തിരയുക

ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ  (ANSA)

തുറന്ന കണ്ണുകളോടെ വിശ്വാസത്തിൽ ജീവിക്കാൻ സഹായിക്കുന്ന ക്രിസ്തു: ലിയോ പതിനാലാമൻ പാപ്പായുടെ പ്രഭാഷണം

മാർച്ച് പതിനഞ്ചാം തീയതി ഞായറാഴ്‌ച വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിച്ച അവസരത്തിൽ ലിയോ പതിനാലാമൻ പാപ്പാ പങ്കുവച്ച ചിന്തകളുടെ മലയാള പരിഭാഷ. ഈ ഞായറാഴ്ചയിലെ സുവിശേഷവായനയായ വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒൻപതാം അദ്ധ്യായം ഒന്ന് മുതൽ നാൽപത്തിയൊന്ന് വരെയുള്ള സുവിശേഷഭാഗത്ത് യേശു ജന്മനാ അന്ധനായ ഒരുവനെ സുഖപ്പെടുത്തുന്ന സംഭവത്തെ അടിസ്ഥാനമാക്കിയായിരുന്നു പാപ്പായുടെ പ്രഭാഷണം.
ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മാർച്ച് പതിനഞ്ചാം തീയതി ഞായറാഴ്‌ച ഉച്ചയ്ക്ക് വത്തിക്കാനിൽ ഞായറാഴ്ചകളിൽ പതിവുള്ളതുപോലെ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ ത്രികാലജപപ്രാർത്ഥന നയിക്കുകയും ആളുകളെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു. ആയിരക്കണക്കിന് ആളുകൾ പാപ്പായെ കാണാനും പ്രാർത്ഥനയിൽ പങ്കെടുക്കാനും ആശീർവാദം സ്വീകരിക്കാനുമായി വിശുദ്ധ പത്രോസിന്റെ ചത്വരത്തിനകത്തും പരിസരങ്ങളിലുമായി നിലനിന്നിരുന്നു.

ഉച്ചയ്ക്ക് കൃത്യം പന്ത്രണ്ടുമണിക്ക്, ഇന്ത്യയിൽ വൈകുന്നേരം നാലരയ്ക്ക് പരിശുദ്ധ പിതാവ് അപ്പസ്തോലിക കൊട്ടാരത്തിന്റെ ജാലകത്തിലെത്തുകയും, ഏവരെയും അഭിസംബോധന ചെയ്തുകൊണ്ട് തന്റെ പ്രഭാഷണം നടത്തുകയും ചെയ്തു. യേശു ജന്മനാ അന്ധനായ ഒരുവനെ സുഖപ്പെടുത്തുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഈ ഞായറാഴ്ചയിലെ സുവിശേഷവായനയായ വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒൻപതാം അദ്ധ്യായം ഒന്ന് മുതൽ നാൽപത്തിയൊന്ന് വരെയുള്ള സുവിശേഷഭാഗത്തെ അടിസ്ഥാനമാക്കിയായിരുന്നു ഈ ഞായറാഴ്ച പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണം നടത്തിയത്. ഇറ്റാലിയൻ ഭാഷയിലായിരുന്ന പരിശുദ്ധപിതാവിന്റെ പ്രഭാഷണം ഇപ്രകാരമായിരുന്നു:

പ്രിയ സഹോദരീസഹോദരന്മാരെ, ശുഭ ഞായർ!

ജന്മനാ അന്ധനായിരുന്ന ഒരു മനുഷ്യൻ സൗഖ്യം പ്രാപിക്കുന്നതിനെക്കുറിച്ചാണ് നോമ്പുകാലത്തിലെ ഈ നാലാം ഞായറാഴ്ച്ചയിലെ സുവിശേഷം വിവരിക്കുന്നത് (യോഹന്നാൻ 9, 1-41). ഈയൊരു സംഭവത്തിന്റെ പ്രതീകാത്മകതയിലൂടെ യോഹന്നാൻ സുവിശേഷകൻ രക്ഷാകരരഹസ്യത്തെക്കുറിച്ചാണ് പറയുക: നാം അന്ധകാരത്തിലായിരുന്നപ്പോൾ, മാനവികത ഇരുട്ടിലൂടെ നടന്നിരുന്നപ്പോൾ (ഏശയ്യാ 9, 1), അന്ധരുടെ കണ്ണുകൾ തുറക്കാനും, നമ്മുടെ ജീവിതങ്ങളെ പ്രകാശമയമാക്കാനുമായി ദൈവം തന്റെ പുത്രനെ ലോകത്തിന്റെ പ്രകാശമായി അയച്ചു.

മിശിഹാ അന്ധരുടെ കണ്ണുകൾ തുറന്നേക്കുമെന്ന് പ്രവാചകന്മാർ മുൻപേ അറിയിച്ചിരുന്നു (ഏശയ്യാ 29, 28; 35, 5; സങ്കീ. 146, 8). "അന്ധർക്ക് കാഴ്ച ലഭിക്കുന്നു" (മത്തായി 11, 4) എന്ന് പറഞ്ഞുകൊണ്ടാണ് യേശു തന്റെ നിയോഗത്തെ ആധികാരികമാക്കുന്നത്.  നമ്മൾ ജനനം മുതലേ അന്ധരാണെന്ന് നമുക്ക് പറയാനാകും. കാരണം ജീവിതത്തിന്റെ രഹസ്യം അതിന്റെ ആഴത്തിൽ കാണാൻ നമുക്ക് തനിയെ സാധിക്കുന്നില്ല. അവന്റെ കൃപയുടെ ശ്വാസത്താൽ കുഴച്ചുചേർക്കപ്പെട്ട നമ്മുടെ മാനവികതയുടെ ചെളിമണ്ണിന്, നമ്മെത്തന്നേയും, മറ്റുള്ളവരെയും, ദൈവത്തെയും സത്യത്തിൽ കാണാൻ വേണ്ടിയുള്ള പുതിയൊരു പ്രകാശം ലഭിക്കാൻ വേണ്ടിയാണ്, ദൈവം യേശുവിൽ മാംസമായി മാറിയത്.

നൂറ്റാണ്ടുകളായി വ്യാപിച്ചിരുന്നതും, ഇന്നും തുടരുന്നതുമായ ഒരു അഭിപ്രായമാണ്, വിശ്വാസം എന്നത് "അന്ധകാരത്തിലേക്കുള്ള ഒരു എടുത്തുചാട്ടം" ആണ്, ചിന്ത ത്യജിക്കലാണ് എന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്. ഇതനുസരിച്ച് വിശ്വാസമുണ്ടായിരിക്കുക എന്നാൽ "അന്ധമായി വിശ്വസിക്കുക" എന്ന അർത്ഥമാണുള്ളത്. എന്നാൽ സുവിശേഷം നമ്മോട് പറയുന്നത്, ക്രിസ്തുവിന്റെ സ്പർശത്തിലൂടെയാണ് കണ്ണുകൾ തുറക്കപ്പെടുന്നത് എന്നാണ്. "എങ്ങനെയാണ് നിന്റെ കണ്ണുകൾ തുറക്കപ്പെട്ടത്?" (യോഹ. 9, 10) എന്നും, "എങ്ങനെയാണ് അവൻ നിന്റെ കണ്ണുകൾ തുറന്നത്"? (26) എന്നും സുഖമാക്കപ്പെട്ട അന്ധനോട്, മതനേതൃത്വം ശക്തമായ രീതിയിൽ ചോദിക്കുന്നത് നാം കാണുന്നുണ്ട്.

സഹോദരീ സഹോദരന്മാരെ, ക്രിസ്തുവിന്റെ സ്നേഹത്താൽ സൗഖ്യമാക്കപ്പെട്ട നമ്മളും, "തുറന്ന കണ്ണുകളോടെ" ക്രൈസ്തവികത ജീവിക്കാൻ ക്ഷണിക്കപ്പെട്ടിരിക്കുന്നു. വിശ്വാസമെന്നത്, അന്ധമായ ഒരു പ്രവൃത്തിയോ, യുക്തിയുടെ ത്യാഗമോ, ലോകത്തിലേക്കുള്ള നോട്ടത്തിൽനിന്ന് നമ്മെ അകറ്റിനിറുത്തുന്ന ഏതെങ്കിലുമൊരു മതപരമായ ബോധ്യത്തിൽ നമ്മെ ഉറപ്പിച്ചുനിറുത്തലോ അല്ല. മറിച്ച്, യേശുവിന്റെ കാഴ്ചപ്പാടോടെ, അവന്റെ കണ്ണുകളോടെ കാണാൻ വിശ്വാസം നമ്മെ സഹായിക്കുന്നു. ഇത് അവന്റെ കാഴ്ചാരീതിയിലുള്ള പങ്കാളിത്തമാണ് (ലുമെൻ ഫീദെയി, 18). അതുകൊണ്ടുതന്നെ, അവൻ പറഞ്ഞിരുന്നതുപോലെ, നമ്മോട് "കണ്ണുകൾ തുറക്കാൻ", പ്രത്യേകിച്ച് മറ്റുള്ളവരുടെ സഹനങ്ങളുടെ നേരെയും, ലോകത്തിന്റെ മുറിവുകളുടെ നേരെയും കണ്ണുകൾ തുറക്കാൻ വിശ്വാസം ആവശ്യപ്പെടുന്നു.

പ്രത്യേകിച്ച് ഇന്ന്, മാനവഹൃദയം ഉയർത്തുന്ന നിരവധി ചോദ്യങ്ങൾക്കും, നമ്മുടെ ഇക്കാലത്തെ അനീതിയുടെയും അക്രമത്തിന്റെയും ബുദ്ധിമുട്ടുകളുടെയും നാടകീയസഹചര്യങ്ങൾക്കും മുന്നിൽ ജാഗ്രവും, ശ്രദ്ധയുള്ളതും പ്രവാചകാത്മകവുമായ ഒരു വിശ്വാസത്തിന്റെ ആവശ്യമുണ്ട്. അത് ലോകത്തിന്റെ അന്ധതയ്ക്ക് മുന്നിൽ നമ്മുടെ കണ്ണുകൾ തുറക്കുകയും, സമാധാനത്തിന്റെയും നീതിയുടെയും ഐക്യദാർഢ്യത്തിന്റെയും ശ്രമങ്ങളിലൂടെ സുവിശേഷത്തിന്റെ പ്രകാശം എത്തിക്കുകയും ചെയ്യണം.

ക്രിസ്തുവിന്റെ പ്രകാശം നമ്മുടെ കണ്ണുകൾ തുറക്കുന്നതിനും, നമ്മൾ ലാളിത്യത്തോടും ധൈര്യത്തോടും കൂടി അവന് സാക്ഷ്യം നൽകുന്നതിനും വേണ്ടി നമുക്കായി മാദ്ധ്യസ്ഥ്യം വഹിക്കാൻ പരിശുദ്ധ കന്യകാമറിയത്തോട് നമുക്ക് അപേക്ഷിക്കാം.

തന്റെ പ്രഭാഷണത്തിന് ശേഷം പാപ്പാ ലത്തീൻ ഭാഷയിൽ ത്രികാലജപപ്രാർത്ഥന നയിക്കുകയും പ്രാർത്ഥനയുടെ അവസാനം ഏവർക്കും ആശീർവാദം നൽകുകയും ചെയ്തു.

ആശീർവാദത്തിന് ശേഷം തന്റെ വാക്കുകൾ തുടർന്ന പാപ്പാ ഇങ്ങനെ പറഞ്ഞു:

പ്രിയ സഹോദരീസഹോദരന്മാരെ,

രണ്ടാഴ്ചകളായി മദ്ധ്യപൂർവ്വദേശങ്ങളിലെ ജനങ്ങൾ അതികഠിനമായ യുദ്ധഭീകരതയാൽ ബുദ്ധിമുട്ടുകയാണ്. ആയിരക്കണക്കിന് നിഷ്കളങ്കരായ മനുഷ്യർ കൊല്ലപ്പെട്ടു. മറ്റുള്ള ഒരുപാടുപേർ തങ്ങളുടെ ഭവനങ്ങൾ വിട്ടിറങ്ങാൻ നിർബന്ധിതരായി. സ്‌കൂളുകൾ ആശുപത്രികൾ ജനവാസകേന്ദ്രങ്ങൾ എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവർക്കും എന്റെ പ്രാർത്ഥനാപൂർവ്വമായ സാമീപ്യം ഞാൻ വീണ്ടും അറിയിക്കുന്നു.

ലെബനനിലെ അവസ്ഥ ഏറെ ആശങ്കാജനകമാണ്. ലെബനനിലെ എല്ലാവരുടെയും പൊതുനന്മയ്ക്കായി, നിലവിലെ പ്രതിസന്ധിക്ക് ശാശ്വതപരിഹാരങ്ങൾ നടപ്പിലാക്കുന്നതിൽ രാജ്യത്തെ അധികാരികളെ സഹായിക്കുന്ന സംവാദത്തിന്റെ പാതകൾ ഉണ്ടാകട്ടെയെന്ന് ഞാൻ ആശംസിക്കുന്നു.

ഈ സംഘർഷത്തിന് ഉത്തരവാദികളായവരോട്, മദ്ധ്യപൂർവ്വദേശങ്ങളിലെ ക്രൈസ്തവരുടെയും സന്മനസ്സുള്ള എല്ലാ സ്ത്രീപുരുഷന്മാരുടെയും പേരിൽ വെടിനിറുത്തൽ നടപ്പിലാക്കാൻ ഞാൻ ആവശ്യപ്പെടുന്നു. സംവാദത്തിന്റെ പാതകൾ വീണ്ടും തുറക്കപ്പെടട്ടെ! ജനതകൾ കാത്തിരിക്കുന്ന നീതിയിലേക്കോ സ്ഥിരതയിലേക്കോ സമാധാനത്തിലേക്കോ അക്രമം ഒരിക്കലും നയിക്കില്ല.

തന്റെ പൊതുവായ പ്രഭാഷണത്തിനും അഭ്യർത്ഥനകൾക്കും ശേഷം, വിശുദ്ധ പത്രോസിന്റെ ചത്വരത്തിലുണ്ടായിരുന്ന ഏവർക്കും സ്വാഗതമേകിയ പാപ്പാ, സ്പൈയ്‌നിന്റെയും ഇറ്റലിയുടെയും വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന വിവിധ ഗ്രൂപ്പുകളെ പ്രത്യേകം അഭിവാദ്യം ചെയ്തു.

ഏവർക്കും ഒരു നല്ല ഞായറാഴ്ച ആശംസിച്ചുകൊണ്ടാണ് പാപ്പാ ജാലകത്തിങ്കൽനിന്നും പിൻവാങ്ങിയത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 മാർച്ച് 2026, 10:16

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >