തിരയുക

പാപ്പാ: പ്രേഷിത തീക്ഷ്ണതയുടെ അഭാവത്തിൽ വിശ്വാസം വാടിപ്പോകുന്നു!

പാപ്പായുടെ പ്രതിവാര പൊതുദർശന സന്ദേശേം : പ്രേഷിതദൗത്യം, ക്രിസ്തീയ ജീവിതത്തിൻറെ പ്രാണവായുവാണ്. സുവിശേഷവത്ക്കരണ തീക്ഷ്ണതയെ അധികരിച്ച് പുതിയ പ്രബോധന പരമ്പര.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോൾ ആറാമൻ ശാലയായിരുന്നു ഫ്രാൻസീസ് പാപ്പായുടെ പ്രതിവാരപൊതുദർശന പരിപാടിയുടെ വേദി ഈ ബുധനാഴ്ചയും (11/01/23). വിവിധ രാജ്യക്കാരായിരുന്ന നിരവധി തീർത്ഥാടകരും സന്ദർശകരും ശാലയിൽ സന്നിഹിതരായിരുന്നു. പാപ്പാ, ഊന്നുവടിയുടെ സഹായത്തോടെ സാവധാനം നടന്ന് ശാലയിൽ എത്തിയപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു.ശാലയിൽ പ്രവേശിച്ച്, അവിടെ വച്ചിരുന്ന പരിശുദ്ധ കന്യാകാമറിയത്തിൻറെ തിരുച്ചിത്രത്തിനു മുന്നിൽ മൗനപ്രാർത്ഥന നടത്തിയ പാപ്പാ, റോമിലെ സമയം രാവിലെ ഏതാണ്ട് 9.00 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-ന്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചതിനെ തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

മത്തായി 9:9-13

യേശു അവിടെനിന്നു നടന്നു നീങ്ങവേ, മത്തായി എന്നൊരാൾ ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ടു. യേശു അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവൻ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു. യേശു അവൻറെ ഭവനത്തിൽ ഭക്ഷണത്തിനിരുന്നപ്പോൾ അനേകം ചുങ്കക്കാരും പാപികളും വന്ന്, അവനോടും ശിഷ്യന്മാരോടും കൂടെ ഭക്ഷണത്തിനിരുന്നു. ഫരിസേയർ ഇതുകണ്ട്  ശിഷ്യന്മാരോടു ചോദിച്ചു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കുടെ ഭക്ഷിക്കുന്നതെന്തുകൊണ്ട്? ഇതു കേട്ട അവൻ പറഞ്ഞു: ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നതിൻറെ അർത്ഥം നിങ്ങൾ പോയി പഠിക്കുക. ഞാൻ വന്നത് നീതിമാന്മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്.”  

ഈ വായനയ്ക്കു ശേഷം പാപ്പാ, സുവിശേഷവത്ക്കരണ തീക്ഷ്ണതയെ ആധികരിച്ച് ഒരു പ്രബോധന പരമ്പരയ്ക്ക് തുടക്കം കുറിച്ചു. പാപ്പാ  ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയ മുഖ്യ പ്രഭാഷണത്തിൻറെ സംഗ്രഹം :

                              ...പാപ്പാ...

സുവിശേഷവത്ക്കരണത്തിനായുള്ള അഭിനിവേശം 

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഇന്ന് നമ്മൾ പുതിയൊരു പ്രബോധനപരമ്പരയ്ക്ക് തുടക്കം കുറിക്കുകയാണ്. ക്രിസ്തീയ ജീവിതത്തെ സംബന്ധിച്ചിടത്തോളം അടിയന്തിരവും നിർണ്ണായകവുമായ ഒരു വിഷയത്തിൽ കേന്ദ്രീകൃതമായ സുവിശേഷവത്ക്കരണത്തിനായുള്ള അഭിനിവേശം, അതായത് അപ്പൊസ്തോലിക തീക്ഷ്ണത ആണ് അത്. സഭയെ സംബന്ധിച്ചിടത്തോളം ഇത് ഒരു സുപ്രധാന മാനമാണ്: യേശുവിൻറെ ശിഷ്യന്മാരുടെ സമൂഹം യഥാർത്ഥത്തിൽ ജന്മം കൊണ്ടത് അപ്പോസ്തോലികവും പ്രേഷിതയുമായിട്ടാണ്. അല്ലാതെ മതപരിവർത്തകയല്ല. സുവിശേഷവത്ക്കരണം മതപരിവർത്തനമല്ല. അവയ്ക്ക് പരസ്പരം യാതൊരു ബന്ധവുമില്ല. പരിശുദ്ധാത്മാവ് യേശുവിൻറെ ശിഷ്യസമൂഹത്തെ രൂപപ്പെടുത്തുന്നു, അങ്ങനെ അത് ഉൾവലിയാതെ, ബഹിർമുഖമായി, യേശുവിൻറെ പടരുന്ന സാക്ഷിയായി, ഭൂമിയുടെ അതിരുകളിലേക്ക് അവിടത്തെ പ്രകാശം പരത്താൻ എത്തുന്നു. എന്നിരുന്നാലും, അപ്പൊസ്തോലിക ആവേശത്തിന്, സുവിശേഷം മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള ആഗ്രഹത്തിന്  കുറവു സംഭവിക്കാനുള്ള സാദ്ധ്യതയുണ്ട്. ചിലപ്പോൾ ഒരു ഗ്രഹണം സംഭവിക്കുന്നതു പോലെ തോന്നാം. എന്നാൽ ക്രൈസ്തവ ജീവിതം സുവിശേഷ വിളംബരത്തിൻറെ ചക്രവാളം കാണാതെ പോകുമ്പോൾ, അത് രോഗഗ്രസ്ഥമാകുന്നു: അത് ഉൾവലിയുന്നു, സ്വകേന്ദ്രീകൃതമാകുന്നു, അത് ക്ഷയിച്ചുതുടങ്ങുന്നു. അപ്പൊസ്തോലിക തീക്ഷ്ണത ഇല്ലെങ്കിൽ, വിശ്വാസം വാടിപ്പോകുന്നു. പ്രേഷിതദൗത്യം ക്രിസ്തീയ ജീവിതത്തിൻറെ പ്രാണവായുവാണ്: അത് അതിനെ ഉത്തേജിപ്പിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു. ആകയാൽ നമുക്ക് അപ്പൊസ്തോലിക തീക്ഷ്ണത വീണ്ടും കണ്ടെത്താനുള്ള യാത്ര തുടങ്ങാം. ഉറവിടങ്ങളിൽ നിന്ന് അപ്പൊസ്തോലികാഭിനിവേശം ആർജ്ജിക്കുന്നതിന് തിരുലിഖിതങ്ങളിലും സഭാപ്രബോധനങ്ങളിലും നിന്നു തുടങ്ങാം. പിന്നീട് നമുക്ക് സജീവ സ്രോതസ്സുകളെയും സഭയിൽ സുവിശേഷാഭിനിവേശം വീണ്ടും കൊളുത്തിയ ചില സാക്ഷികളെയും സമീപിക്കാം. ഇത് പരിശുദ്ധാരൂപി  നമ്മുടെ ഉള്ളിൽ സദാ ജ്വലിപ്പിക്കാൻ ആഗ്രഹിക്കുന്ന അഗ്നിയെ വീണ്ടും കൊളുത്താൻ നമ്മെ സഹായിക്കുന്നതിനു വേണ്ടിയാണ്.

അൽപ്പം പ്രതീകാത്മകമായ ഒരു സുവിശേഷ സംഭവത്തിൽ നിന്ന് ആരംഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു: അപ്പോസ്തലൻ മത്തായിയുടെ വിളിയാണത്. അതിനെക്കുറിച്ച് അദ്ദേഹം തന്നെ തൻറെ സുവിശേഷത്തിൽ വിവരിക്കുന്നത് നാം ശ്രവിച്ചു. (മത്തായി 9:9-13 കാണുക).

യേശു മത്തായിയെ വിളിക്കുന്നു- യേശുവിൻറെ നോട്ടം

എല്ലാം ആരംഭിക്കുന്നത് യേശുവിൽ നിന്നാണ്, അവൻ "ഒരു മനുഷ്യനെ" “കാണുന്നു” എന്ന്  സുവിശേഷം പറയുന്നു - "ഒരു മനുഷ്യൻ". കുറച്ചുപേർ മത്തായിയെ അവനായിരിക്കുന്നതു പോലെ തന്നെയാണ് കണ്ടത്: "ചുങ്കസ്ഥലത്ത് ഇരിക്കുന്നവനായി" അവർക്ക് അവനെ അറിയാമായിരുന്നു (മത്തായി 9,9). അവൻ യഥാർത്ഥത്തിൽ ഒരു നികുതിപിരിവുകാരനായിരുന്നു: പലസ്തീനിൽ ആധിപത്യം പുലർത്തിയിരുന്ന റോമൻ സാമ്രാജ്യത്തിനു വേണ്ടി നികുതി പിരിച്ചുകൊണ്ടിരുന്നവൻ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവൻ ഒരു സർക്കാർ സഹകാരിയായിരുന്നു, ജനദ്രോഹിയായിരുന്നു. ആളുകൾക്ക് അദ്ദേഹത്തോടുണ്ടായിരുന്ന അവജ്ഞ എത്രമാത്രമായിരുന്നുവെന്ന് നമുക്ക് ഊഹിക്കാവുന്നതാണ്: അദ്ദേഹം ഒരു "ചുങ്കക്കാരൻ" ആയിരുന്നു. പക്ഷേ, യേശുവിൻറെ ദൃഷ്ടിയിൽ, മത്തായി, അവൻറെ ദൈന്യതകളോടും മാഹാത്മ്യത്തോടും കൂടിയ ഒരു മനുഷ്യനാണ്. മത്തായിയും അവൻറെ ആളുകളും തമ്മിൽ അകലം ഉണ്ടായിരിക്കേ, യേശു അവനോട് അടുക്കുന്നു, കാരണം ഓരോ മനുഷ്യനും ദൈവത്താൽ സ്നേഹിക്കപ്പെടുന്നു. അപരനെ, അവൻ ആരായാലും, സ്നേഹത്തിൻറെ സ്വീകർത്താവായി കാണുന്ന ഈ നോട്ടം സുവിശേഷവത്ക്കരണാഭിനിവേശത്തിൻറെ തുടക്കമാണ്. യേശുവിൽ നിന്ന് നാം പഠിക്കുന്ന ഈ നോട്ടത്തിൽ നിന്നാണ് എല്ലാം ആരംഭിക്കുന്നത്.

നമ്മുടെ നോട്ടമോ?

നമുക്ക് സ്വയം ചോദിക്കാം: മറ്റുള്ളവരോടുള്ള നമ്മുടെ നോട്ടം എങ്ങനെയാണ്?  അപരൻറെ  ആവശ്യങ്ങളല്ല, പോരായ്മകൾ എത്ര തവണ നാം കാണുന്നു; ആളുകളെ അവരുടെ പ്രവർത്തികളുടെയൊ ചിന്തകളുടെയൊ അടിസ്ഥാനത്തിൽ നമ്മൾ എത്ര തവണ മുദ്രകുത്തുന്നു! ക്രിസ്ത്യാനികൾ എന്ന നിലയിലും നമ്മൾ സ്വയം പറയുന്നു: അവൻ നമ്മിൽ ഒരാളാണോ അതോ നമ്മിൽ പെട്ടവനല്ലേ? ഇത് യേശുവിൻറെ നോട്ടമല്ല: അവൻ എപ്പോഴും ഓരോരുത്തരെയും കരുണയോടും പ്രത്യേക വാത്സല്യത്തോടും കൂടി നോക്കുന്നു. ക്രൈസ്തവർ ക്രിസ്തുവിനെപ്പോലെ പ്രവർത്തിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ച് "വിദൂരസ്ഥർ" എന്ന് വിളിക്കപ്പെടുന്നവരെ അവൻ ചെയ്യുന്നതുപോലെ തന്നെ നോക്കിക്കൊണ്ട്. വാസ്‌തവത്തിൽ, മത്തായിയുടെ വിളിയെക്കുറിച്ചുള്ള വിവരണം യേശുവിൻറെ വാക്കുകളോടുകൂടി അവസാനിക്കുന്നു: " ഞാൻ വന്നത് നീതിമാന്മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്.” (മത്തായി 9,3).

ചലനം- എഴുന്നേൽക്കൽ

അതിനാൽ, എല്ലാം ആരംഭിക്കുന്നത് യേശുവിൻറെ നോട്ടത്തിൽ നിന്നാണ്. ഇതിനെ തുടർന്ന് - രണ്ടാമത്തെ ഭാഗം - ഒരു ചലനം. മത്തായി നികുതിസ്ഥലത്ത് ഇരിക്കുകയായിരുന്നു; യേശു അവനോട് പറഞ്ഞു: “എന്നെ അനുഗമിക്കുക”. അവൻ "എഴുന്നേറ്റു അവനെ അനുഗമിച്ചു" (മത്തായി 9,9). "അവൻ എഴുന്നേറ്റു" എന്ന് സുവിശേഷം ഊന്നിപ്പറയുന്നത് ശ്രദ്ധേയമാണ്. ഈ വിശദാംശം വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടണ്?  കാരണം, അക്കാലത്ത് ആസനസ്ഥന്, തന്നെ, ശ്രവിക്കാനൊ അല്ലെങ്കിൽ അവിടെ സംഭവിച്ചതു പോലെ, നകുതി അടയ്ക്കാനൊ തൻറെ മുന്നിൽ നില്ക്കുന്ന മറ്റുള്ളവരുടെ മേൽ അധികാരമുണ്ടായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ഇരിക്കുന്നവന് അധികാരമുണ്ടായിരുന്നു. യേശു ആദ്യം ചെയ്യുന്നത് മത്തായിയെ അധികാരവിമുക്തനാക്കുകയാണ്: മറ്റുള്ളവരെ സ്വീകരിക്കാൻ ഇരിക്കുന്നതിൽ നിന്ന്, അവിടന്ന് അവനെ മറ്റുള്ളവരിലേക്ക് നയിക്കുന്നു; സഹോദരങ്ങളോട് അവനെ സമനാക്കാനും സേവനത്തിൻറെ ചക്രവാളങ്ങളിലേക്ക് അവനെ തുറക്കാനും വേണ്ടി മേൽക്കോയ്മയുടെ സ്ഥാനം ഉപേക്ഷിക്കാൻ യേശു അവനെ പ്രാപ്തനാക്കുന്നു. ക്രിസ്തു ചെയ്യുന്നത് ഇതാണ്, ഇത് ക്രിസ്ത്യാനികൾക്ക് അടിസ്ഥാനപരമാണ്: യേശുവിൻറെ ശിഷ്യന്മാരായ നമ്മൾ, സഭയായ നമ്മൾ, ആളുകൾ വരുന്നതിനായി കാത്തിരിക്കുകയാണോ അതോ നമുക്ക് എഴുന്നേൽക്കാനും മറ്റുള്ളവരോടൊപ്പം പോകാനും മറ്റുള്ളവരെ അന്വേഷിക്കാനും അറിയാമോ? അവർ വരട്ടെ, ഞാൻ ഇവിടെയുണ്ട് എന്നു പറയുന്നത് ക്രൈസ്തവികമല്ല. നീ അവരെ അന്വേഷിച്ചു പോകുക, നീ ആദ്യ ചുവടു വയ്ക്കുക.

ലക്ഷ്യസ്ഥാനം

ഒരു നോട്ടം,- യേശു കാണുന്നു-  ഒരു ചലനം, മൂന്നാമതായി, ഒരു ലക്ഷ്യസ്ഥാനം. എഴുന്നേറ്റ് യേശുവിനെ അനുഗമിച്ച ശേഷം മത്തായി എവിടേയ്ക്കു പോകും? ആ മനുഷ്യൻറെ ജീവിതത്തിൽ പരിവർത്തനം വരുത്തിയതിനു ശേഷം, ഗുരു അവനെ പുതിയ കണ്ടുമുട്ടലുകളിലേക്കും നൂതന ആത്മീയാനുഭവങ്ങളിലേക്കും നയിക്കുന്നതായി നമുക്ക് സങ്കൽപ്പിക്കാൻ കഴിയും. ഇല്ല, അല്ലെങ്കിൽ കുറഞ്ഞത് ഉടനെയില്ല. ആദ്യം, യേശു അവൻറെ വീട്ടിലേക്ക് പോകുന്നു; അവിടെ മത്തായി അവനുവേണ്ടി "വലിയ ഒരു വിരുന്ന്" ഒരുക്കുന്നു, അതിൽ "ചുങ്കക്കാരുടെ വലിയ ഒരു കൂട്ടം" പങ്കെടുക്കുന്നു (ലൂക്കാ 5:20). മത്തായി തൻറെ ചുറ്റുപാടിലേക്ക് മടങ്ങുന്നു, എന്നാൽ അവൻ മാറ്റത്തിനു വിധേയനായും യേശുവിനോടൊപ്പവുമാണ് മടങ്ങുന്നത്, അവൻറെ അപ്പൊസ്തോലിക തീക്ഷ്ണത ആരംഭിക്കുന്നത് പുതിയതും ശുദ്ധവും അനുയോജ്യവുമായ ഒരു സ്ഥലത്തല്ല, മറിച്ച് അവൻ താമസിക്കുന്നിടത്ത്, അവന് പരിചയമുള്ള ആളുകളുമൊത്താണ്. ഇതാ, നമുക്കുള്ള സന്ദേശം: പൂർണ്ണരാകാൻ നാം കാത്തിരിക്കേണ്ടതില്ല, യേശുവിന് സാക്ഷ്യം വഹിക്കാൻ അവൻറെ പിന്നാലെ ഒരുപാട് ദൂരം സഞ്ചരിച്ചിരിക്കേണ്ടതുമില്ല; ഇന്ന് ഇവിടെ, നമ്മൾ താമസിക്കുന്നിടത്ത് നമ്മുടെ പ്രഘോഷണം ആരംഭിക്കുന്നു. മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടല്ല ഇത് ആരംഭിക്കുന്നത്, മറിച്ച് നമ്മെ നോക്കുകയും നമ്മെ ഉയർത്തുകയും ചെയ്ത സ്നേഹത്തിൻറെ സൗന്ദര്യത്തിന് എല്ലാ ദിവസവും സാക്ഷ്യം വഹിച്ചുകൊണ്ട്. ഈ സൗന്ദര്യം ആയിരിക്കും, ആശയവിനിമയം നടത്തുകയും, ആളുകളെ ബോധ്യപ്പെടുത്തുകയും ചെയ്യുക. നമ്മളല്ല, കർത്താവ് തന്നെയാണ് അതു ചെയ്യുക. ........ തീർച്ചയായും, ബെനഡിക്ട് പതിനാറാമൻ പാപ്പാ നമ്മെ പഠിപ്പിച്ചതുപോലെ, "സഭ മതപരിവർത്തനം നടത്തുന്നില്ല. മറിച്ച്, അവൾ വളരുന്നത് ആകർഷണത്താലാണ്" (ലത്തീനമേരിക്കയിലെയും കരീബിയയിലെയും മെത്രാൻ സംഘത്തിൻറെ അഞ്ചാം പൊതുസമ്മേളനോദ്ഘാടന ദിവ്യബിലയിലെ സുവിശേഷ പ്രബാഷണം, അപാരെസിദ, 13 മെയ് 2007). ഇത് മറക്കരുത്: മതംമാറ്റുന്ന, വരാനിരിക്കുന്നവരുടെ പട്ടിക ഉണ്ടാക്കുന്ന ക്രിസ്ത്യാനികളെ നിങ്ങൾ കാണുകയാണെങ്കിൽ... ഇക്കൂട്ടർ ക്രിസ്ത്യാനികളല്ല, ക്രിസ്ത്യാനികളായി വേഷമിട്ട വിജാതീയരാണ്, അവരുടെ ഹൃദയം അക്രൈസ്തവികമാണ്. നിങ്ങളല്ല, നിങ്ങളുടെ നോട്ടം കൊണ്ട്, നിങ്ങളുടെ ചെയ്തികൾ കൊണ്ട് യേശുവിനെ വിനിമയം ചെയ്യുക. ഇതാണ്  ആകർഷണം, അത് മതപരിവർത്തനത്തിന് വിരുദ്ധമാണ്.

സന്തോഷകര സാക്ഷ്യം

ഈ ആകർഷകമായ സാക്ഷ്യം, ഈ സന്തോഷകരമായ സാക്ഷ്യം ആണ്, യേശു അവിടത്തെ സ്നേഹത്തിൻറെ നോട്ടം കൊണ്ടും അവിടത്തെ അരൂപി ഹൃദയത്തിൽ ഉണർത്തുന്ന ബഹിർഗ്ഗമനപരമായ ചലനം കൊണ്ടും നമ്മെ കൊണ്ടുപോകുന്ന ലക്ഷ്യം. ആളുകളെ ആകർഷിക്കാനും അവരെ സഭയിലേക്ക് അടുപ്പിക്കാനും നമ്മുടെ നോട്ടം യേശുവിൻറെതുമായി സാമ്യമുള്ളതാണോ എന്ന് നമുക്ക് ചിന്തിക്കാം. നമുക്ക് ഇത് ചിന്തിക്കാം. നന്ദി.

അഭിവാദ്യങ്ങളും ആശീർവ്വാദവും

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. പൊതുദർശനപരിപാടിയുടെ അവസാനഭാഗത്ത്, പാപ്പാ,  പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ, പതിവുപോലെ, അഭിവാദ്യം ചെയ്തു.

സമാധാനത്തിൻറെ ശില്പികളാകുക

തങ്ങളുടെ ചാരത്തുള്ളവരുമായുള്ള സംഭാഷണത്തിലേർപ്പെടുന്നതിനുള്ള നിരന്തരമായി പരിശ്രമത്തിലൂടെ ക്രിസ്തുവിശ്വാസികളുടെ തീക്ഷ്ണതയോടും ഉദാരതയോടും കൂടെ, എപ്പോഴും സമാധാനത്തിൻറെയും ഐക്യത്തിൻറെയും ശില്പികളാകാൻ പാപ്പാ പ്രചോദനം പകർന്നു.

ഉക്രൈയിനെ മറക്കല്ലെ

യാതനയനുഭവിക്കുന്ന ഉക്രൈയിനെ മറക്കരുതെന്ന് അഭ്യർത്ഥിച്ച പാപ്പാ ക്രൂരമായ കഷ്ടപ്പാടുകളിലൂടെ കടന്നുപോകുന്ന ആ ജനതയോട് സ്നേഹവും സാമീപ്യവും പ്രകടിപ്പിക്കാനും അവർക്കായി പ്രാർത്ഥിക്കാനും പറഞ്ഞു. ബെലാറസിൽ “ജനതയുടെ മാതാവ്” എന്ന അഭിധാനത്തിൽ വണങ്ങപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിൻറെ ചിത്രത്തിനു മുന്നിൽ അല്പസമയം നിന്ന കൊണ്ട്  പ്രിയപ്പെട്ട രാജ്യത്തിനും അന്നാടിൻറെ സമാധാനത്തിനും വേണ്ടി താൻ പ്രാർത്ഥിക്കുമെന്നു പറഞ്ഞ പാപ്പാ അതിൽ ആത്മീയമായി തന്നോട് ഒന്നുചേരാൻ എല്ലാവരെയും ക്ഷണിച്ചു.

ഈ വാക്കുകളെ തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടതിനു ശേഷം, പാപ്പാ,  എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 January 2023, 12:34

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >