തിരയുക

പാപ്പാ: നമ്മുടെ തെറ്റുകൾ അംഗീകരിക്കാൻ നാം ഭയപ്പെടരുത്!

പാപ്പായുടെ ത്രികാലപ്രാർത്ഥനാ സന്ദേശം: ഫരിസേയനും ചുങ്കക്കാരനും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ജൂബിലിവത്സരാചരണ പശ്ചാത്തലത്തിൽ റോമിലേക്കുള്ള തീർത്ഥാടകരുടെയും സന്ദർശകരുടെയും പ്രവാഹം തുടരുന്നു. പാപ്പാ ഒക്ടോബർ 26-നു മദ്ധ്യാഹ്നത്തിൽ വത്തിക്കാനിൽ നയിച്ച പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യങ്ങളിൽ നിന്നെത്തിയിരുന്നവരുടെ ബാഹുല്യം അതിൻറെ പ്രതിഫലനമായിരുന്നു. ആയിരക്കണക്കിന് വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ തുറസ്സായ അങ്കണത്തിൽ സന്നിഹിതരായിരുന്നു. പാപ്പാ ത്രികാലജപം നയിക്കുന്നതിന് വത്തിക്കാനിൽ, പേപ്പൽ ഭവനത്തിലെ പതിവുജാലകത്തിങ്കൽ, അതായത്, ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കിൽ, വലത്തു വശത്ത്, സ്തംഭാവലിക്ക് പിന്നിലായി, പേപ്പൽഭവന സമുച്ചയത്തിൻറെ  ഏറ്റവും മുകളിലെത്തെ നിലയിൽ വലത്തെ അറ്റത്തു നിന്ന് രണ്ടാമത്തെ ജനലിൽ, പ്രത്യക്ഷപ്പെട്ടപ്പോൾ  ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 4,30-ന്,  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ഈ ഞായറാഴ്ച ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ലൂക്കായുടെ സുവിശേഷം അദ്ധ്യായം   18,9-14 വരെയുള്ള വാക്യങ്ങൾ, അതായത്, പ്രാർത്ഥിക്കാൻ ദേവാലയത്തിലെത്തിയ രണ്ടുപേരുടെ അതായത് സ്വയം പുകഴ്ത്തി അപരനെ ഇകഴ്ത്തിക്കാണിക്കുന്ന ഫരിസേയൻറെയും പാപബോധത്താൽ മാറത്തടിച്ചു കരഞ്ഞുകൊണ്ട് കരുണയ്ക്കായി പ്രാർത്ഥിക്കുന്ന ചുങ്കക്കാരൻറെയും ഉപമ, ആയിരുന്നു.പാപ്പാ ഇറ്റാലിയൻ ഭാഷയിൽ ആയിരുന്ന തൻറെ പ്രഭാഷണം ആരംഭിച്ചത്  ഇപ്രകാരമാണ്:

ദേവാലയത്തിൽ പ്രാർത്ഥയിൽ മുഴുകിയ ഫരിസേയനും ചുങ്കക്കാരനും

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ഞായർ!

ഇന്നത്തെ സുവിശേഷം (ലൂക്കാ 18:9-14 കാണുക) ദേവാലയത്തിൽ പ്രാർത്ഥിക്കുന്ന രണ്ട് വ്യക്തികളെ, ഒരു പരീശനെയും ഒരു ചുങ്കക്കാരനെയും നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു.

അഹംഭാവത്തിൽ ആമഗ്നനായ ഫരിസേയൻ

പ്രഥമൻ തൻറെ യോഗ്യതകളുടെ ഒരു നീണ്ട പട്ടിക നിരത്തി ആത്മപ്രശംസ ചെയ്യുന്നു. അവൻ ചെയ്യുന്ന സൽപ്രവൃത്തികൾ നിരവധിയാണ്, ഇക്കാരണത്താൽ താൻ മറ്റുള്ളവരെക്കാൾ മികച്ചവനാണെന്നു കരുതുകയും അപരരെ അവജ്ഞയോടെ വിധിക്കുകയും ചെയ്യുന്നു. അവൻ തലയുയർത്തി നിൽക്കുന്നു. അഹങ്കാരം തെളിഞ്ഞുനില്ക്കുന്ന അവൻറെ മനോഭാവം നിയമത്തിൻറെ കൃത്യമായ പാലനത്തെ സൂചിപ്പിക്കുന്നു, അതെ, എന്നാൽ അത് സ്നേഹത്തിൽ ശുഷ്ക്കമാണ്, കരുണാരഹിതം ആയ, "കൊടുക്കലും" "വാങ്ങലും", കടങ്ങളും നിക്ഷേപങ്ങളും കൊണ്ട് കെട്ടിപ്പടുത്തതാണ്.

പാപബോധത്തോടെ വിനയാന്വിതനായി പ്രാർത്ഥിക്കുന്ന ചുങ്കക്കാരൻ

ചുങ്കക്കാരനും പ്രാർത്ഥിക്കുന്നു, എന്നാൽ വളരെ വ്യത്യസ്തമായ രീതിയിൽ. അവന് ക്ഷമിക്കപ്പെടേണ്ട ധാരാളം കാര്യങ്ങളുണ്ട്: അവൻ റോമൻ സാമ്രാജ്യത്തിൻറെ ശമ്പളം വാങ്ങുന്ന ഒരു ചുങ്കക്കാരനാണ്, സ്വന്തം നാട്ടുകാർക്ക് ദോഷകരമാംവിധം വരുമാനത്തെക്കുറിച്ച് ഊഹക്കണക്കുകൂട്ടാൻ അനുവദിക്കുന്ന ഒരു കരാറിൻ കീഴിലാണ് അയാൾ ജോലി ചെയ്യുന്നത്. എന്നിരുന്നാലും, ഉപമയുടെ അവസാനം, യേശു നമ്മോട് പറയുന്നു, ഈ രണ്ടുപേരിൽ, അവനാണ് "നീതീകരിക്കപ്പെട്ട്" അതായത്, ദൈവവുമായുള്ള കൂടിക്കാഴ്ചയാൽ ക്ഷമിക്കപ്പെടുകയും നവീകരിക്കപ്പെടുകയും ചെയ്ത്, വീട്ടിലേക്ക് മടങ്ങുന്നത് എന്നാണ്. അത് എന്തുകൊണ്ട്?

ഭയലേശമന്യേ സ്വയം വെളിപ്പെടുത്തുന്ന ചുങ്കക്കാരൻ

സർവ്വോപരി, ചുങ്കക്കാരന് ദൈവമുമ്പാകെ സ്വയം വെളിപ്പെടുത്താനുള്ള ധൈര്യവും എളിമയും ഉണ്ട്. അവൻ സ്വന്തം ലോകത്തിൽ സ്വയം അടച്ചുപൂട്ടുന്നില്ല, അവൻ ചെയ്തുപോയ തിന്മയ്ക്ക് സ്വയം കീഴടങ്ങുന്നില്ല. മറ്റുള്ളവരുടെ മേൽ താൻ പ്രയോഗിക്കുന്ന അധികാരത്താൽ താൻ ഒരു ഭീതിയും സുരക്ഷിതനും സംരക്ഷിതനും ആയിരുന്ന ഇടങ്ങൾ അവൻ ഉപേക്ഷിക്കുന്നു. രൂക്ഷമായ നോട്ടങ്ങളും പരുഷമായ വിധികളും നേരിടേണ്ടി വന്നാലും, അകമ്പടിയില്ലാതെ അവൻ ഒറ്റയ്ക്ക് ദേവാലയത്തിലെത്തുന്നു, "ദൈവമേ, പാപിയായ എന്നിൽ കനിയണമേ" (വാക്യം 13) എന്നീ ഏതാനും വാക്കുകൾ ഉച്ചരിച്ചുകൊണ്ട് അവൻ പിന്നിൽ തല കുനിച്ച് കർത്താവിൻറെ മുമ്പിൽ നിൽക്കുന്നു.

അങ്ങനെ, യേശു നമുക്ക് ശക്തമായ ഒരു സന്ദേശം നൽകുന്നു: നമ്മുടെ സ്വന്തം യോഗ്യതകൾ വെളിപ്പെടുത്തുന്നതിലൂടെയോ, നമ്മുടെ തെറ്റുകൾ മറച്ചുവെക്കുന്നതിലൂടെയോ അല്ല, മറിച്ച് നമ്മൾ നാം ആയിരിക്കുന്നതു പോലെ ദൈവമുമ്പാകെയും അവനവൻറെയും മറ്റുള്ളവരുടെയും മുന്നിലും സത്യസന്ധമായി അവതരിപ്പിക്കുകയും ക്ഷമ ചോദിക്കുകയും കർത്താവിൻറെ കൃപയ്ക്ക് നമ്മെത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നതിലൂടെയാണ് നാം രക്ഷിക്കപ്പെടുന്നത്.

ഈ സംഭവം വ്യാഖ്യാനിക്കുമ്പോൾ, വിശുദ്ധ അഗസ്റ്റിൻ ഫരിസേയനെ, ലജ്ജയും അഹങ്കാരവും കാരണം, വൈദ്യനിൽ നിന്ന് തൻറെ മുറിവുകൾ മറയ്ക്കുന്ന ഒരു രോഗിയോടും, ചുങ്കക്കാരനെ, വിനയത്തോടും വിവേകത്തോടും കൂടി, വൈദ്യൻറെ മുമ്പാകെ തൻറെ മുറിവുകൾ എത്ര മോശമാണെങ്കിലും അവ വെളിപ്പെടുത്തി, സഹായം അഭ്യർത്ഥിക്കുന്ന ഒരുവനോടും ഉപമിക്കുന്നു. അദ്ദേഹം ഉപസംഹരിക്കുന്നു: "തൻറെ രോഗബാധിതമായ ഭാഗം കാണിക്കാൻ ലജ്ജിക്കാത്ത ആ ചുങ്കക്കാരൻ [...] സുഖം പ്രാപിച്ച് മടങ്ങിപ്പോയത് നമ്മെ അത്ഭുതപ്പെടുത്തുന്നില്ല" (Sermo 351,1).

നമുക്കും നാം ആയിരിക്കുന്ന അവസ്ഥ അംഗീകരിക്കാം, പരിശുദ്ധ അമ്മയുടെ സഹായം തേടാം

പ്രിയ സഹോദരീസഹോദരന്മാരേ, നമുക്കും അപ്രകാരം ചെയ്യാം. നമ്മുടെ തെറ്റുകൾ അംഗീകരിക്കാനും അവ തുറന്നുകാട്ടാനും അവയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനും, ദൈവത്തിൻറെ കാരുണ്യത്തിന് അവ ഭരമേൽപ്പിക്കാനും നാം ഭയപ്പെടേണ്ട. അങ്ങനെ, അവൻറെ രാജ്യം നമ്മിലും നമ്മുടെ ചുറ്റുപാടും വളരും, അത് അഹങ്കാരികളുടേതല്ല, മറിച്ച് എളിമയുള്ളവരുടേതാണ്, സത്യസന്ധത, ക്ഷമ, കൃതജ്ഞത എന്നിവയിലൂടെ പ്രാർത്ഥനയിലും ജീവിതത്തിലും വളർത്തിയെടുക്കപ്പെടുന്ന ഒരു രാജ്യമാണത്. ഈ പുണ്യങ്ങളിൽ വളരുന്നതിന് നമ്മെ സഹായിക്കാൻ നമുക്ക് വിശുദ്ധിയുടെ മാതൃകയായ മറിയത്തോട് അപേക്ഷിക്കാം.

ഈ വാക്കുകളെ തുടർന്ന് “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന പ്രാർത്ഥന നയിച്ച പാപ്പാ തദ്ദനന്തരം ആശീർവ്വാദം നല്കി.

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ:

ആശീർവ്വാദാനന്തരം പാപ്പാ ചത്വരത്തിൽ സന്നിഹിതരായിരിക്കുന്നവരും മദ്ധ്യമങ്ങളിലൂടെ ത്രികാലപ്രാർത്ഥനയിൽ പങ്കെടുക്കുന്നവരുമായ എല്ലാവരെയും സ്നേഹപൂർവ്വം അഭിവാദ്യം ചെയ്തു.

വെള്ളപ്പൊക്കബാധിത മെസ്കിക്കോയിലെ ജനങ്ങൾക്കായി പ്രാർത്ഥന

സമീപ ദിനങ്ങളിൽ ജലപ്രളയം ഉണ്ടായ കിഴക്കൻ മെക്സിക്കോയിലെ ജനങ്ങളോട് പാപ്പാ തൻറെ സാമീപ്യം അറിയിക്കുകയും ഈ ദുരന്തം മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കും എല്ലാ ജനങ്ങൾക്കും വേണ്ടി പാപ്പാ പ്രാർത്ഥിക്കുകയും മരണമടഞ്ഞവരുടെ ആത്മാക്കളെ പരിശുദ്ധ കന്യകയുടെ മാദ്ധ്യസ്ഥ്യം വഴി  കർത്താവിനു സമർപ്പിക്കുകയും ചെയ്തു.

സമാധാനത്തിനായി പ്രാർത്ഥിക്കാം

സമാധാനത്തിനായുള്ള നമ്മുടെ പ്രാർത്ഥന, വിശിഷ്യ, കൂട്ടായ ജപമാലപ്രാർത്ഥനയിലൂടെ നാം അനസ്യൂതം തുടരുകയാണെന്നും യുദ്ധത്തിന് ഇരയായ കുട്ടികളുടെയും മാതാപിതാക്കളുടെയും പ്രായമായവരുടെയും സഹനങ്ങളും പ്രത്യാശയും നമ്മൾ കന്യകാമറിയത്തോടൊപ്പം ക്രിസ്തുവിൻറെ രഹസ്യങ്ങളെക്കുറിച്ച് ധ്യാനിക്കുമ്പോൾ, നാം നമ്മുടെതാക്കിമാറ്റുന്നുവെന്നും പാപ്പാ പറഞ്ഞു. ഈ ഹൃദയംഗമമായ പ്രാർത്ഥനയിൽ നിന്ന് സുവിശേഷ ഉപവിയുടെയും മൂർത്തമായ സാമീപ്യത്തിൻറെയും ഐക്യദാർഢ്യത്തിൻറെയും നിരവധിയായ പ്രവർത്തികൾ ഉയിർകൊള്ളുന്നുവെന്ന് പ്രസ്താവിച്ച പാപ്പാ,  “സമാധാന സംസ്ഥാപകർ ഭാഗ്യവാന്മാർ!” എന്ന്, ഓരോ ദിവസവും, വിശ്വാസപൂർവ്വമായ സ്ഥൈര്യത്തോടെ ഈ പ്രതിബദ്ധത മുന്നോട്ട് കൊണ്ടുപോകുന്ന എല്ലാവരോടും, ആവർത്തിച്ചു. തുടർന്ന് വിവിധ വിഭാഗക്കാരെ അഭിവാദ്യം ചെയ്ത പാപ്പാ എല്ലാവർക്കു നന്ദി പ്രകാശിപ്പിക്കുകയും ശുഭ ഞായർ ആശംസിക്കുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 ഒക്‌ടോബർ 2025, 10:17

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >