തിരയുക

സഭ നരകുലത്തോടൊപ്പം ചരിക്കണം, മാനവരാശിയുടെ ചോദ്യങ്ങൾ അവളുടെ ഹൃദയത്തിൽ മുഴങ്ങണം!

ലിയൊ പതിനാലാമൻ പാപ്പാ ശനിയാഴ്ച ജൂബിലി ദർശനം അനുവദിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തീർത്ഥാടകരായ നാം ഇപ്പോൾ ക്രിസ്തുശിഷ്യരെപ്പോലെ, പുതിയൊരു ലോകത്തിൽ വസിക്കാൻ പഠിക്കണമെന്ന് മാർപ്പാപ്പാ.

പ്രത്യാശയുടെ ജൂബിലിവർഷത്തിൽ, ശനിയാഴ്ചകളിൽ നടത്തിപ്പോരുന്ന പ്രത്യേക കൂടിക്കാഴ്ചയുടെ തുടർച്ചയായി ഒക്ടോബർ 25-ന് ശനിയാഴ്ച വിശുദ്ധ പത്രോസിൻറെ ബലിസിക്കയുടെ അങ്കണത്തിൽ അനുവദിച്ച പൊതുദർശനവേളയിൽ ലിയൊ പതിനാലാമൻ പാപ്പാ പതിനാഞ്ചാം നൂറ്റാണ്ടിലെ കർദ്ദിനാളായിരുന്ന ജർമ്മൻ സ്വദേശി കൂസയിലെ നിക്കൊളാസിൻറെ പ്രബോധനങ്ങളെ അവലംബമാക്കി നടത്തിയ പ്രഭാഷണത്തിലാണ് ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

സിനഡൽ സംഘത്തിൻറെയും സഭയ്ക്കുള്ളിൽ വിശ്വാസികൾ ശ്രവിക്കപ്പെടുന്നതിനും കുടീയാലോചനയിൽ പങ്കാളികളാക്കപ്പെടുന്നതിനും വഴിയൊരുക്കുന്ന സംഘടനകളുടെയും ഒക്ടോബർ 24-26 വരെ ആചരിക്കപ്പെടുന്ന ജൂബിലിയിൽ പങ്കെടുക്കുന്നവരുൾപ്പടെയുള്ള നാല്പതിനായിരത്തോളം പേർ ഈ കൂടിക്കാഴ്ചയിൽ സംബന്ധിച്ചിരുന്നു.

എതിർ ചിന്താധാരകളും  കിഴക്കും പടിഞ്ഞാറും തമ്മിലുള്ള പിളർപ്പും പിടിച്ചുലച്ചതിനാൽ സഭയുടെ ഐക്യം കാണാനും, ക്രിസ്തുമതം ബാഹ്യ ഭീഷണി അനുഭവിച്ചിരുന്ന ഒരു കാലഘട്ടത്തിൽ മതങ്ങൾക്കിടയിലും ലോകത്തിലും സമാധാനം ദർശിക്കാനും കൂസയിലെ നിക്കോളാസിന് കഴിഞ്ഞില്ല എന്ന വസ്തു അനുസ്മരിച്ച പാപ്പാ, അദ്ദേഹം പാപ്പായുടെ ഒരു നയതന്ത്രപ്രതിനിധി എന്ന നിലയിലുള്ള യാത്രാ വേളകളിൽ സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രാർത്ഥിക്കുകയും അതെക്കുറിച്ച് ചിന്തിക്കുകയും ചെയ്തിരുന്നുവെന്നും അതുകൊണ്ടു തന്നെ അദ്ദേഹത്തിൻറെ രചനകളെല്ലാം പ്രകാശപൂരിതങ്ങളാണെന്നും പ്രസ്താവിച്ചു.

ഇടം സൃഷ്ടിക്കുക, എതിരാളികളെ ഒരുമിച്ച് നിർത്തുക, ഇതുവരെ കണ്ടിട്ടില്ലാത്തതിനായി പ്രത്യാശിക്കുക എന്നിവയാണ് കർദ്ദിനാൾ നിക്കൊളാസിൻറെ പ്രബോധനങ്ങൾ എന്ന് പാപ്പാ പറഞ്ഞു. പ്രത്യാശ എന്നാൽ അറിയാതിരിക്കുക എന്നതാണെന്നും ഇന്നുയരുന്ന എല്ലാ ചോദ്യങ്ങൾക്കും നമുക്ക് ഉത്തരമില്ലെന്നും പാപ്പാ കൂട്ടിച്ചേർത്തു.

സഭ നരകുലത്തോടൊപ്പം ചരിക്കേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ചും പരാമർശിച്ച പാപ്പാ മാനവരാശിയൊടൊപ്പം ചരിക്കുകയും നരകുലത്തിൻറെ ചോദ്യങ്ങൾ അവളുടെ ഹൃദയത്തിൽ മുഴങ്ങുകയും ചെയ്യുമ്പോൾ മാത്രമെ അവൾ മാനവികതയുടെ വിദഗ്ദ്ധയാകുകയുള്ളുവെന്നു പ്രസ്താവിച്ചു.

ജൂബിലിയനുഭവം ഉപവിപ്രവർത്തനത്തിനും നീതിയ്ക്കും സമാധാനത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കും പ്രചോദനമാട്ടെയെന്ന് പാപ്പാ ഒക്ടോബർ കൂടിക്കാഴ്ചയുടെ അവസാനം യുവജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്യവെ ആശംസിച്ചു. അങ്ങനെ ഈ ജൂബിലിയനുഭവം ജീവിതത്തിൻറെ എല്ലാ മേഖലകളെയും നവീകരിക്കുന്നതിന് സംഭാവനയേകട്ടെയെന്നും പാപ്പാ പറഞ്ഞു.

പ്രത്യാശയുടെ ജൂബിലയാചരണ പശ്ചാത്തലത്തിൽ ഫ്രാൻസീസ് പാപ്പായാണ് ഈ പ്രത്യേക കൂടിക്കാഴ്ചയ്ക്ക് തുടക്കമിട്ടത്. ലിയൊ പതിനാലമാൻ പാപ്പാ അതു തുടരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 ഒക്‌ടോബർ 2025, 13:03

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >