പാപ്പാ: ദൈവം നമ്മെ രക്ഷിക്കുന്നത് നമുക്ക് സ്വയം വെളിപ്പെടുത്തിക്കൊണ്ട്.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
റോമിൽ ഏതാനും ദിനങ്ങളായി, താപ നിലയിൽ അല്പമൊരു കുറവ് അനുഭവപ്പെടുന്നുണ്ട്. യൂറോപ്പിൽ പൊതുവെ, വേനൽക്കാലാവധി കഴിഞ്ഞ് ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് വീണ്ടും പ്രവേശിക്കുന്ന ഘട്ടം. എന്നിരുന്നാലും ജൂബിലിവത്സരാചരണ പശ്ചാത്തലത്തിൽ റോമിലേക്കുള്ള തീർത്ഥാടകരുടെയും സന്ദർശകരുടെയും പ്രവാഹം തുടരുന്നു. പാപ്പാ സെപ്റ്റംബർ 14-ന് ഞായറാഴ്ച മദ്ധ്യാഹ്നത്തിൽ വത്തിക്കാനിൽ നയിച്ച പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന ആയിരക്കണക്കിന് വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ തുറസ്സായ അങ്കണത്തിൽ സന്നിഹിതരായിരുന്നു. പാപ്പാ ത്രികാലജപം നയിക്കുന്നതിന് വത്തിക്കാനിൽ, പേപ്പൽ ഭവനത്തിലെ പതിവുജാലകത്തിങ്കൽ, അതായത്, ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കിൽ, വലത്തു വശത്ത്, സ്തംഭാവലിക്ക് പിന്നിലായി, പേപ്പൽഭവന സമുച്ചയത്തിൻറെ ഏറ്റവും മുകളിലെത്തെ നിലയിൽ വലത്തെ അറ്റത്തു നിന്ന് രണ്ടാമത്തെ ജനലിൽ, പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്, “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ഈ ഞായറാഴ്ച ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട യോഹന്നാൻറെ സുവിശേഷം അദ്ധ്യായം 3, 13-17 വരെയുള്ള വാക്യങ്ങൾ, അതായത്, യേശുവും യഹൂദപ്രമാണിയായ നിക്കൊദേമൂസും തമ്മിലുള്ള സംഭാഷണ മദ്ധ്യേ യേശു, ലോകത്തെ രക്ഷിക്കുന്നതിനായി അയയ്ക്കപ്പെട്ട മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചു പരാമർശിക്കുന്ന ഭാഗം, ആയിരുന്നു.
“സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും ഇതുവരെ സ്വർഗ്ഗത്തിൽ കയറിയിട്ടില്ല. മോശ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതു പോലെ തന്നിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയർത്തപ്പെടേണ്ടിയിരിക്കുന്നു. എന്തെന്നാൽ അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തൻറെ ഏകജാതനെ നല്കാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തൻറെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്ക് വിധിക്കാനല്ല. പ്രത്യുത, അവൻ വഴി ലോകം രക്ഷപ്രാപിക്കാനാണ്.”
പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണത്തിൻറെ പരിഭാഷ:
വിശുദ്ധ കുരിശിൻറെ പുകഴ്ചയുടെ തിരുന്നാൾ
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ഞായർ!
ഇന്ന് സഭ വിശുദ്ധകുരിശിൻറെ പുകഴ്ചയുടെ തിരുന്നാൾ ആചരിക്കുന്നു. നാലാം നൂറ്റാണ്ടിൽ വിശുദ്ധ ഹെലൻ ജറുസലേമിൽ കുരിശു മരം കണ്ടെത്തിയതും ഹെരാക്ലിയസ് ചക്രവർത്തി വിശുദ്ധ നഗരത്തിന് ആ അമൂല്യ തിരുശേഷിപ്പ് വീണ്ടെടുത്തു നല്കിയതും ഈ തിരുന്നാളിൽ അനുസ്മരിക്കുന്നു.
എന്നാൽ നമ്മെ സംബന്ധിച്ച് ഇന്ന് ഈ തിരുനാൾ ആഘോഷിക്കുന്നതിൻറെ പൊരുളെന്താണ്? ആരാധനക്രമം അവതരിപ്പിക്കുന്ന സുവിശേഷം അത് മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു (യോഹന്നാൻ 3:13-17 കാണുക). രാത്രിയിലാണ് സംഭവം അരങ്ങേറുന്നത്: യഹൂദപ്രമാണിമാരിൽ ഒരാളും നേരുള്ളവനും തുറന്ന മനസ്സുള്ളവനുമായ നിക്കോദേമോസ് (യോഹന്നാൻ 7:50-51 കാണുക), യേശുവിനെ കാണാൻ വരുന്നു. അവന് വെളിച്ചവും മാർഗ്ഗനിർദ്ദേശവും ആവശ്യമാണ്: അവൻ ദൈവത്തെ അന്വേഷിക്കുകയും നസറെത്തിലെ ഗുരുവിനോട് സഹായം ചോദിക്കുകയും ചെയ്യുന്നു, കാരണം അവൻ അവനിൽ ഒരു പ്രവാചകനെ, അസാധാരണമായ അടയാളങ്ങൾ പ്രവർത്തിക്കുന്ന ഒരു മനുഷ്യനെ തിരിച്ചറിയുന്നു.
മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടിയിരിക്കുന്നു
കർത്താവ് അവനെ സ്വാഗതം ചെയ്യുന്നു, അവന് ചെവികൊടുക്കുന്നു, മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടിയിരിക്കുന്നുവെന്ന് ഒടുവിൽ അവനോട് വെളിപ്പെടുത്തുന്നു, അത് "അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്" ആണ് (യോഹന്നാൻ 3:15). യേശു കൂട്ടിച്ചേർക്കുന്നു: "തന്നിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തൻറെ ഏകജാതനെ നല്കാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു." (യോഹന്നാൻ 3,16 കാണുക). ഈ വാക്കുകളുടെ അർത്ഥം ഒരുപക്ഷേ ഇപ്പോൾ പൂർണ്ണമായി മനസ്സിലാകാത്ത നിക്കോദേമോസിന്, ക്രൂശീകരണനാന്തരം, രക്ഷകൻറെ ശരീരം സംസ്കരിക്കാൻ സഹായിക്കുന്ന വേളയിൽ തീർച്ചയായും അത് മനസ്സിലാക്കാനാകും (യോഹന്നാൻ 19:39 കാണുക). നരകുലത്തെ വീണ്ടെടുക്കാൻ ദൈവം മനുഷ്യനായിത്തീരുകയും കുരിശിൽ മരിക്കുകയും ചെയ്തുവെന്ന് അവന് മനസ്സിലാകും.
പഴയനിയമ പ്രതീകം - മോശ വടിയിലുയർത്തിയ വെങ്കല സർപ്പം
പഴയനിയമത്തിലെ ഒരു സംഭവം അനുസ്മരിച്ചുകൊണ്ട് യേശു നിക്കോദേമോസിനോട് ഇതിനെക്കുറിച്ച് സംസാരിക്കുന്നു (സംഖ്യാപുസ്തകം 21:4-9 കാണുക), മരുഭൂമിയിൽ, വിഷപ്പാമ്പുകളാൽ ആക്രമിക്കപ്പെട്ട ഇസ്രായേല്യർ, ദൈവകല്പന അനുസരിച്ചുകൊണ്ട് മോശ നിർമ്മിച്ച് ഒരു വടിയിൽ സ്ഥാപിച്ച വെങ്കല സർപ്പത്തെ നോക്കിയാണ് രക്ഷപ്പെട്ടത്.
ദൈവം തന്നെത്തന്നെ നമുക്ക് കാണിച്ചുതന്നുകൊണ്ടാണ് നമ്മെ രക്ഷിച്ചത്, നമ്മുടെ തുണയാൾ, ഗുരു, വൈദ്യൻ, സുഹൃത്ത് ആയിക്കൊണ്ട്, ദിവ്യകാരുണ്യത്തിൽ മുറിക്കപ്പെട്ട അപ്പം പോലും ആയിമാറിക്കൊണ്ട് നമ്മെ രക്ഷിച്ചു. ഇതു പൂർത്തിയാക്കുന്നതിനായി അവിടന്ന് ഉപയോഗിച്ചത്, മനുഷ്യൻ ഇതുവരെ കണ്ടുപിടിച്ച ഏറ്റവും ക്രൂരമായ മരണോപകരണങ്ങളിലൊന്നാണ്: കുരിശ്.
നിന്ദ്യമായ കുരിശിനെ ആശ്ലേഷിച്ച ദൈവം
അതുകൊണ്ടാണ് ഇന്ന് നമ്മൾ അതിൻറെ "പുകഴ്ച" ആഘോഷിക്കുന്നത്: നമ്മുടെ രക്ഷയ്ക്കായി ദൈവം കുരിശിനെ അപരിമേയ സ്നേഹത്തോടെ ആശ്ലേഷിച്ചുകൊണ്ട് അതിനെ മരണോപാധി എന്നതിൽ നിന്ന് ജീവൻറെ ഉപകരണമാക്കി മാറ്റുകയും യാതൊന്നിനും നമ്മെ അവനിൽ നിന്ന് വേർപെടുത്താൻ കഴിയില്ലെന്നും (റോമ 8:35-39 കാണുക) അവൻറെ സ്നേഹം നമ്മുടെ പാപത്തേക്കാൾതന്നെ വലുതാണെന്നും നമ്മെ പഠിപ്പിക്കുകയും ചെയ്തു (cf. FRANCIS, Catechesis, മാർച്ച് 30, 2016).
കർത്താവിൻറെ രക്ഷാകര സ്നേഹം നമ്മിൽ വളരട്ടെ
ആകയാൽ, അവൻറെ രക്ഷാകരസ്നേഹം നമ്മിൽ വേരൂന്നുകയും വളരുകയും ചെയ്യുന്നതിനും അവൻ എല്ലാവർക്കും തന്നെത്തന്നെ പൂർണ്ണമായി നൽകിയതുപോലെ, നമുക്ക് പരസ്പരം സ്വയം ദാനമായിത്തീരാൻ അറിയുന്നതിനും വേണ്ടി നമുക്ക്, കാൽവരിയിൽ തൻറെ പുത്രൻറെ ചാരെ സന്നിഹിതയായ അമ്മയായ മറിയത്തിൻറെ മാദ്ധ്യസ്ഥ്യം അപേക്ഷിക്കാം.
ഈ വാക്കുകളെ തുടർന്ന് “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന പ്രാർത്ഥന നയിച്ച പാപ്പാ തദ്ദനന്തരം ആശീർവ്വാദം നല്കി.
ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ: മെത്രാന്മാരുടെ സിനഡിൻറെ അറുപതാം വാർഷികം
സെപ്റ്റംബർ 15-ന് തിങ്കളാഴ്ച മെത്രാന്മാരുടെ സിനഡിൻറെ അറുപതാം സ്ഥാപന വാർഷികം ആണെന്നത് പാപ്പാ ആശീർവ്വാദാനന്തരം അനുസ്മരിച്ചു. പത്രോസിൻറെ പിൻഗാമിയുമായുള്ള കൂട്ടായ്മ ഉപരിമെച്ചപ്പെട്ടരീതിയിൽ അഭ്യസിക്കാൻ മെത്രാന്മാർക്ക് കഴിയുന്നതിനുവേണ്ടി വിശുദ്ധ പോൾ ആറാമനുണ്ടായ പ്രവചനപരമായ ഒരു ഉൾക്കാഴ്ചയായിരുന്നു അതെന്ന് പാപ്പാ പറഞ്ഞു. ഈ വാർഷികം ഐക്യത്തിനും സിനഡാത്മകതയ്ക്കും സഭയുടെ ദൗത്യത്തിനുമായുള്ള നവീകൃതമായ ഒരു പ്രതിബദ്ധതയ്ക്ക് പ്രചോദനമേകട്ടയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു. റോമാക്കാരെയും ഇറ്റലിയുടെ മറ്റു ഭാഗങ്ങളിലും വിവിധ രാജ്യങ്ങളിലും നിന്ന് വത്തിക്കാൻ ചത്വരത്തിൽ എത്തിയിരുന്ന എല്ലാ തീർത്ഥാടകരെയും അതു പോലെതന്നെ വാൽ കാമോണിക്കയിലെ ബോർണോ, സോണിക്കോ എന്നിവിടങ്ങളിലെ സംഗീത സംഘത്തെയും പാപ്പാ അഭിവാദ്യം ചെയ്തു.
പാപ്പാ സപ്തതി നിറവിൽ
സെപ്റ്റംബർ 14-ന് തനിക്ക് എഴുപത് വയസ്സാകുകയാണെന്ന് പറഞ്ഞ പാപ്പാ കർത്താവിനും തൻറെ മാതാപിതാക്കൾക്കും കൃതജ്ഞത അർപ്പിച്ചു. തന്നെ പ്രാർത്ഥനയിൽ ഓർത്തവർക്കും എല്ലാവർക്കും നന്ദി പറഞ്ഞ പാപ്പാ അവസാനം ശുഭ ഞായർ ആശംസിച്ചുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: