തിരയുക

അഫ്ഗാനിസ്ഥാനിലെ ഒരു സ്‌കൂളിൽനിന്നുള്ള ഒരു പഴയ ചിത്രം അഫ്ഗാനിസ്ഥാനിലെ ഒരു സ്‌കൂളിൽനിന്നുള്ള ഒരു പഴയ ചിത്രം  

2023 ലെ അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം അഫ്ഗാൻ പെൺകുട്ടികൾക്കും സ്ത്രീകൾക്കുമായി: യുനെസ്കോ

2023 ലെ അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെട്ട അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികൾക്കും സ്ത്രീകൾക്കുമായി യുനെസ്കോ സമർപ്പിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ജനുവരി 24-ന് ആഘോഷിക്കപ്പെടുന്ന 2023-ലെ അന്താരാഷ്ട്ര വിദ്യാഭ്യാസാദിനം അഫ്ഗാനിസ്ഥാനിൽനിന്നുള്ള പെൺകുട്ടികൾക്കും സ്ത്രീകൾക്കുമായി സമർപ്പിക്കുവാൻ, ഐക്യരാഷ്ട്രസഭയുടെ യുനെസ്കോ സംഘടനയുടെ ഡയറക്ടർ ജനറൽ ഓഡ്രെ അസൂലായ് തീരുമാനിച്ചതായി യുനെസ്കോ പത്രക്കുറിപ്പിറക്കി. ഇതിനോടനുബന്ധിച്ച്, വിദ്യാഭ്യാസത്തിനുള്ള മൗലിക അവകാശം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും, ഐക്യരാഷ്ട്രസംഘടനയുടെ ആസ്ഥാനത്ത് സംഘടിപ്പിച്ച ഒരു സമ്മേളനത്തിൽവച്ച് യുനെസ്കോ ആവശ്യപ്പെട്ടു.

“ലോകത്ത് ഒരു രാജ്യവും സ്ത്രീകളെയും പെൺകുട്ടികളെയും വിദ്യാഭ്യാസം നേടുന്നതിൽ നിന്ന് തടയരുത് എന്നും വിദ്യാഭ്യാസം എന്നത് ഏവരാലും മാനിക്കപ്പെടേണ്ട ഒരു സാർവത്രിക മനുഷ്യാവകാശമാണ് എന്നും ഓർമ്മിപ്പിച്ച യുനെസ്കോ ഡയറക്ടർ ജനറൽ, അഫ്ഗാൻ പെൺകുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾ കാലതാമസമില്ലാതെ പുനഃസ്ഥാപിക്കുന്നുവെന്ന് ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹത്തിന് ഉത്തരവാദിത്തമുണ്ട്" എന്നും ഓർമ്മിപ്പിച്ചു.

അഫ്ഗാനിസ്ഥാനിൽ നിലവിൽ ഏതാണ്ട് ഇരുപത്തിയഞ്ചു ലക്ഷത്തോളം വരുന്ന രാജ്യത്തെ 80 ശതമാനത്തോളം പെൺകുട്ടികളും സ്ത്രീകളും വിദ്യാഭ്യാസരംഗത്തുനിന്ന് പുറത്താണ്. പലയിടങ്ങളിലും സെക്കൻഡറി സ്‌കൂളുകളിലേക്കും സർവകലാശാലകളിലേക്കും ഇവർക്ക് പ്രവേശനം നിഷേധിക്കപ്പെടുകയാണ്. 2021 മുതൽ യുനെസ്കോ തുടർവിദ്യാഭ്യാസത്തിനായി സഹായസഹകരണങ്ങൾ നൽകിവരുന്നുണ്ട്.

അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും അവകാശനങ്ങൾക്കും വിലങ്ങുതടിയായി അവിടുത്തെ താലിബാൻ ഭരണാധികാരികൾ സ്ത്രീവിദ്യാഭ്യാസത്തിന് തിരിച്ചടിയാകുന്ന പുതിയ വിലക്കേർപ്പെടുത്തിയിരുന്നു. ഇസ്ലാമിക നിയമത്തിന്റെ കർശനമായ വ്യഖ്യാനമനുസരിച്ച് നിബന്ധനകൾ കൊണ്ടുവന്ന താലിബാൻ ഭരണകൂടം, മിഡിൽ സ്കൂളുകളിൽനിന്നും ഹൈസ്കൂളുകളിൽനിന്നും പെൺകുട്ടികളെ വിലക്കിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്‌തിരുന്നു. പല ജോലികളിൽനിന്നും സ്ത്രീകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും പൊതുജനങ്ങളിലെ വസ്ത്രധാരണം സംബന്ധിച്ച് കൂടുതൽ നിബന്ധനകൾ കൊണ്ടുവരികയും ചെയ്‌തതായും റിപ്പോർട്ടുകൾ വന്നിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 January 2023, 18:24