തിരയുക

ദൈവത്തിൻറെ തനതായ കണക്കുകൂട്ടലുകൾ അംഗീകരിക്കാൻ പഠിക്കുക, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുദർശന പ്രഭാഷണം :ദുർഗ്ഗുണങ്ങളെയും സൽഗുണങ്ങളെയും അധികരിച്ചുള്ള പ്രബോധന പരമ്പര. അസൂയയും വ്യർത്ഥാഭിമാനവും. ഈ ദുശ്ശീലങ്ങളെക്കുറിച്ചായിരുന്നു പാപ്പായുടെ പ്രഭാഷണം. ജലദോഷം മൂലം ബുദ്ധിമുട്ടനുഭവപ്പെടുന്നതിനാൽ പാപ്പായുടെ അഭ്യർത്ഥന മാനിച്ച് വത്തിക്കാൻ സംസ്ഥാന കാര്യാലയത്തിലെ ഉദ്യോഗസ്ഥനായ മോൺസിഞ്ഞോർ ഫിലീപ്പൊ ചമ്പനേല്ലി ഈ പ്രഭാഷണം വായിക്കുകയായിരുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഈ ദിനങ്ങളിൽ ആരോഗ്യപരമായ കാരണങ്ങളാൽ ഞായറാഴ്ചത്തെ മദ്ധ്യാഹ്നപ്രാർത്ഥന ഒഴികെയുള്ള പൊതുപരിപാടികളിൽ നിന്നു വിട്ടുന്നുനിന്നുവെങ്കിലും ഈ ബുധനാഴ്ച (28/02/24) ഫ്രാൻസീസ് പാപ്പാ, പതിവുപോലെ, വത്തിക്കാനിൽ പ്രതിവാര പൊതുദർശനം അനുവദിച്ചു. ഇതിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന ആയിരക്കണക്കിന് സന്ദർശകരും തീർത്ഥാടകരും എത്തിയിരുന്നു.  വിശുദ്ധ പത്രോസിൻറെ ബസിലിക്കയ്ക്കടുത്തുള്ള പോൾ ആറാമൻ ശാലയായിരുന്നു കൂടിക്കാഴ്ചാ വേദി. ചക്രക്കസേരയിൽ ശാലയിൽ എത്തിയ പാപ്പായ്ക്ക് അവിടെ സന്നിഹിതരായിരുന്നവർ ബഹുമാനാർത്ഥം എഴുന്നേറ്റു നിന്ന് കരഘോഷത്തോടും ആരവങ്ങളോടുംകൂടെ  അഭിവാദ്യമർപ്പിച്ചു.വേദിമദ്ധ്യത്തിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ 9.00 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-ന്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.                 

"യേശുക്രിസ്തുവിനുള്ളവർ തങ്ങളുടെ ജഡത്തെ അതിൻറെ വികാരങ്ങളോടും മോഹങ്ങളോടും കുടി ക്രൂശിച്ചിരിക്കുന്നു. നിങ്ങൾ ആത്മാവിലാണ് ജീവിക്കുന്നതെങ്കിൽ നമുക്ക് ആത്മാവിൽ വ്യാപരിക്കാം. നാം പരസ്പരം പ്രകോപിക്കുന്നവരും അസൂയപ്പെടുന്നവരും വ്യർത്ഥാഭിമാനികളും ആകാതിരിക്കട്ടെ.” പൗലോസ് ഗലാത്തിയക്കാർക്കെഴുതിയ ലേഖനം  5,24-26

ഈ വായനയ്ക്കു ശേഷം പാപ്പാ, ദുർഗ്ഗുണങ്ങളെയും സൽഗുണങ്ങളെയും അധികരിച്ചുള്ള പ്രബോധനപരമ്പര തുടർന്നു. അസൂയയും വ്യർത്ഥാഭിമാനവും ആയിരുന്നു     പരിചിന്തന വിഷയം. ഇറ്റാലിൻ ഭാഷയിലായിരുന്ന പാപ്പായുടെ മുഖ്യ വിചിന്തനം വായിക്കപ്പെടുകയായിരുന്നു. വത്തിക്കാൻ സംസ്ഥാന കാര്യാലയത്തിലെ ഉദ്യോഗസ്ഥനായ മോൺസിഞ്ഞോർ ഫിലീപ്പൊ ചമ്പനേല്ലിയാണ് പാപ്പായുടെ പ്രഭാഷണം പാരായണം ചെയ്തത്.

തനിക്ക് ഇപ്പോഴും അല്പം ജലദോഷമുള്ളതിനാൽ ഇതു വായിക്കാൻ താൻ മോൺസിഞ്ഞോർ ചംമ്പനേല്ലിയോട് ആവശ്യപ്പെടുകയാണുണ്ടായതെന്ന് പാപ്പാ ആമുഖമായി പറഞ്ഞു. പാപ്പായുടെ വാക്കുകളെ തുടർന്ന് മോൺസിഞ്ഞോർ ചംമ്പനേല്ലി പാപ്പായുടെ പ്രസംഗം വായിച്ചു.

അസൂയയും വ്യർത്ഥാഭിമാനവും.                                                          

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!

ആദ്ധ്യാത്മിക പാരമ്പര്യം നമുക്കായി നല്കിയിരിക്കുന്ന വലിയ പട്ടികയിൽ നാം കാണുന്ന രണ്ട് മാരക പാപങ്ങളാണ് ഇന്ന് നാം വിശകലനം ചെയ്യുക: അസൂയയും വ്യർത്ഥാഭിമാനവും.

അസൂയ

നമുക്ക് അസൂയയിൽനിന്നു തുടങ്ങാം. നാം വിശുദ്ധ ഗ്രന്ഥം വായിക്കുകയാണെങ്കിൽ (ഉൽപത്തി 4 കാണുക), ഏറ്റവും പഴക്കമുള്ള ദുഷ്പ്രവൃത്തികളിൽ ഒന്നാണ് അതെന്നു നമുക്കു കാണാൻ കഴിയും: കായേന് ആബേലിനോടുള്ള വിദ്വേഷം പൊട്ടിപ്പുറപ്പെടുന്നത് തൻറെ സഹോദരനായ ആബേലിൻറെ ബലികൾ ദൈവത്തിന് പ്രീതികരമായിഭവിച്ചു എന്ന് മനസ്സിലാക്കിയപ്പോഴാണ്. ആദാമിൻറെയും ഹവ്വായുടെയും ആദ്യജാതനായിരുന്നു കായേൻ. അവൻ പിതൃസ്വത്തിൻറെ സിംഹഭാഗവും കൈക്കലാക്കിയിരുന്നു; എന്നിരുന്നാൽത്തന്നെയും, കായേനിൽ ഇരുട്ടു കയറുന്നതിന് ഇളയ സഹോദരനായ ആബേൽ ഒരു ചെറിയ സംരംഭത്തിൽ വിജയിച്ചതു മാത്രം മതിയായിരുന്നു. അസൂയയുള്ളവൻറെ വദനം എപ്പോഴും വിഷാദാത്മകമാണ്: അവൻറെ നോട്ടം താഴേയ്ക്കാണ്, അവൻ നിലം നിരന്തരം പരിശോധിക്കുന്ന പ്രതീതിയാണുളവാകുക,  പക്ഷേ വാസ്തവത്തിൽ അവൻ ഒന്നും കാണുന്നില്ല, കാരണം മനസ്സ് വിദ്വേഷ ചിന്തകളാൽ ആവൃതമാണ്. അസൂയയ്ക്ക് കടിഞ്ഞാണിട്ടില്ലെങ്കിൽ അത് മറ്റുള്ളവരോടുള്ള വെറുപ്പിലേക്ക് നയിക്കുന്നു. സഹോദരൻറെ സന്തോഷം താങ്ങാനാവാതെ പോയ കായേൻറെ കരത്താൽ ആബേൽ കൊല്ലപ്പെടും.

അസൂയയുടെ അടിത്തട്ടിൽ കിടക്കുന്ന വെറുപ്പും ആഗ്രഹവും

അസൂയ എന്ന തിന്മ പരിശോധിക്കപ്പെടുന്നത് ക്രിസ്തീയ പശ്ചാത്തലത്തിൽ മാത്രമല്ല: ഇത് സകല സംസ്കാരങ്ങളിലെയും തത്ത്വചിന്തകരുടെയും പണ്ഡിതന്മാരുടെയും ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. അതിൻറെ അടിത്തറയിൽ വിദ്വേഷത്തിൻറെയും സ്നേഹത്തിൻറെയും ഒരു ബന്ധമുണ്ട്: ഒരുവൻറെ തിന്മ ആഗ്രഹിക്കുന്നു, എന്നാൽ, രഹസ്യമായി അവനെപ്പോലെയാകാൻ ഒരുവൻ ഇച്ഛിക്കുക്കുകയും ചെയ്യുന്നു. മറ്റൊന്ന്, നമ്മൾ എന്തായിരിക്കാൻ ആഗ്രഹിക്കുന്നുവോ, യഥാർത്ഥത്തിൽ നമ്മൾ എന്താണോ അല്ലാത്തത്, അതിൻറെ ആവിഷ്ക്കാരമാണ്. അവൻറെ ഭാഗ്യം നമുക്ക് ഒരു അനീതിയായി തോന്നുന്നു: തീർച്ചയായും - നാം കരുതുന്നത് - അവൻറെ നേട്ടങ്ങൾ അല്ലെങ്കിൽ ഭാഗ്യം കൂടുതലായി അർഹിച്ചിരുന്നത് നമ്മളാണ് എന്നാണ്!

ദൈവത്തിൻറെ കണക്കുകൂട്ടലുകൾ അംഗീകരിക്കാനുള്ള വൈമുഖ്യം

ഈ ദുർഗ്ഗുണത്തിൻറെ അടിത്തട്ടിൽ ദൈവത്തെക്കുറിച്ചുള്ള തെറ്റായ ഒരു ആശയമുണ്ട്: നമ്മുടേതിൽ നിന്ന് വിഭിന്നമായ, സ്വന്തമായ ഒരു "ഗണിതശാസ്ത്രം" ദൈവത്തിന് ഉണ്ടെന്ന് നാം അംഗീകരിക്കുന്നില്ല. ഉദാഹരണത്തിന്, മുന്തിരിത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനായി ദിവസത്തിൻറെ വിവിധ യാമങ്ങളിൽ യജമാനനൻ വിളിച്ച തൊഴിലാളികളെക്കുറിച്ചുള്ള യേശുവിൻറെ ഉപമയിൽ, ആദ്യം എത്തിയവർ കരുതുന്നത് അവസാനം എത്തിയവരേക്കാൾ ഉയർന്ന വേതനത്തിന് അർഹതയുണ്ടെന്നാണ്; എന്നാൽ തോട്ടമുടമ എല്ലാവർക്കും ഒരേ കൂലി നൽകുന്നു, എന്നിട്ട് പറഞ്ഞു: "എൻറെ വസ്തുവകകൾകൊണ്ട്  എനിക്ക് ഇഷ്ടമുള്ളത് ചെയ്യാൻ പാടില്ലെന്നോ? അതോ ഞാൻ നല്ലവനായതിനാൽ നിനക്ക് അസൂയയാണോ?" (മത്തായി 20.15). നമ്മുടെ സ്വാർത്ഥതയുടെ യുക്തി ദൈവത്തിൽ അടിച്ചേൽപ്പിക്കാൻ നാം ആഗ്രഹിക്കുന്നു, എന്നാൽ ദൈവത്തിൻറെ യുക്തി സ്നേഹമാണ്. അവിടന്ന് നമുക്കു പ്രദാനം ചെയ്യുന്നവ പങ്കുവയ്ക്കാനുള്ളതാണ്. അതുകൊണ്ടാണ് വിശുദ്ധ പൗലോസ് ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിക്കുന്നത്: "നിങ്ങൾ അന്യോന്യം സോദര വാത്സല്യത്തോടെ സ്നേഹിക്കുവിൻ, പരസ്പരം ബഹുമാനിക്കുന്നതിൽ ഓരോരുത്തരും മുന്നിട്ടു നില്ക്കുവിൻ" (റോമാക്കാർക്കുള്ള ലേഖനം 12:10). ഇതാ, അസൂയയ്ക്കുള്ള പ്രതിവിധി!

വ്യർത്ഥാഭിമാനം

ഇന്ന് നാം വിശകലനം ചെയ്യുന്ന രണ്ടാമത്തെ ദുർഗ്ഗുണത്തിലേക്കു കടക്കാം: വ്യർത്ഥാഭിമാനം. ഇത് അസൂയയെന്ന സാത്താനുമായി കൈകോർക്കുന്നു, ലോകത്തിൻറെ കേന്ദ്രസ്ഥാനത്തിലായിരിക്കാനും സകലത്തെയും സകലരെയും ചൂഷണം ചെയ്യാൻ സ്വതന്ത്രനായിരിക്കാനും എല്ലാ പുകഴ്ത്തലുകളുടെയും സകലവിധ സ്നേഹങ്ങളുടെയും വിഷയമായിരിക്കാനും ആഗ്രഹിക്കുന്ന ഒരു വ്യക്തിയിൽ ഈ രണ്ട് ദുർഗ്ഗുണങ്ങളും സമന്വയിക്കുന്നു. ഊതിവീർപ്പിച്ചതും അടിസ്ഥാനരഹിതവുമായ ആത്മാഭിമാനമാണ് വ്യർത്ഥാഭിമാനം. കൈകൈര്യം ചെയ്യാൻ പ്രായസമുള്ള ഒരു "ഞാൻ" പൊങ്ങച്ചക്കാരനായ വ്യക്തിക്ക് ഉണ്ട്: അയാൾക്ക് സഹാനുഭൂതി ഇല്ല, മാത്രമല്ല അവനെ കൂടാതെ ലോകത്തിൽ മറ്റ് ആളുകളുണ്ടെന്ന് മനസ്സിലാക്കുന്നില്ല. അവൻറെ ബന്ധങ്ങൾ എല്ലായ്പ്പോഴും മറ്റുള്ളവരെ അടിച്ചമർത്തുന്നതിൽ അടിസ്ഥാനമിട്ടിരിക്കുന്ന ഉപകരണങ്ങളാണ്. അവനെത്തന്നെയും അവൻറെ സംരംഭങ്ങളെയും  അവൻറെ നേട്ടങ്ങളെയും എല്ലാവർക്കും മുന്നിൽ പ്രദർശിപ്പിക്കുന്നു: അവൻ പരിഗണന നിത്യം യാചിക്കുന്നവനാണ്. ചിലപ്പോൾ അവൻറെ ഗുണങ്ങൾ അംഗീകരിക്കപ്പെട്ടില്ലെങ്കിൽ, അവൻ അതിഭയങ്കരം കോപിക്കുന്നു. അവനെ സംബന്ധിച്ചിടത്തോളം മറ്റുള്ളവർ അന്യായക്കാരാണ്, അവർക്ക് മനസ്സിലാകുന്നില്ല, അവർക്ക് നിലവാരമില്ല. വ്യാർത്ഥാഭിമാനം പിടിപെട്ട ഒരു സന്ന്യാസിയുടെ  കയ്പേറിയ കഥ എവാഗ്രിയസ് പോണ്ടിക്കസ് തൻറെ രചനകളിൽ വിവരിക്കുന്നുണ്ട്. ആത്മീയ ജീവിതത്തിലെ ആദ്യ വിജയങ്ങൾക്ക് ശേഷം, അയാൾക്ക് ഇതിനകം തന്നെ എല്ലാമായി എന്ന തോന്നലുണ്ടാകുന്നു, തുടർന്ന് അയാൾ ലോകത്തിൻറെ പ്രശസ്തി നേടുന്നതിനായി  അവിടേക്കു ചാടുന്നു. എന്നാൽ താൻ തൻറെ ആത്മീയ യാത്രയുടെ തുടക്കത്തിൽ മാത്രമാണെന്നും തന്നെ അടുത്തുതന്നെ വീഴ്ത്തുന്ന ഒരു പ്രലോഭനം പതിയിരിക്കുന്നുണ്ടെന്നും അയാൾ മനസ്സിലാക്കുന്നില്ല.

പൊങ്ങച്ചത്തിനു മറുമരുന്ന് അതിൽത്തന്നെ

വ്യർത്ഥാഭിമാനിയെ സൗഖ്യമാക്കാൻ, ആത്മീയ നിയന്താക്കൾ അനേകം പ്രതിവിധികളൊന്നും നിർദ്ദേശിക്കുന്നില്ല. കാരണം, ആത്യന്തികമായി പൊങ്ങച്ചം എന്ന തിന്മയ്ക്കുള്ള പ്രതിവിധി അതിൽത്തന്നെയുണ്ട്: വ്യർത്ഥാഭിമാനിയായ ഒരാൾ ലോകത്ത് കൊയ്യാമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രശംസകൾ ഉടൻ തന്നെ അവനെതിരെ തിരിയും. അവനവനെക്കുറിച്ചുള്ള പ്രമാദപ്രതിച്ഛായയാൽ വ്യാമോഹിതരായി, പിന്നീട് ലജ്ജിക്കേണ്ടിവരുന്ന പാപങ്ങളിൽ വീണുപോയ ആളുകൾ എത്രയേറെയാണ്!

ദൈവത്തിൻറെ കൃപ മതി

വ്യർത്ഥാഭിമാനത്തെ മറികടക്കുന്നതിനുള്ള ഏറ്റവും മനോഹരമായ പ്രബോധനം വിശുദ്ധ പൗലോസിൻറെ സാക്ഷ്യത്തിൽ നമുക്ക് കാണാം. ഒരിക്കലും മറികടക്കാൻ കഴിയാത്ത ഒരു ന്യൂനതയാണ് അപ്പോസ്തലന് എപ്പോഴും നേരിടേണ്ടി വന്നത്. ആ പീഡനത്തിൽ നിന്ന് തന്നെ മോചിപ്പിക്കാൻ അവൻ കർത്താവിനോട് മൂന്ന് പ്രാവശ്യം അപേക്ഷിച്ചു, എന്നാൽ അവസാനം യേശു അവന് മറുപടി നല്കി: "നിനക്ക് എൻറെ കൃപ മതി; എന്തെന്നാൽ, ബലഹീനതയിലാണ് എൻറെ ശക്തി പൂർണ്ണമായി പ്രകടമാകുന്നത്." (2 കോറിന്തോസ് 12: 9). അന്നുമുതൽ പൗലോസ് മോചിതനായി. അവന് അവസാനം സംഭവിച്ചത് നമുക്കും സംഭവിക്കണം: "അതിനാൽ ക്രിസ്തുവിൻറെ ശക്തി എന്നിൽ കുടികൊള്ളുന്നതിന് ഞാൻ എൻറെ ബലഹീനതകളെക്കുറിച്ച് സസന്തോഷം അഭിമാനിക്കും" (2 കോറിന്തോസ് 12: 9).

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു.

മനുഷ്യവിരുദ്ധസ്ഫോടക വസ്തുക്കളായ മൈനുകളുടെ നിരോധന ഉടമ്പടി വാർഷികം

മണ്ണിൽ വിതറപ്പെടുന്ന മനുഷ്യവിരുദ്ധസ്ഫോടക വസ്തുക്കളായ മൈനുകൾ, അഥവാ, കുഴിബോംബുകൾ നിരോധിക്കുന്ന ഉടമ്പടി പ്രാബല്യത്തിലായതിൻറെ ഇരുപത്തിയഞ്ചാം വാർഷികം മാർച്ച് 1-നാണെന്നത് പാപ്പാ കൂടിക്കാഴ്ചാവേളയിൽ അനുസ്മരിച്ചു. സംഘർഷങ്ങളവസാനിച്ച് അനേകവർഷങ്ങൾ കഴിഞ്ഞിട്ടും ഈ സ്ഫോടകവസ്തുക്കൾ നിരപരാധികളായ പൗരന്മാരെ, പ്രത്യേകിച്ച് കുഞ്ഞുങ്ങളെ ആഘാതമേല്പിക്കുന്നതു തുടരുന്നുവെന്ന് പാപ്പാ പറഞ്ഞു. യുദ്ധങ്ങളുടെ നാടകീയമായ ക്രൂരതയെക്കുറിച്ചും പൗരജനം നലേകേണ്ടിവന്ന വിലയെക്കുറിച്ചും നമ്മെ ഓർമ്മിപ്പിക്കുന്ന ഈ മറഞ്ഞുകിടക്കുന്ന ഉപകരണങ്ങളുടെ നരവധിയായ ഇരകളോടുള്ള തൻറെ സാമീപ്യം പാപ്പാ അറിയിക്കുകയും ചെയ്തു. മണ്ണിനടിയിൽ മറഞ്ഞ കിടക്കുന്ന ഈ സ്ഫോടകവസ്തുക്കൾക്ക് ഇരകളായവരെ സഹായിക്കുന്നതിനും മൈനുകളുള്ള പ്രദേശങ്ങളിൽ നിന്ന് അവ നീക്കം ചെയ്യാൻ സംഭാവനയേകുന്നതിനു ശ്രമിക്കുന്ന  എല്ലാവർക്കും പാപ്പാ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. സഹോദരീസഹോദരന്മാരെ പരിപാലിച്ചുകൊണ്ട് സമാധനത്തിൻറെ ശില്പികളായിത്തീരാനുള്ള സാർവ്വത്രികവിളിക്കുള്ള സമൂർത്തമായ ഉത്തരമാണ് അവരുടെ പ്രവർത്തനമെന്ന് പാപ്പാ ശ്ലാഘിക്കുകയും ചെയ്തു.

സമാപനാഭിവാദ്യങ്ങൾ - യുദ്ധാന്ത്യത്തിനും സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കുക

പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ യുവതീയുവാക്കളെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്തു. നോമ്പുകാല യാത്ര അവനവനിലേക്കു മടങ്ങാനും ആത്മാവിൽ സ്വയം നവീകരിക്കാനുമുള്ള അവസരമാകട്ടെയെന്ന് പാപ്പാ ആശംസിച്ചു. യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളെ, വിശിഷ്യ ഉക്രൈയിനിലെയും പലസ്തീനിലെയും ഇസ്രായേലിലെയും ജനങ്ങളെയും അതുപോലെതന്നെ മറ്റു ജനതകളെയും നാം മറക്കരുതെന്നു പാപ്പാ പറഞ്ഞു. ബുർക്കിനാ ഫാസോയിൽ ആരാധനാലയങ്ങൾക്ക് നേരെ അടുത്തിടെ നടന്ന ആക്രമണങ്ങളുടെ ഇരകൾക്കും സായുധ സംഘങ്ങളുടെ കുറ്റകൃത്യങ്ങളും തട്ടിക്കൊണ്ടുപോകലുകളും തുടരുന്ന ഹൈറ്റിയിലെ ജനങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ  എല്ലാവരെയും ക്ഷണിച്ചു. തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടു. അതിനു ശേഷം, പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 February 2024, 12:18

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >