പാപ്പാ: ഭൗതികവസ്തുക്കളും നമ്മുടെ ജീവിതവും നാം എങ്ങനെ കൈകാര്യം ചെയ്യുന്നു?
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
അർക്കാംശുക്കൾ നിർല്ലോഭം ചൊരിയപ്പെട്ട റോമിൽ താപനിലയും ഉയർന്നുതന്നെ നിന്ന ഒരു ദിനമായിരുന്നു സെപ്റ്റംബർ 21 ഞായർ. ജൂബിലിവത്സരാചരണ പശ്ചാത്തലത്തിൽ റോമിലേക്കുള്ള തീർത്ഥാടകരുടെയും സന്ദർശകരുടെയും പ്രവാഹം തുടരുന്നതിനാൽ പാപ്പാ അന്നു മദ്ധ്യാഹ്നത്തിൽ വത്തിക്കാനിൽ നയിച്ച പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന ആയിരക്കണക്കിന് വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ തുറസ്സായ അങ്കണത്തിൽ സന്നിഹിതരായിരുന്നു. പാപ്പാ ത്രികാലജപം നയിക്കുന്നതിന് വത്തിക്കാനിൽ, പേപ്പൽ ഭവനത്തിലെ പതിവുജാലകത്തിങ്കൽ, അതായത്, ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കിൽ, വലത്തു വശത്ത്, സ്തംഭാവലിക്ക് പിന്നിലായി, പേപ്പൽഭവന സമുച്ചയത്തിൻറെ ഏറ്റവും മുകളിലെത്തെ നിലയിൽ വലത്തെ അറ്റത്തു നിന്ന് രണ്ടാമത്തെ ജനലിൽ, പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു.
കരഘോഷം
റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്, “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ഈ ഞായറാഴ്ച ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ലൂക്കായുടെ സുവിശേഷം അദ്ധ്യായം 16,1-13 വരെയുള്ള വാക്യങ്ങൾ, അതായത്, അവിശ്വസ്തനായ കാര്യസ്ഥൻറെ ഉപമ, ചെറിയ കാര്യങ്ങളിൽ പോലും വിശ്വസ്തനായിരിക്കേണ്ടതിൻറെ അനിവാര്യത ചൂണ്ടിക്കാട്ടുകയും ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കാൻ കഴിയില്ലെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്യുന്ന സുവിശേഷ ഭാഗം, ആയിരുന്നു. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണത്തിൻറെ പരിഭാഷ:
ഭൗതികവസ്തുക്കളെയും ജീവിതത്തെയും കൈകാര്യം ചെയ്യുന്നതിൽ നമ്മുടെ മനോഭാവം എന്ത്?
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ഞായർ!
സുവിശേഷത്തിൽ നിന്ന് ഇന്ന് നാം കേൾക്കുന്ന ഉപമ (ലൂക്കാ 16:1-13) ഭൗതിക വസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ചും, പൊതുവെ, എല്ലാറ്റിലും ഏറ്റവും വിലപ്പെട്ട സ്വത്തായ നമ്മുടെ ജീവിതത്തെത്തന്നെ നാം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ചും നമ്മെ ചിന്തിപ്പിക്കുന്നു.
നാം കണക്കു കൊടുക്കേണ്ടിവരും
"കണക്കു ചോദിക്കാൻ" യജമാനൻ വിളിച്ചു വരുത്തുന്ന ഒരു കാര്യസ്ഥനെ നാം ഈ ആഖ്യാനത്തിൽ കാണുന്നു. പ്രധാനപ്പെട്ട ഒരു കാര്യം നമുക്ക് വിനിമയം ചെയ്യുന്ന ഒരു ചിത്രമാണിത്: നമ്മൾ നമ്മുടെ ജീവിതത്തിൻറെയൊ നാം ആസ്വദിക്കുന്ന വസ്തുക്കളുടെയൊ യജമാനന്മാരല്ല; എല്ലാം കർത്താവ് നമുക്ക് ദാനമായി നൽകിയവയാണ്, കൂടാതെ ഈ പൈതൃകത്തെ നമ്മുടെ പരിചരണത്തിനും സ്വാതന്ത്ര്യത്തിനും നമ്മുടെ ഉത്തരവാദിത്വത്തിനും അവൻ ഏൽപ്പിച്ചിരിക്കുന്നു. നാം നമ്മെത്തന്നെയും, നമ്മുടെ വസ്തുക്കളെയും, ഭൂവിഭവങ്ങളെയും എങ്ങനെ കൈകാര്യം ചെയ്തു എന്നതിന് ദൈവത്തിനും മറ്റുള്ളവർക്കും, സമൂഹത്തിനും, എല്ലാറ്റിനുമുപരി, നമ്മുടെ പിൻഗാമികൾക്കും മുന്നിൽ കണക്കുകൊടുക്കാൻ ഒരു ദിവസം നാം വിളിക്കപ്പെടും.
കടം വെട്ടിക്കുറച്ച് കടക്കാരെ മിത്രങ്ങളാക്കുന്ന കാര്യസ്ഥൻ
ഉപമയിലെ കാര്യസ്ഥൻ സ്വന്തം നേട്ടം മാത്രം അന്വേഷിച്ചു, കണക്കു കൊടുക്കേണ്ടതും തൻറെ കാര്യസ്ഥത എടുത്തുകളയപ്പെടുന്നതുമായ ദിവസം വരുമ്പോൾ, സ്വന്തം ഭാവിക്കായി എന്തുചെയ്യണമെന്ന് അവൻ ചിന്തിക്കേണ്ടതുണ്ട്. ഈ ദുഷ്‌കരമായ സാഹചര്യത്തിൽ അയാൾ മനസ്സിലാക്കുന്നു, ഭൗതിക വസ്തുക്കളുടെ ശേഖരണം ഏറ്റവും പ്രധാനപ്പെട്ട കാര്യമല്ലെന്ന്, കാരണം ഈ ലോകത്തിൻറെ സമ്പന്നതകൾ കടന്നുപോകുന്നു. അങ്ങനെ അയാൾ അത്യുജ്ജ്വലമയ ഒരു ആശയം കൊണ്ടുവരുന്നു: അവൻ തൻറെ കടക്കാരെ വിളിച്ച് അവരുടെ കടങ്ങൾ "ഇളവുചെയ്യുന്നു", അങ്ങനെ ലഭിക്കാനുള്ളവ ഭാഗികമായി ത്യജിക്കുന്നു. ഇപ്രകാരം, അയാൾക്ക് തൻറെ ഭൗതിക സമ്പത്ത് നഷ്ടപ്പെടുന്നു, എന്നാൽ തന്നെ സഹായിക്കാനും പിന്തുണയ്ക്കാനും സന്നദ്ധരായ സുഹൃത്തുക്കളെ അയാൾ നേടുന്നു.
ഈ കഥയെ അടിസ്ഥാനമാക്കി യേശു നമ്മെ ഉദ്‌ബോധിപ്പിക്കുന്നു: "അധാർമ്മിക സമ്പത്ത് കൊണ്ട് നിങ്ങൾക്കായി മിത്രങ്ങളെ സമ്പാദിച്ചുകൊള്ളുവിൻ. അതു നിങ്ങളെ കൈവെടിയുമ്പോൾ അവർ നിങ്ങളെ നിത്യകൂടാരങ്ങളിൽ സ്വീകരിക്കും" (ലൂക്കാ 16,9).
സ്വാർത്ഥതയിൽ നിന്നു മുക്തി നേടുന്നവൻ
വാസ്തവത്തിൽ, ഉപമയിലെ കാര്യസ്ഥൻ, ഈ ലോകത്തിൻറെ അധാർമ്മിക സമ്പത്ത് കൈകാര്യം ചെയ്യുമ്പോഴും, സ്വന്തം സ്വാർത്ഥതയുടെ ഏകാന്തതയിൽ നിന്ന് പുറത്തുവന്ന് സുഹൃത്തുക്കളെ ഉണ്ടാക്കാനുള്ള ഒരു മാർഗ്ഗം കണ്ടെത്താൻ അവന് കഴിയുന്നു; അതിലുപരിയായി ശിഷ്യന്മാരും സുവിശേഷത്തിൻറെ വെളിച്ചത്തിൽ ജീവിക്കുന്നവരുമായ നമ്മൾ ലോക വസ്തുക്കളും നമ്മുടെ ജീവിതവും ഉപയോഗിക്കേണ്ടത്, കർത്താവിനോടും നമ്മുടെ സഹോദരീസഹോദരന്മാരോടുമുള്ള സൗഹൃദമാകുന്ന, യഥാർത്ഥ സമ്പത്തിനെക്കുറിച്ചു ചിന്തിച്ചുകൊണ്ടുവേണം.
വസ്തുക്കളും ജീവിതവും പരനന്മായ്ക്കായി വിനിയോഗിക്കുക
പ്രിയമുള്ളവരേ, ഈ ഉപമ നമ്മെ സ്വയം ചോദിക്കാൻ ക്ഷണിക്കുന്നു: ദൈവം നമ്മെ ഏൽപ്പിച്ച ഭൗതിക വസ്തുക്കളും ഭൂമിയിലെ വിഭവങ്ങളും നമ്മുടെ ജീവിതവും നാം എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്? സമ്പത്തിന് പ്രഥമ സ്ഥാനം നൽകുകയും നമ്മെക്കുറിച്ചു മാത്രം ചിന്തിക്കുകയും ചെയ്തുകൊണ്ട് സ്വാർത്ഥതയുടെ മാനദണ്ഡം പിന്തുടരാൻ നമുക്ക് കഴിയും; എന്നാൽ ഇത് നമ്മെ മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെടുത്തുകയും പലപ്പോഴും സംഘർഷത്തിന് ജന്മമേകുന്ന മത്സരത്തിൻറെ വിഷം പരത്തുകയും ചെയ്യുന്നു. അല്ലെങ്കിൽ, നമുക്കുള്ളതെല്ലാം നാം കൈകാര്യം ചെയ്യേണ്ട ദൈവത്തിൻറെ ദാനമാണെന്ന് തിരിച്ചറിയാനും, പങ്കുവയ്ക്കലിനും, സൗഹൃദത്തിൻറെയും ഐക്യദാർഢ്യത്തിൻറെയും ശൃംഖലകൾ സൃഷ്ടിക്കുന്നതിനും, നന്മ വളർത്തുന്നതിനും, കൂടുതൽ നീതിയുക്തവും കൂടുതൽ സമത്വപരവും കൂടുതൽ സാഹോദര്യപരവുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിനുമുള്ള ഒരു ഉപകരണമായി ഉപയോഗിക്കാനും കഴിയും.
പരിശുദ്ധ അമ്മയുടെ സഹായം തേടുക
നമുക്കുവേണ്ടി മാദ്ധ്യാസ്ഥ്യം വഹിക്കുകയും, കർത്താവ് നമ്മെ ഭരമേല്പിക്കുന്നവ നീതിയോടും ഉത്തരവാദിത്വത്തോടും കൂടി നന്നായി പരിപാലിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നതിനായി പരിശുദ്ധ കന്യകയോട് നമുക്കു പ്രാർത്ഥിക്കാം.
ഈ വാക്കുകളെ തുടർന്ന് “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന പ്രാർത്ഥന നയിച്ച പാപ്പാ തദ്ദനന്തരം ആശീർവ്വാദം നല്കി.
ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ:
ആശീർവ്വാദാനന്തരം പാപ്പാ ചത്വരത്തിൽ മദ്ധ്യാഹ്നപ്രാർത്ഥനയ്ക്കായി സന്നിഹിതരായിരിക്കുന്നവരും മദ്ധ്യമങ്ങളിലൂടെ പങ്കെടുക്കുന്നവരുമായ എല്ലാവരെയും സ്നേഹപൂർവ്വം അഭിവാദ്യം ചെയ്തു..
ഗാസയിലെ ജനങ്ങളെ അനുസ്മരിച്ച് പാപ്പാ
ഗാസ മുനമ്പിലെ ജനങ്ങളോട് ഐക്യദാർഢ്യം പുലർത്തുന്ന വിവിധ കത്തോലിക്കാ സംഘടനകളുടെ പ്രതിനിധികളെ അഭിവാദ്യം ചെയ്ത പാപ്പാ അവർ നടത്തുന്ന പ്രവർത്തനങ്ങളെ വിലമതിക്കുകയും ആ പീഡിത ഭൂമിയിൽ യാതനകളനുഭവിക്കുന്ന നമ്മുടെ സഹോദരീസഹോദരന്മാരോട് സാമീപ്യം പ്രകടിപ്പിക്കുന്ന സഭയിലുടനീളമുള്ള മറ്റ് നിരവധി സംഘടനകളെ അഭിനന്ദിക്കുകയും ചെയ്തു. അക്രമം, നിർബന്ധിത നാടുകടത്തൽ അല്ലെങ്കിൽ പ്രതികാരം എന്നിവയിൽ അധിഷ്ഠിതമായി ഒരു ഭാവി കെട്ടിപ്പടുക്കാനാകില്ലെന്ന് ആ പ്രദേശത്തെ ജനങ്ങളോടും വിശുദ്ധ നാട്ടിലെ സഭകളുടെ ഇടയന്മാരോടും ചേർന്ന് താൻ ആവർത്തിക്കുന്നു എന്ന് പാപ്പാ പറഞ്ഞു. ജനങ്ങൾക്ക് സമാധാനം ആവശ്യമാണ്: അവരെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നവർ സമാധാനത്തിനായി പ്രവർത്തിക്കുന്നു എന്ന തൻറെ ബോധ്യം പാപ്പാ ആവർത്തിച്ചു. തുടർന്ന് വിവിധ സംഘങ്ങളെ അഭിവാദ്യം ചെയ്ത പാപ്പാ എല്ലാവർക്കു നന്ദി പ്രകാശിപ്പിക്കുകയും ശുഭ ഞായർ ആശംസിക്കുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: