തിരയുക

ഭോജനശീലം നമ്മുടെ ആന്തരികതയെയും മാനസിക ഭാവങ്ങളെയും ആവിഷ്ക്കരിക്കുന്നു, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുദർശനം: തീറ്റഭ്രാന്ത് എന്ന ദുശ്ശീലം. ഭക്ഷണപദാർത്ഥങ്ങളല്ല, അവയുമായുള്ള നമ്മുടെ മോശം ബന്ധമാണ് ഭക്ഷണത്തെ അനാരോഗ്യകരമാക്കിത്തീർക്കുന്നത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഈ ബുധനാഴ്ച (10/01/24) ഫ്രാൻസീസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുദർശനപരിപാടിയുടെ വേദി, പതിവുപോലെ,  വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയ്ക്കടുത്തുള്ള പോൾ ആറാമൻ ശാലയായിരുന്നു. ഊന്നുവടിയുടെ സഹായത്തോടെ സാവധാനം നടന്ന് ശാലയിൽ എത്തിയ പാപ്പായ്ക്ക് അവിടെ സന്നിഹിതരായിരുന്ന തീർത്ഥാടകരും സന്ദർശകരും എഴുന്നേറ്റു നിന്ന് കരഘോഷത്തോടെയും ആരവങ്ങളോടെയും അഭിവാദ്യമർപ്പിച്ചു.  വേദിമദ്ധ്യത്തിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ 9.00 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-ന്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

"മകനേ, നിൻറെ ഹൃദയം ജ്ഞാനമുള്ളതാണെങ്കിൽ എൻറെ ഹൃദയവും സന്തോഷിക്കും...... അമിതമായി വീഞ്ഞുകുടിക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തിൽപ്പെടരുത്. എന്തെന്നാൽ മദ്യപനും ഭോജനപ്രിയനും ദാരിദ്ര്യത്തിലകപ്പെടും; മത്തുപിടിച്ച് മയങ്ങുന്നവന് കീറത്തുണിയുടുക്കേണ്ടിവരും.” സുഭാഷിതങ്ങൾ 23:15.20-21

ഈ വായനയ്ക്കു ശേഷം പാപ്പാ, ദുർഗുണങ്ങളെയും സദ്‌ഗുണങ്ങളെയും അധികരിച്ച് താൻ കഴിഞ്ഞ വാരത്തിൽ ആരംഭിച്ച പ്രബോധനപരമ്പര തുടർന്നു. തീറ്റഭ്രാന്ത് എന്ന ദുശ്ശീലമായിരുന്നു പാപ്പായുടെ വിചിന്തന വിഷയം.

പാപ്പാ ഇറ്റാലിൻ ഭാഷയിൽ നടത്തിയ മുഖ്യ വിചിന്തനം :

അമിത ഭോജന ശീലം

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!

തിന്മകളെയും സുകൃതങ്ങളെയും കുറിച്ചുള്ള നമ്മുടെ പരിചിന്തന പ്രയാണത്തിൽ, ഇന്ന് നാം തീറ്റഭ്രാന്ത് എന്ന ദുശ്ശീലത്തെക്കുറിച്ചാണ് ചിന്തിക്കുക.

ഭോജനത്തോടുള്ള യേശുവിൻറെ മനോഭാവം 

ഇതിനെക്കുറിച്ച് സുവിശേഷം നമ്മോട് പറയുന്നത് എന്താണ്? നമുക്ക് യേശുവിനെ നോക്കാം. കാനായിലെ വിവാഹവേളയിൽ അവിടന്ന് പ്രവർത്തിച്ച അത്ഭുതം, അവിടത്തെ ആദ്യ അത്ഭുത പ്രവർത്തി, മാനവ സന്തോഷങ്ങളോടുള്ള അവിടത്തെ സഹാനുഭാവം വെളിപ്പെടുത്തുന്നു: ആഘോഷം ശുഭപര്യവസായിയാകണം എന്നതിൽ ശ്രദ്ധപതിക്കുന്ന  അവിടന്ന് ദമ്പതികൾക്ക് വലിയ അളവിൽ അത്യുത്തമമായ വീഞ്ഞ് നൽകുകയും ചെയ്യുന്നു. തൻറെ ശുശ്രൂഷയിലുടനീളം, യേശു സ്നാപകനിൽ നിന്ന് തികച്ചും വ്യത്യസ്തനായ ഒരു പ്രവാചകനായി പ്രത്യക്ഷപ്പെടുന്നു: മരുഭൂമിയിൽ കണ്ടിരുന്നത് ഭക്ഷിച്ചിരുന്ന യോഹന്നാൻ അദ്ദേഹത്തിൻറെ വിരക്തജീവിത്തിൻറെ പേരിൽ ഓർമ്മിക്കപ്പെടുന്നു. എന്നാൽ നേരെമറിച്ച് യേശുവാകട്ടെ നാം പലപ്പോഴും ഭക്ഷണമേശയ്ക്കരികിൽ കാണുന്ന മിശിഹായാണ്. അവിടത്തെ പെരുമാറ്റം വിവാദ കാരണമാകുന്നു, കാരണം അവൻ പാപികളോട് ദയ കാണിക്കുക മാത്രമല്ല, അവരോടൊപ്പം ഭക്ഷിക്കുകയും ചെയ്യുന്നു; ഈ പ്രവർത്തി, എല്ലാവരാലും തിരസ്കൃതരായ ആളുകളുമായി കൂട്ടായ്മയിലായിരിക്കാനും അവരുടെ ചാരത്തായിരിക്കാനുമുള്ള അവിടത്തെ അഭിലാഷം ആവിഷ്ക്കരിക്കുന്നതായിരുന്നു.

യേശുവിൻറെ സന്തോഷസന്താപങ്ങളിൽ പങ്കുചേരുക

എന്നാൽ മറ്റൊന്നുകുടിയുണ്ട്. യഹൂദ നിയമങ്ങളോടുള്ള യേശുവിൻറെ മനോഭാവം നിയമത്തോടുള്ള അവിടത്തെ പൂർണ്ണ വിധേയത്വം നമുക്കു വെളിപ്പെടുത്തിത്തരുന്നു എന്നിരുന്നാൽത്തന്നെയും,  തൻറെ ശിഷ്യരെ മനസ്സിലാക്കുന്നവനായി അവിടന്ന് പ്രത്യക്ഷപ്പെടുന്നു: അവർ ഒരു തെറ്റിൽ അകപ്പെട്ടപ്പോൾ, അതായത്, സാബത്തുദിനത്തിൽ അവർക്ക് വിശപ്പനുഭവപ്പെട്ട വേളയിൽ ധാന്യക്കതിർ പറിക്കുമ്പോൾ അവിടന്ന്, ദാവീദ് രാജാവും കൂട്ടാളികളും പോലും ആവശ്യം വന്നപ്പോൾ ഒരു നിയമം ലംഘിച്ചത്, അവർ വിശുദ്ധ അപ്പം എടുത്തത് അനുസ്മരിച്ചുകൊണ്ട് അവരെ ന്യായീകരിക്കുന്നു, (മർക്കോസ് 2,23-26 കാണുക). എന്നാൽ എല്ലാറ്റിനുമുപരിയായി, മനോഹരമായ ഒരു ഉപമയിലൂടെ യേശു ഒരു പുതിയ തത്ത്വം സമർത്ഥിക്കുന്നു: മണവാളൻ കൂടെയുള്ളപ്പോൾ വിവാഹാതിഥികൾക്ക് ഉപവസിക്കാനാവില്ല; മണവാളൻ അവരിൽനിന്ന് അകറ്റപ്പെടുമ്പോൾ അവർ ഉപവസിക്കും. ഇപ്പോൾ എല്ലാം യേശുവിന് ആപേക്ഷികമാണ്, അവിടന്ന് നമ്മുടെ ഇടയിൽ ആയിരിക്കുമ്പോൾ, നമുക്ക് ദുഃഖാചരണത്തിലായിരിക്കാൻ കഴിയില്ല; എന്നാൽ അവിടത്തെ പീഢാനുഭവ സമയത്ത്, അതെ, നമുക്ക് ഉപവസിക്കാം (മർക്കോസ് 2,18-20 കാണുക). യേശു ആഗ്രഹിക്കുന്നത് നാം അവിടത്തോടൊപ്പം സന്തോഷമുള്ളവരായിരിക്കണമെന്നാണ്; എന്നാൽ അവിടത്തെ പങ്കപ്പാടുകളിൽ  നമ്മളും പങ്കുചേരണമെന്ന് അവിടന്ന് അഭിലഷിക്കുന്നു, ആ കഷ്ടപ്പാടുകൾ ചെറിയവരുടെയും പാവപ്പെട്ടവരുടെയും കൂടിയാണ്.

ഭക്ഷണം അശുദ്ധമോ, ശുദ്ധമോ?

മറ്റൊരു സുപ്രധാന മാനം. പുരാതന ലോകത്തിലെ ചില സംസ്കാരങ്ങളുടെ ആധാരശിലകളിലൊന്നായ ശുദ്ധ ഭക്ഷണങ്ങളും അശുദ്ധ ഭക്ഷണങ്ങളും തമ്മിലുള്ള വ്യത്യാസം യേശു ഇല്ലാതാക്കുന്നു.  യേശു പഠിപ്പിക്കുന്നു, വാസ്തവത്തിൽ, മനുഷ്യനിലക്കു പ്രവേശിക്കുന്നതല്ല, പ്രത്യുത, അവൻറെ ഹൃദയത്തിൽ നിന്ന് പുറപ്പെടുന്നവയാണ് അവനെ മലിനമാക്കുന്നത് എന്നാണ്. ഇങ്ങനെ പറഞ്ഞുകൊണ്ട് "എല്ലാ ഭക്ഷണപദാർത്ഥങ്ങളും ശുദ്ധമാണെന്ന് അവിടന്ന് പ്രഖ്യാപിച്ചു" (മർക്കോസ് 7:19) അതുകൊണ്ടാണ് ക്രിസ്തുമതം അശുദ്ധമായ ഭക്ഷണങ്ങളെക്കുറിച്ച് ചിന്തിക്കാത്തത്. എന്നാൽ നമുക്ക് ഉണ്ടായിരിക്കേണ്ട ശ്രദ്ധ ആന്തരികമാണ്: അതിനാൽ ഭക്ഷണത്തിലല്ല, അതുമായുള്ള നമ്മുടെ ബന്ധത്തിലാണ്. യേശു ഭക്ഷണത്തെ വിലമതിക്കുന്നു. സമുഹത്തിലെ ഭോജനത്തിലും നിരവധിയായ അസമത്വങ്ങളും രോഗലക്ഷണങ്ങളും പ്രകടമാണ്. ഒന്നുകിൽ അമിത ഭോജനം അല്ലെങ്കിൽ അല്പ ഭോജനം. പലപ്പോഴും ഒരുവൻ ഏകാന്തതയിലാണ് ഭക്ഷണം കഴിക്കുന്നത്. ഭക്ഷണ സംബന്ധിയായ അസ്വസ്ഥതകൾ പടരുന്നു: അതായത്, വിശപ്പില്ലായ്മ, അമിത ഭോജനപ്രിയത്വം, അമിതവണ്ണം തുടങ്ങിയവ. ഭക്ഷണവുമായുള്ള അനാരോഗ്യകരമായ ബന്ധത്തിന് പരിഹൃതിയുണ്ടാക്കാൻ വൈദ്യശാസ്ത്രവും മനഃശാസ്ത്രവും ശ്രമിക്കുന്നു. ഭക്ഷണവുമായുള്ള മോശം ബന്ധം ഈ രോഗങ്ങൾക്കെല്ലാം നിമിത്തമാകുന്നു.

മാനസികഭാവങ്ങളെ അനാവരണം ചെയ്യുന്ന ഭക്ഷണ രീതി 

ഇവ വളരെ വേദനാജനകമായ രോഗങ്ങളാണ്, അവ കൂടുതലും മനസ്സികവും ആത്മീയവുമായ യാതനകളുമായി ബന്ധപ്പെട്ടിരിക്കുന്നു. മാനസിക അസന്തുലിതാവസ്ഥയും ഭക്ഷണ രീതിയും തമ്മിൽ ബന്ധമുണ്ട്. യേശു പഠിപ്പിച്ചതുപോലെ, മോശമായിരിക്കുന്നത് ഭക്ഷണപദാർത്ഥങ്ങളല്ല, മറിച്ച് അവയുമായി നമുക്കുള്ള ബന്ധമാണ്. പോഷണം എന്നത് ആന്തരികമായ എന്തോ ഒന്നിൻറെ പ്രകടനമാണ്: അതായത്, സന്തുലിതാവസ്ഥയിലേക്കോ അമിതത്വത്തിലേക്കോ ഉള്ള ചായ്വാണ്; നന്ദി പറയാനുള്ള കഴിവ് അല്ലെങ്കിൽ സ്വയംപര്യപ്തതയുടെതായ ധിക്കാരപരമായ അവകാശവാദം ആണ്; ആവശ്യക്കാരുമായി ഭക്ഷണം പങ്കിടാനറിയാവുന്നവരുടെ സഹാനുഭൂതി, അല്ലെങ്കിൽ എല്ലാം സ്വയം പൂഴ്ത്തിവെക്കുന്നവരുടെ സ്വാർത്ഥതയാണ്. നിൻറെ ഭക്ഷണ രീതി എങ്ങനെയെന്ന് എന്നോട് പറയൂ,  നിൻറെ ആത്മാവ് എപ്രകാരമുള്ളതാണെന്ന് ഞാൻ നിന്നോടു പറയാം. ഇതു സുപ്രധാനമാണ്. നമ്മുടെ ഭക്ഷണരീതി നമ്മുടെ ആന്തരികതയെയും നമ്മുടെ ശീലങ്ങളെയും നമ്മുടെ മാനസികഭാവങ്ങളെയും അനാവരണം ചെയ്യുന്നു.

 "ഗ്യാസ്‌ട്രിമാർജിയ"

പുരാതന പിതാക്കന്മാർ അമിതഭോജനം എന്ന ദുശ്ശീലത്തെ സൂചിപ്പിക്കുന്നതിന് "ഗ്യാസ്‌ട്രിമാർജിയ"  എന്ന പദം ഉപയോഗിച്ചു. ഈ പദത്തെ "ഉദരത്തിൻറെ ഭ്രാന്ത്" എന്ന് വിവർത്തനം ചെയ്യാം. അമിത ഭോജനം "ഉദരത്തിൻറെ ഭ്രാന്ത്" ആണ്. ഒരു പഴഞ്ചൊല്ലും ഉണ്ടല്ലോ, അതായത്, ജീവിക്കുന്നതിനായി തിന്നുക, തിന്നാനായി ജീവിക്കരുത് എന്ന്. പോഷണം എന്നതുപോലെ, നമ്മുടെ ജീവൽപ്രധാനമായ ഒരു ആവശ്യത്തിലേക്ക് ഒട്ടിച്ചുചേർക്കപ്പെടുന്ന ഒരു ദുശ്ശീലമാണിത്. ഇക്കാര്യത്തിൽ നാം ജാഗ്രത പുലർത്തണം.

ഭോജനത്തിൻറെ സാമൂഹിക മാനം

ഒരു സാമൂഹിക വീക്ഷണകോണിൽ നിന്ന് നമ്മൾ ഇത് വായിക്കുകയാണെങ്കിൽ, തീറ്റഭ്രാന്ത്, ഒരുപക്ഷേ, ഗ്രഹത്തെ കൊന്നുകൊണ്ടിരിക്കുന്ന ഏറ്റവും അപകടകരമായ ദുർഗ്ഗുണമാണ്. എന്തെന്നാൽ, ഒരു കഷ്ണം മധുരപലഹാരത്തിനു മുന്നിൽ വീണുപോകുന്നയാളുടെ പാപം, മൊത്തത്തിൽ നോക്കിയാൽ, വലിയ നാശമൊന്നും ഉണ്ടാക്കുന്നില്ല, പക്ഷേ, ഏതാനും നൂറ്റാണ്ടുകളായി, ഈ ഗ്രഹത്തിൻറെ വിഭവങ്ങൾ കൊള്ളയടിക്കുന്ന നമ്മുടെ അത്യാർത്തി എല്ലാവരുടെയും ഭാവിയെ പ്രതിസന്ധിയിലാക്കുന്നു. ചൂഷണം ചെയ്യാനല്ല, മറിച്ച്, സംരക്ഷിക്കുന്നതിനായി സകലവും നമുക്ക് ഭരമേല്പിക്കപ്പെട്ടിരിക്കേ, എല്ലാറ്റിൻറെയും യജമാനന്മാരാകാൻ നമ്മൾ എല്ലാം പിടിച്ചുപറിക്കുകയാണ്. ആകയാൽ ഇതാ, മഹാപാപം, ഉദരത്തിൻറെ ക്രോധം: “ഉപഭോക്താക്കൾ” എന്ന മറ്റൊരു നാമം സ്വീകരിക്കുന്നതിനായി നമ്മൾ മനുഷ്യർ എന്ന നാമം ത്യജിച്ചു. ആകയാൽ ഇന്ന് സാമൂഹിക ജീവിതത്തിൽ ഉപഭോക്താക്കളെക്കുറിച്ച് സംസാരിക്കുന്നു. ആരോ നമ്മെ അങ്ങനെ വിളിക്കുന്നതിനെക്കുറിച്ച് നമ്മൾ ബോധവാന്മാരല്ല. കൃതജ്ഞതാപ്രകാശനത്തിന് കഴിവുള്ളവരും വിവേചനബുദ്ധിയോടെ ഭൂമിയെ ഉപയോഗിക്കുന്നവരും ആയ ദിവ്യകാരുണ്യത്തിൻറെ സ്ത്രീപുരുഷന്മാരായിരിക്കാൻ വിളിക്കപ്പെട്ടവരാണ് നമ്മൾ. എന്നാൽ നാം വേട്ടക്കാരായി മാറുന്ന അപകടമുണ്ട്. “അത്യാർത്തി”യുടെ ഈ രൂപം ലോകത്തിന് വളരെയേറെ ദ്രോഹം ചെയ്തിരിക്കുന്നുവെന്ന് നാം മനസ്സിലാക്കുന്നു. എല്ലാത്തരത്തിലുമുള്ള അത്യാർത്തികളും നമ്മുടെ ജീവിതത്തിൽ ആധിപത്യം പുലർത്താതിരിക്കുന്നതിനായി മിതത്വത്തിൻറെ പാതയിൽ നമ്മെ സഹായിക്കാൻ നമുക്ക് കർത്താവിനോട് അപേക്ഷിക്കാം. നന്ദി.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഒരോ വായനയുടെയും അവസാനം പാപ്പാ അതതു ഭാഷാക്കാരെ ഇറ്റാലിയൻ ഭാഷയിൽ അഭിവാദ്യം ചെയ്യുകയും ചെയ്തു.

സമാപനാഭിവാദ്യങ്ങളും ആശീർവ്വാദവും

പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ യുവതീയുവാക്കളെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്തു.

യുദ്ധവേദികളിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ പാപ്പാ തദ്ദവസരത്തിൽ അനുസ്മരിച്ചു.യുദ്ധത്തിൻറെ ഭീകരതമൂലം യാതനകൾ അനുഭവിക്കുന്ന ഉക്രൈയിനിലെ ജനങ്ങളോടും അതുപോലെതന്നെ, ഫലസ്തീനിലും ഇസ്രായേലിലും ലോകത്തിൻറെ മറ്റ് ഭാഗങ്ങളിലും യുദ്ധം മൂലം കഷ്ടപ്പെടുന്നവരോടുമുള്ള പ്രാർത്ഥനാപരമായ സാമീപ്യം പാപ്പാ നവീകരിച്ചു. ആ ജനതകൾക്കായും രാഷ്ട്രാധികാരികളുടെ ഹൃദയങ്ങളിൽ സമാധാനത്തിൻറെ വിത്ത് പാകുന്നതിനായും കർത്താവിനോട് പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

പാപ്പായുടെ ഈ വാക്കുകളെ തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടു. അതിനു ശേഷം, പാപ്പാ,  എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 January 2024, 12:37

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >