സഭയിൽ അൽമായരുടെ പ്രാധാന്യവും സ്ഥാനവും ഏറെ വലുത്: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
2026 ജനുവരിയിലെ ആദ്യ ബുധനാഴ്ച അറിയിച്ചുരുന്നതുപോലെ രണ്ടാം വത്തിക്കാൻ കൗൺസിലിനെയും അതിന്റെ പ്രമുഖ രേഖകളെയും കുറിച്ചുള്ള പഠന-ഉദ്ബോധന പരമ്പരയാണ് ഈ വർഷത്തിലെ ബുധനാഴ്ചകളിൽ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ നടത്തിവരുന്നത്. ഇതനുസരിച്ച്, ജനതകളുടെ പ്രകാശം എന്നർത്ഥം വരുന്ന, "ലുമെൻ ജെൻസ്യും" (Lumen gentium) എന്ന പ്രമാണരേഖയെ ആധാരമാക്കി, "ദൈവജനത്തിലെ അല്മായർ: സഭയിലെ ജീവിക്കുന്ന ശിലകളും ലോകത്തിലെ സാക്ഷികളും" എന്ന തലക്കെട്ടോടെ, സഭയിൽ അൽമായരുടെ സ്ഥാനത്തെക്കുറിച്ചും പ്രാധാന്യത്തെകുറിച്ചുമാണ് ഏപ്രിൽ ഒന്നാം തീയതി ബുധനാഴ്ച പാപ്പാ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പതിവുപോലെ ഉദ്‌ബോധനം നടത്തിയത്. പൊതുകൂടിക്കാഴ്ചയ്ക്ക് മുൻപായി പരിശുദ്ധ പിതാവ് ചത്വരത്തിലുണ്ടായിരുന്ന പതിനയ്യായിരത്തോളം വരുന്ന ആളുകൾക്കിടയിലൂടെ തുറന്ന വാഹനത്തിൽ സഞ്ചരിക്കുകയും കൊച്ചു കുട്ടികൾക്ക് ആശീർവാദം നൽകുകയും ചെയ്തു. ബസലിക്കയ്ക്ക് മുന്നിൽ ഒരുക്കപ്പെട്ടിരുന്ന വേദിയിൽ പത്തുമണിയോടെ, ഇന്ത്യയിലെ സമയം ഉച്ച കഴിഞ്ഞ് ഒന്നരയോടെ എത്തിയ പാപ്പാ, കുരിശടയാളം വരച്ചുകൊണ്ട് ഔദ്യോഗിക കൂടിക്കാഴ്ച ആരംഭിച്ചു.
പരിശുദ്ധ പിതാവിന്റെ പ്രബോധനപ്രഭാഷണത്തിന് മുൻപായി വിശുദ്ധ പൗലോസ് എഫെസോസുകാർക്കെഴുതിയ ലേഖനം നാലാം അദ്ധ്യായം ഒന്നും, നാലും അഞ്ചും വാക്യങ്ങൾ വായിക്കപ്പെട്ടു.
" (സഹോദരങ്ങളെ,) നിങ്ങൾക്ക് ലഭിച്ച വിളിക്ക് യോഗ്യമായ ജീവിതം നയിക്കുവിൻ. ഒരേ പ്രത്യാശയിൽ നിങ്ങൾ വിളിക്കപ്പെട്ടതുപോലെ ഒരു ശരീരവും ഒരു ആത്മാവുമാണുള്ളത്. ഒരു കർത്താവും ഒരു വിശ്വാസവും ഒരു ജ്ഞാനസ്നാനവുമേയുള്ളൂ." (എഫേ. 4, 1. 4-5).
വചനവായനയെത്തുടർന്ന് പാപ്പാ ഇറ്റാലിയൻ ഭാഷയിൽ തന്റെ പ്രഭാഷണം നടത്തി.
പ്രിയ സഹോദരീസഹോദരന്മാരെ, ശുഭദിനം!
ലുമെൻ ജെൻസ്യും എന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയിൽ അവതരിപ്പിക്കപ്പെടുന്നതനുസരിച്ച് സഭയെക്കുറിച്ചുള്ള തുടർവിചിന്തനം നമുക്ക് തുടരാം. ഇന്ന് നാം അൽമായരെക്കുറിച്ച് പ്രതിപാദിക്കുന്ന നാലാമത്തെ അദ്ധ്യായമാണ് വിശകലനം ചെയ്യുന്നത്. ഫ്രാൻസിസ് പാപ്പാ പല തവണ പറയാൻ ഇഷ്ടപ്പെട്ടിരുന്നത് നമുക്ക് അനുസ്മരിക്കാം: ആൽമയാരാണ് ദൈവജനത്തിന്റെ ഭൂരിഭാഗവും. അവരുടെ ശുശ്രൂഷയ്ക്കായി ഒരു ന്യൂനപക്ഷമുണ്ട്: അഭിഷിക്തരായ ശുശ്രൂഷകർ (അപ്പസ്തോലിക പ്രബോധനം, എവഞ്ചേലി ഗൗദിയും, 102).
പുരോഹിതവിഭാഗത്തിന്റെയോ സമർപ്പിതരുടെയോ ഭാഗമല്ലാത്തവർ എന്ന പേരിൽ മാത്രം നൂറ്റാണ്ടുകളായി നിർവ്വചിക്കപ്പെട്ടിരുന്ന അൽമായരുടെ സ്വഭാവവും നിയോഗവും ക്രിയാത്മകമായ രീതിയിൽ വിശദീകരിക്കുന്നതിനാണ് പ്രമാണത്തിന്റെ ഈ ഭാഗം പരിശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ, ക്രൈസ്തവരെന്ന അവസ്ഥയുടെ മഹത്വത്തെക്കുറിച്ച് പറയുന്ന മനോഹരമായ ഒരു ഭാഗം നിങ്ങൾക്കൊപ്പം വീണ്ടും വായിക്കാൻ എനിക്കിഷ്ടമാണ്: << ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ഒരു ജനം മാത്രമേ ഉള്ളൂ: "ഒരു കർത്താവും ഒരു വിശ്വാസവും ഒരു ജ്ഞാനസ്നാനവുമേയുള്ളൂ" (എഫേ. 4, 5); ക്രിസ്തുവിലുള്ള പുതുജന്മത്താൽ എല്ലാ അംഗങ്ങളുടെയും മഹത്വം പൊതുവായതാണ്, ദത്തുപുത്രന്മാരെന്ന നിലയിലുള്ള കൃപ പൊതുവായതാണ്, പൂർണ്ണതയിലേക്കുള്ള വിളി പൊതുവായതാണ്, ഒരു രക്ഷയും ഒരു പ്രത്യാശയും, ഭിന്നതകളില്ലാത്ത ഒരു കരുണയേയുള്ളൂ>> (LG, 32).
ശുശ്രൂഷയിലോ ജീവിതാന്തസ്സിലോ ഉള്ള എല്ലാ വ്യത്യസ്തതകൾക്കും മുൻപായി, കൗൺസിൽ ജ്ഞാനസ്നാനപ്പെട്ടവരുടെ എല്ലാവരുടെയും തുല്യത ഉറപ്പിച്ച് പറയുന്നു. ദൈവജനത്തെക്കുറിച്ചുള്ള അദ്ധ്യായത്തിൽ മുൻപുതന്നെ പ്രസ്താവിച്ചിട്ടുള്ള കാര്യങ്ങൾ, അതായത്, മിശിഹാനുകൃത ജനത്തിന്റെ അവസ്ഥ എന്നത്, ദൈവമക്കളുടെ അന്തസ്സും സ്വാതന്ത്ര്യവുമാണെന്നത്, മറന്നുപോകണമെന്ന് ഈ പ്രമാണം ആഗ്രഹിക്കുന്നില്ല (LG, 9).
സ്വാഭാവികമായും, ദാനം വലുതാകുന്തോറും, പ്രതിബദ്ധതയും വലുതാകും. ഇതുകൊണ്ടുതന്നെ, കൗൺസിൽ, അൽമായരുടെ അന്തസ്സിനൊപ്പം, സഭയിലും ലോകത്തിലും ഉള്ള അവരുടെ നിയോഗത്തെയും അടിവരയിട്ടുപറയുന്നു. എന്നാൽ ഈ നിയോഗം എവിടെയാണ് അടിസ്ഥാനമിട്ടിരിക്കുന്നത്, അത് എന്തിലാണ് അടങ്ങിയിരിക്കുന്നത്? കൗൺസിൽ നമുക്ക് മുന്നിൽ അൽമായരെക്കുറിച്ച് നൽകുന്ന നിർവ്വചനം തന്നെ ഇത് നമുക്ക് വ്യക്തമാക്കിത്തരുന്നു. "ജ്ഞാനസ്നാനത്താൽ ക്രിസ്തുവിനോട് ചേർക്കപ്പെടുകയും, ദൈവജനമായി രൂപീകരിക്കപ്പെടുകയും, തങ്ങളുടേതായ രീതിയിൽ ക്രിസ്തുവിന്റെ പൗരോഹിത്യ, പ്രവാചക, രാജകീയ പദവികളിൽ പങ്കാളികളാക്കപ്പെടുകയും, സഭയിലും ലോകത്തിലും, തങ്ങൾക്ക് ഉത്തരവാദിത്തമുള്ളയിടങ്ങളിൽ, മുഴുവൻ ക്രൈസ്തവ ജനത്തിന്റെയും നിയോഗം നിർവ്വഹിക്കുകയും ചെയ്യുന്ന മുഴുവൻ ക്രിസ്ത്യാനികളെയുമാണ് അൽമായർ എന്ന പേരുകൊണ്ട് ഉദ്ദേശിക്കുന്നത്" (LG, 31).
അങ്ങനെ, ദൈവത്തിന്റെ വിശുദ്ധ ജനം രൂപമില്ലാത്ത എന്തെങ്കിലുമല്ല, മറിച്ച് ക്രിസ്തുവിന്റെ ശരീരമാണ്. അതല്ലെങ്കിൽ വിശുദ്ധ അഗസ്റ്റിൻ പറഞ്ഞിരുന്നതുപോലെ, "മുഴുവൻ ക്രിസ്തുവാണ്". അത് ക്രിസ്തുവിന്റെ പൗരോഹിത്യത്തിലെ, വിശ്വാസികളുടെ പൊതുവായ പൗരോഹിത്യം ശുശ്രൂഷാപൗരോഹിത്യം എന്നീ രണ്ടു രൂപങ്ങൾ തമ്മിലുള്ള ഫലപ്രദമായ ബന്ധത്തിന്റെ ശക്തിയാൽ, ജൈവികമായി ക്രമീകരിക്കപ്പെട്ട സമൂഹമാണ് (LG, 10). ജ്ഞാനസ്നാനത്തിന്റെ ശക്തിയാൽ, അല്മായർ ക്രിസ്തുവിന്റെ അതെ പൗരോഹിത്യത്തിൽ പങ്കെടുക്കുന്നു. യഥാർത്ഥത്തിൽ, മഹാ, നിത്യപുരോഹിതനായ യേശുക്രിസ്തു, അൽമായരിലൂടെയും തന്റെ സാക്ഷ്യവും ശുശ്രൂഷയും തുടരാൻ ആഗ്രഹിക്കുന്നു; അതുകൊണ്ടുതന്നെ, തന്റെ ആത്മാവിനാൽ അവൻ അവരെ സജീവരാക്കുകയും, നല്ലതും പൂർണ്ണവുമായ എല്ലാ പ്രവൃത്തികളും ഏറ്റെടുക്കാനായി നിരന്തരം അവരെ പ്രേരിപ്പിക്കുകുകയും ചെയ്യുന്നു (LG, 34).
ഈയൊരവസരത്തിൽ, എങ്ങനെയാണ് വിശുദ്ധ ജോൺ പോൾ രണ്ടാമനെ പാപ്പായെയും, അദ്ദേഹത്തിന്റെ അപ്പസ്തോലിക പ്രബോധനമായ "ക്രിസ്തിഫിദേലെസ് ലൈച്ചി"യെയും (30 ഡിസംബർ 1988) ഓർക്കാതിരിക്കാനാകുക? "കൗൺസിൽ അതിന്റെ പ്രാമാണികവും, ആദ്ധ്യാത്മികവും, അജപാലനപരവുമായ സമ്പന്നമായ പൈതൃകത്താൽ, വിശ്വാസികളായ അൽമായരുടെ സ്വഭാവം, അന്തസ്സ്, ആദ്ധ്യാത്മികത, നിയോഗം, ഉത്തരവാദിത്വം എന്നിവയെപ്പറ്റി നാളിതുവരെ ഇല്ലാത്തത്ര ഭംഗിയുള്ള വിവരണം നൽകുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറയുന്നുണ്ട്. അതോടൊപ്പം, ക്രിസ്തുവിന്റെ ആഹ്വാനം അവർത്തിച്ചുകൊണ്ട്, അവന്റെ മുന്തിരിത്തോട്ടത്തിൽ വേല ചെയ്യാൻ കൗൺസിൽ പിതാക്കന്മാർ എല്ലാ അല്മയരായ വിശ്വാസികളെയും, പുരുഷന്മാരെയും സ്ത്രീകളെയും ക്ഷണിച്ചു". ഇതുപോലെ, കൗൺസിൽ ഒരു രേഖ തയ്യാറാക്കിയിരുന്നതും, നാം ചർച്ച ചെയ്യാനിരിക്കുന്നതുമായ "അൽമായരുടെ അപ്പസ്തോലിക പ്രവർത്തനം", എന്റെ ബഹുമാന്യനായ മുൻഗാമി പുനരാരംഭിച്ചു.
അൽമായരുടെ അപ്പസ്തോലികപ്രവർത്തനത്തിന്റെ വിശാലമായ മേഖല സഭയുടെ ഇടങ്ങളിലേക്ക് മാത്രമായി ചുരുങ്ങിപ്പോകുന്നില്ല, മറിച്ച് ലോകം മുഴുവനിലേക്കും വ്യാപിക്കുന്നു. തന്റെ മക്കൾ സുവിശേഷം പ്രഘോഷിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന എല്ലായിടങ്ങളിലും; ജോലിസ്ഥലങ്ങളിലും, പൊതുസമൂഹത്തിലും, എല്ലാ മാനവികബന്ധങ്ങളിലും, തങ്ങളുടെ തിരഞ്ഞെടുപ്പുകളിലൂടെ അവർ, ദൈവരാജ്യത്തിൽ പൂർണ്ണാമാകുന്ന നീതിയും സമാധാനവും ഇപ്പോൾ ഇവിടെ മുൻകൂട്ടി വ്യക്തമാക്കിത്തരുന്ന, ക്രൈസ്തവജീവിതത്തിന്റെ മനോഹാരിത കാണിച്ചുകൊടുക്കുന്ന എല്ലാ ഇടങ്ങളിലും സഭ സന്നിഹിതയാണ്. ലോകത്തിന് "ക്രിസ്തുവിന്റെ ആത്മാവിനാൽ നിറഞ്ഞിരിക്കാനും, നീതിയിലും കാരുണ്യത്തിലും സമാധാനത്തിലും അതിന്റെ ലക്ഷ്യത്തിലേക്ക് കൂടുതൽ ഫലപ്രദമായ രീതിയിൽ എത്തിച്ചേരേണ്ടതിന്റെയും ആവശ്യമുണ്ട് (LG, 36). ഇത്, അൽമായരുടെ സംഭാവനയും ശുശ്രൂഷയും സാക്ഷ്യവും കൊണ്ടേ സാധ്യമാകൂ!
ഇതാണ് ഫ്രാൻസിസ് പാപ്പാ പറഞ്ഞിരുന്ന "പുറപ്പാടിന്റെ" സഭയാകാനുള്ള ക്ഷണം: ചരിത്രത്തിൽ ജന്മമെടുത്ത, തന്റെ നിയോഗത്തിനായി എപ്പോഴും തയ്യാറായിരിക്കുന്ന ഒരു സഭ. ഈ സഭയിൽ, മിഷനറി ശിഷ്യന്മാരാകാൻ, സുവിശേഷത്തിന്റെ അപ്പസ്തോലന്മാരാകാൻ, ദൈവരാജ്യത്തിന്റെ സാക്ഷികളാകാൻ, നാം കണ്ടുമുട്ടിയ ക്രിസ്തുവിന്റെ സന്തോഷത്തിന്റെ വാഹകരാകാൻ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു!
പ്രിയ സഹോദരീസഹോദരന്മാരെ, ഉത്ഥിതന്റെ സാക്ഷികളായിരുന്ന മഗ്ദലനാമറിയത്തെയും, പത്രോസിനെയും യോഹന്നാനെയും പോലെ ആയിരിക്കാനുള്ള കൃപ, നാം ആഘോഷിക്കാനായി ഒരുങ്ങുന്ന ഈസ്റ്റർ നമ്മിൽ നവീകരിക്കട്ടെ!
ഇറ്റാലിയൻ ഭാഷയിലുള്ള തന്റെ പൊതുവായ പ്രഭാഷണത്തിന് ശേഷം വിവിധ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്ത പാപ്പാ "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥന ലത്തീൻ ഭാഷയിൽ ചൊല്ലുകയും, തുടർന്ന് ഏവർക്കും തന്റെ ആശീർവാദം നൽകുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
