തിരയുക

യേശുവുമായുള്ള ഉറ്റബന്ധം സുവിശേഷവത്ക്കരണത്തിൻറെ ആത്മാവ് എന്ന് പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുദർശന സന്ദേശം: ഇടയഹൃദയം ഉള്ളവരായിരിക്കുക.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പതിവുപോലെ, ജനുവരി 18, ബുധനാഴ്ചയും (18/01/23) ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോൾ ആറാമൻ ശാലയിൽ വച്ച് പ്രതിവാരപൊതുദർശനം അനുവദിച്ചു. വിവിധ രാജ്യക്കാരായിരുന്ന നിരവധി തീർത്ഥാടകരും സന്ദർശകരും ശാലയിൽ സന്നിഹിതരായിരുന്നു. പാപ്പാ, അവരെ കരമുയർത്തി അഭിവാദ്യം ചെയ്തുകൊണ്ട് ഊന്നുവടിയുടെ സഹായത്തോടെ സാവധാനം നടന്ന് ശാലയിൽ എത്തിയപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. ശാലയിൽ പ്രവേശിച്ച പാപ്പാ, റോമിലെ സമയം രാവിലെ ഏതാണ്ട് 9.00 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-ന്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചതിനെ തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

ലൂക്കാ:15,4-7

യേശു അവരോടു പറഞ്ഞു: നിങ്ങളിലാരാണ്, തനിക്ക്  നൂറ് ആടുകൾ ഉണ്ടായിരിക്കേ അവയിൽ ഒന്നു നഷ്ടപ്പെട്ടാൽ തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയിൽ വിട്ടിട്ട്, നഷ്ടപ്പെട്ടതിനെ കണ്ടുകിട്ടുവോളം തേടിപ്പോകാത്തത്? കണ്ടുകിട്ടുമ്പോൾ സന്തോഷിച്ച് അതിനെ തോളിലേറ്റുന്നു. വീട്ടിൽ എത്തുമ്പോൾ അവൻ കൂട്ടുകാരെയും അയൽവാസികളെയും വിളിച്ചുകൂട്ടിപ്പറയും: നിങ്ങൾ എന്നോടുകൂടെ സന്തോഷിക്കുവിൻ. എൻറെ നഷ്ടപ്പെട്ട ആടിനെ കണ്ടുകിട്ടിയിരിക്കുന്നു. അതുപോലെതന്നെ, അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പത് നീതിമാന്മാരെക്കുറിച്ച് എന്നതിനെക്കാൾ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വർഗ്ഗത്തിൽ കൂടുതൽ സന്തോഷമുണ്ടാകും എന്ന് ഞാൻ നിങ്ങളോടു പറയുന്നു.”  

ഈ വായനയ്ക്കു ശേഷം പാപ്പാ, സുവിശേഷവത്ക്കരണ തീക്ഷ്ണതയെ അധികരിച്ച് കഴിഞ്ഞയാഴ്ച ആരംഭിച്ച പ്രബോധന പരമ്പരയിൽ ഇപ്രാവശ്യം വിശലനം ചെയ്തത് യേശുവാണ് സുവിശേഷപ്രഘോഷണത്തിൻറെ മാതൃക എന്നതായിരുന്നു.

ഇറ്റാലിയന്‍ ഭാഷയില്‍ പാപ്പാ നടത്തിയ മുഖ്യ പ്രഭാഷണത്തിൻറെ സംഗ്രഹം:

സദാ നമ്മിലേക്കു നീളുന്ന "ദൈവവചനം" 

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം, ഏവർക്കും സ്വാഗതം!

സഭയെയും ഓരോ ക്രിസ്ത്യാനിയെയും സചേതനമാക്കേണ്ട സുവിശേഷവത്ക്കരണാഭിനിവേശത്തെക്കുറിച്ച്,അതായത്, അപ്പോസ്തോലിക തീക്ഷ്ണതയെ കുറിച്ച് ഒരു പ്രബോധനപരമ്പര നമ്മൾ കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ചു. ഇന്ന് നാം പ്രഘോഷണത്തിൻറെ അജയ്യ മാതൃകയിലേക്ക് നോക്കുന്നു: അത് യേശുവാണ്. തിരുപ്പിറവിദിനത്തിലെ സുവിശേഷം അവിടത്തെ നിർവ്വചിക്കുന്നത് "ദൈവവചനം" (യോഹന്നാൻ 1:1 കാണുക) എന്നാണ്. യേശു വചനമാണ് എന്ന വസ്തുത അവിടത്തെ സത്താപരമായ ഒരു മാനം നമുക്ക് കാണിച്ചുതരുന്നു: അതായത് അവിടന്ന് എപ്പോഴും ബന്ധത്തിൽ ആയിരിക്കുന്നു, പുറത്തുപോകുന്നു, ഒറ്റയ്ക്കല്ല, എന്നും ബന്ധത്തിലായിരിക്കുന്നു; വചനം, വാസ്തവത്തിൽ, സംവേദനം ചെയ്യപ്പെടാനും വിനിമയം ചെയ്യപ്പെടാനുമുള്ളതാണ്. യേശു അങ്ങനെയാണ്, പിതാവിൻറെ നിത്യവചനം നമ്മിലേക്ക് നീളുന്നു. ക്രിസ്തുവിന് ജീവൻറെ വാക്കുകൾ മാത്രമല്ല ഉള്ളത്, അവൻ സ്വജീവിതത്തെ ഒരു വചനമാക്കി മാറ്റുന്നു: അതായത്, അവിടന്ന് എപ്പോഴും പിതാവിലേക്കും നമ്മിലേക്കും ഉന്മുഖമായി ജീവിക്കുന്നു.

പിതാവുമായുള്ള ഗാഢ ബന്ധം- പ്രാർത്ഥന 

വാസ്തവത്തിൽ, സുവിശേഷങ്ങളിൽ വിവരിച്ചിരിക്കുന്ന അവിടത്തെ ദിവസങ്ങൾ നോക്കുകയാണെങ്കിൽ, പിതാവുമായുള്ള ഉറ്റബന്ധം, പ്രാർത്ഥന ആണ് ആദ്യം വരുന്നത്, അതിനായി, യേശു അതിരാവിലെ, ഇരുളായിരിക്കുമ്പോൾതന്നെ, എഴുന്നേറ്റു വിജനമായ പ്രദേശങ്ങളിൽ പോയി പ്രാർത്ഥിക്കുന്നു (മർക്കോസ് 1:35; ലൂക്കാ 4:42 കാണുക). എല്ലാ പ്രധാനപ്പെട്ട തീരുമാനങ്ങളും തിരഞ്ഞെടുപ്പുകളും അവിടന്ന്  എടുക്കുന്നത് പ്രാർത്ഥനാനന്തരമാണ് (ലൂക്കാ 6:12; 9:18 കാണുക). കൃത്യമായി ഈ ബന്ധത്തിൽ, തന്നെ ആത്മാവിൽ പിതാവുമായി ബന്ധിപ്പിക്കുന്ന പ്രാർത്ഥനയിൽ ആണ് യേശു താൻ ഒരു മനുഷ്യനായിരിക്കുന്നതിൻറെയും ലോകത്തിലെ തൻറെ അസ്തിത്വത്തിൻറെയും അർത്ഥം കണ്ടെത്തുന്നത്. അവിടന്ന് നമുക്കുവേണ്ടിയുള്ള ഒരു ദൗത്യത്തിലാണ്. പിതാവ് നമുക്കുവേണ്ടി അവിടത്തെ അയച്ചിരിക്കുന്നു.

സ്നാപ്പെടുന്ന ജനങ്ങൾക്കിടയിൽ യേശു

ഇക്കാര്യത്തിൽ, നസ്രത്തിലെ തൻറെ വർഷങ്ങൾ നീണ്ട രഹസ്യ ജീവിതാനന്തരം യേശു പരസ്യമായി ചെയ്യുന്ന പ്രഥമ പ്രവർത്തനം ശ്രദ്ധേയമാണ്. യേശു വലിയൊരു അത്ഭുതം പ്രവർത്തിക്കുന്നില്ല, ഫലദായകമായ സന്ദേശം നല്കുന്നില്ല, എന്നാൽ സ്നാപക യോഹന്നാനിൽ നിന്ന് സ്നാനം സ്വീകരിക്കാൻ പോയ ആളുകളുമായി ഇടകലരുന്നു. അങ്ങനെ, ലോകത്തിലെ തൻറെ പ്രവർത്തനത്തിൻറെ താക്കോൽ അവൻ നമുക്ക് പ്രദാനം ചെയ്യുന്നു: അതായത്, അകലങ്ങളില്ലാതെ നമ്മോട് ഐക്യദാർഢ്യത്തിൽ ആയിരിക്കുകയും ജീവിതം പൂർണ്ണമായി പങ്കുവയ്ക്കുകയും ചെയ്തുകൊണ്ട് പാപികൾക്കായി ആത്മദാനമാകുക. വാസ്‌തവത്തിൽ, തൻറെ ദൗത്യത്തെക്കുറിച്ച് പറയുമ്പോൾ,  യേശു,താൻ വന്നത് "ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവൻ നൽകാനുമാണ്" (മർക്കോസ് 10:45) എന്ന് പറയും. അനുദിനം, പ്രാർത്ഥനാനന്തരം, യേശു അവിടത്തെ ദിവസം മുഴുവൻ ദൈവരാജ്യം പ്രഘോഷിക്കുന്നതിനു വേണ്ടിയും ആളുകൾക്ക്, പ്രത്യേകിച്ച് ഏറ്റവും ദരിദ്രർക്കും ദുർബ്ബലർക്കും, പാപികൾക്കും രോഗികൾക്കും വേണ്ടിയും സമർപ്പിക്കുന്നു (മർക്കോസ് 1:32-39 കാണുക).

നല്ല ഇടയൻ 

ഇപ്പോൾ, നമുക്ക് അവിടത്തെ ജീവിതശൈലി ഒരു സാദൃശ്യം ഉപയോഗിച്ച്  അവതരിപ്പിക്കണമെങ്കിൽ  അത് കണ്ടെത്താൻ ബുദ്ധിമുട്ടില്ല: "ആടുകൾക്കു വേണ്ടി സ്വന്തം ജീവൻ കൊടുക്കുന്ന” (യോഹന്നാൻ 10:11) നല്ല ഇടയനാണ് താനെന്ന് തന്നെക്കുറിച്ചുതന്നെ സംസാരിക്കവേ യേശുതന്നെ അത് നമുക്കു നല്കുന്നുണ്ട്. വാസ്‌തവത്തിൽ, ഒരു ഇടയൻ ആയിരിക്കുക എന്നത്‌ സമയവും വളരെയധികം പ്രയത്‌നവും ആവശ്യമുള്ള ഒരു ജോലി മാത്രമായിരുന്നില്ല; അത് ഒരു യഥാർത്ഥ ജീവിതരീതിതന്നെയായിരുന്നു: ദിവസത്തിൽ ഇരുപത്തിനാല് മണിക്കൂറും, ആട്ടിൻകൂട്ടത്തോടൊപ്പം ജീവിക്കുക, അവയെ മേച്ചിൽപുറത്തേക്ക് ആനയിക്കുക, ആടുകളുടെ ഇടയിൽ ഉറങ്ങുക, ഏറ്റം ബലഹീനമായവയെ പരിപാലിക്കുക. മറ്റു വാക്കുകളിൽ പറഞ്ഞാൽ, യേശു നമുക്കുവേണ്ടി എന്തെങ്കിലുമല്ല ചെയ്യുന്നത്, മറിച്ച് നമുക്കുവേണ്ടി സ്വന്തം ജീവൻ നൽകുന്നു. അവൻറേത് ഒരു ഇടയഹൃദയമാണ് (എസക്കിയേൽ 34:15 കാണുക).

അജപാലനം- ഇടയഹൃദയത്തിനുടമകളാകുക

വാസ്തവത്തിൽ, സഭയുടെ പ്രവർത്തനത്തെ ഒറ്റ വാക്കിൽ സംഗ്രഹിക്കാൻ, "അജപാലനം" എന്ന പദം പലപ്പോഴും ഉപയോഗിക്കാറുണ്ട്. നമ്മുടെ അജപാലനപ്രക്രിയയെ വിലയിരുത്തുന്നതിന്, നല്ല ഇടയനായ യേശു എന്ന മാതൃകയുമായി നാം നമ്മെത്തന്നെ തുലനം ചെയ്യണം. സർവ്വോപരി, നമുക്ക് സ്വയം ചോദിക്കാം: നമ്മുടെ ഹൃദയം അവിടത്തെ ഹൃദയത്തോട് പൊരുത്തമുള്ളതാകുന്നതിന് നാം പ്രാർത്ഥനയുടെ ഉറവിടങ്ങളിൽ നിന്ന് പാനം ചെയ്തുകൊണ്ട് അവിടത്തെ അനുകരിക്കുന്നുണ്ടോ?  ആശ്രമാധിപതി ആയിരുന്ന ഷൗതാ മനോഹരമായ ഒരു ഗ്രന്ഥത്തിൽ നിർദ്ദേശിച്ചതുപോലെ യേശുവുമായുള്ള ഉറ്റ ബന്ധമാണ്, "ഓരോ അപ്പോസ്തോല പ്രവർത്തനത്തിൻറെയും ആത്മാവ്". യേശു തന്നെ അത് സ്വന്തം ശിഷ്യന്മാരോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്: "എന്നെക്കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല" (യോഹന്നാൻ 15:5). നിങ്ങൾ യേശുവിനോടൊപ്പമാണെങ്കിൽ, അവിടത്തെ ഇടയഹൃദയം വഴിതെറ്റപ്പോയവർക്കും നഷ്ടപ്പെട്ടവർക്കും അകലെയുള്ളവർക്കും വേണ്ടി എപ്പോഴും തുടിക്കുന്നുവെന്ന് നാം കണ്ടെത്തുന്നു. എന്നാൽ നമ്മുടെ ഹൃദയമോ? നമുക്ക് അൽപ്പം ബുദ്ധിമുട്ടുള്ളവരായ ആളുകളുമായുള്ള കാര്യത്തിൽ "അത് അവൻറെ പ്രശ്നം, അവൻ അത് കൈകാര്യം ചെയ്യട്ടെ..." എന്ന മനോഭാവം നാം എത്രയോ തവണ പുലർത്തിയിട്ടുണ്ട്. എന്നാൽ യേശു ഒരിക്കലും ഇങ്ങനെ  പറഞ്ഞിട്ടില്ല. അവിടന്ന് അവരെ തേടി പോയി. എല്ലാവരുടെയും,  പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും പാപികളുടെയും ഒപ്പം അവിടന്നുണ്ട്. അവിടന്ന് പാപികളോടൊപ്പമാണ്, കാരണം അവിടന്ന് പാപികൾക്കാണ് ദൈവത്തിൻറെ രക്ഷ കൊണ്ടുവന്നത്.

നമ്മെക്കുറിച്ച് ഗൃഹാതുരത്വം ഉള്ള യേശു 

ലൂക്കായുടെ സുവിശേഷം 15-ാം അദ്ധ്യായത്തിൽ (4-7) രേഖപ്പെടുത്തിയിരിക്കുന്ന, കാണാതെപോയ ആടിൻറെ ഉപമ നാം ശ്രവിച്ചു. നഷ്ടപ്പെട്ട നാണയത്തെക്കുറിച്ചും ധൂർത്തനായ പുത്രനെക്കുറിച്ചും യേശു പറയുന്നുണ്ട്. അപ്പൊസ്തോലിക തീക്ഷ്ണത പരിശീലിക്കണമെങ്കിൽ, നമ്മൾ ലൂക്കായുടെ സുവിശേഷത്തിലെ 15-ാം അദ്ധ്യായം എപ്പോഴും മനസ്സിൽ സൂക്ഷിക്കണം. ഇടയ്ക്കിടെ വായിക്കുക, അപ്പൊസ്തോലിക തീക്ഷ്ണത എന്താണെന്ന് അതിൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ദൈവം തൻറെ ആടുകളുടെ വലയത്തെക്കുറിച്ചു ചിന്തിക്കുകയോ അവ പുറത്തുപോകാതിരിക്കാൻ അവയെ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നില്ലെന്ന് നാം അതിൽ കണ്ടെത്തുന്നു. മറിച്ച്, ഒന്നു പുറത്തുപോയി വഴിതെറ്റിയാൽ, അവിടന്ന് അതിനെ ഉപേക്ഷിക്കുന്നില്ല, എന്നാൽ അതിനെ അന്വേഷിക്കുന്നു. "അതു പോയി, അത് അതിൻറെ കുറ്റമാണ്,  ഇനി അതിന് അതിൻറെ കാര്യം!" എന്ന് അവിടന്ന് പറയുന്നില്ല. ഇടയഹൃദയം മറ്റൊരു വിധത്തിൽ പ്രതികരിക്കുന്നു: ഇടയഹൃദയം വേദനിക്കുന്നു, അതെ, ഉപേക്ഷിച്ചുപോകുന്നവരെക്കുറിച്ച് ദൈവം വേദനിക്കുന്നു, കരയുമ്പോഴും അവിടന്ന് അവനെ കൂടുതൽ സ്നേഹിക്കുന്നു. നാം കർത്താവിൻറെ ഹൃദയത്തിൽ നിന്ന് അകലുമ്പോൾ അവിടന്ന് വേദനിക്കുന്നു. ..... യേശുവിന് കോപമോ നീരസമോ അല്ല, മറിച്ച് നമ്മെക്കുറിച്ചുള്ള വിട്ടുമാറാത്ത ഓർമ്മയാണുള്ളത്. ഇത് ദൈവത്തിൻറെ തീക്ഷ്ണതയാണ്.

യേശുവിൻറെ ഹൃദയവികാരം നാം സ്വന്തമാക്കുന്നുണ്ടോ?

ഞാൻ സ്വയം ചോദിക്കുകയാണ്: നമുക്ക് സമാനമായ വികാരങ്ങൾ ഉണ്ടോ? കൂട്ടം വിട്ടുപോയവരെ നമ്മൾ പ്രതിയോഗികളായോ ശത്രുക്കളായോ കണ്ടേക്കാം. "ഇവൻ? - ഇല്ല, അവൻ എവിടെയോ പോയി, അവന് വിശ്വാസം നഷ്ടപ്പെട്ടു, അവനെ നരകം കാത്തിരിക്കുന്നു...", നമ്മൾ ശാന്തരായിരിക്കുന്നു. വിദ്യാലയത്തിലും ജോലിസ്ഥലത്തും നഗരവീഥികളിലും അവരെ കണ്ടുമുട്ടുമ്പോൾ, എന്തുകൊണ്ട് നമുക്ക്,  അവരെ സ്‌നേഹിക്കുന്ന, ഒരിക്കലും മറക്കാത്ത ഒരു പിതാവിൻറെ സന്തോഷത്തെക്കുറിച്ചു സാക്ഷ്യം നല്കുന്നതിന് നല്ലൊരു അവസരമുണ്ടെന്ന് ചിന്തിച്ചുകൂടാ?  ...... ഒരുപക്ഷേ നാം വളരെക്കാലമായി യേശുവിനെ അനുഗമിക്കുകയും സ്നേഹിക്കുകയും ചെയ്തിട്ടുണ്ടാകാം, എന്നാൽ, യേശുവിൻറെ ഹൃദയത്തോട് ചേർന്ന്, ഈ ഇടയ ഹൃദയത്തോട് ചേർന്ന്, അവിടത്തെ വികാരങ്ങളിലും സഹനങ്ങളിലും അപകടസാദ്ധ്യതയിലും നാം പങ്കുചേരുന്നുണ്ടോ എന്ന് നമ്മോട് തന്നെ ചോദിച്ചിട്ടില്ല! .... കർത്താവിൻറെ സന്ദേശമെത്തിക്കുന്നതിനും ക്രിസ്തുവിനോടുള്ള അവരുടെ സ്നേഹം മനസ്സിലാക്കുന്നതിനും കഴിവുറ്റ എല്ലാവർക്കും സമീപസ്ഥവും തുറവുള്ളതുമായ  ഒരു ഇടയഹൃദയത്തിൻറെ കൃപയ്‌ക്കായി നമുക്ക് പ്രാർത്ഥിക്കാം. കാരണം, സഹിക്കുന്നതും അപകടസാധ്യതകൾ ഉള്ളതുമായ ഈ സ്നേഹം ഇല്ലെങ്കിൽ ക്രൈസ്തവരായ നാം നമ്മെ മാത്രം തീറ്റിപ്പോറ്റുന്നവരായി മാറും, നമ്മുടെ ജീവിതം ശരിയായ ദിശയിലായിരിക്കില്ല. അജപാലകർ, ആട്ടിൻകൂട്ടത്തിൻറെ ഇടയന്മാരാകുന്നതിനുപകരം, അവനവൻറെ ഇടയന്മാരായി മാറും, സുന്ദരങ്ങളായവയെ മോടിപിടിപ്പിക്കുന്നവരാകും, അവനവനെ ചീകിമിനുക്കുന്നവരാകും..... നന്ദി.

സമാപനാഭിവാദ്യങ്ങളും ആശീർവ്വാദവും

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. പൊതുദർശനപരിപാടിയുടെ അവസാനഭാഗത്ത്, പാപ്പാ,  പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ, പതിവുപോലെ, അഭിവാദ്യം ചെയ്തു.

ക്രൈസ്തവൈക്യ അഷ്ടദിന പ്രാർത്ഥന

അനുവർഷം ജനുവരി 18-25 വരെ ക്രൈസ്തവസമൂഹം ആചരിക്കുന്ന "ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാർത്ഥനാ വാരത്തെ"ക്കുറിച്ച് പാപ്പാ തദ്ദവസരത്തിൽ പരാമർശിച്ചു. ക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവർക്കുമിടയിൽ സമ്പൂർണ്ണ കൂട്ടായ്മയിലേക്കുള്ള പാത കൂടുതൽ സ്ഥിരീകരിക്കപ്പെടുന്നതിനായി പ്രാർത്ഥിക്കാനും പ്രവർത്തിക്കാനും പാപ്പാ എല്ലാവരെയും ക്ഷണിച്ചു. അതോടൊപ്പം തന്നെ, ജീവിതത്തിൻറെ എല്ലാ തുറകളിലും അനുരഞ്ജനത്തിൻറെയും സമാധാനത്തിൻറെയും ശില്പികളാകുന്നതിന് സമർപ്പണബുദ്ധിയോടെ പരിശ്രമിക്കുന്നതിന് പാപ്പാ പ്രചോദനം പകരുകയും ചെയ്തു.

ഉക്രൈയിൻ യുദ്ധം- നിസ്സംഗതയരുത്

നിഷ്ഠൂര യുദ്ധത്താൽ പീഡിതമായ ഉക്രൈയിനു വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ വീണ്ടും എല്ലാവരോടും അഭ്യർത്ഥിച്ചു. വളരെയേറെ സാമീപ്യവും സാന്ത്വനവും, സർവ്വോപരി, സമാധാനവും അന്നാടിന് ആവശ്യമാണെന്ന് പറഞ്ഞ പാപ്പാ ഇക്കഴിഞ്ഞ പതിനാലാം തീയതി (14/01/23) ശനിയാഴ്ച ഉണ്ടായ മിസൈൽ ആക്രമണത്തിന് കുട്ടികളടക്കം നിരവധി പൗരന്മാർ ഇരകളായത് അനുസ്മരിച്ചു. അവരുടെ കുടുംബാംഗങ്ങളുടെ അസഹനീയ വേദനയിൽ താൻ പങ്കുചേരുന്നുവെന്നും ഈ ദുരന്തസംഭവത്തിൻറെ ചിത്രങ്ങളും സാക്ഷ്യങ്ങളും നിസ്സംഗത പാലിക്കാതിരിക്കാൻ എല്ലാ മനസ്സാക്ഷികൾക്കുമുള്ള ശക്തമായ ആഹ്വാനമാണെന്നും പാപ്പാ പറഞ്ഞു.

ഈ വാക്കുകളെ തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടതിനു ശേഷം, പാപ്പാ,  എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 January 2023, 12:19

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >