തിരയുക

ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ  (@Vatican Media)

വിനോദങ്ങളും താത്കാലികബന്ധങ്ങളുമല്ല, പുനരുത്ഥാനവും ജീവനുമായ ക്രിസ്തുവാണ് നിത്യജീവൻ നൽകുക: ലിയോ പതിനാലാമൻ പാപ്പാ

മാർച്ച് ഇരുപത്തിരണ്ടാം തീയതി ഞായറാഴ്‌ച വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിച്ച അവസരത്തിൽ ലിയോ പതിനാലാമൻ പാപ്പാ പങ്കുവച്ച ചിന്തകളുടെ മലയാള പരിഭാഷ. ഈ ഞായറാഴ്ചയിലെ സുവിശേഷവായനയായ വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനൊന്നാം അദ്ധ്യായം ഒന്ന് മുതൽ നാൽപ്പത്തിയഞ്ച് വരെയുള്ള സുവിശേഷഭാഗത്ത് പുനരുത്ഥാനവും ജീവനുമായ ക്രിസ്തു മരണമടഞ്ഞ ലാസറിനെ ഉയിർപ്പിക്കുന്ന സംഭവത്തെ അടിസ്ഥാനമാക്കിയായിരുന്നു പാപ്പായുടെ പ്രഭാഷണം.
ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മാർച്ച് ഇരുപത്തിരണ്ടാം തീയതി ഞായറാഴ്‌ച ഉച്ചയ്ക്ക് വത്തിക്കാനിൽ ഞായറാഴ്ചകളിൽ പതിവുള്ളതുപോലെ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ ത്രികാലജപപ്രാർത്ഥന നയിക്കുകയും ആളുകളെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു. പതിനായിരത്തോളം ആളുകൾ പാപ്പായെ കാണാനും പ്രാർത്ഥനയിൽ പങ്കെടുക്കാനും ആശീർവാദം സ്വീകരിക്കാനുമായി വിശുദ്ധ പത്രോസിന്റെ ചത്വരത്തിനകത്തും പരിസരങ്ങളിലുമായി നിലനിന്നിരുന്നു.

ഉച്ചയ്ക്ക് കൃത്യം പന്ത്രണ്ടുമണിക്ക്, ഇന്ത്യയിൽ വൈകുന്നേരം നാലരയ്ക്ക് പരിശുദ്ധ പിതാവ് അപ്പസ്തോലിക കൊട്ടാരത്തിന്റെ ജാലകത്തിലെത്തുകയും, ഏവരെയും അഭിസംബോധന ചെയ്തുകൊണ്ട് തന്റെ പ്രഭാഷണം നടത്തുകയും ചെയ്തു. പുനരുത്ഥാനവും ജീവനുമായ ക്രിസ്തു മരണമടഞ്ഞ ലാസറിനെ ഉയിർപ്പിക്കുന്ന സംഭവത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഈ ഞായറാഴ്ചയിലെ സുവിശേഷവായനയായ വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനൊന്നാം അദ്ധ്യായം ഒന്ന് മുതൽ നാൽപ്പത്തിയഞ്ച് വരെയുള്ള ഭാഗത്തെ അടിസ്ഥാനമാക്കിയായിരുന്നു ഈ ഞായറാഴ്ച പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണം നടത്തിയത്. ഇറ്റാലിയൻ ഭാഷയിലായിരുന്ന പരിശുദ്ധപിതാവിന്റെ പ്രഭാഷണം ഇപ്രകാരമായിരുന്നു:

പ്രിയ സഹോദരീസഹോദരന്മാരെ, ശുഭദിനം!

നോമ്പുകാലത്തിന്റെ അഞ്ചാം ഞായറാഴ്ചയായ ഇന്ന്, ലാസറിന്റെ പുനരുത്ഥാനത്തെക്കുറിച്ചുള്ള സുവിശേഷമാണ് വിശുദ്ധബലിമധ്യേ പ്രഘോഷിക്കപ്പെടുന്നത് (യോഹ. 11, 1-45).

നോമ്പുകാലയാത്രയിൽ, മരണത്തിന്റെ മേൽ ക്രിസ്തുവിന്റെ വിജയത്തെയും, മാമ്മോദീസായിലൂടെ നാം സ്വീകരിക്കുന്ന നിത്യജീവനെന്ന ദാനത്തെയും കുറിച്ച് അനുസ്മരിപ്പിക്കുന്ന ഒരു അടയാളമാണിത് (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, 1265). "ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നിൽ വിശ്വസിക്കുകയും ചെയ്യുന്നവൻ ഒരിക്കലും മരിക്കുകയില്ല" (യോഹ. 11, 25-26) എന്ന് ലാസറിന്റെ സഹോദരിയായ മറിയത്തോടെന്നപോലെ നമ്മോടും യേശു ഇന്ന് പറയുന്നുണ്ട്.

നമുക്ക് തൊട്ടടുത്തായിരിക്കുന്ന വിശുദ്ധവാരത്തിൽ, കർത്താവിന്റെ പീഡാനുഭവസംഭവങ്ങൾ, ജെറുസലേമിലേക്കുള്ള പ്രവേശനം, അന്ത്യ അത്താഴം, കുറ്റവിചാരണ, കുരിശിലേറ്റൽ, സംസ്കാരം തുടങ്ങിയവയുടെ ആധികാരികമായ അർത്ഥം ജീവിക്കാനും, അവ ഉൾക്കൊള്ളുന്ന കൃപയെന്ന ദാനത്തിലേക്ക് നമ്മെത്തന്നെ തുറക്കാനുമായി,, ഈയൊരു ചിന്തയിൽ ജീവിക്കാനാണ് ഇന്ന് ആരാധനക്രമം  ക്ഷണിക്കുന്നത്.

മരണത്തിന്മേൽ വിജയിച്ചവനും, മാമ്മോദീസായുടെ കൃപയാൽ നമ്മിൽ ജീവിക്കുന്നവനുമായ ഉത്ഥിതനായ ക്രിസ്തുവിലാണ്, രക്ഷയ്ക്കും ജീവന്റെ പൂർണ്ണതയ്ക്കുമായുള്ള ഈ സംഭവങ്ങൾ അവയുടെ പൂർത്തീകരണം കണ്ടെത്തുന്നത്.

പ്രശസ്തിക്കും ലൗകികസമ്പത്തിനും വിനോദങ്ങൾക്കും താത്കാലിക ബന്ധങ്ങൾക്കും, നമ്മുടെ മനസ്സ് നിറയ്ക്കാനും നമ്മെ അമർത്യരാക്കാനും കഴിയുമെന്ന വിചാരത്തിൽ, സമയവും ഊർജ്ജവും മൂല്യങ്ങളും സ്നേഹബന്ധങ്ങളും പോലെയുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ ത്യാഗം ചെയ്തുപോലും, തുടർച്ചയായി പുതുമയും മാറ്റങ്ങളും തേടിക്കൊണ്ടിരിക്കുന്ന ഈ ലോകത്തെ അവന്റെ കൃപ പ്രകാശമയമാക്കുന്നുണ്ട്. ഈയൊരു അന്വേഷണം, നാമെല്ലാം ഉള്ളിൽ കൊണ്ടുനടക്കുന്നതും, കടന്നുപോകുന്ന യാഥാർത്ഥ്യങ്ങൾക്ക് വിട്ടുകൊടുക്കാനാകാത്തതുമായ, നിത്യതയ്ക്കായുള്ള നമ്മുടെ ആഗ്രഹത്തിന്റെ അടയാളമാണ്. നാം ദൈവത്തിനായി സൃഷ്ടിക്കപ്പെട്ടവരാകയാലും, അവനിൽ വിശ്രമിക്കാത്തിടത്തോളം സമാധാനം കണ്ടെത്താനാകാത്തതിന്നാലും (കുമ്പസാരങ്ങൾ, 1, 1.1), നമ്മുടെ ആന്തരീകദാഹത്തെ പരിമിതമായ ഒന്നിനും ശമിപ്പിക്കാനാകില്ല.

ആഴമേറിയ ഈയൊരു ആവശ്യം ശ്രവിക്കാനും, വലിയ പാറക്കല്ലുപോലെ, സ്വാർത്ഥതയുടെയും ഭൗതികത്വത്തിന്റെയും അക്രമത്തിന്റെയും ഉപരിപ്ലവതയുടെയും കല്ലറകളിൽ നമ്മെ പൂട്ടിയിടുന്ന, തഴക്കങ്ങളിലും വ്യവസ്ഥകളിലും ചിന്താരീതികളിലും നിന്ന്, പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നമ്മുടെ ഹൃദയങ്ങളെ സ്വാതന്ത്രമാക്കാനുമാണ്, ലാസറിന്റെ പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവരണം നമ്മെ ക്ഷണിക്കുന്നത്. ഈ ഇടങ്ങളിലൊന്നും, ജീവനല്ല, ആശയക്കുഴപ്പവും, അസംപ്‌തൃപ്തിയും ഏകാന്തതയും മാത്രമാണുള്ളത്.

അവന്റെ കൃപയാൽ വീണ്ടും ജനിച്ച്, കണക്കുകൂട്ടലുകളോ പരിധികളോ ഇല്ലാതെ, അവന്റെ അനന്തമായ കരുണയുടെ മാതൃകയിൽ പ്രത്യാശിക്കാനും, സ്നേഹിക്കാനും കഴിവുള്ള, പുതിയ സ്ത്രീകളും പുരുഷന്മാരുമായി സ്നേഹത്തിന്റെ പ്രകാശത്തിൽ നടക്കാനും, ഇടുങ്ങിയ ഇടങ്ങളിൽനിന്ന് പുറത്തിറങ്ങിവരാനും ക്ഷണിച്ചുകൊണ്ട്,  "പുറത്തു വരിക" (യോഹ. 11. 43) എന്നാണ് നമ്മോടും യേശു ആജ്ഞാപിക്കുന്നത്.

പുനരുത്ഥാനം ചെയ്ത തന്റെ പുത്രനുമായുള്ള പ്രകാശിതമായ അനുഭവം നമ്മിൽ അനുദിനം നവീകരിക്കപ്പെടുവാൻ വേണ്ടി, ഈ വിശുദ്ധ ദിനങ്ങൾ, തന്റെ വിശ്വാസത്തോടെയും, ശരണത്തോടെയും, വിശ്വസ്തതയോടെയും ജീവിക്കാൻ പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കട്ടെ.

തന്റെ പ്രഭാഷണത്തിന് ശേഷം പാപ്പാ ലത്തീൻ ഭാഷയിൽ ത്രികാലജപപ്രാർത്ഥന നയിക്കുകയും പ്രാർത്ഥനയുടെ അവസാനം ഏവർക്കും ആശീർവാദം നൽകുകയും ചെയ്തു.

ആശീർവാദത്തിന് ശേഷം തന്റെ വാക്കുകൾ തുടർന്ന പാപ്പാ, ലോകത്തിന്റെ വിവിധയിടങ്ങളിൽ തുടരുന്ന യുദ്ധങ്ങളെയും സംഘർഷങ്ങളെയും അവ സൃഷ്ടിക്കുന്ന പ്രതിസന്ധികളെയും പരാമർശിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു:

പ്രിയ സഹോദരീസഹോദരന്മാരെ,

മധ്യപൂർവ്വദേശങ്ങളിലെതുപോലെ, യുദ്ധത്താലും ആക്രമണങ്ങളാലും മുറിവേറ്റ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും സ്ഥിതിഗതികൾ ആശങ്കയോടെയാണ് ഞാൻ നോക്കിക്കാണുന്നത്. ഈ സംഘർഷങ്ങളുടെ, നിസ്സഹായരായാ നിരവധി ആളുകളുടെ കഷ്ടപ്പാടുകൾക്ക് മുന്നിൽ നമുക്ക് നിശബ്ദരായിരിക്കാൻ സാധിക്കില്ല. അവരെ മുറിപ്പെടുത്തുന്നത്, മനുഷ്യരാശിയെ മുഴുവനാണ് മുറിപ്പെടുത്തുന്നത്. ഈ യുദ്ധങ്ങൾ സൃഷ്ടിക്കുന്ന മരണവും വേദനയും, മാനവിക കുടുംബത്തിന് മുഴുവനും അപമാനവും, ദൈവതിരുമുൻപിലുള്ള നിലവിളിയുമാണ്. ശത്രുതകൾ അവസാനിക്കുന്നതിനും ആത്മാർത്ഥമായ ചർച്ചകളിലും എല്ലാ മനുഷ്യരുടെയും അന്തസ്സിലുള്ള ബഹുമാനത്തിലും അധിഷ്ഠിതമായ സമാധാനത്തിന്റെ പാതകൾ തുറക്കാൻ വേണ്ടി, പ്രാർത്ഥനയിൽ സ്ഥിരോത്സാഹത്തോടെ തുടരാനുള്ള അഭ്യർത്ഥന ഞാൻ ശക്തമായി ആവർത്തിക്കുന്നു.

മാർച്ച് 22 ഞായറാഴ്ച റോം നഗരത്തിലൂടെ നടക്കുന്ന മാരത്തൺ ഓട്ടമത്സരത്തെ പരാമർശിച്ച പാപ്പാ ഇങ്ങനെ തുടർന്നു:

ലോകമെമ്പാടും നിന്നുള്ള ഒരുപാട് കായികതാരങ്ങൾ പങ്കെടുക്കുന്ന വലിയ മാരത്തൺ ഇന്ന് റോമിൽ നടക്കുന്നു. ഇത് പ്രത്യാശയുടെ ഒരു അടയാളമാണ്. സമാധാനത്തിന്റെയും മറ്റുള്ളവരെ സാമൂഹികമായി ഉൾക്കൊള്ളുന്നതിന്റെയും അദ്ധ്യാത്മികതയുടെയും പാതകൾ തുറക്കാൻ കായികരംഗത്തിന് സാധിക്കട്ടെ.

തുടർന്ന്, റോം നഗരത്തിൽനിന്നുള്ളവരെയും, വിവിധ രാജ്യങ്ങളിൽനിന്നുള്ള തീർത്ഥാടകരെയും, പ്രത്യേകിച്ച്, സ്പെയിനിലെ കൊർദോബ രൂപതയിൽനിന്നുള്ളവരെയും പരിശുദ്ധ പിതാവ് അഭിവാദ്യം ചെയ്തു.

ഇറ്റലിയുടെ വിവിധയിടങ്ങളിൽനിന്നുള്ള ഗ്രൂപ്പുകളെ അഭിവാദ്യം ചെയ്ത പാപ്പാ, ഏവർക്കും ഒരു നല്ല ഞായർ ആശംസിച്ചുകൊണ്ടാണ് ജാലകത്തിങ്കൽനിന്നും പിൻവാങ്ങിയത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 മാർച്ച് 2026, 12:54

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >