ്റ യേശുവാണ് ഈ വിടുതലിൻറെ ഉറപ്പ്! അവനാണ്, പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളിൽ നിറയ്ക്കുന്ന പൂർണ്ണതയ്ക്കായുള്ള, ജ്വലിക്കുന്ന, അനന്തമായ ദാഹത്തെ തൃപ്തിപ്പെടുത്തുന്ന ഉറവിടം. ക്രിസ്തുവിൻറെ പുനരുത്ഥാനം, വാസ്തവത്തിൽ, മാനവചരിത്രത്തിലെ ഒരു ലളിത സംഭവമല്ല, മറിച്ച് അതിനെ ഉള്ളിൽ നിന്ന് രൂപാന്തരപ്പെടുത്തിയ സംഭവമാണ്.
നമുക്ക് ഒരു ജലസ്രോതസ്സിനെക്കുറിച്ച് ചിന്തിക്കാം. അതിൻറെ സവിശേഷതകൾ എന്തൊക്കെയാണ്? അത് ജീവജാലങ്ങളുടെ ദാഹം ശമിപ്പിക്കുകയും അവയ്ക്ക് ഉന്മേഷംപകരുകയും ചെയ്യുന്നു, ഭൂമിയെയും സസ്യങ്ങളെയും നനയ്ക്കുകയും, അല്ലാത്തപക്ഷം വരണ്ടതായി പോകുമായിരുന്ന അവയെ ഫലഭൂയിഷ്ഠവും ജീവനുള്ളതുമാക്കിത്തീർക്കുന്നു. ക്ഷീണിതനായ യാത്രികന് പുതുമയുടെതായ ഒരു മരുപ്പച്ചയുടെ സന്തോഷം പ്രദാനം ചെയ്തുകൊണ്ട് അത് അവന് ഉന്മേഷമേകുന്നു. പ്രകൃതിക്കും, ജീവജാലങ്ങൾക്കും, മനുഷ്യർക്കും ഒരു സൗജന്യ ദാനമായി കാണപ്പെടുന്നു നീരുറവ. വെള്ളമില്ലാതെ നമുക്ക് ജീവിക്കാൻ കഴിയില്ല.
ഉത്ഥിതൻ, ഒരിക്കലും വറ്റുകയോ മാറ്റങ്ങൾക്ക് വിധേയമാകുകയോ ചെയ്യാത്ത സജീവ സ്രോതസ്സാണ്. അത് എപ്പോഴും ശുദ്ധവും ദാഹിക്കുന്ന ഏതൊരാൾക്കും എപ്പോഴും ഉപയോഗിക്കാൻ സജ്ജമായതുമാണ്. ദൈവിക രഹസ്യം നാം എത്രത്തോളം ആസ്വദിക്കുന്നുവോ അത്രയധികം നാം അതിലേക്ക് ആകർഷിക്കപ്പെടുന്നു, നാം ഒരിക്കലും പൂർണ്ണമായി സംതൃപ്തരാകുന്നില്ല. നമ്മുടെ ഹൃദയങ്ങളുടെ അടങ്ങാത്ത ഈ ദാഹം വിശുദ്ധ അഗസ്റ്റിൻ, കുമ്പസാരങ്ങളുടെ പത്താം പുസ്തകത്തിൽ അവതരിപ്പിക്കുകയും തൻറെ പ്രസിദ്ധമായ സൗന്ദര്യ ഗീതത്തിൽ ഇപ്രകാരം ആവിഷ്കരിക്കുകയും ചെയ്തിരിക്കുന്നു: "നീ നിൻറെ സുഗന്ധം പരത്തി, അതു ഞാൻ ശ്വസിച്ചു, ഞാൻ നിക്കായി ദാഹിക്കുന്നു; ഞാൻ ആസ്വദിച്ചു, ഞാൻ നിനക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നു; നീ എന്നെ സ്പർശിച്ചു, നിൻറെ സമാധാനത്തിനായുള്ള വാഞ്ഛയാൽ ഞാൻ ജ്വലിച്ചു" (X, 27, 38).
ഉയിർത്തെഴുന്നേറ്റവൻ നമ്മുടെ സഹയാത്രികനാകുന്നു
തൻറെ പുനരുത്ഥാനത്തിലൂടെ യേശു നമുക്ക് ഒരു സ്ഥിര ജീവിത സ്രോതസ്സ് ഉറപ്പേകി: അവൻ ജീവിക്കുന്നവനാണ് (വെളിപാട് 1:18 കാണുക), ജീവനെ സ്നേഹിക്കുന്നവൻ, ഓരോ മരണത്തിൻറെയും മേൽ വിജയം നേടിയവൻ. അതിനാൽ, നമ്മുടെ ഭൗമിക യാത്രയിൽ നമുക്ക് നവോന്മേഷമേകാനും നിത്യതയിൽ നമുക്ക് പൂർണ്ണ സമാധാനം ഉറപ്പാക്കാനും അവനു കഴിയും. മരിച്ച് ഉയിർത്തെഴുന്നേറ്റ യേശു മാത്രമാണ് നമ്മുടെ ഹൃദയത്തിൻറെ ഏറ്റവും ആഴമേറിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നുള്ളൂ: നമുക്ക് യഥാർത്ഥത്തിൽ ഒരു ലക്ഷ്യസ്ഥാനമുണ്ടോ? നമ്മുടെ അസ്തിത്വത്തിന് അർത്ഥമുണ്ടോ? ഇത്രയധികം നിരപരാധികളുടെ സഹനങ്ങൾ, അത് എങ്ങനെ പരിഹരിക്കാനാകും?
ഉയിർത്തെഴുന്നേറ്റ യേശു "ഉന്നതത്തിൽ നിന്ന്" ഒരു ഉത്തരം നൽകുന്നില്ല, മറിച്ച് പലപ്പോഴും ബുദ്ധിമുട്ടുള്ളതും വേദനാജനകവും നിഗൂഢവുമായ ഈ യാത്രയിൽ നമ്മുടെ കൂട്ടാളിയായി മാറുന്നു. ദാഹം അസഹനീയമാകുമ്പോൾ നമ്മുടെ ഒഴിഞ്ഞ കുപ്പിയിൽ വെള്ളം നിറയ്ക്കാൻ അവനു മാത്രമേ കഴിയൂ.
നമ്മുടെ യാത്രയുടെ ലക്ഷ്യം
നമ്മുടെ യാത്രയുടെ ലക്ഷ്യം അവൻ തന്നെയാണ്. അവൻറെ സ്നേഹമില്ലെങ്കിൽ, ജീവിതയാത്ര ലക്ഷ്യസ്ഥാനമില്ലാത്ത ഒരു അലച്ചിലായി, ലക്ഷ്യസ്ഥാനം നഷ്ടപ്പെട്ട ദാരുണമായ തെറ്റ് ആയി മാറും. നാം ദുർബ്ബല സൃഷ്ടികളാണ്. തെറ്റ് നമ്മുടെ മനുഷ്യപ്രകൃതിയുടെ ഭാഗമാണ്; നമ്മെ വീഴ്ത്തുകയും ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുകയും നിരാശയിൽ നിപതിപ്പിക്കുകയും ചെയ്യുന്ന പാപത്തിൻറെ മുറിവാണ്. നേരെമറിച്ച്, ഉയിർത്തെഴുന്നേൽക്കുക എന്നതിനർത്ഥം വീണ്ടും എഴുന്നേറ്റ് നിൽക്കുക എന്നാണ്. ഉയിർത്തെഴുന്നേറ്റവൻ നമ്മുടെ ലക്ഷ്യത്തിലെത്തിച്ചേരൽ ഉറപ്പേകുന്നു; അവൻ നമ്മെ നാം പ്രതീക്ഷിക്കപ്പെടുന്ന, സ്നേഹിക്കപ്പെടുന്ന, രക്ഷിക്കപ്പെടുന്ന ഭവനത്തിലേക്കു നയിക്കുന്നു. അവനോടു ചേർന്ന് യാത്ര ചെയ്യുക എന്നതിനർത്ഥം, എല്ലാം ഉണ്ടായിരുന്നിട്ടും ഭാരമേറിയ കല്ലുകൾ പോലെ വിഘ്നം സൃഷ്ടിക്കുകയോ നമ്മുടെ ചരിത്രത്തെ തിരിച്ചുവിടുകയൊ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന കഷ്ടപ്പാടുകളിലും പോരാട്ടങ്ങളിലും താങ്ങിനിറുത്തപ്പെടുകയും നമ്മുടെ ദാഹം ശമിപ്പിക്കപ്പെടുകയും നവോന്മേഷം നല്കപ്പെടുകയും ചെയ്യുന്ന അനുഭവമുണ്ടാകലാണ്.
പ്രിയപ്പെട്ടവരേ, ജീവിതം ക്ലേശകരമാണെന്നിരിക്കിലും, അഗാധവും ആനന്ദകരവുമായ ഒരു സമാധാനം മുന്നാസ്വാദിക്കുന്നതിന് നമ്മെ പ്രാപ്തരാക്കുന്ന പ്രത്യാശ ക്രിസ്തുവിൻറെ പുനരുത്ഥാനത്തിൽ നിന്ന് ഉത്ഭവിക്കട്ടെ: നമുക്കായി അനന്തമായി നല്കാൻ അവന് മാത്രം കഴിയുന്ന സമാധാനമാണത്.
സമാപനാഭിവാദ്യവും ആശീർവ്വാദവും
ഈ വാക്കുകളെ തുർന്ന് പാപ്പായുടെ ഇറ്റാലിയൻ ഭാഷയിലായിരുന്ന പ്രഭാഷണത്തിൻറെ സംഗ്രഹം വിവിധ ഭാഷകളിൽ പാരായണം ചെയ്യപ്പെടുകയും പാപ്പാ ഓരോ ഭാഷാവിഭാഗത്തെയും അഭിവാദ്യം ചെയ്യുകയും ചെയ്തു.പൊതുദർശനപരിപാടിയുടെ അവസാന ഭാഗത്ത് ഇറ്റാലിയൻ ഭാഷാക്കാരെ പ്രത്യേകം സംബോധനചെയ്യവെ പാപ്പാ യുവജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്തു. ആവിലയിലെ വിശുദ്ധ ത്രേസ്യയുടെ തിരുന്നാൾ ഒക്ടോബർ 15-ന് ആചരിക്കപ്പെടുന്നത് അനുസ്മരിച്ച പാപ്പാ മഹത്തായ ധ്യാനാത്മകജീവിതം നയിച്ച ഈ പുണ്യവതിയുടെ മാതൃക, ലോകത്തിൻറെ ഏക രക്ഷകനായ യേശുക്രിസ്തുവിൽ നോട്ടം ഉറപ്പിച്ചുകൊണ്ട് അനുദിന പ്രാർത്ഥനയിൽ ആത്മാവിനെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു ക്ഷണമാകട്ടെയെന്ന് ആശംസിച്ചു. തുടർന്ന് കർത്തൃപ്രാർത്ഥന ലത്തീൻ ഭാഷയിൽ ആലപിക്കപ്പെട്ടതിനു ശേഷം പാപ്പാ തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
