തിരയുക

പാപ്പാ: ദൈവിക നീതിയുടെ ഔന്നത്യവും മാനുഷിക നീതിയുടെ നിമ്നതയും!

ഫ്രാൻസീസ് പാപ്പായുടെ മദ്ധ്യാഹ്നപ്രാർത്ഥനാ പ്രഭാഷണം: ദിവസത്തിൽ കൂടുതൽ സമയം ജോലിചെയ്തവർക്കും കുറച്ചു സമയം ജോലി ചെയ്തവർക്കും ഒരേ കൂലി നല്കുന്ന ദൈവിക നീതി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പതിവുപോലെ, ഈ  ഞായറാഴ്ചയും (24/09/23) ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. ആദിത്യകിരണങ്ങളാൽ കുളിച്ചുനിന്ന  വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും പരിസരത്തുമായി വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ ത്രികാലപ്രാർത്ഥനയിൽ സംബന്ധിക്കുന്നതിനായി സമ്മേളിച്ചിരുന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്, “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കായി, അരമനയുടെ മുകളിലത്തെ നിലയിലുള്ള പതിവു ജാലകത്തിങ്കൽ പാപ്പാ പ്രത്യക്ഷനായപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആരവങ്ങളും ഉയർന്നു.

വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ, ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കിൽ, വലത്തു ഭാഗത്തായി സ്തംഭാവലിക്ക് പിന്നിൽ പേപ്പൽ ഭവനത്തിൻറെ ഭാഗമായ ബഹുനില മന്ദിരത്തിൻറെ ഏറ്റവും മുകളിലത്തെ നിലയിൽ, വലത്തെ അറ്റത്തു നിന്ന് രണ്ടാമത്തെ ജാലകത്തിലാണ് പാപ്പാ മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുത്തുന്നത്.

ഈ ഞായറാഴ്ച (24/09/23) ലത്തീൻ റീത്തിൻറെ ആരാധനാക്രമനുസരിച്ച്, ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മത്തായിയുടെ  സുവിശേഷം ഇരുപതാം അദ്ധ്യായം, 1-16 വരെയുള്ള വാക്യങ്ങൾ (മത്തായി 20: 1-16) അതായത്, മുന്തിരിത്തോട്ടത്തിൽ പല സമയത്തായി ജോലിക്കെത്തിയവർക്കെല്ലാം ദിനാന്ത്യത്തിൽ തോട്ടമുടമസ്ഥൻ തുല്യവേതനം നല്കുന്നതും അതിൽ പരാതിപ്പെട്ടവരോട് അവർക്ക് കരാറനുസരിച്ചുള്ള തുക, അതായത്, അവർക്ക് അവകാശപ്പെട്ടത് താൻ നല്കിയിട്ടുണ്ടെന്നും താൻ അനീതി പ്രവർത്തിച്ചിട്ടില്ലെന്നും അദ്ദഹം പ്രത്യുത്തരിക്കുന്നതുമായ, യേശു അരുളിച്ചെയ്ത മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ ഉപമ, ആയിരുന്നു പാപ്പായുടെ വിചിന്തനത്തിന് ആധാരം.

പാപ്പായുടെ പ്രഭാഷണം :

മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ ഉപമ

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!

ഇന്നത്തെ ആരാധനക്രമത്തിൽ സുവിശേഷം അവതരിപ്പിക്കുന്നത് വിസ്മയകരമായ ഉപമയാണ്: ഒരു മുന്തിരിത്തോട്ടത്തിൻറെ ഉടമ പുലർച്ച മുതൽ വൈകുന്നേരം വരെ പുറത്തു നിന്നു തൊഴിലാളികളെ വിളിച്ചുകൊണ്ടുവരുന്നു, പക്ഷേ അവസാനം, അവൻ എല്ലാവർക്കും, ഒരു മണിക്കൂർ ജോലി ചെയ്തവർക്കും  തുല്യ വേതനം നൽകുന്നു. (മത്തായി 20.1-16 കാണുക). ഇത് ഒരു അനീതിയായി തോന്നാം, എന്നാൽ ഈ ഉപമ വേതനത്തിൻറെ മാനദണ്ഡമനസരിച്ചല്ല വായിക്കേണ്ടത്; മറിച്ച്, നമ്മുടെ യോഗ്യതകൾ നോക്കാതെ നമ്മെ കുട്ടികളെയെന്നപോലെ സ്നേഹിക്കുന്ന ദൈവത്തിൻറെ മാനദണ്ഡം കാണിച്ചുതരാനാണ് ഈ ഉപമയിലൂടെ ശ്രമിക്കുന്നത്.

ഈ കഥയിൽ നിന്ന് ഉരുത്തിരിയുന്ന രണ്ട് ദൈവിക പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. ഒന്നാമതായി, ദൈവം എല്ലാ സമയത്തും നമ്മെ വിളിക്കാൻ ഇറങ്ങിത്തിരിക്കുന്നു; രണ്ടാമതായി, അവിടന്ന്  എല്ലാവർക്കും തുല്യ "നാണയം" പ്രതിഫലമായി നൽകുന്നു. 

ദൈവം നമ്മെ എല്ലായ്പ്പോഴും തേടിവരുന്നു

സർവ്വോപരി, നമ്മെ വിളിക്കാൻ എല്ലാ സമയത്തും പുറത്തിറങ്ങുന്നത് ദൈവമാണ്. ഉടമസ്ഥൻ "തൻറെ മുന്തിരിത്തോട്ടത്തിലേക്കു ജോലിക്കാരെ വിളിക്കാൻ അതിരാവിലെ പുറപ്പെട്ടു" (മത്തായി 20,1) എന്ന് ഉപമ പറയുന്നു, എന്നാൽ അയാൾ, ആരും ഇനിയും ജോലിക്കെടുത്തിട്ടില്ലാത്തവരെ തേടി,  സൂര്യാസ്തമയം വരെ ആ ദിവസത്തിലെ പല സമയങ്ങളിൽ പുറത്തുപോകുന്നത് തുടരുന്നു. ഈ ഉപമയിൽ തൊഴിലാളികൾ മനുഷ്യർ മാത്രമല്ല, എല്ലാറ്റിനുമുപരിയായി, ദിവസം മുഴുവൻ മടുക്കാതെ എപ്പോഴും പുറത്തേക്കിറങ്ങുന്ന ദൈവവും ആണെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു. ദൈവം ഇങ്ങനെയാണ്: നമ്മളുമായി കണ്ടുമുട്ടുന്നതിന് അവിടന്ന് നമ്മുടെ പരിശ്രമം കാത്തിരിക്കുന്നില്ല, നമ്മെ തേടുന്നതിന് മുമ്പ് നമ്മുടെ യോഗ്യതകൾ വിലയിരുത്താൻ അവിടന്ന് ഒരു പരീക്ഷയും നടത്തുന്നില്ല, അവിടത്തോട് പ്രതികരിക്കാൻ വൈകിയാൽ അവിടന്ന് തോറ്റുപിന്മാറുന്നില്ല; നേരെമറിച്ച്, അവിടന്നുതന്നെ മുൻകൈയെടുത്തു, തൻറെ സ്നേഹം നമ്മോടു വെളിപ്പെടുത്തുന്നതിനായി അവിടന്ന് യേശുവിൽ നമുക്കഭിമുഖമായി "പുറത്തുവന്നു". മഹാനായ വിശുദ്ധ ഗ്രിഗറി പ്രസ്താവിക്കുന്നതുപോലെ, വാർദ്ധക്യം വരെയുള്ള നമ്മുടെ ജീവിതത്തിൻറെ വിവിധ ഘട്ടങ്ങളെയും ഋതുക്കളെയും പ്രതിനിധാനം ചെയ്യുന്ന ദിവസത്തിൻറെ എല്ലാ മണിക്കൂറിലും അവിടന്ന് നമ്മെ അന്വേഷിക്കുന്നു (സുവിശേഷ പ്രഭാഷണങ്ങൾ, 19 കാണുക). അവിടത്തെ ഹൃദയത്തെ സംബന്ധിച്ചിടത്തോളം അത് ഒരിക്കലും എറെ വൈകിയിട്ടില്ല, അവിടന്ന് നമ്മെ അന്വേഷിക്കുന്നു, എപ്പോഴും നമുക്കായി കാത്തിരിക്കുന്നു. നാം ഇത് മറക്കരുത്: കർത്താവ് നമ്മെ തേടുന്നു, എപ്പോഴും നമ്മെ കാത്തിരിക്കുന്നു!

ദൈവത്തിൻറെ വിശാല ഹൃദയം - എല്ലാവർക്കും ഒരേ പ്രതിഫലമേകുന്ന ദൈവിക നീതി 

അതിനു കാരണം, അവിടന്ന് വളരെ വിശാലഹൃദയനാണ് എന്നതു തന്നെ. ദൈവം എല്ലാവർക്കും, അവിടത്തെ സ്നേഹമാകുന്ന ഒരേ “നാണയം” കൊണ്ട് പ്രതിഫലം നല്കുന്നു – ഇതാണ് അവിടത്തെ രണ്ടാമത്തെ പ്രവൃത്തി. ഉപമയുടെ ആത്യന്തികമായ അർത്ഥം ഇതാണ്: അവസാന മണിക്കൂറിലെത്തിയ തൊഴിലാളികൾക്ക് ആദ്യമെത്തിയവരുടേതിനു തുല്യം കൂലി ലഭിക്കുന്നു, കാരണം യഥാർത്ഥത്തിൽ ദൈവത്തിൻറെ നീതി ഉപരിയുന്നതമാണ്. അത് കവച്ചുവയ്ക്കുന്നതാണ്. "എല്ലാവർക്കും അർഹമായത് നൽകുക" എന്നാണ് മാനുഷിക നീതി പറയുന്നത്, അതേസമയം ദൈവത്തിൻറെ നീതിയാകട്ടെ സ്നേഹത്തെ നമ്മുടെ തിരിച്ചുനല്കലിൻറെയോ ചെയ്തികളുടെയോ പരാജയങ്ങളുടെയോ തുലാസിൽ തൂക്കിനോക്കുന്നില്ല: ദൈവം നമ്മെ സ്നേഹിക്കുന്നു, അതു മാത്രം. നമ്മൾ മക്കളായതിനാൽ അവിടന്നു നമ്മെ സ്നേഹിക്കുന്നു, അവിടന്ന് നിരുപാധികം അത് ചെയ്യുന്നു. അത് സൗജന്യ സ്നേഹമാണ്.

മാനുഷിക നീതിയുടെ പരിമിതി

സഹോദരീസഹോദരന്മാരേ, ചിലപ്പോൾ നാം ദൈവകൃപയുടെ ഉദാരതയിലെന്നതിനെക്കാൾ നമ്മുടെ കഴിവുകളിൽ ഊന്നൽ നല്കിക്കൊണ്ട് ദൈവവുമായി "വാണിജ്യപരമായ" ഒരു ബന്ധം സ്ഥാപിക്കുന്ന അപകട സാധ്യതയുണ്ട്. ചിലപ്പോൾ, സഭയെന്ന നിലയിലും, ദിവസത്തിലെ ഓരോ മണിക്കൂറിലും പുറത്തുപോയി എല്ലാവർക്കുമായി നമ്മുടെ കൈകൾ വിരിച്ചുപിടിക്കുന്നതിനുപകരം, മറ്റുള്ളവരെയും ദൈവം നമ്മോടുള്ള അതേ സ്നേഹത്താൽ സ്നേഹിക്കുന്നുണ്ടെന്ന് ചിന്തിക്കാതെ അവർ വിദൂരസ്ഥരാണെന്ന് വിധിച്ചുകൊണ്ട്, നാം വരേണ്യവിഭാഗമാണെന്ന് കരുതുന്നു. സമൂഹത്തിൻറെ ഊടും പാവുമായ നമ്മുടെ ബന്ധങ്ങളിൽ പോലും, നാം അനുഷ്ഠിക്കുന്ന നീതി ചിലപ്പോൾ കണക്കുകൂട്ടലിൻറെ ചട്ടക്കൂടിൽ നിന്ന് പുറത്തുകടക്കുന്നതിൽ പരാജയപ്പെടുന്നു, മാത്രമല്ല കൂടുതൽ എന്തെങ്കിലും ചെയ്യാൻ ധൈര്യപ്പെടാതെ, സൗജന്യമായി ചെയ്യുന്ന നന്മയുടെയും വിശാലഹൃദയത്തോടെ നല്കിയ സ്നേഹത്തിൻറെയും ഫലദായകത്വം കണക്കിലെടുക്കാതെ, നമുക്ക് ലഭിക്കുന്നതിന് ആനുപതികമായി മാത്രം നൽകുന്നതിൽ നാം നമ്മെത്തന്നെ സ്വയം പരിമിതപ്പെടുത്തുന്നു. സഹോദരീ സഹോദരന്മാരേ, നമുക്ക് സ്വയം ചോദിക്കാം: ഒരു ക്രിസ്ത്യാനി എന്ന നിലയിൽ എനിക്ക് മറ്റുള്ളവരുടെ പക്കേലേക്കു പോകാൻ അറിയാമോ? ഞാൻ ഉദാരമനസ്കനാണോ, എല്ലാവരോടും ഞാൻ ഉദാരമനസ്കനാണോ, യേശു എന്നോട് ചെയ്തതു പോലെ, എല്ലാ ദിവസവും എന്നോടു ചെയ്യുന്നതുപോലെ, മനസ്സിലാക്കലിൻറെയും ക്ഷമയുടെയും ആ "അധികം" നല്കാൻ എനിക്കറിയാമോ?

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം

ദൈവത്തിൻറെ പരിമാണത്തിലേക്ക്, അളവില്ലാത്ത സ്നേഹത്തിൻറെതായ അളവുകോലിലേക്ക് പരിവർത്തനം ചെയ്യാൻ പരിശുദ്ധ മാതാവ് നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ ത്രികാലപ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ - കുടിയേറ്റക്കാരുടെ അവകാശങ്ങൾ

അനുവർഷം സെപ്റ്റംബർ മാസത്തെ അവസാനത്തെ ഞായറാഴ്ച, ഇക്കൊല്ലം ഈ ഇരുപത്തിനാലാം തീയതി, കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കുമായുള്ള ദിനം ആഗോളസഭാതലത്തിൽ ആചരിക്കുന്നത് പാപ്പാ അനുസ്മരിച്ചു. “കുടിയേറണോ സ്വദേശത്തു തങ്ങണോ എന്നു തീരുമാനിക്കാൻ സ്വതന്ത്രർ” എന്ന ഈ ദിനാചരണത്തിൻറെ വിചിന്തന പ്രമേയത്തെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ കുടിയേറാനുള്ള തീരുമാനം സ്വതന്ത്രമായ ഒരു തിരഞ്ഞെടുപ്പായിരിക്കണമെന്നും ഒരിക്കലും അത് ഏക സാധ്യതയാകരുതെന്നും ഓർമ്മപ്പെടുത്തുന്നതാണ് ഈ പ്രമേയം എന്നു പറഞ്ഞു. വാസ്തവത്തിൽ, കുടിയേറ്റത്തിനുള്ള അവകാശം ഇന്ന് പലർക്കും ഒരു ബാദ്ധ്യതയായി മാറിയിരിക്കുന്നുവെന്നും സ്വന്തം മണ്ണിൽ തുടരുന്നതിനും കുടിയേറാതിരിക്കുന്നതിനുമുള്ള അവകാശം നിലനിൽക്കണമെന്നും പാപ്പാ വ്യക്തമാക്കി.

എല്ലാ സ്ത്രീപുരുഷന്മാർക്കും അവർ എവിടെയാണോ ആ സമൂഹത്തിൽ മാന്യമായ ജീവിതം നയിക്കാനുള്ള സാധ്യതകൾ ഉറപ്പാക്കേണ്ടത് ആവശ്യമാണെന്നും നിർഭാഗ്യവശാൽ, ദാരിദ്ര്യം, യുദ്ധങ്ങൾ, കാലാവസ്ഥാ പ്രതിസന്ധി എന്നിവ പലരെയും പലായനം ചെയ്യാൻ നിർബന്ധിതരാക്കുന്നുവെന്നും പാപ്പാ പറഞ്ഞു. ആകയാൽ, നമ്മുടെ വാതിലിൽ മുട്ടുന്നവരെ സ്വാഗതം ചെയ്യാനും പ്രചോദനം പകരാനും തുണയേകാനും  ഉദ്ഗ്രഥനം ചെയ്യാനും സന്നദ്ധവും തുറവുള്ളതുമായ സമൂഹങ്ങൾ സൃഷ്ടിക്കാൻ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓർമ്മപ്പെടുത്തുകയും ചെയ്തു.

ഈ വെല്ലുവിളി മെഡിറ്ററേനിയൻ സമ്മേളനങ്ങളുടെ മുഖ്യ ചർച്ചാവിഷയമായിരുന്നതും ജനതകളുടെയും സംസ്കാരങ്ങളുടെയും സംഗമവേദിയായ മാർസെയിൽ താൻ നടത്തിയ സന്ദർശനവേളയിൽ താൻ ശനിയാഴ്‌ച ആ സമ്മേളനത്തിൻറെ സമാപനയോഗത്തിൽ സംബന്ധിച്ചതും പാപ്പാ അനുസ്മരിച്ചു. കുടിയേറ്റക്കാരായ സഹോദരങ്ങളെ സഹായിക്കാൻ ഇറ്റലിയിലെ കത്തോലിക്കാമെത്രാന്മാർ ചെയ്യുന്ന കാര്യങ്ങൾക്ക് പാപ്പാ പ്രത്യേകം നന്ദി പറയുകയും ചെയ്തു.

പാപ്പാ അറ്റാക്സിയ രോഗികളോട്

പേശികളുടെ ബലക്ഷയവും പേശികളുടെ നിയന്ത്രണമില്ലായ്മയും അടങ്ങുന്ന അറ്റാക്സിയ രോഗ  ബാധിതരും അവരുടെ കുടുംബാംഗങ്ങളുമടങ്ങിയ ഒരു സംഘവും ത്രികാലപ്രാർത്ഥനയിൽ സംബന്ധിച്ചിരുന്നതിനാൽ പാപ്പാ അവരെയും അഭിവാദ്യം ചെയ്തു.

സിനഡു യോഗത്തോടനുബന്ധിച്ച് എക്യുമെനിക്കൽ പ്രാർത്ഥാനാ ജാഗരം വത്തിക്കാനിൽ

മെത്രാന്മാരുടെ സിനഡിൻറെ ഒക്ടോബർ 4-ന് ആരംഭിക്കുന്ന സമ്മേളനത്തിന്  ഒരുക്കമായി, സെപ്റ്റംബർ 30-ന്, ശനിയാഴ്ച, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ "ഒത്തൊരുമിച്ചു" എന്ന ശീർഷകത്തിൽ, ഒരു  ക്രൈസ്തവാന്തര, അഥവാ, എക്യുമെനിക്കൽ ജാഗരപ്രാർത്ഥന നടക്കാൻ പോകുന്നതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ അതിൽ പങ്കെടുക്കാൻ എല്ലാവരെയും ഒരിക്കൽക്കൂടി ക്ഷണിച്ചു.

ഉക്രൈയിനു വേണ്ടി പ്രാർത്ഥിക്കുക

പീഡിത ഉക്രൈയിനു വേണ്ടി, ഏറെ യാതനകളനുഭവിക്കുന്ന ആ ജനതയ്ക്കുവേണ്ടി, പ്രാർത്ഥിക്കാനുള്ള ക്ഷണവും പാപ്പാ നവീകരിച്ചു.  ത്രികാലപ്രാർത്ഥനാപരിപാടിയുടെ അവസാനം പാപ്പാ, എല്ലാവർക്കും നല്ലൊരു ഞായർ നേരുകയും തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തദ്ദനന്തരം   എല്ലാവർക്കും നല്ല ഒരു ഉച്ചവിരുന്ന് ആശംസിച്ച പാപ്പാ വീണ്ടും കാണാമെന്നു പറഞ്ഞുകൊണ്ട് കൈകൾ വീശി മന്ദസ്മിതത്തോടെ, ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 സെപ്റ്റംബർ 2023, 11:30

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >