തിരയുക

പാപ്പാ: പുൽത്തൊട്ടിയും വീഥിയും കുരിശും നമ്മുടെ ദൈവത്തിൻറെ സിംഹാസനം!

ഫ്രാൻസീസ് പാപ്പായുടെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണം: തിരുപ്പിറവി രഹസ്യത്തിൻറെ പൊരുൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

റോമിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥ ആയിരുന്നെങ്കിലും,   ശൈത്യകാലമാകയാൽ ഫ്രാൻസീസ് പാപ്പായുടെ പ്രതിവാരപൊതുദർശനത്തിൻറെ വേദി വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോൾ ആറാമൻ ശാലയായിരുന്നു ഈ ബുധനാഴ്ചയും (28/12/22). പാപ്പാ ഊന്നുവടിയുടെ സഹായത്തോടെ സാവധാനം നടന്ന് ശാലയിൽ എത്തിയപ്പോൾ അവിടെ സന്നിഹിതരായിരുന്ന വിവിധ രാജ്യക്കാരായിരുന്ന തീർത്ഥാടകരുടെയും സന്ദർശകരുടെയും കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. എല്ലാവർക്കും അഭിവാദ്യമർപ്പിച്ചുകൊണ്ട്  പ്രസംഗവേദിയിലെത്തിയ പാപ്പാ. റോമിലെ സമയം രാവിലെ ഏതാണ്ട് 9.00 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-ന്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചതിനെ തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

ലൂക്കായുടെ സുവിശേഷം   2:15-16              

“ദൂതന്മാർ അവരെ വിട്ട് സ്വർഗ്ഗത്തിലേക്കു പോയപ്പോൾ ആട്ടിടയന്മാർ പരസ്പരം പറഞ്ഞു: നമുക്ക് ബത്ലഹേം വരെ പോകാം. കർത്താവ് നമ്മെ അറിയിച്ച ഈ സംഭവം നമുക്കു കാണാം. അവർ അതിവേഗം പോയി മറിയത്തെയും ജോസഫിനെയും പുൽത്തൊട്ടിയിൽ ശയിക്കുന്ന ശിശുവിനെയും കണ്ടു.” 

ഈ വായനയ്ക്കു ശേഷം പാപ്പാ, തിരുപ്പിറവിയുടെ രഹസ്യത്തെക്കുറിച്ചു വിചിന്തനം ചെയ്തു. പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന തന്‍റെ മുഖ്യ പ്രഭാഷണത്തില്‍ ഇപ്രകാരം പറഞ്ഞു:

തിരുപ്പിറവിയുടെ രഹസ്യം

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം, ഒരിക്കൽക്കൂടി ക്രിസ്തുമസ് ആശംസകൾ!

തിരുപ്പിറവിയുടെ രഹസ്യത്തെക്കുറിച്ച് വിചിന്തനം ചെയ്യാൻ ഈ ആരാധനാക്രമ കാലം നമ്മെ ക്ഷണിക്കുന്നു. വാസ്തവത്തിൽ ഇന്ന് മെത്രാനും സഭാപാരംഗതനുമായ വിശുദ്ധ ഫ്രാൻസിസ് ഡി സെയിൽസിൻറെ നാലാം ചരമ ശതാബ്ദി ദിനമാകയാൽ, അദ്ദേഹത്തിൻറെ ചില ചിന്തകളിൽ നിന്നുള്ള ചില ആശയങ്ങൾ നമ്മുടെ വിചിന്തനത്തിനായി എടുക്കാം. അദ്ദേഹം തിരുപ്പിറവിയെക്കുറിച്ച് ഏറെ എഴുതിയിട്ടുണ്ട്.  വിശുദ്ധ ഫ്രാൻസീസ് ഡി സെയിൽസിൻറെ നാലാം ചരമശതാബ്ദി അനുസ്മരിക്കുന്ന അപ്പസ്തോലിക ലേഖനം ഇന്ന് പ്രസിദ്ധീകരിക്കും എന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. വിശുദ്ധ ഫ്രാൻസീസ് ഡി സെയിൽസിൻറെ സവിശേഷതയായ പ്രയോഗം ആവർത്തിച്ചുകൊണ്ട് "സകലവും സ്‌നേഹത്തിന് സ്വന്തം" എന്ന ശീർഷകമാണ് ഈ അപ്പൊസ്തോലിക ലേഖനത്തിനു നല്കിയിരിക്കുന്നത്. തീർച്ചയായും, ദൈവസ്നേഹത്തെക്കുറിച്ചുള്ള പ്രബന്ധത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി: "വിശുദ്ധ സഭയിൽ സർവ്വവും സ്നേഹത്തിൻറെതാണ്, സ്നേഹത്തിൽ ജീവിക്കുന്നു, സ്നേഹത്തിനു വേണ്ടി പ്രവർത്തിക്കുന്നു, സ്നേഹത്തിൽ നിന്ന് വരുന്നു" (Ed. Paoline, Milan 1989, p. 80). അതി മനോഹരമായ ഈ സ്നേഹപാതയിൽ സഞ്ചരിക്കാൻ നമുക്കെല്ലാവർക്കും സാധിച്ചിരുന്നെങ്കിൽ!

ഇപ്പോൾ നമുക്ക് വിശുദ്ധ ഫ്രാൻസിസ് ഡി സെയിൽസുമായുള്ള "കൂട്ടായ്മയിൽ" നമുക്ക് യേശുവിൻറെ ജനനത്തിൻറെ രഹസ്യം അവഗാഢം വിശകലനം ചെയ്യാൻ ഒന്നു  ശ്രമിക്കാം.

അടയാളം- പുൽത്തൊട്ടിയിൽ ശയിക്കുന്ന ശിശു 

ഷന്താളിലെ വിശുദ്ധ ജൊവാൻ ഫ്രാൻചെസ്ക്കയ്ക്കുള്ള നിരവധി കത്തുകളിൽ ഒന്നിൽ അദ്ദേഹം എഴുതി: "വിശുദ്ധ ഗ്രന്ഥം പറയുന്നതുപോലെ, ഒരു രാജ്യത്തും സമാനമായതൊന്നില്ലാത്തതും, സ്വർണ്ണം പൂശിയതും കൊത്തുപണികളുള്ളതുമായ ദന്തസിംഹാസനത്തിൽ സോളമനെ കാണുന്നതായി എനിക്കു തോന്നുന്നു (1 രാജാക്കന്മാർ 10,18). -20); ചുരുക്കത്തിൽ, മഹത്വത്തിലും പ്രതാപത്തിലും സമാനതകളില്ലാത്ത രാജാവിനെ കാണുന്നതായി തോന്നുന്നു (1 രാജാക്കന്മാർ 10:23). പക്ഷേ, തങ്ങളുടെ സിംഹാസനങ്ങളിൽ ആസനസ്ഥരായിരിക്കുന്ന എല്ലാ രാജാക്കൻമാരെയും കാണുന്നതിനെക്കാൾ പുൽത്തൊട്ടിയിൽ കിടക്കുന്ന പ്രിയ ചെറു പൈതലിനെ കാണാനാണ് നൂറുമടങ്ങ് എനിക്കിഷ്ടം. മനോഹരങ്ങളാണ് അദ്ദേഹത്തിൻറെ വാക്കുകൾ. പ്രപഞ്ച രാജാവായ യേശു ഒരിക്കലും സിംഹാസനത്തിൽ ഇരുന്നില്ല: അവൻ ഒരു തൊഴുത്തിൽ ജനിച്ചു, അവനെ തുണിയിൽ പൊതിഞ്ഞ് ഒരു പുൽത്തൊട്ടിയിൽ കിടത്തി; അവസാനം അവൻ കുരിശിൽ മരിച്ചു, ഒരു ശീലയിൽ പൊതിഞ്ഞ്, കല്ലറയിൽ വെച്ചു. വാസ്തവത്തിൽ, സുവിശേഷകനായ ലൂക്കാ, യേശുവിൻറെ ജനനത്തെക്കുറിച്ച് വിവരിക്കവെ, പുൽത്തൊട്ടിയുടെ വിശദാംശങ്ങൾ വളരെയധികം ഊന്നപ്പറയുന്നു. ബെത്‌ലഹേമിൽ, കന്യാമറിയത്തിൽ നിന്ന് ജനിച്ചവൻ ഏതുതരം മിശിഹായാണെന്ന് മനസ്സിലാക്കാൻ ആസൂത്രണപരമായ വിശദാംശങ്ങൾ എന്ന നിലയിൽ മാത്രമല്ല, പ്രതീകാത്മക ഘടകമെന്ന നിലയിലും ഇത് വളരെ പ്രധാനമാണ്, അതായത്, യേശു ആരാണെന്ന് മനസ്സിലാക്കാൻ. മനുഷ്യനായിത്തീരുകയും, സ്വന്തം മഹത്വം വെടിയുകയും സ്വയം താഴ്ത്തുകയും ചെയ്തുകൊണ്ട് നമ്മെ രക്ഷിക്കുന്ന ദൈവസുതനാണ് യേശു (ഫിലിപ്പിയർ 2:7-8 കാണുക). പുൽത്തൊട്ടിയുടെ കേന്ദ്രബിന്ദുവിൽ, അതായത് പുൽത്തൊട്ടിയിൽ കിടക്കുന്ന ശിശുവിൽ ഈ രഹസ്യം നാം വ്യക്തമായി കാണുന്നു. തിരുപ്പിറവിയിൽ ദൈവം നമുക്ക് പ്രദാനം ചെയ്യുന്ന "അടയാളം" ഇതാണ്: അത് അന്ന് ബെത്‌ലഹേമിലെ ഇടയന്മാർക്ക് വേണ്ടിയായിരുന്നു (Lk 2:12), അത് ഇന്നും എന്നും അങ്ങനെയായിരിക്കും. “അവനെ പോയി കാണുക” എന്ന് യേശുവിൻറെ ജനനവേളയിൽ ദൈവദൂതർ അറിയിച്ചപ്പോൾ അടയാളം പുൽത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നതായിരുന്നു. അതാണ് അടയാളം. യേശുവിൻറെ സിംഹാസനം പുൽത്തൊട്ടിയൊ, അവിടത്തെ ജീവിതകാലത്ത് പ്രസംഗിച്ചു നടന്നപ്പോൾ പാതയോ, ജീവിതാന്ത്യത്തിൽ കുരിശോ ആയിരുന്നു. ഇതാണ് നമ്മുടെ രാജാവിൻറെ സിംഹാസനം.

ദൈവത്തിൻറെ ശൈലി ആവിഷ്ക്കരിക്കുന്ന "അടയാളം" 

ഈ അടയാളം ദൈവത്തിൻറെ "ശൈലി" കാട്ടിത്തരുന്നു, അത് സാമീപ്യം, അനുകമ്പ, ആർദ്രത എന്നിവയാണ്. തൻറെ ഈ ശൈലിയിലൂടെ ദൈവം നമ്മെ തന്നിലേക്ക് ആകർഷിക്കുന്നു. അവൻ നമ്മെ ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കുന്നില്ല, തൻറെ സത്യവും നീതിയും അവിടന്ന് നമ്മുടെമേൽ അടിച്ചേൽപ്പിക്കുന്നില്ല. സ്നേഹത്തോടെ, ആർദ്രതയോടെ നമ്മെ ആകർഷിക്കാൻ അവിടന്ന് ആഗ്രഹിക്കുന്നു. തിരുപ്പിറവിയോടനുബന്ധിച്ചു തന്നെ ഒരു സന്ന്യാസിനിക്കുള്ള മറ്റൊരു കത്തിൽ, വിശുദ്ധ ഫ്രാൻസിസ് ഡി സെയിൽസ് എഴുതുന്നു: "കാന്തം ഇരുമ്പിനെ ആകർഷിക്കുന്നു, മരപ്പശ വൈക്കോലിനെയും പുല്ലിനെയും ആകർഷിക്കുന്നു. അത് അങ്ങനെയാകട്ടെ, നമ്മൾ നമ്മുടെ കാഠിന്യത്തിലൂടെ ഇരുമ്പും, നമ്മുടെ ബലഹീനതയിലൂടെ വൈക്കോലും ആയിരിക്കട്ടെ, നമ്മൾ ഈ സ്വർഗ്ഗീയ പിഞ്ചു പൈതലിനാൽ ആകർഷിക്കപ്പെടാൻ നമ്മെത്തന്നെ അനുവദിക്കണം. നമ്മൾ എങ്ങനെയായാലും, ദൈവം, നമ്മെ ആകർഷിക്കാനുള്ള മാർഗ്ഗം കണ്ടെത്തി: അതാണ് സ്നേഹം. നിർഭാഗ്യവശാൽ മനുഷ്യസ്‌നേഹം പലപ്പോഴും ആയിരിക്കുന്നതു പോലെ സ്വാർത്ഥവും സ്വന്തമാക്കിവയ്ക്കുന്നതുമായ ഒരു സ്നേഹമല്ല. അവിടത്തെ സ്നേഹം സംശുദ്ധ ദാനമാണ്, ശുദ്ധ കൃപയാണ്, അത് സംപൂർണ്ണമാണ് നമുക്ക് വേണ്ടി മാത്രമുള്ളതാണ്, നമ്മുടെ നന്മയ്ക്കു വേണ്ടിയാണ്. അങ്ങനെ, നിരായുധവും നിരായുധീകരിക്കുന്നതുമായ സ്നേഹത്തിലൂടെ അത് നമ്മെ ആകർഷിക്കുന്നു. കാരണം യേശുവിൻറെ ഈ ലാളിത്യം കാണുമ്പോൾ നമ്മളും അഹങ്കാരത്തിൻറെ ആയുധങ്ങൾ വലിച്ചെറിഞ്ഞ്, വിനയാന്വിതരായി, രക്ഷ യാചിക്കാൻ, ക്ഷമ ചോദിക്കാൻ, നമ്മുടെ ജീവിതത്തിന് വെളിച്ചം തേടാൻ, മുന്നേറാൻ വേണ്ടി അവിടെ പോകുന്നു. യേശുവിൻറെ സിംഹാസനം നിങ്ങൾ മറക്കരുത്: പുൽത്തൊട്ടിയും കുരിശും, ഇതാണ് യേശുവിൻറെ സിംഹാസനം.

പുൽത്തൊട്ടിയിൽ അനാവൃതമാകുന്ന ദാരിദ്ര്യം 

പുൽത്തൊട്ടിലിൽ തെളിഞ്ഞുനിൽക്കുന്ന മറ്റൊരു വശം ദാരിദ്ര്യമാണ്, അവിടെ യഥാർത്ഥത്തിൽ ദാരിദ്ര്യമുണ്ട്. എല്ലാ ലൗകിക വ്യർത്ഥതകളെയും ത്യജിക്കലാണ് ഈ ദാരിദ്ര്യം വിവക്ഷിക്കുന്നത്. പൊള്ളയായ കാര്യങ്ങൾക്കായി പണം വിനിയോഗിക്കുന്നതു നാം കാണുന്നു. എത്രമാത്രം പണമാണ് വ്യർത്ഥമായ കാര്യങ്ങൾക്കായി ചെലവിടുന്നത്.  പൊള്ളയായ കാര്യങ്ങൾക്കായി എത്രമാത്രം പ്രയത്‌നങ്ങൾ, നിരവധിയായ തേടലുകൾ; എന്നാൽ യേശു താഴ്മയിൽ നമുക്ക് സ്വയം വെളിപ്പെടുത്തുന്നു. വിശുദ്ധ ഫ്രാൻസിസ് ഡി സെയിൽസ് എഴുതുന്നു: "എൻറെ ദൈവമേ! ഈ ജനനം ഞങ്ങളുടെ ഹൃദയങ്ങളിൽ എത്രയെത്ര വിശുദ്ധ വികാരങ്ങൾ ഉണർത്തുന്നു! എന്നാൽ, എല്ലാറ്റിനുമുപരിയായി, ഈ ലോകത്തിലെ സകല വസ്തുക്കളുടെയും സകല ആഡംബരങ്ങളുടെയും പരിപൂർണ്ണമായ പരിത്യാഗം ഇത് ഞങ്ങളെ പഠിപ്പിക്കുന്നു. എനിക്കറിയില്ല, എന്നാൽ ആർദ്രതയും തീവ്രവിരക്തിയും, സ്നേഹവും കാർക്കശ്യവും, മധുരവും കയ്പ്പും ഇത്ര മൃദുവായി ഇടകലരുന്ന മറ്റൊരു രഹസ്യം എനിക്ക് കാണാൻ കഴിയുന്നില്ല.” അതെ, തിരുപ്പിറവിയുടെ ലൗകിക രൂപത്തിലേക്ക് വഴുതിവീഴാതിരിക്കാൻ നമ്മൾ ജാഗരൂഗരായിരിക്കണം, തിരുപ്പിറവിയാഘോഷം ഒരു ഉപഭോഗ മധുരോത്സവമായി ചുരുങ്ങിയിരിക്കുന്നു. ഇല്ല, ദൈവസ്നേഹം മധുരതരം അല്ല എന്ന് യേശുവിൻറെ പുൽത്തൊട്ടി നമുക്ക് കാണിച്ചുതരുന്നു. ആനന്ദത്തിനും സുഖസൗകര്യങ്ങൾക്കുമായുള്ള അന്വേഷണത്തെ മറച്ചുവെക്കുന്ന ഒരു കപട നന്മയല്ല അത്. യുദ്ധവും പട്ടിണിയും അനുഭവിച്ചറിഞ്ഞ നമ്മുടെ മുതിർന്നവർക്ക് അത് നന്നായി അറിയാമായിരുന്നു: അതായത്, ക്രിസ്തുമസ്സ് സന്തോഷവും ആഘോഷവുമാണ്, തീർച്ചയായും, എന്നാൽ ലാളിത്യത്തിലും തീവ്രവിരക്തിയിലും.

ഒന്നും ആഗ്രഹിക്കരുത്, ഒന്നും നിരസിക്കരുത്

ഞാൻ എൻറെ അപ്പൊസ്തോലിക ലേഖനത്തിലും ഉദ്ധരിച്ചിട്ടുള്ള, വിശുദ്ധ ഫ്രാൻസിസ് ഡി സെയിൽസിൻറെ ഒരു ചിന്തയോടെ നമുക്ക് ഇത് ഉപസംഹരിക്കാം. ഒന്നു ചിന്തിച്ചു നോക്കൂ, അദ്ദേഹം മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ്, 1622 ഡിസമ്പർ 26-ന്, വിസിറ്റേഷൻ സന്ന്യാസിനികളോടു പറഞ്ഞു: "ഉണ്ണിയേശുവിനെ നിങ്ങൾ പുൽത്തൊട്ടിയിൽ കാണുന്നുണ്ടോ? കാലാവസ്ഥയുടെ എല്ലാ ഉപദ്രവങ്ങളും, തണുപ്പും അവനു സംഭവിക്കുന്നതിന് പിതാവ് അനുവദിക്കുന്നതെല്ലാം അവൻ അനുഭവിക്കുന്നു. അമ്മ  നൽകുന്ന ചെറു സാന്ത്വനങ്ങൾ അവൻ നിരസിക്കുന്നില്ല, അമ്മയുടെ മാറിടത്തിലേക്ക് അവൻ എന്നെങ്കിലും കൈ നീട്ടിയതായി എഴുതപ്പെട്ടിട്ടില്ല, പക്ഷേ അവൻ സകലവും അവളുടെ കരുതലിനും ദീർഘവീക്ഷണത്തിനും വിട്ടുകൊടുക്കുന്നു; അതിനാൽ നമ്മൾ ഒന്നും ആഗ്രഹിക്കരുത്, ഒന്നും നിരസിക്കരുത്, ദൈവം നമുക്കായി അയയ്‌ക്കുന്നതെല്ലാം, തണുപ്പും കാലാവസ്ഥയുടെ പ്രതികൂലതകളും സഹിക്കണം». ഇവിടെ, പ്രിയ സഹോദരീസഹോദരന്മാരേ, വിശുദ്ധ ഫ്രാൻസിസ് ഡി സെയിൽസിൻറെ ജ്ഞാനത്തിലൂടെ ഉണ്ണിയേശുവിൽ നിന്ന് നമുക്ക് ലഭിക്കുന്ന മഹത്തായ ഒരു പ്രബോധനമുണ്ട്: ഒന്നും ആഗ്രഹിക്കാതിരിക്കുക, ഒന്നും നിരസിക്കാതിരിക്കുക, ദൈവം നമുക്കായി അയയ്ക്കുന്നതെല്ലാം സ്വീകരിക്കുക. എന്നാൽ സൂക്ഷിക്കുക! എപ്പോഴും സ്നേഹത്തെ പ്രതിയും മാത്രം, കാരണം ദൈവം നമ്മെ സ്നേഹിക്കുന്നു, എപ്പോഴും നമ്മുടെ നന്മ മാത്രം ആഗ്രഹിക്കുന്നു.

പുൽത്തൊട്ടി- യേശുവിൻറെ സിംഹാസനം

യേശുവിൻറെ സിംഹാസനമായ പുൽത്തൊട്ടിയിലേക്ക് നമുക്ക് നോക്കാം, യൂദയായിലെ, ഗലീലിയിലെ തെരുവുകളിൽ, പിതാവിൻറെ സന്ദേശം പ്രസംഗിക്കുന്ന യേശുവിനെ നോക്കാം, മറ്റൊരു സിംഹാസനമായ കുരിശിൽ കിടക്കുന്ന യേശുവിനെ നോക്കാം. ഇതാണ് യേശു നമുക്ക് വാഗ്ദാനം ചെയ്യുന്നത്: അതായത് പാത, എന്നാൽ ഇത് സന്തോഷത്തിൻറെ വഴിയാണ്.

നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും, നല്ല തിരുപ്പിറവിക്കാലം നേരുന്നു, നല്ലൊരു പുതുവർഷാരംഭവും ആശംസിക്കുന്നു! നന്ദി.

പാപ്പായുടെ പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന്  അതിൻറെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

ബെനഡിക്ട് പതിനാറാമൻ പാപ്പായ്ക്ക് വേണ്ടി പ്രാർത്ഥന 

സഭയെ നിശ്ശബ്ദമായി പിന്തുണയ്ക്കുന്ന എമെരിറ്റസ് പാപ്പാ ബെനഡിക്ട് പതിനാറാമന് വേണ്ടി, പ്രത്യേകം പ്രാർത്ഥിക്കാൻ ഫ്രാൻസീസ് പാപ്പാ അഭ്യർത്ഥിച്ചു. ഏറെ രോഗബാധിതനായ പാപ്പായെ ഓർക്കാനും അദ്ദേഹത്തിന് സാന്ത്വനം പകരുന്നതിനും സഭയോടുള്ള സ്നേഹത്തിൻറെ സാക്ഷ്യത്തിൽ അവസാനം വരെ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതിനും കർത്താവിനോട് പ്രാർത്ഥിക്കാനും പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

സമാപനാഭിവാദ്യവും ആശീർവാദവും

പൊതുദർശനപരിപാടിയുടെ അവസാനഭാഗത്ത്, പാപ്പാ,  പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ, പതിവുപോലെ, അഭിവാദ്യം ചെയ്തു.

ബെത്‌ലഹേമിലെ പൈതൽ അവൻറെ വെളിച്ചവും ആശ്വാസവും അവർക്ക് പ്രദാനം ചെയ്യട്ടെയെന്ന് പാപ്പാ ആശംസിച്ചു. തുടർന്ന് പാപ്പാ, യുദ്ധത്താൽ പിഢിതമായ ഉക്രൈയിനെ അനുസ്മരിക്കുകയും  യുദ്ധത്തിൻറെ ക്രൂരതയാൽ അടിച്ചമർത്തപ്പെട്ട അന്നാടിന് ഉണ്ണിയേശു ആഗ്രഹിക്കപ്പെടുന്ന സമാധാനസമ്മാനം പ്രദാനം ചെയ്യട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

ഈ വാക്കുകളെ തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടതിനു ശേഷം, പാപ്പാ,  എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 December 2022, 12:23

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >